തിരയുക

വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

കുരിശിൽ ജീവൻ പകുത്തുനൽകുന്ന രാജത്വം

ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം ഇറ്റലിയിലെ പിയെമോന്തെ പ്രവിശ്യയിലെ ആസ്തി കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുരാജന്റെ തിരുനാൾ വേളയിൽ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ നടത്തിയ സുവിശേഷപ്രസംഗത്തിന്റെ സംഗ്രഹം
കുരിശിൽ ജീവൻ പകുത്തുനൽകുന്ന രാജത്വം - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പൗരോഹിത്യസ്വീകരണത്തിനു മുന്നോടിയായി സ്തേഫാനോ എന്ന ചെറുപ്പക്കാരൻ സ്വീകരിച്ച ശുശ്രൂഷാപട്ടത്തിൽ നാമെല്ലാവരും പങ്കുകൊണ്ടു.തന്റെ ദൈവവിളിയിൽ ഉറച്ചു നിൽക്കുന്നതിനും മുൻപോട്ടു പോകുന്നതിനും വേണ്ടി നമുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം ഒപ്പം ഈ ആസ്തി എന്ന പ്രദേശത്തെ സഭയിൽ കൂടുതൽ ദൈവവിളികൾ ഉണ്ടാകുന്നതിനുവേണ്ടിയും നാം പ്രാർത്ഥിക്കണം.ഇവിടെ കൂടിയിരിക്കുന്ന ഭൂരിപക്ഷം ആളുകളും എന്നെപോലെ പ്രായമേറിയവരാണ്.നമുക്ക് ചെറുപ്പക്കാരായ വൈദികരെ ആവശ്യമുണ്ട്. ഇപ്രകാരം ഈ പ്രദേശത്ത് കൂടുതൽ ദൈവാനുഗ്രഹങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

ആത്മാർത്ഥമായ അധ്വാനത്തിന്റെയും മണ്ണിന്റെ ഫലപുഷ്ടിയുടെയും കീർത്തികേട്ട ഈ നാട്ടിൽ നിന്നുമാണ് എന്റെ പിതാവും അർജന്റീനയിലേക്ക് കുടിയേറിയത്.ആ വേരുകളുടെ രുചിയറിയുവാനാണ് വീണ്ടും ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.എന്നാൽ വിശ്വാസത്തിന്റെ കരുത്തുറ്റ വേരുകൾ നമുക്ക് കാട്ടിത്തരുന്നതാണ് നാം വായിച്ചുകേട്ട സുവിശേഷഭാഗം.കാൽവരിയുടെ വറ്റിവരണ്ട നിലത്തിൽ യേശുവെന്ന ദൈവപുത്രന്റെ മരണം മൂലവും,അവന്റെ കുരിശുവഴിയായും മുളപൊട്ടിയത് പ്രത്യാശയുടെയും,രക്ഷയുടെയും,നിത്യരക്ഷയുടെയും സദ്ഫലങ്ങളാണ്.അതുകൊണ്ട് ക്രൂശിതനായവനെ നമുക്ക് നോക്കാം.

കുരിശിൽ എഴുതിയിരുന്ന വാചകം ഇപ്രകാരമായിരുന്നു,ഇവൻ യൂദന്മാരുടെ രാജാവ്(ലൂക്ക 23,38).രാജാവ് എന്നാണ് തലക്കെട്ടെങ്കിലും യേശുവിനെ കാണുമ്പോൾ രാജാവെന്ന നമ്മുടെ സങ്കല്പങ്ങൾക്ക് മാറ്റം ഉണ്ടാകും.സാധാരണതയിൽ രാജാവെന്നാൽ സിംഹാസനത്തിൽ സകല അധികാരചിഹ്നങ്ങളോടും കൂടി ഉപവിഷ്ടനായി മറ്റുള്ളവർക്ക് കല്പനകൾ നൽകുന്ന ശക്തനായ ഒരു മനുഷ്യൻ.എന്നാൽ യേശുവെന്ന രാജാവിനെ നോക്കുമ്പോൾ ഈ സങ്കല്പങ്ങളെല്ലാം തകിടം മറിയുന്നു.

