തിരയുക

ജീവനു വേണ്ടിയുള്ള അണിയാത്ര, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ  20/01/23 ജീവനു വേണ്ടിയുള്ള അണിയാത്ര, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ 20/01/23 

നീതിവാഴുന്ന സമൂഹ നിർമ്മിതി മാനവാന്തസ്സിനോടുള്ള ആദരവിൽ അധിഷ്ഠിതം, പാപ്പാ!

അനുവർഷം അമേരിക്കൻ ഐക്യനാടുകളിൽ നടത്തിപ്പോരുന്ന ജീവനുവണ്ടിയുള്ള അണിയാത്രയുടെ തലേന്ന്, ജനുവരി 19-ന് വ്യാഴാഴ്ച വാഷിംഗ്ടണിൽ അമലോത്ഭവ നാഥയുടെ ബസിലിക്കയിൽ സംഘടിപ്പിച്ച ദേശീയ ജാഗരപ്രാർത്ഥനയോടനുബന്ധിച്ച്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവനുള്ള അവകാശം, വിശിഷ്യ, മാനവകുടുംബത്തിലെ നിരപരാധികളുടെയും ഏറ്റം ദുർബ്ബലരുടെയും ജീവനുള്ള അവകാശം പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ പരസ്യമായി നല്കിക്കൊണ്ടിരിക്കുന്ന വിശ്വസ്ത സാക്ഷ്യത്തിന് മാർപ്പാപ്പാ നന്ദി പ്രകാശിപ്പിക്കുന്നു.

അനുവർഷം അമേരിക്കൻ ഐക്യനാടുകളിൽ നടത്തിപ്പോരുന്ന ജീവനുവണ്ടിയുള്ള അണിയാത്രയുടെ തലേന്ന്, ജനുവരി 19-ന് വ്യാഴാഴ്ച (19/01/23) വാഷിംഗ്ടണിൽ അമലോത്ഭവ നാഥയുടെ ബസിലിക്കയിൽ സംഘടിപ്പിച്ച ദേശീയ ജാഗരപ്രാർത്ഥനയോടനുബന്ധിച്ച്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിൽ ജീവനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായുള്ള സമിതിയുടെ അദ്ധ്യക്ഷനായ ആർലിംഗ്ടൺ രൂപതാമെത്രാൻ മൈക്കിൾ ബർബിഡ്ജിന്, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് അയച്ച സന്ദേശത്തിലാണ് ഈ കൃതജ്ഞാതാപ്രകാശനം ഉള്ളത്.

യഥാർത്ഥ നീതി വാഴുന്ന ഒരു സമൂഹത്തിൻറെ നിർമ്മിതി ഓരോ വ്യക്തിയുടെയും പവിത്രമായ അന്തസ്സിനോടുള്ള ആദരവിലും ഓരോ വ്യക്തിയുടെയും സഹോദരനോ സഹോദരിയോ ആയി സ്വാഗതം ചെയ്യുന്നതിലും അധിഷ്ഠിതമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ സന്ദേശത്തിൽ എഴുതുന്നു.

ജീവൻറെ എല്ലാ ഘട്ടങ്ങളിലും, പ്രത്യേകിച്ച് സമൂഹത്തിൻറെ എല്ലാ തലങ്ങളിലും നടപ്പിലാക്കുന്ന പര്യപ്തമായ നിയമ നടപടികളിലൂടെ, മനുഷ്യജീവനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ യുവജനം സ്ഥിരോത്സാഹികളായിരിക്കുമെന്ന് പാപ്പാ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗർഭച്ഛിദ്രം നടത്താൻ ഭരണഘടന സ്ത്രീകളെ അനുവദിക്കുണ്ടെന്ന് അമേരിക്കൻ ഐക്യനാടുകളുടെ പരമോന്നത കോടതി ഏതാണ്ട് 50 വർഷം മുമ്പ്, അതായത്, 1973 ജനുവരി 22-ന് നടത്തിയ “റോ വേഴ്സസ് വെയ്ഡ്”  (Roe v. Wade) വിധിയെ അട്ടിമറിച്ചുകൊണ്ട് 2022-ൽ സുപ്രീം കോടതിതന്നെ ഗഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന് വിധിക്കുകയും ഭ്രൂണഹത്യ അനുവദിക്കുകയൊ അനുവദിക്കാതിരിക്കുകയൊ ചെയ്യാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്കു നല്കുകയും ചെയ്തിരുന്നു. ഈ വിധിക്കു ശേഷം പ്രാദേശിക കത്തോലിക്കാസഭയുടെ ജീവനുവേണ്ടിയുള്ള പ്രസ്ഥാനം നടത്തിയ പ്രഥമ അണിയാത്രയായിരുന്നു ഇത്തവണത്തേത്.

 

21 January 2023, 20:40