തിരയുക

യുവജന സിനഡ് നടന്നപ്പോൾ പകർത്തപ്പെട്ട ചിത്രം. യുവജന സിനഡ് നടന്നപ്പോൾ പകർത്തപ്പെട്ട ചിത്രം.  (ANSA)

“ക്രിസ്തു ജീവിക്കുന്നു”: ഒരു യുവാവിന് എപ്പോഴും വിമർശനാത്മകമായ ചൈതന്യം ഉണ്ടായിരിക്കണം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 190ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

190. മുതിർന്നവർ പറയുന്നതെല്ലാം അനുസരിക്കണം എന്നോ അവരുടെ പ്രവർത്തികളെല്ലാം അംഗീകരിക്കണമെന്നോ അതിന് അർത്ഥമില്ല. യുവാവായ ഒരു വ്യക്തിക്ക് എപ്പോഴും വിമർശനാത്മകമായ ചൈതന്യം ഉണ്ടായിരിക്കണം. ക്ലാസിക്കൽ ഗ്രീക്ക് ഗ്രന്ഥകാരന്മാരെ വിലമതിക്കാനും എന്നാൽ അവർ പഠിപ്പിക്കുന്ന നന്മ മാത്രം സ്വീകരിക്കാനും മഹാനായ വിശുദ്ധ ബേസിൽ യുവാക്കളെ പ്രോത്സാഹിപ്പിച്ചു (103). തലമുറയിൽ നിന്ന് തലമുറയിലേക്ക് കടന്നുവന്ന ജ്ഞാനം സ്വീകരിക്കാൻ സന്നദ്ധ ഉണ്ടായിരിക്കുക എന്നതാണ് യഥാർത്ഥ വിഷയം. ആ ജ്ഞാനം മാനുഷിക ദൗർബല്യങ്ങൾ അറിയാവുന്നതും ഉപഭോഗ സമൂഹത്തിന്റെയും വിപണിയുടെയും പുതുമകൾക്ക് പിന്നിൽ നീരാവിയായി പോകാനിടയില്ലാത്തതുമാണ്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ  രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് യുവജനങ്ങളോടു പാപ്പാ പങ്കുവയ്ക്കുന്നു. ഒന്ന് യുവാവായ ഒരു വ്യക്തിക്ക് എപ്പോഴും വിമർശനാത്മകമായ ചൈതന്യം ഉണ്ടായിരിക്കണം. രണ്ട് തലമുറയിൽ നിന്ന് തലമുറയിലേക്ക് കടന്നുവന്ന ജ്ഞാനം സ്വീകരിക്കാൻ സന്നദ്ധ ഉണ്ടായിരിക്കണം. പല അവസരങ്ങളിൽ പാപ്പാ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം ഇന്നിന്റേയും നാളയുടെയും സമൂഹത്തെ പണിതുയർത്താൻ കെൽപ്പുള്ളവർ യുവജനങ്ങളാണ്. തൊട്ടാൽ പൊട്ടുന്ന കുമിള പോലെയോ, കാറ്റത്തുലയുന്ന ഞാങ്ങണ പോലെയോ ആകേണ്ടവരല്ല അവർ. മറിച് മലമുകളിൽ തെളിച്ച പ്രകാശമാകേണ്ടവരാണവർ. പാറമേൽ പണിത ഭവനം പോലെ ഉറച്ച തീരുമാനങ്ങളോടും, ദീർഘ വീക്ഷണത്തോടും, ഉറപ്പിച്ച നിലപാടുകളോടും ഈ സമൂഹത്തെ ആയിരിക്കുന്നതിൽ നിന്നും ആയിത്തീരേണ്ടതിലേക്ക് നയിക്കാൻ കഴിവുള്ളവരായിത്തീരണം. ഈ ചിന്തകളിലൂടെ നമുക്ക് പാപ്പാ പങ്കുവയ്ക്കുന്നവയിലേക്ക്  ഒരു യാത്ര നടത്താം. ഒരു യുവാവിന് വിമർശനാത്മകമായ ചൈതന്യം ഉണ്ടായിരിക്കണം. വിമർശനാത്മക മനോഭാവത്തിൽ മനസ്സിന്റെ സ്വാതന്ത്ര്യം, തുറന്ന മനസ്സ്, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവ അടങ്ങിയിരിക്കുന്നു.

മനസ്സിന്റെ സ്വാതന്ത്ര്യം

ഈ ഖണ്ഡികയുടെ ആരംഭത്തിൽ തന്നെ പാപ്പാ പറയുന്നുണ്ട് മുതിർന്നവർ പറയുന്നതെല്ലാം അനുസരിക്കണം എന്നോ അവരുടെ പ്രവർത്തികളെല്ലാം അംഗീകരിക്കണമെന്നോ എന്നില്ല. പക്ഷേ അവരിൽ നിന്നുള്ള നന്മ നാം സ്വീകരിക്കണമെന്ന്. മറ്റുള്ളവരെ കേൾക്കുക എന്നത് ഉപവിയാണ്. അവരോടു നാം കാണിക്കുന്ന ബഹുമാനമാണ്. എന്നാൽ അത് നമ്മുടെ മനസ്സിലെ ചിന്തകൾക്കും, നമ്മുടെ സ്വപ്നങ്ങൾക്കും, നമ്മുടെ വീക്ഷണങ്ങൾക്കും ആമം വെച്ച് കൊണ്ടാകരുത്. മനസ്സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ നമുക്ക് മറ്റുള്ളവരുടെ ചിന്തകൾക്ക് വിലനൽകാൻ കഴിയണം. "മനസ്സിന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം. കൈകളിൽ ചങ്ങലയില്ലെങ്കിലും മനസ്സ് സ്വതന്ത്രമല്ലാത്ത ഒരു വ്യക്തി അടിമയാണ്, സ്വതന്ത്രനല്ല. തടവറയിൽ അല്ലെങ്കിലും മനസ്സ് സ്വതന്ത്രമല്ലാത്തവൻ തടവുകാരനാണ്, സ്വതന്ത്രനല്ല. ജീവിച്ചിരുന്നിട്ടും മനസ്സ് സ്വതന്ത്രമല്ലാത്ത ഒരുവൻ മരിച്ചവനേക്കാൾ ഭേദമല്ല. മനസ്സിന്റെ സ്വാതന്ത്ര്യമാണ് ഒരാളുടെ അസ്തിത്വത്തിന്റെ തെളിവ്." എന്ന് ഡോ. അംബേദ്കർ പറയുന്നു. ഇന്നത്തെ യുവജനം പലതിന്റെയും പലരുടെയും അടിമത്വത്തിൽ കഴിയുന്നു. യുവ മനസ്സുകളുടെ സ്വാതന്ത്ര്യം ഇന്ന് രാഷ്ട്രീയത്തിലും, പ്രത്യയശാസ്ത്രങ്ങളിലും, സിനിമ - കായിക താരങ്ങളിലും, സാങ്കേതിക, സാമീഹിക മാധ്യമ വശീകരണങ്ങളിലും ഏറെക്കുറെ അടിമപ്പെട്ടാണ് കിടക്കുന്നത്. സ്വയം ചിന്തിക്കാൻ, സ്വയം തീരുമാനമെടുക്കാൻ, സ്വയം ജീവിക്കാൻ ഇന്ന് കഴിയുന്നുണ്ടോ എന്ന് ഓരോരുത്തരും ഒന്ന് സ്വയം ചിന്തിക്കുന്നത് ഈ സമൂഹത്തിനു ഫലം നൽകും.

