തിരയുക

സുഡാനിൽ കുടിയൊഴിക്കപ്പെട്ട ആളുകളോട് ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു സുഡാനിൽ കുടിയൊഴിക്കപ്പെട്ട ആളുകളോട് ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു  (Vatican Media)

സമാധാനത്തിലും അനുരഞ്ജനത്തിലും പുതിയൊരു തലമുറയെ വളർത്തുക: ഫ്രാൻസിസ് പാപ്പാ

തെക്കൻ സുഡാന്റെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയ്ക്കായി 2011-ൽ പണികഴിക്കപ്പെട്ട ശാലയിൽ, സുഡാനിലെ കുടിയൊഴിക്കപ്പെട്ട ആളുകളുമായുള്ള കൂടിക്കാഴ്ചാവേളയിൽ, സമാധാനത്തിലും സഹോദര്യത്തിലും വളർന്നുവരുവാനും അങ്ങനെ പുതിയൊരു സംസ്കാരത്തിന് ജന്മമേകാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തെക്കൻ സുഡാനിലെ വിവിധ ഇടങ്ങളിൽനിന്ന് കുടിയൊഴിക്കപ്പെട്ട സഹോദരങ്ങൾക്ക് അവരുടെ പ്രാർത്ഥനകൾക്കും സാക്ഷ്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ദീർഘനാളുകളായി അവരെ കാണുവാനുള്ള തന്റെ ആഗ്രഹം സഫലീകൃതമായതിലുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. അവർക്കൊപ്പമാണ് താനെന്ന് ഉറപ്പുനൽകിയ പാപ്പാ, അവരുടെ സഹനത്തിൽ താനും പങ്കുചേരുന്നതായി അറിയിച്ചു.

അഭയാർത്ഥിപ്രശ്നവും സംഘർഷങ്ങളും

മാനുഷികമായ സംഘർഷങ്ങളും, വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളുമാണ് ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ഭവനങ്ങളും ഗ്രാമങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിൽ കഴിയാൻ കാരണമാകുന്നതെന്ന് പറഞ്ഞ പാപ്പാ, ഇന്ന് ഇതൊരു സാധാരണ സംഭവമായി അധഃപതിച്ചു എന്ന് അനുസ്മരിച്ചു. അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനം താൻ വീണ്ടും പുതുക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, സമാധാനം എത്രയും വേഗം സ്ഥാപിക്കപ്പെടണമെന്നും, ക്യാമ്പുകളിൽ കഴിയുന്ന നിരവധി കുട്ടികൾക്ക് സ്വന്തം നാടും വീടുമായുള്ള ബന്ധം പോലുമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്നും ഓർമ്മിപ്പിച്ചു.

സംസ്കാരങ്ങളും ഐക്യവും

വിവിധ വർഗ്ഗങ്ങളിൽപ്പെട്ട ആളുകൾ തമ്മിൽ ഐക്യത്തിൽ പ്രവൃത്തിച്ചു പോകുന്ന ഒരു കാലത്തിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തെ പൊതുവായ ഭാഷ പഠിക്കുന്നത് ഉൾപ്പെടെ തുറന്ന മനസ്ഥിതിയോടെ അനുരഞ്ജനപ്പെട്ട സഹോദര്യത്തിലേക്ക് കടന്നുവരാനും ആരെയും ഒഴിവാക്കാതിരിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

സ്ത്രീകളും രാജ്യത്തിന്റെ ഭാവിയും

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അഭയാർത്ഥിപ്രശ്നമാണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞ പാപ്പാ, വൈസ് പ്രസിഡന്റ് സാറ ന്യാന്തി ഉൾപ്പെടെയുള്ള ആളുകൾ ഇത്തരം പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ശ്രമങ്ങൾ നടത്തുന്നത് എടുത്തുപറഞ്ഞു. സ്ത്രീകൾ ഈ രാജ്യത്തിന്റെ ഗതിയെ മാറ്റിയെടുക്കാൻ കഴിവുള്ളവരാണെന്ന ശ്രീമതി ന്യാന്തിയുടെ അഭിപ്രായത്തെ പരാമർശിച്ചുകൊണ്ട്, സ്ത്രീകൾ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും, വിലമതിക്കപ്പെടുകയും വേണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഒളിമങ്ങാത്ത പ്രത്യാശ

നിങ്ങൾ തളർന്നവരാണെങ്കിലും നിങ്ങളുടെ കണ്ണുകളിലെ തിളക്കമോ പ്രതീക്ഷയോ ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും, പ്രാർത്ഥിക്കാനും ഗാനങ്ങൾ ആലപിക്കാനും ഇനിയും നിങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ച പാപ്പാ, നിങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകാനായി ആഗ്രഹിച്ചുകൊണ്ടാണ് ഇന്ന് ഈ കൂടിക്കാഴ്ച നടത്തുന്നതെന്ന് പറഞ്ഞു.

പുതിയൊരു സുഡാൻ

സുഡാന്റെ മെച്ചപ്പെട്ട ഒരു നാളെക്കായി നിങ്ങളുടെ സഹകരണവും സാഹോദര്യവും ക്ഷമയും ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തിന്മയ്ക്ക് പകരം തിന്മ നൽകാതെ, നല്ല ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങളായി മാറുവാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വേരുകൾ മറക്കാതിരിക്കുക

ഒരു വൃക്ഷം വളരുന്നതിന് വേരുകൾ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നതുപോലെ, നിങ്ങൾ നിങ്ങളുടെ വേരുകൾ മറക്കാതിരിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭൂതകാലമില്ലാതെ ഭാവിയില്ലെന്ന് പാപ്പാ അനുസ്മരിച്ചു. അക്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകളല്ല, സാഹോദര്യത്തിന്റെ വർണ്ണനകളും, സമാധാനത്തിനായുള്ള ആഗ്രഹവുമാണ് പകർന്നുകൊണ്ടുക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സന്നദ്ധപ്രവർത്തകർക്ക് നന്ദി

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ഇവിടുത്തെ ജനങ്ങളെ സഹായിക്കുന്ന സഭാസമൂഹങ്ങളെയും, മാനവികസംഘടനകളെയും, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയെ, നന്ദിയോടെ പാപ്പാ ഓർത്തു. ഇത്തരുണത്തിൽ സേവനരംഗത്ത് സ്വജീവൻ നല്കേണ്ടിവന്നവരെയും പാപ്പാ അനുസ്മരിച്ചു. മാനവികസഹായം നൽകുന്നതിനൊപ്പം, പുതിയ ശാസ്ത്രീയമാർഗ്ഗങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞു.

ഉപസംഹാരം

തെക്കൻ സുഡാന്റെ പുറത്ത് താമസിക്കുന്ന അഭയാർത്ഥികളെയും, സ്വഭവനങ്ങളിൽ തിരികെ കയറാൻ സാധിക്കാത്തവരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. മറ്റു സഭാമേലധ്യക്ഷന്മാർക്കൊപ്പം താൻ നൽകുന്ന ആശീർവാദത്തിനൊപ്പം, ലോകത്തുള്ള അനേകം ക്രൈസ്തവസഹോദരങ്ങളുടെ അനുഗ്രഹാശ്ശിസുകളും നിങ്ങൾക്കുണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. മാനവികതയുടെ മനോഹാരിത നിങ്ങളുടെ സമാധാനസ്വപ്നങ്ങളിലും ഉൾക്കരുത്തിലും വിശ്വാസത്തിലും ഉണ്ടെന്ന് അവർ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2023, 02:22