തിരയുക

കാരുണ്യത്തിന്റെ കരസ്പർശം കാരുണ്യത്തിന്റെ കരസ്പർശം  (Vatican Media)

കുടിയേറ്റവും സ്വാതന്ത്ര്യവും ആധുനികലോകത്തിൽ

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും നൂറ്റിയൊൻപതാമത് ആഗോളദിനത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ ആധാരമാക്കിയ വിചിന്തനങ്ങൾ അടങ്ങിയ ചിന്താമലരുകൾ.
കുടിയേറ്റവും സ്വാതന്ത്ര്യവും ആധുനികലോകത്തിൽ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജന്മനാട് വിട്ട് പോകാനോ, പോകാതിരിക്കാനോ ഓരോ വ്യക്തികൾക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ടാണ് 2023-ൽ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും നൂറ്റിയൊൻപതാമത് ആഗോളദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകിയത്. കത്തോലിക്കാസഭ ആഗോളതലത്തിൽ ആചരിക്കുന്ന ഈ ദിനത്തെക്കുറിച്ച് പറയുമ്പോൾ, ഐക്യരാഷ്ട്രസഭ ഇതിനു സമാനമായി ആചരിക്കുന്ന അന്താരാഷ്ട്ര കുടിയേറ്റദിനവും ആഗോള അഭയാർത്ഥിദിനവും ചെറുതായെങ്കിലും കണക്കിലെടുക്കുന്നത് വസ്തുതതകളുടെ വ്യക്തതയ്ക്ക് ഉപകാരപ്രദമായിരിക്കും.

അന്താരാഷ്ട്ര കുടിയേറ്റദിനം

1990 ഡിസംബർ 18-ന്, എല്ലാ കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനെക്കുറിച്ചുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ചതുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ഡിസംബർ 18-ന് ലോകത്ത് അന്താരാഷ്ട്ര കുടിയേറ്റദിനം ആചരിച്ചുവരുന്നുണ്ട്. ഈയൊരു സംഭവവുമായി ബന്ധപ്പെട്ട്  1997 മുതൽ വിവിധ സംഘടനകൾ കുടിയേറ്റക്കാരുമായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെയൊരു ദിനം ആചരിച്ചുപോന്നിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അന്താരാഷ്ട്ര കുടിയേറ്റദിനം പ്രഖ്യാപിച്ചത് 2000 ഡിസംബർ നാലിനാണ്.  ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർ, തങ്ങളുട മാതൃരാജ്യങ്ങൾക്കും, തങ്ങൾ കുടിയേറിയ രാജ്യങ്ങൾക്കും നൽകിയ സംഭാവനകൾ, പ്രത്യേകിച്ച്, സാമ്പത്തികവളർച്ച, മനുഷ്യ, മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നൽകിയ സംഭാവനകൾ എന്നിവ വിലമതിക്കാനും അവ ശരിയായ രീതിയിൽ വിനിയോഗിച്ച് എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമായി നമുക്ക് ഈയൊരു ആചരണത്തെ കാണാം.

ആഗോള അഭയാർത്ഥിദിനം

ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ എല്ലാവർഷവും ജൂൺ 20-ന് ആചരിക്കപ്പെടുന്ന ഒരു ദിനമാണ് ആഗോള അഭയാർത്ഥിദിനം. അഭയാർഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട് 1951-ൽ നടത്തപ്പെട്ട കൺവെൻഷന്റെ അൻപതാം വാർഷികത്തിൽ, 2001 ജൂൺ 20-നാണ് ഈ ദിനം സ്ഥാപിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഇതിനെ ഒരു അന്താരാഷ്ട്രദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ആഫ്രിക്കൻ അഭയാർത്ഥിദിനം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. തങ്ങളുടെ മാതൃരാജ്യത്തെ ആന്തരികസംഘർഷങ്ങളോ, പീഡനങ്ങളോ കണക്കിലെടുത്തും, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടിയും മറ്റു രാജ്യങ്ങളിലേക്ക് യാത്രയാകാൻ നിർബന്ധിതരായ ലോകമാസകലമുള്ള അഭയാർഥികളുടെ ജീവിതാവസ്ഥയെ മനസ്സിലാക്കുക, അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക തുടങ്ങിയ മഹത്തായ ലക്‌ഷ്യങ്ങൾ ഈ ദിനാഘോഷത്തിനുണ്ട്. പലപ്പോഴും തങ്ങളുടേതായതെല്ലാം ഉപേക്ഷിച്ചാണ് അഭയാർത്ഥികൾക്ക് തങ്ങളുടെ ജന്മനാട് വിട്ടുപോകേണ്ടിവന്നത് എന്ന അത്ര മനോഹരമല്ലാത്ത ഒരു പശ്ചാത്തലം കൂടി അഭയാർത്ഥിദിനം ആഘോഷിക്കുന്ന അവസരത്തിൽ അനുസ്മരിക്കേണ്ടതുണ്ട്. അഭയാർത്ഥികൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾ, സാമ്പത്തിക, സാമൂഹിക ബുദ്ധിമുട്ടുകൾ, അവയുടെ പരിഹാരം തുടങ്ങിയ കാര്യങ്ങളും ഇത്തരമൊരു ആചാരണത്തിൽ ചിന്താവിഷയമാകേണ്ടതുണ്ട്.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനം

ഐക്യരാഷ്ട്രസഭ ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം അന്താരാഷ്ട്രകുടിയേറ്റദിനവും, ആഗോള അഭയാർത്ഥിദിനവും സ്ഥാപിക്കുന്നതിനും എട്ടു പതിറ്റാണ്ടുകൾക്കുമപ്പുറം, അതായത് 1914 മുതൽ സഭ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനം ആചരിച്ചുപോന്നിരുന്നു. വിവിധ കാരണങ്ങളാൽ സ്വദേശം വിട്ടുപേക്ഷിച്ചുപോകാൻ നിര്ബന്ധിതരാകുന്ന ആളുകൾ തങ്ങളുടെ യാത്രയിലും അതിനുശേഷവും അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സഭ ഉത്കണ്ഠകുലയാണ്. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടി പ്രാർത്ഥിക്കാനും സവിശേഷമായ രീതിയിൽ പ്രവർത്തിക്കാനും, അതിലുപരി അവരെക്കുറിച്ച് ലോകമനഃസാക്ഷിയിൽ ഒരു മെച്ചപ്പെട്ട അവബോധം വളർത്താനുമുള്ള ഒരു അവസരമായാണ് സഭ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനം ആചരിക്കുന്നത്.

എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സഭ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനം ആചരിക്കുന്നത്. 2023-ൽ, അത് സെപ്റ്റംബർ 24-നാണ് നടക്കുക. ഈയൊരു ദിനത്തിലേക്കായി മെയ് 11 വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം നൽകിയത്. "കുടിയേറണമോ, തങ്ങൾ ആയിരിക്കുന്നിടത്ത് തുടരണമോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളവർ" എന്ന തലക്കെട്ടാണ് ഈ സന്ദേശത്തിനുള്ളത്.

സ്വദേശത്തോ വിദേശത്തോ വസിക്കാൻ ഓരോ വ്യക്തികൾക്കും സ്വാതന്ത്ര്യത്തോടെ തീരുമാനമെടുക്കാൻ സാധിക്കുക എന്നതിന്റെ പ്രാധാന്യമാണ് ഇവിടെ പാപ്പാ വിശദീകരിക്കുന്നത്. തങ്ങൾ ജനിച്ച നാട്ടിൽ സമാധാനപരമായി, മറ്റെല്ലാവർക്കും ലഭ്യമാകുന്ന അതേ സ്വാതന്ത്ര്യവും അവസരങ്ങളും സ്വന്തമാക്കുവാനും അവിടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ അനുഭവിക്കാനും അനുവദിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി വളർന്നുവരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പാപ്പാ പ്രത്യേകമായി വിരൽചൂണ്ടുന്നത്. ഏതൊരു രാജ്യത്തും ദേശത്തും സമൂഹത്തിലും നിലനിൽക്കേണ്ട ഒരു സാഹചര്യമാണ് ഇതെന്ന് ഏവർക്കും അറിയാമെങ്കിലും, ഇന്നത്തെ കാലത്തും ഇത്തരം സ്വാതന്ത്ര്യം ഒരു വിദൂരസ്വപ്‌നമായി പലയിടങ്ങളിലും അവശേഷിക്കുന്നു എന്നത് ആഗോളമാനവികതയ്ക്കു തന്നെ കുറച്ചിലാണെന്നത് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല.

വിശുദ്ധഗ്രന്ഥവും ഈജിപ്തിലേക്കുള്ള പലായനങ്ങളും

പഴയ, പുതിയ നിയമങ്ങളിലെ ഒരു കുടിയേറ്റത്തിന്റെയും ഒരു പലായനത്തിന്റെയും കഥകൾ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതിച്ചേർക്കുന്നുണ്ട്. ഇതിൽ ഒന്ന് പുതിയ നിയമത്തിൽ തിരുക്കുടുംബം ഈജിപ്തിലേക്ക് നടത്തുന്ന പലായനമാണ്. ദൈവദൂതൻ സ്വപ്നത്തിൽ അറിയിച്ചതനുസരിച്ച് ഉണ്ണിയേശുവിനെയും പരിശുദ്ധ അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകേണ്ടിവന്ന വിശുദ്ധ യൗസേപ്പിന്റെ കഥ, ഇന്നത്തെ ലോകത്ത് വ്യത്യസ്തമായ രീതിയിലും അവസ്ഥകളിലും തുടരുന്ന ഒന്നാണ്. യേശുവിന്റെ ജീവിതം തന്റെ അധികാരത്തിന് ഭീഷണിയായി വന്നേക്കാമെന്ന ഭയമാണ് ഹേറോദേസിനെ പ്രകോപിതനാക്കുന്നത്. സ്വതന്ത്രമായ മനസ്സോടെ എടുത്ത ഒരു തീരുമാനമല്ല തിരുക്കുടുംബത്തിന്റെ പലായനം. ഇസ്രായേൽ ചരിത്രത്തിൽ ഉണ്ടായ പല കുടിയേറ്റങ്ങളും പോലെ, അനിവാര്യതയുടെ മുന്നിൽ സ്വദേശം വിട്ടുപോകേണ്ടി വന്ന ഒരു സംഭവമാണത്.

ഫ്രാൻസിസ് പാപ്പാ പരാമർശിച്ച രണ്ടാമത്തെ സംഭവം, ക്ഷാമം മൂലം കാനാൻ ദേശത്തുനിന്ന് ഈജിപ്തിലേക്ക് പോകേണ്ടിവന്ന യാക്കോബിന്റെയും പിൻഗാമികളുടെയും ജീവിതമാണ്. തന്റെ പുത്രനായ ജോസഫ് തങ്ങളുടെ അതിജീവനത്തിനായി വക കണ്ടെത്തിയ നാട്ടിലേക്ക് കുടിയേറാൻ അവരെ നിർബന്ധിതരാക്കിയ പട്ടിണിയും പരിവട്ടവും സ്വതന്ത്രമായ ഒരു തീരുമാനത്തിലേക്കല്ല അവരെ നയിക്കുന്നത്. പിതാക്കന്മാരുടെ ദേശം വിട്ടിറങ്ങിപ്പോകേണ്ടിവരുന്ന ഇസ്രായേൽജനത്തിന്റെ കഥയുടെ ഭാഗമാണത്.

ഇന്നത്തെ ലോകത്തും ഇതുപോലെ പ്രതികൂലസാഹചര്യങ്ങളുടെ നിർബന്ധം മൂലം സ്വദേശത്തുനിന്ന് പലായനം ചെയ്യാൻ വിധിക്കപ്പെട്ട ഒരുപാടു മനുഷ്യരുടെ ജീവിതങ്ങളുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ഭൗതിക കാരണങ്ങൾ ആയിരക്കണക്കിന് മനുഷ്യരെയാണ് മറ്റിടങ്ങളിലേക്ക് യാത്രയാകാൻ നിർബന്ധിതരാക്കുന്നത്. 2003-ൽ ആചരിക്കപ്പെട്ട കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും തൊണ്ണൂറാമത് ആഗോളദിനത്തിന്റെ അവസരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എഴുതിയതുപോലെ (n.3), തങ്ങളുടെ ദേശത്തുനിന്ന് കുടിയിറങ്ങേണ്ടിവരാതെ, സമാധാനത്തിലും അന്തസ്സോടെയും സ്വദേശത്ത് വസിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുവാനാണ് പരിശ്രമിക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്.