ആന്തരിക സ്വാതന്ത്ര്യം സ്വയം മാറാനും ലോകത്തെ മാറ്റാനും സഹായിക്കുന്നു. ഒരു വ്യക്തിക്കു അവൾ അല്ലെങ്കിൽ അവൻ എങ്ങനെ ചിന്തിക്കുന്നു, എന്ത്  അനുഭവിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിന്റെ  ഉത്തരവാദിത്വം ഏറ്റെടുടുക്കാൻ കഴിയുന്നില്ലെങ്കിൽ ആ ജീവിതം കൊണ്ട് വലിയ കാര്യമല്ല. മഹാവിസ്ഫോടനം സൃഷ്ടിച്ച കാരണങ്ങളുടെയും, അതിന്റെ ഫലങ്ങളുടെയും ശൃംഖലയിൽ ആരും അവരുടെ വ്യക്തിപരമായ പരാജയങ്ങളെയും കുറവുകളെയും കുറ്റപ്പെടുത്തുന്നില്ല. പകരം, നമ്മുടെ ഖേദകരമായ തിരഞ്ഞെടുപ്പുകൾക്കും പ്രവൃത്തികൾക്കും സാമൂഹിക സാഹചര്യങ്ങളെയും ജനിതകശാസ്ത്രത്തെയും കുറ്റപ്പെടുത്തുന്നു. ഇവിടെയാണ് അസ്തിത്വവാദം ഉപയോഗപ്രദമായ ഒരു തിരുത്തൽ നൽകുന്നത്. അസ്തിത്വവാദം  Existentialism  എന്നത് " ഒഴികഴിവുകളില്ലാത്ത" ഒരു തത്വശാസ്ത്രമാണ്, അതനുസരിച്ച് നമ്മൾ തീർത്തും സ്വതന്ത്രരും നമ്മൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾക്കും നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ഉത്തരവാദികളുമാണ് എന്ന് പെൻസിൽവാനിയയിലെ കിംഗ്സ് കോളേജിലെ പ്രൊഫസറും, ഫിലോസഫി ചെയർമാനുമായ വില്യം ഇർവിൻ പറയുന്നു. ആരുടേയും നിർബന്ധത്തിനു വഴങ്ങാതെ നമുക്ക് നന്മ ചെയ്യാനുള്ള മനസും, നമ്മുടെ തീരുമാനവും, അത് നിർവ്വഹിച്ചതിന്റെ ഫലവും ഏറ്റെടുക്കേണ്ടതിന്റെ  ഉത്തരവാദിത്വവും നമ്മിൽ നമുക്ക് കണ്ടെത്താൻ കഴിയുമ്പോഴാണ് നാം നമ്മുടെ മനസിന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നു എന്ന് പറയാൻ കഴിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഗ്രാഫ്  വരയ്ക്കാൻ നാം ഒരിക്കലും മറ്റുള്ളവരുടെ കൈകളിൽ ബ്രഷ് കൊടുക്കരുത്.  

തുറവുള്ള മനസ്സ്

വൈവിധ്യമാർന്ന ആശയങ്ങൾ, സംവാദങ്ങൾ, വിവരങ്ങൾ എന്നിവ സ്വീകരിക്കുന്നത് തുറന്ന മനസ്സാണ്. തുറന്ന മനസ്സുള്ളവരായിരിക്കുക എന്നത് പൊതുവെ നല്ല ഗുണമായി കണക്കാക്കപ്പെടുന്നു. വിമർശനാത്മകമായും യുക്തിസഹമായും ചിന്തിക്കാൻ അത് ആവശ്യമാണ്. നമുക്ക് നമ്മെ തന്നെ മനസ്സിലാക്കാൻ ആദ്യം വേണ്ടത് തുറവുള്ള മനസ്സാണ്. എല്ലാറ്റിനെയും വിശാലമായ കണ്ണുകളിലൂടെ കാണുവാനും എല്ലാവരെയും ഉൾകൊള്ളാനും കഴിയണം. ഇന്ന് ലോകത്തിൽ വിദ്വേഷത്തിന്റെയും, മതമൗലികവാദത്തിന്റെയും, വെറുപ്പിന്റെയും, നിറത്തിന്റെയും, ജാതിയുടെയും, മതത്തിന്റെയും, സംസ്കാരത്തിന്റെയും പേരിൽ യുദ്ധങ്ങളാണ് മനുഷ്യരുടെ ഇടയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇവയിൽ നിന്നും ലോകത്തെ രക്ഷിക്കാ൯ യുവജനത്തിനു വലിയ പങ്കു നൽകാ൯ കഴിയും. തുറന്ന മനസ്സോടെ ചോദ്യങ്ങൾ ചോദിക്കുന്നതും, വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന വിവരങ്ങൾക്കായി സജീവമായി തിരയുന്നതും ഇതിൽ ഉൾപ്പെടുന്നു. മറ്റ് ആളുകൾക്ക് അവരുടെ വിശ്വാസങ്ങളും, വാദങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്ന വിശ്വാസവും അതിൽ ഉൾക്കൊള്ളുന്നു. മറ്റുള്ളവരോടുള്ള കാഴ്ചപ്പാടുകളോടു യോജിക്കുന്നില്ലെങ്കിലും എല്ലാവരുടെയും ആശയങ്ങൾ കേൾക്കാനുള്ള തുറവുണ്ടാകണം. അടഞ്ഞ മനസ്സോടെ തുടരുന്നതിലെ ഒരു പ്രശ്‌നം അത് പലപ്പോഴും നിഷേധാത്മകതയുടെ ഒരു വലിയ ബോധത്തിലേക്ക് നയിക്കുന്നു എന്നതാണ്. തുറന്ന് പ്രവർത്തിക്കുന്നത് ജീവിതത്തോടും ഭാവിയോടും കൂടുതൽ ശുഭാപ്തിവിശ്വാസമുള്ള മനോഭാവം പ്രചോദിപ്പിക്കാൻ സഹായിക്കും. അങ്ങനെ നമുക്ക് എല്ലാവരെയും ഉൾകൊള്ളാൻ കഴിയും.

