തിരയുക

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ പാചെം ഇൻ തേറിസ് ഒപ്പുവയ്ക്കുന്നു - ഫയൽ ചിത്രം വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ പാചെം ഇൻ തേറിസ് ഒപ്പുവയ്ക്കുന്നു - ഫയൽ ചിത്രം 

യുദ്ധം ഒരിക്കലും ശാശ്വതമായ ആശ്വാസം നൽകുന്നില്ല: ഫ്രാൻസിസ് പാപ്പാ

പാചെം ഇൻ തെറിസ് (Pacem in Terris) എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ എൻസൈക്ളിക്കൽ പുറത്തിറങ്ങിയതിന്റെ അറുപതുവർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും മൗഢ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ പാചെം ഇൻ തേറിസ്, ഭൂമിയിൽ സമാധാനം എന്ന എൻസൈക്ളിക്കൽ പുറത്തിറങ്ങിയതിന്റെ അറുപതുവർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി, ജനതകളുടെ ഇടയിൽ സമാധാനം എന്ന പേരിൽ വിളിച്ചുചേർത്ത അന്താരാഷ്ട്രസമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തിൽ, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും അർത്ഥമില്ലായ്മയെ ഫ്രാൻസിസ് പാപ്പാ എടുത്തുകാട്ടി. മെയ് 11 വ്യാഴാഴ്ച നൽകിയ സന്ദേശത്തിൽ, യുദ്ധങ്ങൾ ആശ്വാസം കൊണ്ടുവരുന്നില്ലെന്നും, മനുഷ്യചരിത്രത്തെ നയിക്കുന്നില്ലെന്നും, യുദ്ധങ്ങളിൽ ആരംഭിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കൊണ്ടുവരുന്നില്ലെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ ഇരകളെയും, നാശവും, ജീവഹാനിയും, അസഹിഷ്ണുതയുമാണ് ഉളവാക്കുന്നതെന്നും, നാളെയിലേക്ക് പ്രത്യാശയോടെ നോക്കുവാനുള്ള സാഹചര്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യാത്മാവിൽ നിലനിൽക്കുന്നത്, മുഴുവൻ മാനവികതയുടെയും സമാധാനമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഈയൊരു ആശയമാണ് ഇന്നും വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമന്റെ ഉദ്ബോധനത്തിൽ നമുക്ക് കാണാവുന്നതെന്നും എഴുതി. എന്നാൽ ഈ ഉദ്ബോധനത്തിന്റെ അറുപതു വർഷങ്ങൾക്കിപ്പുറവും, അവയുടെ പ്രാധാന്യം ശരിയായി മനസിലാക്കി, അവയനുസരിച്ച് പ്രവർത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് പാപ്പാ അപലപിച്ചു. യുദ്ധോപകരണങ്ങളിൽ ഇന്നത്തെ നിരവധി പ്രതിസന്ധികളുടെയും ആവശ്യങ്ങളുടെയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന ആളുകൾ ഇതാണ് വ്യക്തമാക്കുന്നത്.

യുദ്ധോപകരണങ്ങൾക്ക് വേണ്ടിയുള്ള സാമ്പത്തികസ്രോതസ്സുകൾ വർധിപ്പിക്കുന്നതും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളർത്തുന്നതിനും, സമാധാനസ്ഥാപനത്തിനും ആവശ്യമാണെന്ന തെറ്റായ തോന്നലാണ് ഇന്നത്തെ പല സമൂഹങ്ങൾക്കുള്ളത്.

സമാധാനത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസമുൾപ്പെടെ, ആളുകളുടെ തുടർച്ചയായ രൂപീകരണത്തിനും അധ്യായത്തിനും പരിശ്രമിക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു. താൻതന്നെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ സ്ഥാപിച്ച "സമാധാനത്തിനായുള്ള പഠനങ്ങൾ" യുവതലമുറകളെ സമാധാനഉദ്ദേശങ്ങളോടെ വാർത്തെടുക്കുന്നതിലും, സഹോദര്യത്തിൽ അടിസ്ഥാനമിട്ട, പരസ്പരാകണ്ടുമുട്ടലുകളുടെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിലും സഹായിക്കുമെന്ന ഉറപ്പു പങ്കുവച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2023, 15:12