ശക്തരെ സിംഹാസനത്തിൽ നിന്നും താഴെയിറക്കുന്ന ദൈവം തന്നെ, ശക്തന്മാരാൽ കുരിശിൽ തറയ്ക്കപ്പെടുന്നു.അവന്റെ ശരീരത്തിൽ മുള്ളുകളും ആണികളും തറയ്ക്കുന്നു.അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുമ്പോഴും അവന്റെ ഹൃദയത്തിലെ സ്നേഹം മാത്രം തങ്ങിനിൽക്കുന്നു.അവന്റെ സിംഹാസനത്തിൽനിന്നും അവൻ വാക്കുകളിലൂന്നിയ പ്രസംഗമല്ല നടത്തുന്നത് മറിച്ച് ശത്രുക്കളുടെ നേരെ കൈവിരൽ ചൂണ്ടാതെ അവന്റെ കരങ്ങൾ രണ്ടും മറ്റുള്ളവരെ ആലിംഗനം ചെയ്യുവാനായി തുറന്നു വയ്ക്കുന്നു.

 

ഈ ആലിംഗനച്ചൂടിൽ അമരുമ്പോൾ മാത്രമാണ് അവന്റെ കുരിശിന്റെ രഹസ്യം മനസിലാക്കുവാൻ നമുക്ക് സാധിക്കുന്നത്.അവനിൽ നിന്നും ദൂരെ മാറിനിൽക്കുന്ന ജനത്തെ പോലും അവൻ കെട്ടിപ്പിടിക്കുന്നു.നമ്മുടെ മരണത്തെയും,ദാരിദ്ര്യാവസ്ഥയും,കുറവുകളേയും എല്ലാം അവൻ ഏറ്റെടുക്കുന്നു.ഇതെല്ലാം ഏറ്റെടുക്കുവാൻ ദാസനായി അവൻ മാറിയത് നമ്മെ മക്കളെന്ന നിലയിലേക്ക് ഉയർത്തുവാനാണ്.തനിക്ക് ലഭിക്കേണ്ടിയിരുന്ന മാന്യത പോലും വേണ്ടായെന്ന് അവൻ വച്ചത് നമുക്ക് വേണ്ടിയാണ്,നമ്മുടെ മാന്യതക്കുവേണ്ടിയാണ്.

ഇതാണ് നമ്മുടെ രാജാവ്.നമ്മുടെ കൂടെ നിന്ന് കൊണ്ട് നമുക്ക് വേണ്ടി അപമാനത്തിന്റെയും,പരിഹാസത്തിന്റെയും അന്ധകാരച്ചുഴികളിൽ ഇറങ്ങിയവൻ.ഇതെല്ലാം അവൻ സഹിച്ചത് നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും പ്രാഭവം നിലനിർത്തുവാൻ വേണ്ടിയാണ്.ഈ രാജാവിന്റെ തിരുനാളാണ് നാം ഇന്ന് ആഘോഷിക്കുന്നത്.ചിലപ്പോൾ നമ്മുടെ മാനുഷികബുദ്ധിക്ക് ഇത് മനസിലാകണമെന്നില്ല.എങ്കിലും അവൻ നമ്മുടെ രാജാവാണ്.

നാം നമ്മോട് തന്നെ ചോദിക്കേണ്ട സമസ്യകളിൽ പ്രധാനപ്പെട്ടത് ഈ രാജാവാണോ എന്റെ അസ്തിത്വത്തിന്റെ ആധാരം?ഞാൻ അവനിൽ വിശ്വസിക്കുന്നുണ്ടോ?എന്റെ ജീവിതത്തിന്റെ നാഥനായി അവനെ സ്വീകരിക്കുന്നുണ്ടോ?പൗരോഹിത്യത്തിന് വേണ്ടി ഒരുങ്ങുമ്പോൾ നാം ചോദിക്കേണ്ടുന്ന ചോദ്യമാണിത്.ഇപ്രകാരം നമ്മുടെ ജീവിതത്തിന്റെ സർവ്വവുമായി അവൻ മാറുന്നില്ലെങ്കിൽ ഉടനെ തന്നെ ഈ വഴി നാം ഉപേക്ഷിക്കേണ്ടതാണ്.

 

കുരിശിലെ യേശുവിനെ നാം നോക്കണം.നൈമിഷികമായി മാത്രം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു വീക്ഷണമല്ല അവന്റേത്.മറിച്ച് അവന്റെ കൈകൾ എപ്പോഴും വിരിഞ്ഞുതന്നെ നിൽക്കുന്നു.നമ്മുടെ ഏത് ജീവിതാവസ്ഥയിലും നമ്മെ അവൻ തന്നോട് ചേർത്തുനിർത്തുന്നു.നമ്മുടെ പാപാവസ്ഥയിൽ പോലും അവൻ നമ്മെ സ്നേഹിക്കുന്നു.പലപ്പോഴും ഇക്കാര്യത്തിൽ നമുക്കാണ് സംശയം ഉണ്ടാവുക.കർത്താവേ അങ്ങെന്നെ എന്റെ പാപാവസ്ഥയിൽ സ്നേഹിക്കുമോ?എന്റെ ആത്മീയമായ വരണ്ട അവസ്ഥയിൽ നീ എന്റെ കൂടെ നിൽക്കുമോ?ഈ സമസ്യകൾ ഉള്ളിൽ ഒതുക്കി അവനെ നോക്കുമ്പോഴും അവൻ നമ്മുടെ നേരെ നോക്കി പുഞ്ചിരിക്കും എന്നിട്ട് അവന് നമ്മളോടുള്ള സ്‌നേഹം മനസിലാക്കി തരും.

