ഉക്രൈയിനിൻറെ പ്രസിഡൻറ് വ്ലോദിമിർ സെലെൻസ്ക്കി പാപ്പായെ സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൻറെ പ്രസിഡൻറ് വ്ലോദിമിർ സെലെൻസ്ക്കിയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ശനിയാഴ്‌ച (13/05/23) വൈകുന്നേരം ആയിരുന്നു ഫ്രാൻസീസ് പാപ്പായും റഷ്യ തുടരുന്ന ആക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമായ ഉക്രൈയിനിൻറെ പ്രസിഡൻറ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ച വത്തിക്കാനിൽ നടന്നത്. വൈകുന്നേരം 4 മണിക്ക് ശേഷം, കനത്ത സുരക്ഷയോടെ ഒരു കവചിത വാഹനത്തിലാണ് സെലെൻസ്ക്കി വത്തിക്കാനിൽ എത്തിയത്.
ചാരനിറത്തിലുള്ള പാൻറ്സും കറുത്ത സൈനിക ജാക്കറ്റും അണിഞ്ഞെത്തിയ സെലേൻസ്ക്കിയെ പോൾ ആറാമൻ ശാലയിലെ ഒരു ചെറിയ ശാലയിൽ വച്ച് ഫ്രാൻസീസ് പാപ്പാ “ഇത് എനിക്ക് വലിയൊരു ആദരവാണ്...ഈ സന്ദർശനത്തിന് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് ഹസ്തദാനം നല്കി സ്വീകരിച്ചത്. പാപ്പായും പ്രസിഡൻറും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം ദീർഘിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ, മേധാവി മത്തേയൊ ബ്രൂണി ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
തുടരുന്ന യുദ്ധത്തിൻറെ ഫലമായ മാനവിക-രാഷ്ട്രീയാവസ്ഥകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പാപ്പാ തൻറെ നിരന്തര പ്രാർത്ഥന ഉറപ്പു നല്കിയെന്നും ഉക്രയിൻ ജനതയ്ക്കുവേണ്ടിയുളള മാനവികസേവനങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയ്ക്ക് ഇരുവരും ഊന്നൽ നല്കിയെന്നും കൂടുതൽ ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം നല്കേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
പാപ്പാ പ്രസിഡൻറ് സെലെൻസ്ക്കിയ്ക്ക് സമാധാനത്തിൻറെ പ്രതീകമായ ഒലിവുശാഖയുടെ വെങ്കലരൂപവും ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവ സാഹോദര്യ രേഖയും ഉക്രൈയിനിലെ സമാധനത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു.
പ്രസിഡൻറ് സെലെൻസ്കി പാപ്പായ്ക്ക് സമ്മാനമായി നല്കിയത് വെടിയുണ്ടയെ ചെറുക്കുന്ന ഒരു ഫലകത്തിൽ തീർത്ത ഒരു കലാസൃഷ്ടിയും, യുദ്ധവേളയിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെ സംബന്ധിച്ച്, “നഷ്ടം” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഒരു ചിത്രവും ആയിരുന്നു.
ഫ്രാൻസീസ് പാപ്പായുമായി പ്രസിഡൻറ് സെലെൻസ്കി നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രഥമ സന്ദർശനം 2020 ഫെബ്രുവരി 8-ന് ആയിരുന്നു.
പാപ്പായുമായുള്ള സൗഹൃദസംഭാഷണാനന്തരം പ്രസിഡൻറ് സെലെൻസ്കി വിദേശരാജ്യങ്ങളുമായും അന്താരാഷ്ടസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി കൂടിക്കാഴ്ച നടത്തി.
ഉക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ട അടിയന്തിരകാര്യങ്ങളും സമാധാന സംസ്ഥാപന യത്നങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയുമായിരുന്നു ഇരുവരും പ്രാധനമായും ചർച്ചചെയ്തത്. ഉക്രൈയിനിലെ കത്തോലിക്കാ സഭയുടെ ജീവിതത്തെയും വത്തിക്കാനും ഉക്രൈയിനും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ച കാര്യങ്ങളും പരാമർശവിഷയങ്ങളായി.
യൂറോപ്യൻ നാടുകൾ സന്ദർശിക്കുന്നതിൻറെ ഭാഗമായി ആദ്യം ഇറ്റലിയിൽ എത്തിയ സെലെൻസ്കി ശനിയാഴ്ച ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല, പ്രധാനമന്ത്രി ശ്രീമതി ജോർജ മെലോണി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: