തിരയുക

ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായി ഫ്രാൻസിസ് പാപ്പാ. ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായി ഫ്രാൻസിസ് പാപ്പാ. 

പാപ്പാ : സുവിശേഷവൽക്കരണത്തിന്റെ ഹൃദയഭാഗം പൗരോഹിത്യ രൂപീകരണം

ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും ഭാവി വൈദികരുടെ ഉയർന്ന നിലവാര രൂപീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിചിന്തനം ചെയ്യുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വ്യാഴാഴ്ച രാവിലെ ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായും സംസാരിച്ച ഫ്രാൻസിസ് പാപ്പാ “എല്ലാ പൗരോഹിത്യ രൂപീകരണവും, പ്രത്യേകിച്ച് ഭാവിയിലെ അജപാലകരുടെ രൂപീകരണവും സുവിശേഷവത്കരണത്തിന്റെ ഹൃദയഭാഗത്താണെന്ന്” ഊന്നി പറഞ്ഞു. വൈദികർക്കായി ഡികാസ്റ്ററി റോമിൽ സംഘടിപ്പിച്ച പഠന ശിബിരത്തിൽ പങ്കെടുക്കുന്നവരാണ്  പരിശീലകർ. തന്റെ മുൻഗാമികൾ തയ്യാറാക്കിയ രൂപീകരണത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക്  തുടർച്ച നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യങ്ങൾ പങ്കുവച്ചത്. അതേസമയം "അതുല്യവും അവിഭാജ്യവും സമൂഹപരവും പ്രേഷിതവുമായ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ പരിപാടിയുടെ മഹത്തായ സംഭാവനകളിലൊന്നിനെ പാപ്പാ എടുത്തുകാണിച്ചു.

ശിഷ്യന്മാരുടെ സമൂഹം

രൂപീകരണത്തിന്റെ സമൂഹപരമായ വശം ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു യഥാർത്ഥ സമൂഹം രൂപീകരിക്കുന്നതിന് മതിയായ പരിശീലകരും സെമിനാരിക്കാരും ആവശ്യമാണ് എന്ന് പാപ്പാ വ്യക്തമാക്കി. "രൂപതാന്തര, പ്രവിശ്യ, അല്ലെങ്കിൽ പ്രാദേശിക സെമിനാരികൾ" സൃഷ്ടിക്കുന്നതിനും ഏകീകരിക്കുന്നതിനും പലപ്പോഴും കൂടുതൽ പ്രതിബദ്ധത ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. രൂപീകരണത്തിന്റെ മാനുഷിക മാനത്തിന്റെ പ്രാധാന്യവും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. സെമിനാരിക്കാരും ഭാവി പുരോഹിതരും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പോലെ മാനുഷിക ആവശ്യങ്ങളും ബലഹീനതകളുമുള്ള "സഹശിഷ്യന്മാരാണ്" എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

മാനുഷിക ബലഹീനതയെയും ദൈവിക കൃപയെയും അംഗീകരിക്കാനും സമന്വയിപ്പിക്കാനും, അവതരിച്ച ദൈവപുത്രന്റെ കാൽപ്പാടുകൾ പിന്തുടർന്ന് "വിശ്വാസത്തിന്റെയും സമഗ്രമായ പക്വതയുടെയും" ഒരു യാത്രയിൽ സെമിനാരിക്കാരെ നയിക്കാനാണ് പൗരോഹിത്യ പരിശീലനത്തിന്റെ വിളിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ക്രൈസ്തവ മാതൃക

“വാക്കുകളേക്കാൾ സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ” പഠിപ്പിക്കുന്ന പരിശീലകരുടെ പങ്കിനെ കുറിച്ച്  ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇതിന് മാനുഷിക പക്വത ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവിലേക്കുള്ള അവരുടെ സ്വന്തം രൂപീകരണം നിരന്തരം നവീകരിക്കണമെന്ന് പാപ്പാ പരിശീലകരെ ഓർമ്മിപ്പിച്ചു. ആത്മീയവും മാനുഷികവുമായ പക്വതയുടെ സൂചകമെന്ന നിലയിൽ, പ്രാർത്ഥനയിൽ ദൈവവുമായുള്ള സംഭാഷണത്തിൽ നിന്ന് ആരംഭിക്കുന്ന " ശ്രവിക്കാനുള്ള കഴിവും സംവാദ കലയും" പാപ്പാ ചൂണ്ടിക്കാട്ടി. "സെമിനാരിക്കാർക്കും മറ്റ് വൈദികർക്കും വേണ്ടിയുള്ള അവരുടെ സേവനം ഫലപ്രദമാക്കുന്നതിന്" അവരുടെ സ്വന്തം ജീവിതമാണ് "അടിസ്ഥാന ഘടകങ്ങൾ" എന്ന് പാപ്പാ പരിശീലകരെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

ജീവിതത്തിന്റെയും സേവനത്തിന്റെയും സംവാദം

അവസാനം ഫ്രാൻസിസ് പാപ്പാ  രൂപീകരണ സംഘത്തിലെ  അംഗങ്ങളെ പ്രത്യേകമായി പരിപാലിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സെമിനാരി റെക്ടർമാരുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. "വെല്ലുവിളി നിറഞ്ഞ അവരുടെ ശുശ്രൂഷയിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ പരിശീലകരെ സഹായിക്കുന്നതോടൊപ്പം ഓരോ പരിശീലകരുടെ  ജീവിതത്തെയും സേവനത്തെയും കുറിച്ച് തുറന്നതും ആത്മാർത്ഥവുമായ സംവാദം നിലനിർത്തണമെന്ന് " റെക്ടർമാരോടു  പാപ്പാ പറഞ്ഞു. സഭയുടെ മുഴുവൻ റെക്ടർമാർക്കും പരിശീലകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2022, 13:00