തിരയുക

മെയ് മാസം പതിനേഴാം തീയതി പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ മെയ് മാസം പതിനേഴാം തീയതി പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

യുവാക്കൾ സുവിശേഷവാഹകരാകണം: ഫ്രാൻസിസ് പാപ്പാ

മെയ് മാസം പതിനേഴാം തീയതി പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകത്തിന്റെ സമസ്തമേഖലകളിലും സുവിശേഷ സേവനത്തിനായി യുവാക്കൾ ഒന്നിച്ചു നിൽക്കണമെന്നും, അതിനായി  അതിയായ ആഗ്രഹവും താത്പര്യവും അവർ കാണിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. മെയ് മാസം പതിനേഴാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ  പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ അതിശ്രേഷ്ഠമായ ഈ ശുശ്രൂഷയ്ക്ക്  യുവാക്കളെ ആഹ്വാനം ചെയ്തത്. യേശു തന്റെ സ്വർഗ്ഗാരോഹണത്തിനു മുൻപായി ശിഷ്യന്മാരെ ഭരമേല്പിച്ച സുവിശേഷവത്കരണത്തിന്റെ മാതൃക എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ യുവാക്കളെ അഭിസംബോധന ചെയ്തത്.

2023 മെയ് പതിനെട്ടാം തീയതി കത്തോലിക്കാ സഭ യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.ഈ ആചരണത്തിന്റെ മഹനീയത കർത്താവിങ്കലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുന്നതിനും, സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അവന്റെ ആഹ്വാനം നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുന്നതിനും  ഇടയാക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും റോമിൽ എത്തിച്ചേർന്ന സ്കൂൾ വിദ്യാർത്ഥികളും, യുവജനങ്ങളും പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ സന്നിഹിതരായിരുന്നു. തുടർന്ന് പാപ്പാ രോഗികളായ സഹോദരങ്ങളെയും, പ്രായമായവരെയും പ്രത്യേകമായി പരാമർശിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ സന്ദേശത്തിന്റെ അവസാനം യുദ്ധഭീകരതയിൽ കഴിയുന്നവരും, വേദനയനുഭവിക്കുന്നവരും, പരിക്കേറ്റവരും, മരണപ്പെട്ടവരുമായ ഉക്രൈൻ സഹോദരങ്ങളെയും വളരെ പ്രത്യേകമായി സ്മരിക്കുകയും, എത്രയും വേഗം സമാധാനം ലോകമെങ്ങും പുലരട്ടെയെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2023, 12:31