യേശുവിനെ കാണുക, അവിടത്തെ സ്പർശം അനുഭവിച്ചറിയുക എന്ന് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുവിശേഷം, ഹൃദയത്തിൻറെ അഗാധതയിൽ ചലനം ഉണ്ടാക്കാൻ കഴിയുന്ന പ്രതിഭയുടെയും വിസ്മയത്തിൻറെയും ഉറവിടം ആയിരിക്കണമെന്ന് മാർപ്പാപ്പാ.
ഈശോസഭ പ്രസിദ്ധീകരിക്കുന്ന ദ്വൈവാരികയായ, “കത്തോലിക്കാ നാഗരികത” എന്നർത്ഥം വരുന്ന “ല ചിവിൽത്ത കത്തോലിക്ക”യുടെ (La Civiltà Cattolica) മേധാവിയായ ഈശോസഭാ വൈദികൻ അന്തോണിയൊ സ്പദാറൊയുടെ പുതിയ പുസ്തകമായ , “ഒരു ദൈവിക ഇതിവൃത്തം” എന്ന് വിവർത്തനം ചെയ്യാവുന്ന “ഊന ത്രാമ ദിവിനയ്ക്ക്” എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
പ്രത്യേകിച്ച്, നാം ജീവിക്കുന്ന പ്രയാസകരമായ ഈ കാലഘട്ടത്തിൽ നമുക്ക് ആവേശം പകരുന്ന വിവരണങ്ങൾ ആവശ്യമില്ല എന്ന് ഈ ഗ്രന്ഥം, സുവിശേഷ വിവരണങ്ങളുടെ കാർക്കശ്യവും വൈരുദ്ധ്യങ്ങളും പലപ്പോഴും എടുത്തുകാട്ടിക്കൊണ്ട് വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ പറയുന്നു. സുവിശേഷസൗഭാഗ്യങ്ങൾ അരുളിച്ചെയ്യുകയും ജനങ്ങൾക്ക് അപ്പം പങ്കുവച്ചു നല്കുകയും രോഗികളെ സൗഖ്യമാക്കുകയും പാപികൾക്ക് മാപ്പുനല്കുകയും ചുങ്കക്കാരുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തവൻറെ സ്വരത്തിൻറെ ഈണം നാം ശ്രവിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഈ യേശുവിനെ നാം കാണുകയും നമ്മെ അവിടന്ന് സ്പർശിക്കുന്നത് നാം അനുഭവിച്ചറിയുകയും ചെയ്യണമെന്നും, അല്ലാത്ത പക്ഷം, ദൈവപുത്രൻ, ഗുരുനാഥൻ, അമൂർത്തനായി, ഒരു ആശയ ആയി, സാങ്കല്പം ആയി, ഒരു സിദ്ധാന്തം ആയി ഭവിക്കും എന്ന് പാപ്പാ പറയുന്നു. സുവിശേഷം തുറക്കുകയെന്നത് പ്രവർത്തനനിരതനായ യേശുവിനെ കാണിച്ചുതരുന്ന ഒരു ടെലെ ക്യാമറയിലൂടെ നോക്കുന്നതു പോലെയാണെന്ന് പാപ്പാ കുറിക്കുന്നു.
യുദ്ധത്തിൻറെയും വലിയ ധ്രുവീകരണങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത മാതൃകകളുടെയും, കാലാവസ്ഥ-സാമ്പത്തികപരങ്ങളായ ഗുരുതര വെല്ലുവിളികളുടെതുമായ ഒരു ലോകക്രമ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ, നമുക്ക്, ലോകത്തോട് സുവിശേഷ സന്ദേശം പ്രഘോഷിക്കാനും യേശുവിനെ കാണിച്ചുതരാനും കഴിവുറ്റ ഒരു നൂതന ശൈലിയുടെയും ശക്തമായ കഥകളുടെയും ചിത്രങ്ങളുടെയും, എഴുത്തുകാരുടെയും, കവികളുടെയും കലാകാരന്മാരുടെയും ആവശ്യമുണ്ടെന്നു പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: