തിരയുക

2023 ലെ ഐക്യരാഷ്ട്രസഭയുടെ ജല ഉച്ചകോടി ലോഗോ. 2023 ലെ ഐക്യരാഷ്ട്രസഭയുടെ ജല ഉച്ചകോടി ലോഗോ. 

പാപ്പാ : വെള്ളത്തിനായുള്ള മനുഷ്യന്റെ മൗലികാവകാശം ഉറപ്പാക്കണം

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം അയച്ചു. ജലം ലഭ്യമാക്കാനുള്ള സാർവത്രിക മനുഷ്യാവകാശം ഉറപ്പാക്കാൻ “ദൃഡവും ഫലപ്രദവുമായ” നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

സി. റൂബിനി സി. റ്റി. സി, വത്തിക്കാൻ ന്യൂസ്‌

അന്താരാഷ്ട്ര സമൂഹം ഈ ആഴ്ച ലോക ജലദിനം ആചരിക്കുന്ന വേളയിൽ, ശുദ്ധജലവും ആരോഗ്യസംരക്ഷണവും സാർവത്രികമായി ലഭ്യമാക്കുന്നതിനായി നവീകരിച്ച അന്താരാഷ്ട്ര ശ്രമത്തിനുള്ള തന്റെ അടിയന്തര ആഹ്വാനം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു. 2010 ൽ ഐക്യരാഷ്ട്രസഭ ഇത് മൗലികാവകാശമായി അംഗീകരിക്കുകയുണ്ടായി.

ഐക്യരാഷ്ട്രസഭയുടെ  “ജലവും പ്രതീക്ഷയും”

മാർച്ച് 22-24 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന UN Water Conference സംഘടിപ്പിച്ച “ജലവും പ്രതീക്ഷയും: സുസ്ഥിര വികസനവും നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുഭവങ്ങളും വെല്ലുവിളികളും” എന്ന അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്.

ജലം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന സമ്മേളനത്തിന്റെ ചർച്ചയിൽ  ഇന്ന് ഈ ഭൂമി  നേരിടുന്ന അടിയന്തര വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഉപായങ്ങൾ, ജലവും കാലാവസ്ഥാ വ്യതിയാനവും; ജലത്തിനുള്ള മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ രാഷ്ട്രങ്ങളുടെ പങ്ക്; തദ്ദേശീയ ജനങ്ങളും വെള്ളത്തിനുള്ള മനുഷ്യാവകാശവും എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. ഈ പരിപാടിക്ക് പിന്തുണ അറിയിക്കുകയും ഈ നിർണ്ണായക വിഷയത്തിൽ തങ്ങളുടെ ശബ്ദമുയർത്താൻ ഒത്തു ചേരുകയും ചെയ്ത വിവിധ സംഘടനകളെ  പാപ്പാ തന്റെ സന്ദേശത്തിൽ അഭിനന്ദിക്കുകയും ചെയ്തു.

പരിശീലനത്തിനും വികസനത്തിനും വേണ്ടിയുള്ള ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരുടെ ഫൗണ്ടേഷൻ (FUTRASAFODE), ശുദ്ധജലത്തിനും ശുചീകരണത്തിനുമുള്ള സാർവ്വത്രിക അവകാശത്തിനുവേണ്ടി വാദിക്കുകയും 2015-ൽ സ്ഥാപിതമായതുമായ ഒരു അർജന്റീനിയൻ ഫൗണ്ടേഷൻ, 2019ൽ നടന്ന ആമസോൺ സിനഡിൽ നിന്നും ഉയർന്നുവന്ന നിർദ്ദേശങ്ങളും, സിനഡലിനു ശേഷമുള്ള പ്രബോധനമായ "Querida Amazonia" ൽ വിവരിച്ച "നാല് മഹത്തായ സ്വപ്നങ്ങളും" നടപ്പിലാക്കുന്നതിനുള്ള ഒരു ഫലപ്രദമായ ഉപകരണമായി 2020-ൽ സ്ഥാപിതമായ ആമസോണിന്റെ സഭാ സമ്മേളനം(CEAMA) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മാനവികതയുടെ സമഗ്രവികസനത്തിനായുള്ള ദൃഡവും ഫലപ്രദവുമായ പ്രവർത്തനം

ഇന്ന് മനുഷ്യകുലം അഭിമുഖീകരിക്കുന്ന "അപകടകരവും നാടകീയവുമായ" പ്രശ്‌നങ്ങൾക്ക് മുന്നിൽ ഈ സംരംഭം "പ്രതീക്ഷയുടെ ഒരു നദിയാണ് വച്ച് നീട്ടുന്നതെന്ന്" ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. മാർച്ച് 22 'ലോക ജലദിനം' ആയി പ്രഖ്യാപിച്ച് മുപ്പത് വർഷത്തിന് ശേഷം, ഈ ഒഴിച്ചുകൂടാനാവാത്ത ഈ വിഭവത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചും ലഭ്യമാകുന്ന വിവരങ്ങൾ ഭയപ്പെടുത്തുന്നതും ദാരുണവുമാണ്. അതിനാൽ പ്രവർത്തനത്തിനുള്ള ആഹ്വാനം ദൃഡവും ഫലപ്രദവുമായിരിക്കണം,  പാപ്പാ ഊന്നി പറഞ്ഞു.

വെള്ളത്തിനായുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്

ന്യൂയോർക്കിൽ നടക്കുന്ന  ഐക്യരാഷ്ര്ട്ര സഭയുടെ ജല സമ്മേളനം ലോകത്തിന് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുമെന്ന് ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. അങ്ങനെ, വെള്ളത്തിനും, ആരോഗ്യത്തിനും സാർവ്വത്രികമായ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഈ അവകാശം "പൂർണ്ണമായി നിറവേറ്റാൻ" നമുക്ക് കഴിയുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2023, 13:02