മറ്റുള്ളവരോടുള്ള ബഹുമാനം

'ബഹുമാനം' എന്നാൽ എല്ലാവരോടും എല്ലാറ്റിനോടും കരുതലോടെ പെരുമാറുക എന്നാണ്. മറ്റുള്ളവർ നമ്മോടു എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരോടു പെരുമാറുക എന്നതാണ് സുവർണ്ണനിയമം. ഇത് മര്യാദയുടെ മാത്രം പ്രശ്നമല്ല. ഇത് മനുഷ്യനായിരിക്കുന്നതിന്റെ കാതലായതും ആരോഗ്യകരമായ ബന്ധത്തിന് ആവശ്യമായതുമായ ഒന്നാണ്. അത് നമ്മുടെ സഹജീവികളുമായോ കുടുംബവുമായോ അല്ലെങ്കിൽ സ്വയമോ ആയിക്കൊള്ളട്ടെ. സമാധാനപൂർണ്ണമായ ഒരു ലോകത്ത് ജീവിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ബഹുമാനം. മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വ്യത്യാസങ്ങൾ അംഗീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മറ്റുള്ളവരെ ബഹുമാനിക്കുമ്പോൾ നമുക്ക് മറ്റുള്ളവരുമായി കൂടുതൽ സമാധാനത്തോടെയും യോജിപ്പോടെയും ജീവിക്കാൻ കഴിയും. നമ്മൾ പരസ്‌പരം ബഹുമാനിക്കുമ്പോൾ, മറ്റൊരാൾ വ്യത്യസ്‌ത പശ്ചാത്തലത്തിൽ നിന്നാണെങ്കിലും, ഒറ്റയ്ക്കെന്നതിലുപരി ഒരുമിച്ച്‌ ചെയ്യാൻ കഴിയും. ആരോടെങ്കിലും ആദരവോടെ പെരുമാറുന്നത് അവരുമായുള്ള സഹകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാവരും പരസ്പരം ബഹുമാനത്തോടെ പെരുമാറുമ്പോൾ, പിന്തുണ ആവശ്യമുള്ള നേരത്ത് എല്ലാവർക്കും പരസ്പരം വിശ്വസിക്കാനും ആശ്രയിക്കാനും കഴിയും.

തലമുറയിൽ നിന്ന് തലമുറയിലേക്ക് കടന്നുവന്ന ജ്ഞാനം സ്വീകരിക്കാൻ സന്നദ്ധ ഉണ്ടായിരിക്കണം

പല അവസരങ്ങളിലായി പാപ്പാ വേരുകൾ നഷ്ടപ്പെടാതെ യാത്ര തുടരണമെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 23 ആം തീയതി പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിൽ “യുവജനങ്ങൾ പ്രായം ചെന്നവരുമായി സംവാദിക്കുകയും മുതിർന്നവർ യുവജനങ്ങളുമായി സംവാദിക്കുകയും വേണം. മനുഷ്യരാശിക്ക് വിജ്ഞാനം പകരുന്നതാവണം ഈ പാലം. കാരണം മുതിർന്നവർ ഒരു മരത്തിന്റെ വേരുകൾ പോലെയും യുവജനങ്ങൾ അതിന്റെ പൂക്കളും ഫലങ്ങളും പോലെയുമാണ് എന്ന്” പാപ്പാ പങ്കുവെച്ചു. റൊമാനിയയിൽ അപ്പോസ്തോലിക സന്ദർശനം നടത്തിയ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രഭാഷണം നൽകി. ആ പ്രഭാഷണത്തിൽ നമുക്ക് നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തമായ ആത്മീയ അടിത്തറയുണ്ടെന്നും ആ വേര് നമ്മൾ മറ്റുള്ളവരുടെതാണെന്നും നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ സൂചിപ്പിച്ചു. നമുക്ക് നാം പങ്കുവയ്ക്കുന്ന നന്മകളിൽ കുടികൊള്ളുന്ന ജ്ഞാനം സ്വന്തമാക്കാ൯ പരിശ്രമിക്കാം. സ്വാർത്ഥതയും ഭിന്നതയും നിറഞ്ഞ ഒരു ലോകത്തിൽ, കലര്‍പ്പില്ലാതെ സ്വയം നൽകുന്ന സ്നേഹത്തിന്റെ  ശ്രേഷ്ഠമായ സുഗന്ധം ആവശ്യമാണ്. നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നമ്മുടെ അസ്തിത്വത്തിന്റെ  ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങളിലേക്ക് തുറക്കാന്‍  നമുക്ക് സാധിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ആ സുഗന്ധം മുതിർന്ന തലമുറയിൽ നിന്നും നമുക്ക് ലഭിക്കും. അതിനെ നമുക്ക് ഉണർവ്വിന്റെ വിളിയായി സ്വീകരിക്കാം.

ഉണർവ്വിന്റെ വിളി എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. അതിന് നാം ആയിരിക്കുന്ന പരിസരങ്ങളിൽ നിന്ന് നാം ആയിത്തീരേണ്ട പരിസരത്തിലേക്കുള്ള ഒരു പുറപ്പാട് ആവശ്യമാണ്. അത് വളർച്ചയുടെയും തീരുമാനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഒരു പുറപ്പാടാണ്. ലോകത്തിൽ നടക്കുന്ന മാറ്റങ്ങൾ യുവജനം കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുമ്പോൾ, അതിനെ നന്മയ്ക്കായും തിന്മയ്ക്കായും വിനിയോഗിക്കാനുള്ള സാധ്യതകൾ ഉണ്ട്. ഇന്നത്തെ യുവജനങ്ങൾ നിർഭയരും ആത്മവിശ്വാസമുള്ളവരുമാണ്. അത് കൊണ്ട് തന്നെ അവരുടെ മുന്നിൽ വരുന്ന പ്രതിസന്ധികളെ അവർക്ക് ധീരതയോടെ അതിജീവിക്കാൻ കഴിയും. അതിനാൽ  തിന്മയിലേക്കുള്ള അധഃപതനത്തിനു തടയിടാനാണ് പാപ്പാ നമ്മോടു വേരുകൾ മറക്കാതിരിക്കാൻ ആവശ്യപ്പെടുന്നത്. യഥാർത്ഥത്തിലുള്ള ജീവജലവും, പോഷണവും നമ്മിലേക്കെത്തിക്കുന്ന വേരുകൾ നമുക്ക് യേശുവിന്റെ  വചനവും, ജീവിതവും, വിശ്വാസവും, സഭയും മുതിർന്ന തലമുറയുമൊക്കെയാണ്. ഈ വേരുകൾ അറുക്കാതെ മുന്നോട്ടു പോകാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം നമുക്ക് ശ്രവിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2023, 09:47