നമുക്കുള്ളതോ ഇല്ലാത്തതോ അല്ല അവന്റെ സ്നേഹത്തിന്റെ അടിസ്ഥാനം മറിച്ച് നമ്മളെന്ന വ്യക്തികളാണ്.നമ്മുടെ ജീവിതത്തിൽ അധികാരം ഉറപ്പിക്കുവാനുള്ള സ്വാതന്ത്ര്യം പോലും അവൻ നമുക്ക് നൽകുന്നു.ഒരിക്കൽപോലും  ഇന്നതേ  ചെയ്യാവൂ എന്ന് കട്ടായം പറയാത്ത നമ്മുടെ ദൈവം നമ്മൾ തെറ്റ് ചെയ്യുമ്പോൾ പോലും നമ്മെ കൈവിടാതെ അവന്റെ സ്നേഹത്താൽ ക്ഷമിക്കുന്നു.നമ്മളാണ് പലപ്പോഴും ഇപ്രകാരം ക്ഷമിക്കുവാനുള്ള മനസില്ലാത്തവരായി പോകുന്നത്.അപ്പോൾ നിത്യരക്ഷയുടെ ഉറവിടമേതെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ സാധിക്കണം അത് ദൈവത്താൽ സ്നേഹിക്കപ്പെടുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിലൂടെ കൈവരുന്നതാണെന്ന്.

ഇപ്രകാരം നമ്മുടെ അഹത്തിൽനിന്നും നാം പുറത്തുകടന്ന്,ഏകാന്തതയുടെ ഭയം ഒഴിവാക്കി,എല്ലാം ദൈവാനുഗ്രഹത്താൽ ചെയ്യാൻ സാധിക്കുമെന്ന ദൈവസ്നേഹ വലയത്തിൽ ഉരുവാകുന്നതാണ് രക്ഷ.അതിനാൽ നല്ല കള്ളനെപ്പോലെ ഇടയ്ക്കിടെ കുരിശിലേക്ക് നോക്കികൊണ്ട് അവന്റെ സ്നേഹം അനുഭവിക്കണം അപ്പോൾ നമ്മുടെ ഉള്ളിലും യേശുവിന്റെ സ്വരം നമുക്ക് കേൾക്കാൻ സാധിക്കും,'ഇന്ന് നീ എന്റെകൂടെ പറുദീസയിലായിരിക്കും'.അതിനാൽ നമ്മുടെ ദൈവം വ്യക്തിബന്ധമില്ലാത്ത മുകളിലിരിക്കുന്ന ഒരു വ്യക്തി മാത്രമല്ല മറിച്ച് നമ്മുടെ കൂടെ എപ്പോഴും ആയിരിക്കുന്ന കാരുണ്യവാനായ രാജാവാണ്.

 

സഹോദരി സഹോദരന്മാരെ അവനെ നോക്കിയിട്ട് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.ഇന്നത്തെ സുവിശേഷം നമ്മടെ മുൻപിൽ രണ്ടു വഴികൾ തുറന്നു വയ്ക്കുന്നു.ഒന്ന് കാഴ്ചക്കാരെന്ന നിലയിലും മറ്റൊന്ന് അവനോട് ഒന്നായിനിൽക്കുന്ന വ്യക്തികളെന്ന നിലയിലും.ബഹുഭൂരിപക്ഷവും കാഴ്ചക്കാരുടെ നിലയിൽ നിൽക്കുമ്പോൾ യേശുവിന്റെ കുരിശുമരണം അവർക്കൊരു പ്രദർശനം മാത്രമായിരുന്നു.അവർ ദുഷ്ടരോ,തിന്മയുടെ വക്താക്കളോ ആയിരുന്നുവെന്ന് വചനം പറയുന്നില്ല പക്ഷെ അവർ യേശുവിന്റെ അടുത്തേക്ക് ചെല്ലുവാൻ തയ്യാറായിരുന്നില്ല.മന്ദോഷ്മതയിൽ ദൂരെ മാറി നിന്ന് മരണം കണ്ടവരായിരുന്നു അവർ.ചിലപ്പോൾ അവരുടെ ഉള്ളിൽ അവരും പറഞ്ഞുകാണും,'കണ്ടോ നിഷ്കളങ്കനായ ഒരു വ്യക്തിയെ ആണല്ലോ അവർ കൊല്ലുന്നത്?'.ദൂരെ മാത്രമല്ല അടുത്തും ഉണ്ടായിരുന്നു കാഴ്ചക്കാരായി നോക്കിനിന്ന അധികാരത്തിന്റെ ചെങ്കോലേന്തിയവർ.എല്ലാം തീർത്തിട്ട് തിടുക്കത്തിൽ വീട്ടിൽ തിരികെ പോകുവാൻ ദേഷ്യം കടിച്ചമർത്തിയായിരിക്കാം അവർ അവിടെ നിലയുറപ്പിച്ചത്.