ചൂഷണങ്ങളും സാമ്പത്തിക അടിമത്തവും

സ്വദേശം വിട്ട് മറ്റിടങ്ങളിലേക്ക് പോകാൻ ആളുകൾ നിർബന്ധിതരാകുന്നതിന്റെ മറ്റൊരു കാരണം ലോകത്ത് ഇന്നും നിലനിൽക്കുന്ന പല അനീതികളാണ്. സാമ്പത്തിക അടിമത്തം പോലെയുള്ള തിന്മകൾ ഇന്നത്തെ കാലത്തും തുടരുന്നു എന്നത് ഇതിനൊരു ഉദാഹരണമാണ്. വിവിധയിടങ്ങളിൽ ആളുകൾ കുറച്ചുപേരുടെ ലാഭത്തിനായി ചൂഷണങ്ങൾ അനുഭവിക്കേണ്ടിവരുന്നതും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നതും നാം കാണുന്നുണ്ട്. സമൂഹത്തിന്റെ നന്മയ്ക്കായി എന്തൊക്കെയാണ് നാം ചെയ്യരുതാത്തത് എന്ന ഒരു ചോദ്യം നമ്മുടെ ഉള്ളിൽ ഉണ്ടാകണം. യുദ്ധോപകരണങ്ങളുടെ ക്രമാതീതമായ ഒഴുക്ക് തടയപ്പെടേണ്ടതാണ്. ദരിദ്രരാജ്യങ്ങളെ ചൂഷണം ചെയ്യുന്ന കൊളോണിയൽ മനോഭാവം തുടരാൻ അനുവദിച്ചുകൂടാ. നമുക്കെല്ലാവർക്കും തുല്യ അവകാശമുള്ള നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നാശം, മനുഷ്യരാൽ ഉണ്ടാകുന്ന പാരിസ്ഥിതികപ്രതിസന്ധികൾ, യുദ്ധങ്ങൾ തുടങ്ങിയവ തടയപ്പെടണം.

സമ്പത്തിന്റെ തുല്യവിതരണം

സമ്പത്തിന്റെയും വിഭവങ്ങളുടെയും തുല്യമായ വിതരണത്തെക്കുറിച്ച് പറയുവാൻ വേണ്ടി പാപ്പാ തന്റെ സന്ദേശത്തിൽ അപ്പസ്തോലപ്രവർത്തനങ്ങൾ രണ്ടാം അധ്യായം 44-45 ഉദ്ധരിക്കുന്നുണ്ട്. അവിടെ നാം വായിക്കുന്നത് ഇങ്ങനെയാണ്: "വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു" (അപ്പ. പ്രവർത്തനങ്ങൾ 2, 44-45). ഇന്നത്തെ യാഥാർഥ്യത്തിൽനിന്ന് ഏറെ അകന്ന ഒരു ചിന്താരീതിയാണിതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇന്നത്തെ സമൂഹത്തിൽ പലയിടങ്ങളിലും പൊതുസമ്പത്ത് അവകാശമായി ലഭിക്കുന്നതിൽ വ്യത്യാസങ്ങൾ, മൗലിക അവകാശങ്ങൾ മാനിക്കപ്പെടാതെ പോകുന്നത്, സമഗ്രമാനവികവികസനസാദ്ധ്യതകൾ ലഭ്യമല്ലാത്തത്, തുടങ്ങിയ നിരവധി കാരണങ്ങൾ, തങ്ങൾ ജനിച്ചുവീണ മണ്ണിൽനിന്നും മറ്റിടങ്ങയിലേക്ക് കുടിയേറാൻ നിരവധി ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. കുടിയേറ്റം ഒരു സ്വതന്ത്രമായ തീരുമാനമല്ലാതായി മാറുന്നതിന് കാരണം ഇതുകൂടിയാണ്.

ഏവർക്കും ഒരുപോലെയുള്ള സാദ്ധ്യതകൾ ലഭ്യമാക്കുന്നിടത്തെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ നമുക്ക് സാധിക്കൂ. വ്യക്തിപരമായും കുടുംബമെന്ന നിലയിലുമൊക്കെ ഒരിടത്ത് അന്തസ്സോടെ ജീവിക്കാൻ ഈയൊരു വ്യവസ്ഥ ആവശ്യമാണ്. തുല്യത ഏവർക്കും ഉറപ്പുവരുത്തുക എന്നത് ഓരോ രാജ്യങ്ങളുടെയും സർക്കാരുകളുടെയും അധികാരികളുടെയും ചുമതലയാണ്. സുതാര്യമായ ഒരു ഭരണം, നല്ല രാഷ്ട്രീയവ്യവസ്ഥ, സത്യസന്ധമായ നടപടിക്രമങ്ങൾ, എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും മറ്റു ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരുടെയും നന്മയ്ക്കുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ, ഇങ്ങനെ വ്യക്തവും ശുദ്ധവുമായ ഒരു വ്യവസ്ഥ പൗരന്മാരുടെ ജീവിതസമാധാനത്തിനും സുസ്ഥിതിക്കും അനിവാര്യമാണ്.

