പാപ്പാ: വ്യക്തിയുടെ അവിഭാജ്യ നന്മയെ പ്രോത്സാഹിപ്പിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫൗണ്ടേഷനുകളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും ഇറ്റാലിയൻ അസോസിയേഷനായ ഇറ്റാലിയൻ അസ്സിഫെറോയുടെ 20 ആം വാർഷികത്തിൽ വത്തിക്കാനിൽ വച്ച് അതിലെ അംഗങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.
"വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ സാമൂഹിക-സാമ്പത്തിക മാതൃകകൾ വികസിപ്പിക്കുന്നതിനും" ഇറ്റലിയിലും വിദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ഫൗണ്ടേഷനുകളെ അസോസിയേഷൻ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.
വൈവിധ്യത്തിന്റെ സൗന്ദര്യം
അംഗങ്ങളിലുള്ള വ്യത്യസ്ത ഉത്ഭവങ്ങളും പശ്ചാത്തലങ്ങളും മൂലം അസോസിയേഷന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് വൈവിധ്യമാണെന്നും അത് വിവിധ തരത്തിലുള്ള പ്രവർത്തന മേഖലകൾ, കഴിവുകൾ, പ്രവർത്തന രീതികൾ എന്നിവയുടെ പൈതൃകം കൊണ്ടുവരുന്നുവെന്നും പാപ്പാ ചൂണ്ടികാണിച്ചു.
മൂന്ന് പ്രധാനപെട്ട മൂല്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ അവരോടു ആഹ്വാനം ചെയ്ത പാപ്പാ ആദ്യത്തെ മൂല്യം "വ്യക്തിയുടെ സമഗ്രമായ നന്മയുടെ പ്രോത്സാഹനം" ആണ് എന്നും രണ്ടാമത്തേത്, "പ്രാദേശിക സമൂഹങ്ങൾ പറയുന്നത് കേൾക്കുന്നതും മൂന്നാമത്തേത് "ഏറ്റവും നിസ്സാരരോടുള്ള സാമീപ്യമാണെന്നും'' , അതേസമയം, "ദൈവത്തിന്റെ മൂല്യങ്ങളിലൊന്ന് സാമീപ്യമാണെന്ന് ഒരിക്കലും മറക്കരുത്" എന്നും പാപ്പാ പറഞ്ഞു.
വ്യക്തിയുടെ അവിഭാജ്യമായ നന്മയുടെ ഉന്നമനം
വ്യക്തിയുടെ സമഗ്ര നന്മയെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ അർത്ഥം "ഭൗതിക സഹായം ആളുകളെ വിമോചിപ്പിക്കുകയും അവരുടെ വളർച്ചയിലും അവരുടെ കഴിവുകളുടെ വികാസത്തിലും വ്യക്തിപരവും സമൂഹപരവുമായി അവരെ നായകന്മാരാക്കുകയുമാണ് " എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.
പ്രാദേശിക സമൂഹങ്ങളെ ശ്രവിക്കുക
രണ്ടാമത്തെ മൂല്യത്തെക്കുറിച്ച് സംസാരിച്ച പാപ്പാ പ്രാദേശിക യാഥാർത്ഥ്യങ്ങൾ ശ്രദ്ധിക്കാതെ പ്രാദേശിക സമൂഹങ്ങളെ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ചു. " അതിനാൽ നിങ്ങളുടെ ഇടപെടൽ ഇടയ്ക്കിടെയുള്ള സഹായമായി ചുരുങ്ങാതെ, ദൈവം നിങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആളുകൾ താമസിക്കുന്നയിടങ്ങളിലെ സാഹചര്യങ്ങളിൽ ഭാവിയിലേക്ക് വിത്ത് വിതയ്ക്കുക എന്നത് ഇത് വളരെ പ്രധാന്യമർഹിക്കുന്നതാണ്," പാപ്പാ പറഞ്ഞു.
ഏറ്റവും നിസ്സാരരായവരോടുള്ള സാമിപ്യം
മൂന്നാമത്തേതും അവസാനത്തെ മൂല്യവുമായ"ഏറ്റവുംനിസ്സാരരായവരോടുള്ള അടുപ്പം" സംബന്ധിച്ച്, 'ഒരു ചങ്ങയിലെ ശക്തി അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിലായിരിക്കുന്നതു പോലെ 'ഏറ്റവും എളിയവരോടു ' അടുത്തിടപഴകുക, അവരുടെ മുറിവുകളിലേക്ക് കുനിഞ്ഞ് അവരുടെ ആവശ്യങ്ങൾ ഏറ്റെടുക്കുക എന്നാൽ മെച്ചപ്പെട്ട ലോകത്തിനും സമാധാനത്തിന്റെ ഭാവിക്കുമായി ഐക്യവും ദൃഢവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നല്ല അടിത്തറയിടുകയാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.
അവസാനമായി, ഫ്രാൻസിസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന അംഗങ്ങൾക്ക് നന്ദി പറയുകയും "ഉത്സാഹത്തോടും വിവേകത്തോടും കൂടി" മുന്നോട്ട് പോകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: