തിരയുക

അൽഫോൻസിയ൯ അക്കാദമി സമ്മേളനത്തിൽ പങ്കെടുത്തവരെ ഫ്രാൻസിസ് പാപ്പാ അഭിവാദ്യം ചെയ്യുന്നു. അൽഫോൻസിയ൯ അക്കാദമി സമ്മേളനത്തിൽ പങ്കെടുത്തവരെ ഫ്രാൻസിസ് പാപ്പാ അഭിവാദ്യം ചെയ്യുന്നു.  (VATICAN MEDIA Divisione Foto)

പാപ്പാ : മരവിച്ച, ഡെസ്‌ക്ടോപ്പ് ധാർമ്മികതയെ സൂക്ഷിക്കുക

2024 ഫെബ്രുവരി 9ന് വിശുദ്ധ അൽഫോൻസിസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 75-ആം വാർഷികത്തോടനുബന്ധിച്ച് അൽഫോൻസിയൻ ധാർമ്മിക നിർദ്ദേശത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തവരുമായി മാർച്ച് ഇരുപത്തി മൂന്നാം തിയതി നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ നൽകിയ സന്ദേശത്തിലാണ് ഈ ചിന്തകൾ പങ്കുവച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അൽഫോൻസിന്റെ ധാർമ്മിക നിർദ്ദേശം

'വിശുദ്ധ അൽഫോൻസ്: ഏറ്റം എളിയവരുടെ ഇടയനും സഭാ പണ്ഡിതനും' എന്ന വിഷയത്തെക്കുറിച്ചു നടക്കുന്ന ദ്വൈദിന കോഴ്‌സിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്   ഇന്നത്തെ വലിയ വെല്ലുവിളികൾക്കിടയിൽ, ക്രിസ്തുവിനോടു ചേർന്നുനിൽക്കാൻ ആഹ്വാനം ചെയ്യുകയും, തണുത്ത, ഡെസ്‌ക്ടോപ്പ് ധാർമ്മികതയ്ക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ധാർമ്മിക ദൈവശാസ്ത്രം പഠിപ്പിക്കുന്ന റോമിലെ ഒരു ഉന്നത സ്ഥാപനമാണ് അൽഫോൻസിയൻ അക്കാദമി. 1949-ൽ റിഡംപ്റ്ററിസ്റ്റ് വൈദീകരാണ് ഇത് സ്ഥാപിച്ചത്. 1960 മുതൽ, പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗത്തിന്റെ ഭാഗമായി അക്കാദമി ധാർമ്മിക ദൈവശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

വിശുദ്ധ ഗ്രന്ഥത്താൽ പരിപോഷിപ്പിക്കപ്പെട്ട്, ധാർമ്മിക ദൈവശാസ്ത്രം, ക്രിസ്തുവിന്റെ സ്നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള തങ്ങളുടെ വിളിയുടെ മഹത്വം മനസ്സിലാക്കാൻ വിശ്വാസികളെ സഹായിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത്  ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. എല്ലാ ദൈവശാസ്ത്ര-ധാർമ്മിക നിർദ്ദേശങ്ങൾക്കും ആത്യന്തികമായ  അടിത്തറ ദൈവസ്നേഹമാണ് എന്നു പറഞ്ഞ പാപ്പാ, ദൈവസ്നേഹമായിരിക്കണം  നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെയും അസ്തിത്വ പ്രയാണത്തിന്റെയും വഴികാട്ടി എന്ന് പാപ്പാ അടിവരയിട്ടു.

തൽഫലമായി, ധാർമ്മിക ദൈവശാസ്ത്രജ്ഞരും മിഷനറിമാരും, കുമ്പസാരക്കാരും ദൈവജനവുമായി ഒരു സജീവ ബന്ധത്തിൽ ഏർപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യേകിച്ച് ഏറ്റവും ചെറിയവരുടെ നിലവിളി ഏറ്റെടുക്കുവാനും അവരുടെ യഥാർത്ഥ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാനും അവരുടെ ഭാഗത്തു നിന്ന് അസ്തിത്വത്തെ കാണാനും പിതാവിന്റെ നിത്യ സ്നേഹത്തിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഉത്തരങ്ങൾ അവർക്ക് നൽകാനും പാപ്പാ ആഹ്വാനം ചെയ്തു.

ജനങ്ങളുടെ വെല്ലുവിളികളുടേയും പോരാട്ടങ്ങളുടേയും നേരെ വിരൽ ചൂണ്ടാതെ, അവർക്കൊപ്പം നടന്ന് എപ്പോഴും ജനങ്ങളോടു ചേർന്ന് നിൽക്കാൻ പരിശുദ്ധ പിതാവ് അവരെ ഉദ്ബോധിപ്പിച്ചു.