 

കാഴ്ചക്കാരായ ഈ മനുഷ്യർ പങ്കുവച്ചിരിക്കാവുന്ന ഒരു വചനം ഇതായിരിക്കാം,'നീ രാജാവാണെങ്കിൽ നീ സ്വയം രക്ഷിക്കുക'.അവന്റെ നേരെ വെല്ലുവിളിയുടെ പരിഹാസമായിരുന്നു ഈ വാക്കുകളിൽ നിഴലിച്ചിരുന്നത്.എന്നാൽ ഈ വാക്കുകൾ യേശു തന്റെ ഹൃദയത്തിൽ പേറിയ ചിന്തകൾക്ക് ഘടകവിരുദ്ധമായിരുന്നുവെന്നത് സത്യം.അവൻ അവനെപ്പറ്റി ചിന്തിക്കുന്നതേയില്ല.മറിച്ച് തനിക്കുനേരെ ആക്രോശിക്കുന്നവരുടെ രക്ഷയായിരുന്നു യേശുവിന്റെ ഉള്ളിൽ.ഈ ആക്രോശം അധികാര വർഗത്തിന്റെ ഇടയിൽനിന്ന് ജനങ്ങളുടെ ഇടയിലേക്ക്  പോലും വ്യാപിക്കുന്നതായി അവരുടെ വാക്കുകളിൽ നമുക്ക് മനസിലാക്കാം.തിന്മ എപ്പോഴും പകരുന്ന ഒരു രോഗമാണ്.ആ കുരിശിന്റെ മുൻപിൽ വാക്കുകൾകൊണ്ട് ദൂരെ മാറിനിന്ന് അവനെ പുച്ഛിക്കുന്ന ജനം ഈ പകരുന്ന തിന്മയുടെ ഉദാഹരണമാണ്.ഒരു നിർവികാരതയുടെ മന്ദതയിലേക്ക് ഇത് നമ്മെ എത്തിക്കുന്നു.ഇത് എന്നെ സംബന്ധിക്കുന്ന കാര്യമേയല്ല എന്ന ചിന്ത.ഈ നിർവികാരത അന്ന് യേശുവിന് നേരെയായിരുന്നുവെങ്കിൽ ഇന്ന് പാവങ്ങളോടും,രോഗികളോടും,അവശരോടും നാം പ്രകടിപ്പിക്കുന്നു.പാവങ്ങൾക്ക് നാം സഹായം നൽകുമ്പോൾ നാം അവരുടെ കണ്ണുകളിലേക്ക് നോക്കാറുണ്ടോ?അവരുടെ കൈകളിൽ സ്പർശിക്കാറുണ്ടോ?അതോ എറിഞ്ഞുകൊടുക്കുകയാണോ ചെയ്യുന്നത്?അവന്റെ ജീവിതത്തിന്റെ അവസ്ഥയിലേക്ക് കടന്നു ചെല്ലാറുണ്ടോ?അതോ അകലം പാലിച്ചുകൊണ്ട് നിർവികാരത മനസ്സിൽ സൂക്ഷിക്കുന്നവരാണോ നമ്മൾ?ഇത് നമ്മുടെ വിശ്വാസജീവിതത്തിനു പോലും ചിലപ്പോൾ വെല്ലുവിളിയുയർത്തുന്നു.എല്ലാം സിദ്ധാന്തങ്ങൾ മാത്രമായി ഒതുങ്ങിപ്പോകാനും ഇത് കാരണമാകും.ദൈവത്തെ വിശ്വസിക്കുന്നവരെന്നു പറയുകയും,സമാധാനം കാംക്ഷിക്കുകയും അതേസമയം പ്രാർത്ഥിക്കാതിരിക്കുകയും,മറ്റുള്ളവരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവർ എതിർസാക്ഷ്യമാണ് നൽകുന്നത്.