രാഷ്ട്രീയക്കാരുടെയാകട്ടെ, കുത്തകമുതലാളിമാരുടെയാകട്ടെ, തല്പരകക്ഷികളുടെയാകട്ടെ, കുറച്ച് ആളുകളുടെ ലാഭത്തിനുവേണ്ടി സമൂഹത്തെ മുഴുവൻ കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന ഒരു സ്ഥിതി ഒരിക്കലും അംഗീകരിക്കാനാകില്ല. മാനവിക, പ്രകൃതി വിഭവങ്ങൾ കുറച്ചുപേരുടെ മാത്രം ജീവസന്ധാരണത്തിനുവേണ്ടി ഉള്ളതല്ല. കുടിയേറ്റം പോലെയുള്ള വലിയ തീരുമാനങ്ങളിലേക്ക് പലപ്പോഴും നിർബന്ധിതരാകുന്നത് അന്യായമായ വ്യവസ്ഥകൾ നിലനിൽക്കുന്ന സമൂഹങ്ങളിലാണ്. ജനിച്ച മണ്ണും സ്വദേശവും വിട്ട്, അന്യദേശത്തേക്കും, അന്യസംസ്കരത്തിലേക്കുമൊക്കെ പോകാനുള്ള തീരുമാനം അത്ര എളുപ്പമുള്ളതല്ല എന്ന് മാത്രമല്ല, പലപ്പോഴും വേദനയോടെയുള്ളതാണ്. കുടിയേറാനും സ്വദേശത്ത് തുടരാനുമുള്ള സ്വാതന്ത്ര്യവും സ്ഥതിവിശേഷങ്ങളും ഉറപ്പുള്ളയിടങ്ങളിലാണ് ആളുകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യത്തോടെയും ശാന്തതയോടെയും തങ്ങളുടെ ജീവിതം എപ്രകാരം, എവിടെ ആയിരിക്കണം എന്ന് തീരുമാനമെടുക്കാനാകുക. സാഹചര്യങ്ങളാൽ നിർബന്ധിതരായി സ്വദേശം ഉപേക്ഷിച്ച് പോകേണ്ടിവരുന്ന ആളുകൾ, പ്രത്യേകിച്ച് കുട്ടികളും, സ്ത്രീകളുമൊക്കെ നേരിടേണ്ടിവരുന്ന സംഘർഷങ്ങൾ നാം ചിന്തിക്കുന്നതിലുമപ്പുറമാണ്.

ജൂബിലിവർഷവും സ്വാതന്ത്ര്യവും

കുടിയേറ്റവും, അഭയാർഥിപ്രശ്‌നങ്ങളും, സാമ്പത്തിക ചൂഷണങ്ങളും, സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളും ഒക്കെ ചിന്തയ്ക്ക് വിഷയമാക്കിയ പാപ്പാ തന്റെ സന്ദേശത്തിന്റെ അവസാനഭാഗത്ത് പങ്കുവയ്ക്കുന്ന ഒരു ചിന്ത പഴയനിയമത്തിലെ ലേവ്യരുടെ പുസ്തകത്തിൽ ജൂബിലി വർഷത്തിൽ ഏവർക്കും ലഭ്യമാക്കിയിരുന്ന സ്വാതന്ത്ര്യം എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്. ലേവ്യർ 25-ആം അധ്യായം പതിമൂന്നാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: "ജൂബിലിയുടെ ഈ വർഷത്തിൽ ഓരോരുത്തരും തങ്ങളുടെ അവകാശസ്ഥലത്തേക് തിരികെപ്പോകണം" (ലേവ്യർ 25, 13). 2016 ഫെബ്രുവരി 10-ആം തീയതി പാപ്പാ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ നൽകിയ ഉദ്ബോധനത്തെ ആധാരമാക്കി ഈയൊരു സന്ദേശം പാപ്പാ വിശദീകരിക്കുന്നത് ഇപ്രകാരമാണ്; തങ്ങൾ ആയിരുന്ന സ്ഥിതിയിലേക്ക്, കടങ്ങൾ എല്ലാം ഒഴിവായി, തങ്ങളുടെ മണ്ണ്, തിരികെ ലഭിച്ച്, വീണ്ടും ദൈവജനമെന്ന നിലയിൽ സ്വാതന്ത്ര്യത്തിലേക്ക് തിരികെ പോകാൻ ജൂബിലിവർഷത്തിൽ അവർക്ക് സാധിച്ചിരുന്നു.

