തിരയുക

വിശ്വസാഹോദര്യത്തിന്റെ ഭംഗിയിലേക്ക് ഒരു ചാക്രികലേഖനം വിശ്വസാഹോദര്യത്തിന്റെ ഭംഗിയിലേക്ക് ഒരു ചാക്രികലേഖനം 

വിശ്വസാഹോദര്യവും സ്വീകാര്യതയും - ഫ്രത്തെല്ലി തൂത്തിയുടെ വെളിച്ചത്തിൽ

ഫ്രാൻസിസ് പാപ്പാ എഴുതിയ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തെ അടിസ്ഥാനമാക്കി വിശ്വസാഹോദര്യവും സ്വീകാര്യതയും എന്ന വിഷയത്തെക്കുറിച്ചുള്ള ചിന്താമലരുകൾ.
വിശ്വസാഹോദര്യവും സ്വീകാര്യതയും - ഫ്രത്തെല്ലി തൂത്തിയുടെ വെളിച്ചത്തിൽ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പാ എഴുതിയ മൂന്നാമത്തെ ചാക്രികലേഖനമാണ് ഫ്രത്തെല്ലി തൂത്തി - ഏവരും സഹോദരർ - എന്ന പേരിലുള്ള വിശ്വസാഹോദര്യത്തെക്കുറിച്ചുള്ള സന്ദേശം. ലോകത്ത് നടമാടുന്ന തിന്മകളുടെയും സഹോദരങ്ങൾക്കുനേരെ വൈരാഗ്യത്തിന്റെ കൊടുവാളുയർത്തുന്നവരുടെയും മധ്യത്തിൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ജീവിതശൈലിയെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയാണ് 2020 ഒക്ടോബർ 3-ന് അസ്സീസി നഗരത്തിൽ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിനു തലേന്ന് പുറത്തിറക്കിയ ഈ ഒരു ചാക്രികലേഖനത്തിലൂടെ. ലോകത്തെ മുഴുവനും, എന്തിന് പ്രപഞ്ചത്തെ മുഴുവനും സാഹോദര്യത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കണ്ട അസ്സീസിയിലെ ഫ്രാൻസിസിന്റെ പാദസ്പർശമേറ്റ മണ്ണിലാണ് അതെ ഫ്രാൻസിസിന്റെ പേരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച പാപ്പാ വിശ്വസാഹോദര്യത്തെക്കുറിച്ചുള്ള ഈ സ്നേഹസന്ദേശം ലോകത്തിന് സമർപ്പിച്ചത്.

ചാക്രികലേഖനത്തിന്റെ ഘടന

എട്ട് അദ്ധ്യായങ്ങളിലായി 287 ഖണ്ഡികകളുള്ള ഈ പ്രബോധനം ഈ ഭൂമിയിലെ എല്ലാവരോടും തുറന്ന മനസ്സോടെ പെരുമാറാനും, സഹോദര്യത്തിന്റേതായ ഒരു കാഴ്ചപ്പാട് എപ്പോഴും കാത്തുസൂക്ഷിക്കാനും അങ്ങനെ മെച്ചപ്പെട്ട ഒരു ലോകം തലമുറകളിലേക്ക് തുറന്നിടാനും ആഹ്വാനം ചെയ്യുന്നു. വിശുദ്ധ ഫ്രാൻസിസ് തന്റെ സഹോദരങ്ങൾക്ക് എഴുതിയതുപോലെ, സുവിശേഷത്തിന്റെ സ്വാദുള്ള ഒരു ജീവിതശൈലിയാണ് ഫ്രാൻസിസ് പാപ്പായും നമുക്ക് നിർദ്ദേശിക്കുന്നത്. മറ്റുള്ളവരെ അറിയാനും അംഗീകരിക്കാനും, അവരായിരിക്കുന്ന രീതിയിൽ മനസ്സിലാക്കി സ്വീകരിക്കാനും സ്നേഹിക്കാനും നമ്മെ പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്.