 

കാൽവരിയിൽ ഉയർന്ന ഈ തിന്മയുടെ അലകൾക്കുമപ്പുറം നന്മയുടെ അലകളും സുവിശേഷം ചൂണ്ടിക്കാട്ടുന്നുണ്ട്.നല്ല കള്ളന്റെ വലിയ ജീവിതസാക്ഷ്യമാണ് നമുക്ക് വലിയ ഉദാഹരണം.മറ്റുള്ളവർ യേശുവിനു നേരെ ആക്രോശിക്കുമ്പോൾ യേശുവിനെ പേര് ചൊല്ലിവിളിച്ചുകൊണ്ടാണ് നല്ല കള്ളൻ അപേക്ഷിക്കുന്നത്.അവൻ തന്റെ കുമ്പസാരം ആ കുരിശിൽക്കിടന്നുകൊണ്ട് നടത്തുന്നു.നിരവധിപേർ നീ നിന്നെത്തന്നെ രക്ഷിക്കുക എന്നൊക്കെ വിളിച്ചുപറഞ്ഞു പരിഹസിക്കുമ്പോൾ അവൻ പ്രാർത്ഥിക്കുന്നു,'യേശുവേ നീ എന്നെ ഓർക്കണമേ'.എത്ര മനോഹരമായ പ്രാർത്ഥന.

നമ്മുടെ അനുദിന ജീവിതത്തിൽ ഈ പ്രാർത്ഥന നാം ഹൃദയത്തിൽ ഏറ്റുചൊല്ലിയാൽ വിശുദ്ധിയിലേക്ക് നടന്നടുക്കുവാൻ നമുക്ക് സാധിക്കും.ഇവിടെ ഒരു കള്ളനായ വ്യക്തി വിശുദ്ധനായി മാറുന്നു.ഒരു നിമിഷം അവൻ യേശുവിന്റെ അടുത്തേക്ക് ചാഞ്ഞപ്പോൾ അവനെ എന്നെന്നേക്കുമായി യേശു ഏറ്റെടുക്കുന്നു.ഈ നല്ല കള്ളന്റെ ജീവിതം സുവിശേഷം നമുക്ക് നൽകുന്ന വലിയ മാതൃകയും കാഴ്ചക്കാരിൽ നിന്നും സ്വന്തക്കാരായി മാറുവാനുള്ള വലിയ വിളിയാണ്.ആത്മവിശ്വാസത്തോടെ യേശുവേ എന്ന് പേരുചൊല്ലിവിളിക്കുവാനും,അവന്റെ മുൻപിൽ തെറ്റുകൾ ഏറ്റുപറഞ്ഞു കൊച്ചുകുട്ടികളെ പോലെ അവനിൽ വിശ്വാസം കണ്ടെത്തുവാനും നാം പരിശ്രമിക്കണം.യാതൊരുതരത്തിലുള്ള മറയുമില്ലാതെ യേശുവിന്റെ അടുത്തേക്ക് നാം കടന്നു ചെല്ലണം.ഈ ഒരു ആശ്രയബോധവും,മധ്യസ്ഥതയും നമ്മുടെ അനുദിനജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നാം പരിശ്രമിക്കണം.യേശുവേ എന്നെ ഓർക്കണമേ എന്ന പ്രാർത്ഥനയിൽ നമ്മുടെ ഓരോ നിയോഗങ്ങളും നമുക്ക് സമർപ്പിക്കാം.

 

ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ സഹോദരീസഹോദരന്മാരെ നമ്മൾ കാഴ്ചക്കാരാണോ അതോ സ്വന്തക്കാരാണോ എന്ന് സ്വയം വിചിന്തനം ചെയ്യാം.വിശ്വാസത്തിന്റെ വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സിദ്ധാന്തങ്ങൾക്കുമപ്പുറം പ്രായോഗികമായി വിശ്വാസം ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം.രക്ഷ സാധ്യമാകുവാൻ യേശു സ്വയം കഠിനപ്രയത്നം നടത്തിയതുപോലെ നമുക്കും അധ്വാനിക്കാം.യേശുവേ എന്നെ നീ ഓർക്കണമേ എന്ന പ്രാർത്ഥന കൂടെക്കൂടെ ഉരുവിടുവാനും നമുക്ക് പരിശ്രമിക്കാം.നന്ദി.

22 November 2022, 16:21