മതിലുകളല്ല തുറന്ന ഹൃദയങ്ങളാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
എപ്പോഴും യുവജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവായ ഫ്രാൻസിസ് പാപ്പാ ആഗോളയുവജനസംഗമത്തിൽ സംബന്ധിക്കുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത നാലു ലക്ഷത്തിലധികം യുവജനങ്ങളുടെ കാര്യം പ്രത്യേകമായി പരാമർശിക്കുകയും അതിൽ പാപ്പായ്ക്കുള്ള സന്തോഷം എടുത്തുപറയുകയും ചെയ്തു. പങ്കെടുക്കുവാനുള്ള യുവജനങ്ങളുടെ ആഗ്രഹം, അനുഭവങ്ങൾ പങ്കുവയ്ക്കുവാനുള്ള അവരുടെ ത്വരയെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ആഗോളയുവജനസംഗമം ഇപ്രകാരം ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഒരുജീവിതത്തിന് യുവജനങ്ങൾക്ക് വലിയ സഹായകരമാകും. അതിനാൽ മതിലുകൾ നിർമ്മിക്കുന്നതിന് പകരം ഹൃദയ വാതായനങ്ങൾ തുറന്നിട്ടുകൊണ്ട് കൂടെയുള്ളവരുടെ സംസ്കാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും, നമ്മുടെ ജീവിത മാതൃക മറ്റുള്ളവർക്ക് പ്രചോദനമാകുവാനും പാപ്പാ യുവജനങ്ങൾക്ക് ആശംസകളർപ്പിച്ചു.
ലോകത്തിൽ നടക്കുന്ന യുവജനസമ്മേളനങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ സമ്മേളനമാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആഗോളയുവജനസമ്മേളനങ്ങൾ. മൂന്നുവർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിന് വേദിയൊരുക്കുന്നത് ഓരോ രാജ്യങ്ങളാണ്. കോവിഡ് മഹാമാരിക്ക് മുൻപ് 2019 ൽ പനാമയിൽ വച്ച് നടത്തിയ സമ്മേളനമാണ് ഏറ്റവും അവസാനത്തേത്. തുടർന്ന് മഹാമാരിയുടെ പ്രത്യേകസാഹചര്യം കണക്കിലെടുത്തുകൊണ്ട് 2022 ൽ സമ്മേളനം ഒഴിവാക്കപ്പെട്ടു. തുടർന്ന് ഈ വർഷം 2023 ൽ നേരത്തെ നിശ്ചയിച്ചപ്രകാരം പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്ററ് മാസം നടത്തപ്പെടുകയാണ്. ഏകദേശം നാലുലക്ഷം യുവജനങ്ങൾ ഇപ്പോൾ തന്നെ സമ്മേളനത്തിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: