തിരയുക

വത്തിക്കാനിലേക്കുള്ള പുതിയ അംബാസഡർമാരെ സ്വീകരിക്കുന്ന പാപ്പാ വത്തിക്കാനിലേക്കുള്ള പുതിയ അംബാസഡർമാരെ സ്വീകരിക്കുന്ന പാപ്പാ 

പരസ്പരസഹകരണത്തിലൂടെ മെച്ചപ്പെട്ട ഒരു ലോകം സാധ്യമാക്കുക: ഫ്രാൻസിസ് പാപ്പാ

ബെലീസ്, ബഹാമസ്, തായ്‌ലൻഡ്, നോർവേ, മംഗോളിയ, നൈജർ, ഉഗാണ്ട, സുഡാൻ എന്നിവിടങ്ങളിൽനിന്ന് വത്തിക്കാനിലേക്കുള്ള അംബാസഡർമാർ തങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട യോഗ്യതാപത്രം ഫ്രാൻസിസ് പാപ്പായുടെ മുന്നിൽ സമർപ്പിച്ച വേളയിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാനിലേക്ക് പുതിയതായി നിയമിതരായ വിവിധ രാജ്യങ്ങളുടെ പുതിയ അംബാസഡർമാരെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെ, ആളുകൾ തമ്മിലുള്ള സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകം കൂടിയായ അന്താരാഷ്ട്ര സ്ഥാപനങ്ങളിലും സംഘടനകളിലുമുള്ള അംഗത്വത്തിലും പങ്കാളിത്വത്തിലൂടെയും, സ്വന്തം രാജ്യത്തിന്റെ നന്മയ്‌ക്കൊപ്പം മുഴുവൻ മാനവകുടുംബത്തിന്റെയും പൊതുനന്മയ്ക്കായുള്ള സംഭാവനയാണ് ലോകരാജ്യങ്ങൾ നൽകുന്നതെന്ന് പാപ്പാ പറഞ്ഞു. ആഗോളതലത്തിൽ ആരോഗ്യരംഗത്തുള്ള പ്രതിസന്ധികളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമാസക്തമായ സംഘർഷങ്ങളും നിലനിൽക്കുന്നുവെന്നും, ഇവയുടെ മുന്നിൽ, ലോകമെങ്ങുമുള്ള സ്ത്രീപുരുഷന്മാരുടെ ക്ഷേമം ഉറപ്പാക്കാനായി, നയതന്ത്രപരമായ ബന്ധങ്ങളുടെയും പ്രവർത്തനങ്ങളുടെയും ആവശ്യം മുൻപെങ്ങുമില്ലാത്ത തരത്തിൽ വളർന്നിട്ടുണ്ടെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

വിവിധ ഖണ്ഡങ്ങളായി പോരാടുന്ന മൂന്നാം ലോകമഹായുദ്ധമെന്ന് താൻ മുൻപുതന്നെ വിശേഷിപ്പിച്ച ഈ ഒരു പ്രധാനപ്പെട്ട സമയത്തുകൂടി കടന്നുപോകുന്ന നമുക്ക്, പാവപ്പെട്ട മനുഷ്യർക്ക് മെച്ചപ്പെട്ട ഒരു ഭാവിയുണ്ടാക്കുവാനും, ഈ സമയത്തിന്റെ സമാധാനസ്ഥാപകരായി മാറുവാനും ഉള്ള വിളിയോട് പ്രതികരിക്കാൻ കടമയുണ്ടെന്ന കാര്യം പാപ്പാ എടുത്തുപറഞ്ഞു. പുതുതായി രൂപപ്പെട്ടതോ പഴയതോ ആണ് നിങ്ങളുടെ രാജ്യമെങ്കിലും ചരിത്രത്തിന്റെയും ടെക്‌നോളജിയുടെയും, കലയുടെയും സംസ്കാരത്തിന്റെയും വലിയൊരു പൈതൃകത്തിൽനിന്ന് കടമെടുത്ത് ഈയൊരു വിളിയോട് പ്രത്യുത്തരിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഓരോ രാജ്യങ്ങളിലെയും വിഭവങ്ങളും പാടവങ്ങളും ഉയർന്ന ഒരു ജീവിതക്രമത്തിനോ സ്വയം അഭിമാനിക്കാനോ മാത്രമല്ല, ഉഭയകക്ഷിബന്ധങ്ങളിലൂടെയും ബഹുകക്ഷിബന്ധങ്ങളിലൂടെയും ലോകം മുഴുവനുമുള്ള മാനവികതയുടെ സേവനത്തിനായി ഉപയോഗിക്കാനുള്ള താലന്തുകളാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

തങ്ങളുടെ ഭൗതികവും മാനുഷികവും ധാർമ്മികവും ആത്മീയവുമായ വിഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ മഹത്തായ ഒരു കാര്യമാണ് രാജ്യങ്ങൾ ചെയ്യുന്നത്. സംയോജിതവും പരസ്പരസഹകരണത്തോടും കൂടിയ പ്രവർത്തനത്തിലൂടെയേ മാനവരാശിയുടെ പ്രശ്നനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാനാകൂ എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതേസമയം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ ബാധിക്കുന്ന മറ്റു കാര്യങ്ങളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. കുടിവെള്ളം, ഭക്ഷണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും പരിചരണം, യുവജനങ്ങളുടെ ഭാവി തുടങ്ങി സമൂഹത്തിലെ എല്ലാ രംഗത്തും സഹകരണവും ഐക്യദാർഢ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ആരും ഒരിടത്തും പിന്തള്ളപ്പെടെരുതെന്നും സമൂഹത്തിൽനിന്ന് ഒഴിവാക്കപ്പെടെരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് തള്ളപ്പെട്ടവരും നിശ്ശബ്ദരാക്കപ്പെട്ടവരുമായ ആളുകളെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും, നമ്മുടെ ലോകത്തിന്റെ ഇരുണ്ടയിടങ്ങളിൽ പ്രകാശം കൊണ്ടുവരാനും നയതന്ത്രജ്ഞർ എന്ന നിലയിലുള്ള നിങ്ങളുടെ പ്രവർത്തനം കൊണ്ട് സാധ്യമാകണമെന്ന് പാപ്പാ പുതിയ അംബാസഡർമാരോട് ആഹ്വാനം ചെയ്തു.

റോമിലാണെങ്കിലും മറ്റിടങ്ങളിൽ ആണെങ്കിലും, സമൂഹത്തിലെ ഏറ്റവും ദുർബലരായ സഹോദരീസഹോദരന്മാരുമായി ഐക്യദാർഢ്യവും സാമൂഹ്യസൗഹൃദവും പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പാപ്പാ പറഞ്ഞു (cf. Enc. Fratelli tutti , 112-117). ഈ പ്രവർത്തനത്തിൽ വത്തിക്കാൻ കൂരിയായുടെ സഹകരണവും സഹായവും പാപ്പാ വാഗ്ദാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2022, 16:02