വിശ്വസാഹോദര്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഈജിപ്തിലെ സുൽത്താൻ മാലിക് അൽ-കമീലിനെ കാണാൻ വിശുദ്ധ ഫ്രാൻസിസ് പോയിരുന്നു. സംഘർഷങ്ങൾക്കിടയിലും എളിമയോടെയും സഹോദര്യത്തോടെയും, ക്രിസ്തുവിനോടുള്ള വിശ്വസ്തതയാൽ പ്രേരിതനായി വിശുദ്ധൻ യാത്ര ചെയ്തത് പോലെ ഫ്രാൻസിസ് പാപ്പായും തന്റെ ഏതാണ്ട് പത്തു വർഷങ്ങളായി തുടരുന്ന പൊന്തിഫിക്കേറ്റിൽ നിരവധിയിടങ്ങളിലേക്ക് സമാധാനത്തിന്റെ സന്ദേശവും സ്നേഹത്തിന്റെ സൗരഭ്യവുമായി യാത്ര ചെയ്തിട്ടുണ്ട്. വിശ്വസാഹോദര്യത്തെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളിൽ മാർട്ടിൻ ലൂഥർ കിംഗ്, ഡെസ്മണ്ട് ടുട്ടു, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ജീവിതങ്ങൾ തനിക്കു നൽകിയ പ്രചോദനവും പാപ്പാ മറച്ചുവയ്ക്കുന്നില്ല.

കോവിഡ് മഹാമാരി നൽകിയ പാഠം

സുരക്ഷിതരെന്ന് കരുതിയിരുന്ന പലരുടെയും മനസ്സിൽ ഭീതി വളർത്തിയ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തിന്റെ രചനയുടെ കാലത്താണ്. നമുക്ക് മറ്റുള്ളവരുടെ ആവശ്യമെന്തെന്ന് ചിന്തിക്കാൻ ഒരവസരം കൂടിയാണ് കോവിഡ് നൽകിയത്. പ്രത്യേകിച്ച് ആർക്കും ഒറ്റയ്ക്ക് ജീവിച്ചു മുന്നോട്ടു പോവുക എന്നത് എളുപ്പമല്ലെന്ന്, ഒരുമിച്ചു നിൽക്കുമ്പോഴാണ് തിന്മകളെ തുടച്ചുനീക്കാൻ സാധിക്കുകയെന്ന് കോവിഡ് പോലെയുള്ള സാഹചര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

മറ്റുള്ളവരെ ശത്രുതാമനോഭാവത്തോടെ കണ്ടിരുന്ന ഒരു ലോകത്തോട്, അപരൻ സ്നേഹിക്കപ്പെടേണ്ട, അംഗീകരിക്കപ്പെടേണ്ട, സ്വീകരിക്കപ്പെടേണ്ട ഒരു സഹോദരനാണെന്ന ചിന്തയിലേക്ക് വരാൻ പാപ്പായുടെ ഈ ചാക്രികലേഖനം കാരണമാകുന്നുണ്ട്.

നല്ല സമരിയക്കാരൻ

സുവിശേഷത്തിൽ യേശു പറയുന്ന നല്ല സമരിയക്കാരന്റെ ഉപമ സാഹോദര്യത്തിന്റെ ചിന്തയെ മനസ്സിലാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇന്നത്തെ സമൂഹത്തിൽ ഒറ്റയ്ക്കായിപ്പോകുന്ന, വിവിധ രീതികളിൽ ശരീരത്തിനും മനസ്സിനും മുറിവേറ്റ് പാതയോരങ്ങളിൽ കഴിയുന്ന ഒരുപാടു മനുഷ്യരുള്ള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. യുദ്ധങ്ങളും സംഘർഷങ്ങളും, വേദനയനുഭവിക്കുന്ന മനുഷ്യരെ കൂടുതൽ തളർത്തുന്ന നിസംഗതയുടെ മനോഭാവവുമൊക്കെ നമ്മുടെ കണ്മുൻപിലുണ്ട്. അവഗണനയുടെയും ഉപേക്ഷയുടെയും മുറിവുകൾ പേറുന്ന മനുഷ്യരാണ് പലരും. ശാരീരികമായ മുറിവുകളേക്കാൾ ഏറെ ആഴവും, ഉണങ്ങാൻ ഏറെ നാളുകൾ വേണ്ടതും മനസ്സിനേറ്റ മുറിവുകൾക്കാണ്. വീണുകിടക്കുന്ന ആ മനുഷ്യന് അയൽക്കാരനായി, സഹോദരനായി മാറുന്ന നല്ല സമരിയക്കാരന്റെ മുഖം നമുക്കുണ്ടോയെന്ന ഒരു ചോദ്യം നമ്മിലുണർത്താൻ പാപ്പാ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മുഖം തിരിച്ചു കടന്നുപോകാനല്ല, കൂടെ നിന്ന്, കൈപിടിച്ചുയർത്തി, ശുശ്രൂഷിക്കാനും സ്നേഹിക്കാനുമുള്ള നമ്മുടെ വിളിയെ തിരിച്ചറിയാൻ നല്ല സമരിയക്കാരന്റെ ഉപമ നമ്മെ സഹായിക്കുന്നുണ്ട്. "നീയും പോയി അതുപോലെ ചെയ്യുക" (ലൂക്കാ 10,37) എന്ന വാക്കുകൾ നമുക്ക് നേരെയും യേശു ഉരുവിടുന്നുണ്ട്.

വിശ്വസാഹോദര്യത്തിന്റെ വിളി

ഈ ഭൂമിയിൽ നാമെല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പാപ്പാ, വിശ്വസാഹോദര്യത്തിന്റെ മനോഭാവം കാത്തുസൂക്ഷിക്കേണ്ടതിലേക്ക് നമ്മുടെ ശ്രദ്ധ പലവുരു ക്ഷണിക്കുന്നുണ്ട്. നാം ഒറ്റപ്പെട്ട ദ്വീപുകൾ പോലെ മറ്റുള്ളവരിൽനിന്ന് അകന്നു ജീവിക്കേണ്ടവരല്ല എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. തുറന്ന ഒരു മനോഭാവത്തോടെ ഈ ലോകത്തിൽ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ചാക്രികലേഖനത്തിന്റെ മൂന്നാം അധ്യായത്തിൽ പാപ്പാ കൂടുതലായി എടുത്തുപറയുന്നുണ്ട്. മതിലുകൾ പണിത് അപരനെ മാറ്റി നിറുത്തുന്ന സംസ്കാരം മാറണമെന്ന് പാപ്പാ ആവശ്യപ്പെടുന്നുണ്ട് (നമ്പര്‍ 27 - 28). തുറന്ന ഒരു ലോകത്തിനായി ആതിഥ്യത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയും ആദരവും നേടുക എന്നതിനേക്കാൾ മറ്റുള്ളവരോട് പരിഗണനയും ആദരവും, ആതിഥ്യമര്യാദയും കാണിക്കുന്ന വ്യക്തികളായി നാം മാറേണ്ടതുണ്ട്. പലപ്പോഴും ചിന്തയുടെ മാത്രം തലങ്ങളിൽ നിൽക്കുന്ന ഇത്, പ്രവർത്തികതയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കണം.

പടിപടിയായി തുറന്ന ഒരു മനസ്ഥിതിയിലേക്ക് നാം കടന്നുവരേണ്ടതുണ്ട്. എന്റെ കുടുംബം, എന്റെ സുഹൃത്തുക്കൾ, എന്റെ നാട്, എന്റെ രാജ്യം ഇങ്ങനെ എന്റെ, എന്നോട് ചേർന്ന് നിൽക്കുന്ന, എന്ന ഒരു ചിന്തയിൽനിന്ന് വളർന്ന്, ഒരു മാനവിക കുടുംബംത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഭൂമിയിലെ ഓരോ മനുഷ്യരെയും നോക്കിക്കാണാൻ നമുക്ക് സാധിക്കണം (നമ്പർ 141). "നിങ്ങളെല്ലാം സഹോദരങ്ങളാണ്" എന്ന് യേശു ഉദ്ബോധിപ്പിക്കുന്നത് മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം എട്ടാം വാക്യത്തിൽ നാം കാണുന്നുണ്ട്. മറ്റുള്ളവരെ അംഗീകരിക്കുന്നതും പരസ്പരമുള്ള സ്വീകാര്യതയിലേക്ക് വളരുന്നതും, അപരന്റെ ജീവിതത്തിന് നന്മയായിട്ടുള്ളത് ആഗ്രഹിക്കാനും അതിനായി പ്രവർത്തിക്കാനും, നമ്മെ പ്രേരിപ്പിക്കും (നമ്പർ 91-94).

അഭയാർത്ഥികളും കുടിയേറ്റവും

ഈ ലോകത്ത് തങ്ങൾ ജനിച്ചു വളർന്ന നാട്ടിൽ സമാധാനത്തിലും സന്തോഷത്തിലും ഐക്യത്തിലും പരസ്പരസഹകരണത്തിലും ജീവിക്കാൻ ഏവർക്കും അവകാശമുണ്ട്. പക്ഷെ പലയിടങ്ങളിലും ഇത്തരത്തിലുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, നീതി നിഷേധിക്കപ്പെടുമ്പോൾ, കുടിയേറ്റം ആവശ്യമായി വന്നേക്കാം. അങ്ങനെ കടന്നുവരുന്ന മനുഷ്യരെ അവഗണിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അവരെ സ്വാഗതം ചെയ്യുന്ന ഒരു മനോഭാവം വളർത്തിയെടുക്കാൻ, വളർന്ന മനസ്സുള്ളവരായി നാം വലുതാകേണ്ടതുണ്ട്. അവർക്ക് സംരക്ഷണം നൽകാൻ, പ്രോത്സാഹനം നൽകാൻ, തങ്ങൾ ആയിരിക്കുന്ന സമൂഹത്തിൽ ശാന്തവും സന്തോഷപൂർണ്ണവുമായ ഒരു ജീവിതം സാധ്യമാകുന്ന തരത്തിൽ അവരെ ഉൾക്കൊള്ളാനും സമൂഹത്തോട് ചേർത്തു നിറുത്തുവാനും നമുക്ക് സാധിക്കണം. കുടിയേറ്റക്കാരായി കടന്നുവരുന്ന ഓരോ മനുഷ്യരും എന്നെപ്പോലെ ഒരേ ദൈവപിതാവിന്റെ മക്കളാണ് എന്ന രീതിയിൽ സ്വീകരിക്കപ്പെടുകയും കണക്കാക്കപ്പെടുകയും വേണം.

നാം പലപ്പോഴും കുടിയേറ്റക്കാരും അഭയാർഥികളുമായി കടന്നുവരുന്നവരെ ഒരു സാധ്യതയായി കണക്കാക്കാറുണ്ട്. അവരെക്കൊണ്ട് തങ്ങളുടെ രാജ്യത്തിന്, സമൂഹത്തിന് എന്ത് ഉപകാരം ആണ് ഉള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ അവർക്ക് വിലയിടുന്ന ഒരു സംസ്കാരം പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. പലയിടങ്ങളിലും കുടിയേറ്റക്കാർ ഒരു ബാധ്യതയാണെന്ന ചിന്തയാണ് ആളുകൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും, സർക്കാരുകൾക്കും ഒക്കെയുള്ളത്. അതുകൊണ്ടു തന്നെ ഒരുതരം ശത്രുതാമനോഭാവത്തോടെ അവരെ നോക്കിക്കാണുന്നവരുണ്ട്. സമൂഹത്തിന് ഒരു ഭാരമായി, എന്റെ രാജ്യത്തിന്റെ സാമ്പത്തികസുസ്ഥിതിക്ക് ഭീഷണിയായി കുടിയേറ്റക്കാരെ കാണുന്ന ഒരു മനോഭാവം പലയിടങ്ങളിലും വളർന്നുവരുന്നുണ്ട്. എന്നാൽ എന്ത് ലഭിക്കും എന്നതിനേക്കാൾ അവർ ആരാണ് എന്ന ഒരു ചിന്തയാകണം നമ്മെ നയിക്കുന്നത്. അവർ ദൈവമക്കളാണെന്ന്, അതുവഴി എന്റെ സഹോദരങ്ങളാണെന്ന ഒരു തുറന്ന മനോഭാവത്തിലേക്ക് കടന്നുവരാൻ നമുക്ക് സാധിക്കണം. അങ്ങനെ എന്ത് ലഭിക്കും എന്നതിനേക്കാൾ അവർ ദൈവത്തിനു മുന്നിൽ ആരാണ് എന്ന ഒരു ചിന്ത നമ്മുടെ അപരബന്ധങ്ങളെ നയിക്കണം. അങ്ങനെ വരുമ്പോൾ മറ്റുള്ളവരെ ഉപാധികളില്ലാതെ അംഗീകരിക്കാനും, സ്നേഹിക്കാനും, സ്വീകരിക്കാനും നമുക്ക് സാധിക്കും. മുറിവേറ്റ ഹൃദയങ്ങളെ, പ്രതീക്ഷയോടെ കടന്നുവരുന്ന മനുഷ്യരെ, ചേർത്തുപിടിക്കാനും കരം പിടിച്ചു നടത്താനും ശ്രമിക്കുമ്പോഴാണ് നാം മാനുഷികതയുടെ ശരിയായ മൂല്യം മനസ്സിലാക്കിയ വ്യക്തികളായി വളരുന്നത്, യഥാർത്ഥ ദൈവമക്കളുടെ ചിന്ത ഉൾക്കൊണ്ട ജീവിതങ്ങളാകുന്നത്.

യുദ്ധങ്ങളും മാനവികതയും

സമാധാനത്തിന്റെ പാതയിൽ ജീവിക്കാൻ വിളിക്കപ്പെട്ട സഹോദരങ്ങളാണ് നാമെല്ലാവരും. അതിനായി മറ്റുള്ളവരെ കണ്ടുമുട്ടാനും, പരസ്പരം സ്നേഹത്തിലും സമാധാനത്തിലും വളരാനും നമുക്ക് സാധിക്കേണ്ടതുണ്ട്. ഈയൊരർത്ഥത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും ഒരു സമൂഹത്തിനും അംഗീകരിക്കാനാകാത്തതാണ്. പാപ്പായുടെ ചാക്രികലേഖനത്തിന്റെ ഏഴാം അധ്യായത്തിൽ പ്രത്യേകമായി പരാമർശിക്കപ്പെടുന്ന ഒരു വിഷയം ലോകസമാധാനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും, മാനവികതയ്ക്ക് മുറിവേൽപ്പിക്കുന്ന സംഘർഷങ്ങളും അത് വളർത്തിയെടുക്കുന്ന ശത്രുതാമനോഭാവവുമാണ്. ഇന്നത്തെ ലോകത്തിലും നിലനിൽക്കുന്ന ഒരു തിന്മയാണ് യുദ്ധം. ഇത് യഥാർത്ഥത്തിൽ മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും സർക്കാരുകളുടെയും പരാജയമാണ്. നീതിപൂർവകമായ, ന്യായീകരിക്കാൻ സാധിക്കുന്ന ഒരു യുദ്ധം എന്ന ചിന്ത തെറ്റാണ്. അങ്ങനെ ഒന്ന് ഒരിടത്തും നിലനിൽക്കുന്നില്ല. ഒരിടത്തും യുദ്ധങ്ങൾ ഉണ്ടാകരുത് എന്നതാകണം മാനവികസഹോദര്യത്തിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യനും ചിന്തിക്കേണ്ടതും, ആഗ്രഹിക്കേണ്ടതും.

ലോകത്ത് ആണവനിരായുധീകരണം എന്ന ഒരു നിർദ്ദേശം പലവുരു വയ്ക്കപ്പെട്ടതാണ്. ഇത് ഒരു ധാർമ്മികമായ തിരഞ്ഞെടുപ്പിനെ പ്രതിനിധീകരിക്കുന്നതാണ്. രാഷ്ട്രങ്ങളുടെ സുസ്ഥിതിക്കും ലോകസമാധാനത്തിനും ആണവായുദ്ധങ്ങളുടെ ഉപയോഗം മാത്രമല്ല, കരുതൽ പോലും എതിരാണ്. ആയുധങ്ങൾക്കും, യുദ്ധങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന തുക ആഗോളതലത്തിൽ മാനവികതയുടെ നന്മയ്ക്കായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ നമ്മുടെ ലോകം എത്രയോ മെച്ചപ്പെട്ട ഒരിടമായി മാറിയേനെ (നമ്പര്‍ 255-262)!

ലോകമതങ്ങളും സമാധാനവും

മതങ്ങൾ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതചിന്തകളും ബോധ്യങ്ങളും തെറ്റായി മനസ്സിലാക്കുകയും അതനുസരിച്ച് വിശ്വാസികളെ തെറ്റിലേക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വികൃതമനസ്സുകളാണ് മതങ്ങളിൽ തീവ്രവാദം കുത്തിവയ്ക്കുന്നത്. അങ്ങനെയുള്ള മനുഷ്യരാണ് സഹോദരനെ ശത്രുവായി, ബാധ്യതയായി കണക്കാക്കുന്നത്. തെറ്റായ വ്യാഖ്യാനങ്ങളാണ് മതങ്ങളെ തിന്മയിലേക്ക് ചായിക്കുന്നത്. ഈയൊരർത്ഥത്തിൽ മതങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങൾ വളർത്തിയെടുക്കുന്നതും, വിവിധ മതങ്ങൾ തമ്മിൽ പരസ്പരധാരണയോടെയും സംവാദങ്ങളിലൂടെയും സമാധാനപൂർണമായ ഒരു സഹവർത്തിത്വം സാധ്യമാക്കേണ്ടതുണ്ട്. കത്തോലിക്കാസഭ സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നതിനെക്കുറിച്ച് പാപ്പാ പ്രത്യേകമായി എടുത്തുപറയുന്നുണ്ട്.

ഉപസംഹാരം

വിശ്വസാഹോദര്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പായുടെ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രിക ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, മെച്ചപ്പെട്ട ഒരു ലോകം സാധ്യമാക്കാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത, പരസ്പരമുള്ള സഹോദര്യബോധത്തിൽ വളർന്നുവരിക എന്നതാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അപരനെ ശത്രുവായി, അവസരങ്ങൾ ഇല്ലാതാക്കുന്ന ഒരുവനായി, തുടച്ചുനീക്കപ്പെടേണ്ട ഒരുവനായി കാണുന്ന ഒരു മനോഭാവത്തിൽനിന്ന് മാറാൻ എന്ന് നമുക്ക് സാധിക്കുമോ, അന്ന് മെച്ചപ്പെട്ട ഒരു ലോകത്തിലേക്കുള്ള ചുവടുകൾ വച്ച് തുടങ്ങാൻ നമുക്കാകും. പരസ്പരം സഹോദര്യത്തിൽ ജീവിക്കുന്നതിലൂടെ, മെച്ചപ്പെട്ട അയൽക്കാരൻ, സമരിയക്കാരനാകുന്നതിലൂടെ മാനവികതയിലുള്ള വിശ്വാസം ലോകത്ത് വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. ഒരേ സൃഷ്ടാവിന്റെ മക്കളെന്ന നിലയിൽ സാഹോദര്യം നമുക്ക് എന്നും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു മൂല്യമാണ്. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാൻ, സ്വന്തം നന്മയ്‌ക്കൊപ്പം ലോകത്തിന്റെ മുഴുവൻ നന്മയെ സ്വപ്നം കാണുന്ന ഒരു മാനവികത വളർത്തിയെടുക്കാൻ നമുക്കാകട്ടെ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും ഒരു ലോകത്തിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഒരു വിശ്വസാഹോദര്യത്തിന്റെ മക്കളായി വളരാൻ, നാളെയുടെ നല്ല ഓർമ്മകളായി നമ്മുടെ ജീവിതങ്ങൾ മാറാൻ ഇന്നുതന്നെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ചിന്തകൾ നമ്മുടെ ഹൃദയങ്ങളിൽ വളർത്തിയെടുക്കാം. ഏവരും സഹോദരങ്ങളായി ഒരുമയിൽ വാഴുന്ന ഒരു ലോകം സാധ്യമാകട്ടെ. സമാധാനത്തിന്റെ ദൈവം നമ്മുടെ മനസ്സുകളെയും ജീവിതത്തെയും അതിനായി ഒരുക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2023, 04:23