2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലിവർഷത്തെ അനുസ്മരിച്ചുകൊണ്ട് ഈ അവസരത്തിൽ, ഏവർക്കും സ്വാതന്ത്ര്യത്തിന്റെ അനുഭവത്തിൽ ജീവിക്കാനുള്ള ഒരു സാധ്യത തുറന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈ സ്വാതന്ത്ര്യം കുടിയേറാനോ, അഭയാർഥികളായി നാടുവിടാനോ അല്ല, മറിച്ച്, സ്വന്തം നാട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവസരമാണ്. ഇതിലേക്കായി ഓരോ രാജ്യങ്ങളും അന്താരാഷ്ട്രസമൂഹവും പരിശ്രമിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അടിസ്ഥാനപരമായ ഒരു അവകാശമെന്ന നിലയിലാണ് നാം ഇതിനെ കാണേണ്ടത്. ഇത്തരമൊരു സ്വാതന്ത്ര്യവും സാഹചര്യവും സാധ്യമാകുന്നതിന്, രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധം, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളുമായി തങ്ങളുടെ സമ്പത്തും വിഭവങ്ങളും, അറിവുകളും പങ്കുവയ്ക്കാനുള്ള ഒരു മനസ്ഥിതിയും വ്യവസ്ഥയും സമ്പന്ന രാജ്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. അതുവഴി അവികസിത, വികസ്വര രാജ്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും, അവിടെയുള്ള ആളുകൾക്ക് കുടിയേറ്റമെന്ന ഒരു മാർഗ്ഗത്തിലേക്ക് തിരിയാതെ സ്വന്തം നാടുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ജീവിക്കാനുള്ള സാദ്ധ്യതകൾ തെളിയുകയും ചെയ്യും.

കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള മനോഭാവം

സ്വദേശം വിട്ടുപോകാൻ നിർബന്ധിതരായ മനുഷ്യരോട് നമുക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിൽ, പാവപ്പെട്ടവരോട് നമുക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇത് വിശദീകരിക്കുന്നത്: "എന്തെന്നാൽ എനിക്ക് വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്ത് വന്നു" (മത്തായി 25, 35-36). കുടിയേറ്റക്കാരിലും അഭയാർഥികളിലും ദുരിതമനുഭവിക്കുന്ന, വിഷമസ്ഥിതിയിലായിരിക്കുന്ന ഒരു സഹോദരനെയോ സഹോദരിയെയോ മാത്രമല്ല, നമ്മുടെ വാതിലിൽ മുട്ടിവിളിക്കുന്ന ക്രിസ്തുവിനെത്തന്നെയാണ് നാം കണ്ടെണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. കുടിയേറ്റത്തിനുള്ള കാരണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾത്തന്നെ, കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കുന്ന, മതിലുകൾക്ക് പകരം പാലങ്ങൾ പണിയുന്ന, അപകടകരമായരീതിയിലുള്ള കുടിയേറ്റങ്ങൾക്ക് പകരം, ശരിയായ മാർഗ്ഗങ്ങളിലൂടെ കുടിയേറാനും, മെച്ചപ്പെട്ട ഒരു സാഹചര്യത്തിൽ ജീവിക്കാനും സാദ്ധ്യതകൾ ഒരുക്കാനും പരിശ്രമിക്കേണ്ടതുണ്ട്. പരസ്പരം ഉൾക്കൊള്ളുന്ന, സംരക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വേർതിരിവുകളില്ലാതെ എല്ലാവരെയും കരുതുന്ന ഒരു സമൂഹം വളർത്തിയെടുക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്യുന്നുണ്ട്. ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടാണ് നമ്മുടെ പൊതുവായ ലക്ഷ്യത്തിലേക്ക് എത്തേണ്ടതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2023, 14:13