തണുത്ത മേശപ്പുറ ധാർമ്മീകതയല്ല

അൽഫോൻസിയൻ പാരമ്പര്യത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ടും ദൈവശാസ്ത്രപരമായ വിചിന്തനത്തിന്റെ ആവശ്യകതകളെ മാനിച്ച് കൊണ്ടും ക്രൈസ്തവ ജീവിതം, ഒരു തണുത്ത, ഡെസ്ക് ടോപ്പ് ധാർമ്മികതയല്ല" എന്ന ഒരു പ്രമേയം  അവതരിപ്പിക്കാൻ  അവർ  ശ്രമിക്കുകയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. മനസ്സിലാക്കാനും, ക്ഷമിക്കാനും, അനുഗമിക്കാനും, എല്ലാറ്റിനുമുപരിയായി സമന്വയിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കാരുണ്യപൂർണ്ണമായ സ്നേഹം നിറഞ്ഞ ഒരു അജപാലക തിരിച്ചറിയലിനോടു  പ്രത്യുത്തരം നൽകുക എന്നതാണ്  അവർ നൽകുന്ന നിർദ്ദേശം എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. വിശുദ്ധ അൽഫോൻസിന്റെ എഴുത്തുകൾക്കനുസൃതമായി, മനഃസ്സാക്ഷിയെയും അതിന്റെ രൂപീകരണത്തിന്റെ ചലനാത്മകതയെയും വിചിന്തനം ചെയ്തു കൊണ്ടാണ് അവരുടെ സമ്മേളനം ആരംഭിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു.  ഇത് ഒരു പ്രധാന വിഷയമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പ്രത്യാശയുടെ കാരണങ്ങൾ

എല്ലാത്തിനുമുപരി, മനസ്സാക്ഷി എന്നത് ഓരോ മനുഷ്യനും 'ദൈവവുമായി തനിച്ചിരിക്കുന്ന, ഗാഢമായ സ്നേഹബന്ധത്തിൽ അവന്റെ ശബ്ദം മുഴക്കുന്ന സ്ഥലമാണെന്ന് ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു. എന്നത്തേക്കാളും കൂടുതൽ സമയനിഷ്ഠയോടെ അവശ്യ സമയത്ത്  ബയോഎത്തിക്സിലും, സാമൂഹിക ധാർമ്മികതയിലും അവർ നടത്തുന്ന വിചിന്തിനങ്ങൾക്ക് പാപ്പാ  അവർക്ക് നന്ദി പറഞ്ഞു.

പാരിസ്ഥിതിക പ്രതിസന്ധി, പാരിസ്ഥിതിക പരിവർത്തനം, യുദ്ധം, പുതിയ അടിമകളെ സൃഷ്ടിക്കുന്ന തരത്തിലേക്ക് ആളുകളുടെ ജീവിതത്തെ ക്രമീകരിക്കാൻ കഴിവുള്ള ഒരു സാമ്പത്തിക സംവിധാനം, വ്യക്തികൾക്കും ജനങ്ങൾക്കുമിടയിൽ സാഹോദര്യം കെട്ടിപ്പടുക്കുന്നതിനുള്ള വെല്ലുവിളി എന്നീ പ്രശ്നങ്ങൾ ഗവേഷണത്തിനും സംവാദത്തിനും നമ്മെ ഉത്തേജിപ്പിക്കണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമീപ കാലങ്ങളിൽ,  കുടിയേറ്റം, പീഡോഫീലിയ തുടങ്ങിയ ഗുരുതരമായ ധാർമ്മിക പ്രശ്നങ്ങൾ നാം അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ പാപ്പാ  ചുരുക്കം ചിലരുടെ കൈകളിൽ മാത്രം ലാഭം കേന്ദ്രീകരിക്കുന്നതും ആഗോള ശക്തികളുടെ വിഭജനവും പോലുള്ള മറ്റു കാര്യങ്ങളും കൂടെ  കൂട്ടിച്ചേർക്കേണ്ട അടിയന്തിരാവസ്ഥയാണ് ഇന്ന് നാം കാണുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾപ്പോലും, നമ്മിലുള്ള പ്രതീക്ഷയ്‌ക്ക് ഒരു കാരണം നൽകാനും ആത്മവിശ്വാസത്തോടെ അവയെ അഭിമുഖീകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2023, 12:51