തിരയുക

ഇറ്റാലിയൻ മിഷനറി ഇൻസ്റ്റിറ്റൂട്ടുകൾ സ്ഥാപിതമായതിന്റെ 50ആം വാർഷികം ആഘോഷിക്കുന്ന ഇറ്റാലിയൻ കോൺഫറൻസ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ മിഷനറി ഇൻസ്റ്റിറ്റൂട്ടുകൾ സ്ഥാപിതമായതിന്റെ 50ആം വാർഷികം ആഘോഷിക്കുന്ന ഇറ്റാലിയൻ കോൺഫറൻസ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

മിഷനറിമാരോടു പാപ്പാ: പ്രേഷിത പ്രവർത്തനം ക്രൈസ്തവ ജീവിതത്തിനുള്ള പ്രാണവായുവാണ്

പ്രാർത്ഥനയിലും ശ്രവണത്തിലും ക്രിസ്തുവിനെ മൂർത്തീകരിക്കുന്നതിലൂടെ "കർത്താവ് അവരെ ഏൽപ്പിക്കുന്ന സഹോദരീ സഹോദരന്മാരുടെ രക്ഷ" അവർ കൈവരിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ മിഷനറിമാരെ ഓർമ്മിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇറ്റാലിയൻ മിഷനറി ഇൻസ്റ്റിറ്റൂട്ടുകൾ സ്ഥാപിതമായതിന്റെ 50ആം വാർഷികം ആഘോഷിക്കുന്ന ഇറ്റാലിയൻ കോൺഫറൻസ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.

ക്രിസ്തുവിന്റെ പ്രഘോഷണത്തിനായി സ്വയം സമർപ്പിക്കുന്ന ആയിരക്കണക്കിന് മിഷനറിമാരുടെ ശബ്ദമായി അവരെത്തന്നെ മാറ്റിക്കൊണ്ട്, ഇറ്റലിയിലെ മിഷൻ ആദ് ജെന്തെസ്‌ പ്രോത്സാഹിപ്പിക്കുന്നതിനായി അരനൂറ്റാണ്ടായി  സ്വയം അവർ സമർപ്പിച്ചിരിക്കുന്ന കാര്യം പാപ്പാ അനുസ്മരിച്ചു.

സഭ അവളുടെ സ്വഭാവമനുസരിച്ച് മിഷനറിയാണെന്നും ജനങ്ങളോടു അവൾക്ക് ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞ പാപ്പാ "മുഴുവൻ സഭയും പ്രേഷിതയാണ്, സുവിശേഷവൽക്കരണ പ്രവർത്തനം ദൈവജനത്തിന്റെ അടിസ്ഥാന കടമയാണ്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ മിഷനറി പ്രവർത്തനങ്ങൾ ക്രിസ്തീയ വിശ്വാസത്തിന് അത്യന്താപേക്ഷിതമാണ് എന്നും കൂട്ടിച്ചേർത്തു. "പ്രേഷിത പ്രവർത്തനം ക്രൈസ്തവ ജീവിതത്തിനുള്ള പ്രാണവായുവാണ്, അത് കൂടാതെ രോഗബാധിതയാവുകയും നശിക്കുകയും ചെയ്യും." പാപ്പാ എടുത്തു പറഞ്ഞു. 

സഭയുടെ പ്രേഷിത ദൗത്യം

എല്ലാ ജനങ്ങൾക്കും വേണ്ടി സേവനം ചെയ്യാൻ മിഷനറിമാരോടു പാപ്പാ ആഹ്വാനം ചെയ്തു."അതുകൊണ്ടാണ് നിങ്ങളുടെ സമൂഹങ്ങൾക്കുള്ളിലും നിങ്ങളുടെ സ്ഥാപനങ്ങൾക്കിടയിലും, സംസ്ക്കാരം, കാലഘട്ടം, മാനസികാവസ്ഥ എന്നിവയുടെ വ്യത്യാസങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് നിങ്ങൾ ആദ്യം സ്നേഹം വളർത്തിയെടുക്കാൻ ഞാൻ ശുപാർശ ചെയ്യുന്നത്," എന്ന് പാപ്പാ സൂചിപ്പിച്ചു.

