കുടിയേറ്റം സ്വതന്ത്രമായ തീരുമാനപ്രകാരമായിരിക്കണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജന്മനാട് വിട്ട് പോകാനോ, പോകാതിരിക്കാനോ ഓരോ വ്യക്തികൾക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും നൂറ്റിയൊൻപതാമത് ആഗോളദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. സെപ്റ്റംബർ 24 ഞായറാഴ്ച ആചരിക്കപ്പെടുന്ന ഈ ദിനത്തിലേക്ക്, "കുടിയേറണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവർ" എന്ന തലക്കെട്ടോടെ, മെയ് 11 വ്യാഴാഴ്ച നൽകിയ സന്ദേശത്തിൽ സ്വദേശം വിട്ടുപോകാതിരിക്കാനും, അവിടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ അനുഭവിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പാപ്പാ എഴുതിയത്.
വിശുദ്ധഗ്രന്ഥത്തിലെ തിരുക്കുടുംബത്തിന്റെയും യാക്കോബിന്റെയും ഈജിപ്തിലേക്കുള്ള യാത്രയെ പരാമർശിച്ചുകൊണ്ട്, ഈ ഇരുയാത്രകളിലും പൂർണ്ണമായ സ്വാതന്ത്ര്യത്തോടെയോ ആഗ്രഹത്തോടെയോ അല്ല ഇരുവരുടെയും യാത്രകളെന്നും, പ്രതികൂല സാഹചര്യങ്ങൾ മൂലമാണ് ഇരുവർക്കും സ്വദേശം ഉപേക്ഷിച്ച് പോകേണ്ടിവന്നതെന്നും പാപ്പാ അനുസ്മരിച്ചു.
പീഡനങ്ങളും, യുദ്ധങ്ങളും, പാരിസ്ഥിതികകാരണങ്ങളും, ദുരിതങ്ങളുമാണ് വർത്തമാനകാലത്തെ പല നിർബന്ധിത കുടിയേറ്റങ്ങൾക്കും കാരണം. ദാരിദ്ര്യം, ഭയം, നിരാശ തുടങ്ങിയ കാരണങ്ങളാലാണ് പലരും സ്വദേശം വിടുന്നത്. ഇത്തരം കാരണങ്ങൾ ഒഴിവാക്കുവാനായി ഏവരുടെയും പൊതുവായ പരിശ്രമം ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധോപകരണങ്ങളുടെ ഒഴുക്ക്, സാമ്പത്തിക അടിമത്തം, ചൂഷണങ്ങൾ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നാശം തുടങ്ങിയവ ഇല്ലാതാക്കപ്പെടണം.
ആദിമക്രൈസ്തവസഭയിൽ പൊതുവായി സമ്പത്ത് കൈകാര്യം ചെയ്തിരുന്നതിനെ പരാമർശിച്ച്, ഇന്ന് പലയിടങ്ങളിലും പൊതുസമ്പത്ത് ഏവർക്കും തുല്യമായ രീതിയിൽ വിതരണം ചെയ്യപ്പെടാത്തതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് എടുത്തപറഞ്ഞ പാപ്പാ കുടിയേറ്റം ഒരു സ്വാതന്ത്രതിരഞ്ഞെടുപ്പാകുന്നതിന്, ഏവർക്കും പൊതുസമ്പത്തിൽ തുല്യ അവകാശം ലഭ്യമാകുന്നതും, ഏവരുടെയും മൗലികാവകാശങ്ങൾ മാനിക്കപ്പെടുന്നതും, സമഗ്രമാനവികവികസനസാദ്ധ്യതകൾ ലഭ്യമാകുന്നതും പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. പ്രകൃതി, മാനവിക വിഭവങ്ങൾ ചിലരുടെ താല്പര്യങ്ങൾക്ക് വേണ്ടി കവർന്നെടുക്കപ്പെടുന്ന രീതിയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്ന സ്ഥിതി ഒഴിവാക്കപ്പെടേണ്ടതാണ്.
2025-ലെ ജൂബിലിവർഷത്തെ പരാമർശിച്ച പാപ്പാ, ഇസ്രയേലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്, സ്വതന്ത്രമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, പ്രത്യേകിച്ച്, കുടിയേറ്റത്തിന് നിർബന്ധിതരാകാതെ, സമാധാനത്തോടെയും അന്തസ്സോടെയും സ്വദേശത്തു തുടരാനുള്ള ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യം മാനിക്കപ്പെടട്ടെയെന്ന് ആശംസിച്ചു. അന്താരാഷ്ട്രസമൂഹവും ഇത്തരമൊരു സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഗൗരവമായി കാണേണ്ടതുണ്ട്.
ഓരോ കുടിയേറ്റങ്ങളും സ്വതന്ത്രമായ ഒരു തീരുമാനത്തിന്റെ ഫലമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച പാപ്പാ, ഓരോ കുടിയേറ്റക്കാരന്റെയും അന്തസ്സ് മാനിക്കപ്പെടണമെന്നും, കുടിയേറുന്ന സ്ഥലങ്ങളിലായാലും, സ്വദേശത്തായാലും അവരുടെ അവകാശങ്ങളും ജീവിതങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഓർമ്മിപ്പിച്ചു. ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടാണ് നമ്മുടെ പൊതുലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരേണ്ടത്.
സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അണ്ടർ സെക്രട്ടറി ഫാ. ഫാബിയോ ബാജ്ജിയോ, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് ബിഷപ് ഫ്രഞ്ചെസ്കൊ സവീനോ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മെയ് 11 വ്യാഴാഴ്ച 11.30 ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസിൽവച്ചാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പേരിലുള്ള ഇത്തവണത്തെ ആഗോളദിനത്തിലേക്കുള്ള പാപ്പായുടെ സന്ദേശം അവതരിപ്പിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: