തിരയുക

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാന ദുരന്തത്തിൻറെ ഒരു ദൃശ്യം 15/01/23 നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാന ദുരന്തത്തിൻറെ ഒരു ദൃശ്യം 15/01/23  (AFP or licensors)

പൊഖാറാ വിമാന ദുരന്തം, പാപ്പായുടെ അനുശോചന സന്ദേശം!

നേപ്പാളിൻറെ പ്രസിഡൻറ് ശ്രീമതി ബിദ്യാ ദേവി ബണ്ടാരിക്ക് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ അനുശോചന സന്ദേശം അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനദുരന്തത്തിൽ മാർപ്പാപ്പാ അനുശോചിച്ചു.

പതിനഞ്ചാം തീയതി (15/01/23) ഞായറാഴ്ച പൊഖാറാ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങവേ വിമാനം കത്തിയമർന്നുണ്ടായ ഈ ദുരന്തത്തിൽ ഫ്രാൻസീസ് പാപ്പായുടെ ദുഃഖം രേഖപ്പെടുത്തുന്ന ടെലെഗ്രാം സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് നേപ്പാളിൻറെ പ്രസിഡൻറ് ശ്രീമതി ബിദ്യാ ദേവി ബണ്ടാരിക്ക് (Bidya Devi Bhandari) തിങ്കളാഴ്‌ച (16/01/23) ആണ് അയച്ചത്.

ഈ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ ആത്മാവുകളെ പാപ്പാ സർവ്വശക്തൻറെ കാരുണ്യത്തിന് സമർപ്പിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സൗഖ്യത്തിൻറെയും സമാധാനത്തിൻറെയും അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നേപ്പാളിൻറെ തലസ്ഥാനമായ കാട്മണ്ഡുവിൽ നിന്ന് പുറപ്പെട്ട് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങവേ കത്തിനശിച്ച എഴുപത്തിരണ്ടു ഇരിപ്പിടങ്ങളുള്ള യെതി എയർലൈൻസിൻറെ എടിആർ 72 (Yeti Airlines ATR72) വിമാനത്തിൽ ഉണ്ടായിരുന്നത് 68 യാത്രക്കാരും 4 ജീവനക്കാരുമുൾപ്പടെ മൊത്തം 72 പേരാണ്. ഇവരിൽ 71 പേർ മരണമടഞ്ഞതായി സ്ഥീരീകരിച്ചു. 

ഈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവരെല്ലാം ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. 3 ദശകത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വ്യോമ ദുരന്തമാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2023, 13:34