സമൂഹത്തിലെ പാവപ്പെട്ടവരെയും കുട്ടികളെയും ആശ്ലേഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു. അവർക്കിടയിലും അവർ ശുശ്രൂഷയിൽ സേവിക്കുന്ന ആളുകളിലും, ഉൾപ്പെടുത്തലിന്റെയും സേവനത്തിന്റെയും മനോഭാവത്തെ വളർത്താനും ദരിദ്രരെയും കൊച്ചുകുട്ടികളെയും, സ്വാഗതം ചെയ്യാനും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ പ്രവൃത്തി

അവരുടെ ദൗത്യം സാക്ഷാൽക്കരിക്കാൻ ദൈവം അവരോടൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ മിഷനറിമാർക്ക് ഉറപ്പുനൽകി. “പ്രേഷിത പ്രവർത്തനം, കൂട്ടായ്മയെന്നതു പോലെ, പ്രഥമവും പ്രധാനവുമായി കൃപയുടെ ഒരു രഹസ്യമാണ്. ഇത് നമ്മുടെ പ്രവൃത്തിയല്ല, ദൈവത്തിന്റേതാണ്," പാപ്പാ കൂട്ടിച്ചേർത്തു. അത് നാം ഒറ്റയ്ക്കല്ല, മറിച്ച് ആത്മാവിനാൽ പ്രേരിതരായും അവന്റെ പ്രവർത്തനത്തിന് വിട്ടുകൊടുത്തുകൊണ്ടുമാണ് ചെയ്യുന്നത്." പാപ്പാ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ ദൈവവചനം പ്രചരിപ്പിക്കുന്നതിൽ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കുള്ള വലിയ പങ്ക് പാപ്പാ അടിവരയിട്ടു. അനുഭവങ്ങൾ പങ്കുവെക്കൽ, പ്രാദേശിക സമൂഹങ്ങൾക്ക്  പ്രേഷിത ഉണർവ്വേകൽ, സെമിനാരികളിലെ യുവാക്കളുടെ ബോധവൽക്കരണം, ദൈവ വിളിക്ക് ചൈതന്യം പകരൽ വിവിധ തലങ്ങളിൽ മിഷനറി ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള സംഭാവന തുടങ്ങിയവയിൽ ജനതകളെയും സംസ്കാരങ്ങളെയും അംഗീകരിക്കാനും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള വ്യക്തിയുടെ അന്തസ്സിനുമായി മറ്റു സഭാ യാഥാർത്ഥ്യങ്ങളുമായി അവർ സഹകരിച്ച് പ്രവർത്തിക്കുന്നത് ഈ കാഴ്ചപ്പാടിലാണ് എന്ന് പാപ്പാ തുടർന്നു.

മിഷനറിമാർക്കുള്ള സന്ദേശം

തങ്ങളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കർത്താവിനെ പങ്കെടുപ്പിക്കാനും പാപ്പാ മിഷനറിമാരെ ഉപദേശിച്ചു.“ദൈവവചനം, കുർബാന, പ്രാർത്ഥന എന്നിവയാൽ നിങ്ങളുടെ ജീവിതത്തെയും പ്രേഷിത ദൗത്യത്തേയും പരിപോഷിപ്പിക്കുന്നതിൽ അവഗണന കാണിക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. "നിങ്ങളുടെ ജീവിതവും മിഷനറി പ്രവർത്തനങ്ങളും മാത്രമല്ല, നിങ്ങളുടെ ആസൂത്രണങ്ങൾ, സമ്മേളനങ്ങൾ, തീരുമാനങ്ങൾ എന്നിവയും എപ്പോഴും ദൈവവചനം, ദിവ്യബലിയുടെ ആഘോഷം, പ്രാർത്ഥന എന്നിവയാൽ അടയാളപ്പെടുത്തപ്പെടട്ടെ."ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു വഴങ്ങേണ്ടതിന്റെയും സമർപ്പിക്കേണ്ടതിന്റെയും പ്രാധാന്യം പാപ്പാ ആവർത്തിച്ചു.“ഒരുമിച്ചും വ്യക്തിപരമായും എല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുക, നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും എല്ലാറ്റിൽ നിന്നും ശുദ്ധീകരിക്കുക,”പാപ്പാ പറഞ്ഞു.

ജനങ്ങളെ കർത്താവിലേക്ക് നയിക്കാൻ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് "ധൈര്യത്തോടെ മുന്നോട്ട് പോകാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ആത്മാവിന്റെ ശക്തി സഭയിൽ എപ്പോഴും കണ്ടെത്തും," പാപ്പാ സൂചിപ്പിച്ചു. ദൗത്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയുള്ള മിഷനറിമാരുടെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ടും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2023, 11:22