തിരയുക

ഫ്രാൻസീസ് പാപ്പാ ബഹറിനിൽ ദേശീയ സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ, 05/11/22, ശനി ഫ്രാൻസീസ് പാപ്പാ ബഹറിനിൽ ദേശീയ സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ, 05/11/22, ശനി 

പാപ്പാ: യേശുവിൻറെ ശക്തി അവിടത്തെ നിരുപാധിക സ്നേഹം!

ഫ്രാൻസീസ് പാപ്പാ ബഹറിനിലെ ദേശീയ സ്റ്റേഡിയത്തിൽ ശനിയാഴ്ച അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം ഉദിപ്പിക്കാൻ പോകുന്ന മിശിഹായെക്കുറിച്ച് ഏശയ്യാ പ്രവാചകൻ പറയുന്നു: "അവൻറെ ആധിപത്യം നിസ്സീമമാണ്, സമാധാനം അനന്തവും" (Is 9: 7). ഏശയ്യാ പ്രവാചകൻറെ പുസ്തകം ഒമ്പതാം അദ്ധ്യായത്തിലെ ഏഴാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തൻറെ വചനസന്ദേശം ആരംഭിച്ചത്.

പ്രത്യക്ഷത്തിൽ പ്രകടമാകുന്ന വൈരുദ്ധ്യം 

ഈ വാക്കുകൾ ഒരു വൈരുദ്ധ്യമായി തോന്നുന്നു എന്നു പറഞ്ഞുകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു: ഈ ലോക അരങ്ങിൽ, വാസ്തവത്തിൽ, കൂടുതൽ അധികാരം തേടുമ്പോൾ, അത് സമാധാനത്തിന് കൂടുതൽ ഭീഷണിയായി ഭവിക്കുന്നത് നാം പലപ്പോഴും കാണുന്നു. എന്നാൽ , പ്രവാചകൻ അസാധാരണമായ പുതുമ വിളംബരം ചെയ്യുന്നു: അതെ, സമാഗതനാകുന്ന മിശിഹാ വളരെ ശക്തനാണ്, എന്നാൽ യുദ്ധം ചെയ്യുകയും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു യോദ്ധാവിൻറെ രീതിയിലല്ല, മറിച്ച്, മനുഷ്യരെ ദൈവവുമായും പരസ്പരവും അനുരഞ്ജിപ്പിക്കുന്ന "സമാധാനത്തിൻറെ രാജകുമാരൻ" (ഏശയ്യ 9, 5) എന്ന നിലയിലാണ്. അവൻറെ അധികാരത്തിൻറെ മഹത്വം അക്രമത്തിൻറെ ശക്തിയല്ല, മറിച്ച് സ്നേഹത്തിൻറെ ബലഹീനതയാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിൻറെ ശക്തി ഇതാ: സ്നേഹം. അവൻ നമുക്കും അതേ ശക്തി നൽകുന്നു, സ്നേഹിക്കാൻ, അവൻറെ നാമത്തിൽ സ്നേഹിക്കാൻ, അവൻ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ ഉള്ള ശക്തി, എങ്ങനെ സ്നേഹിക്കാൻ? നിരുപാധികം: കാര്യങ്ങൾ നന്നായി നടക്കുമ്പോൾ മാത്രമല്ല, നമ്മൾ സ്നേഹിക്കപ്പടുന്നതായി തോന്നുമ്പോൾ മാത്രമല്ല, എപ്പോഴും; നമ്മുടെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും കാര്യത്തിൽ മാത്രമല്ല, എല്ലാവരുടെയും, നമ്മുടെ ശത്രുക്കളുടെ പോലും കാര്യത്തിൽ.

സദാ സകലരെയും സ്നേഹിക്കുക

എല്ലാവരേയും എപ്പോഴും സ്നേഹിക്കുക: നമുക്ക് ഇതിനെക്കുറിച്ച് അല്പമൊന്നു ചിന്തിക്കാം.

ഒന്നാമതായി, ഇന്ന് യേശുവിൻറെ വാക്കുകൾ (cf. മത്തായി 5: 38-48) നമ്മെ ക്ഷണിക്കുന്നത് എപ്പോഴും സ്നേഹിക്കാൻ, അതായത്, എപ്പോഴും അവൻറെ സ്നേഹത്തിൽ നിലനിൽക്കാനും, അത് നട്ടുവളർത്താനും, നാം ജീവിക്കുന്ന ഏത് സാഹചര്യത്തിലും അത് അഭ്യസിക്കാനും നമ്മെ ക്ഷണിക്കുന്നു. എന്നാൽ സൂക്ഷിക്കുക: യേശുവിൻറെ നോട്ടം മൂർത്തമാണ്; അത് എളുപ്പമാകുമെന്ന് അവിടന്ന് പറയുന്നില്ല, വൈകാരികവും പ്രണയപരവുമായ ഒരു സ്നഹമല്ല അവിടന്ന് നിർദ്ദേശിക്കുന്നത്......

യാഥാർത്ഥ്യത്തെ സ്പർശിക്കുന്ന യേശു 

യേശു ആദർശവാദിയില്ല, യാഥാർത്ഥ്യബോധമുള്ളവനാണ്: അവിടന്ന് "ദുഷ്ടരെ"യും, "ശത്രു"ക്കളെയും കുറിച്ച് വ്യക്തമായി പറയുന്നു (മത്തായി 5,38.43). നമ്മുടെ ബന്ധങ്ങൾക്കുള്ളിൽ സ്‌നേഹവും വെറുപ്പും തമ്മിൽ ദൈനംദിന പോരാട്ടം നടക്കുന്നുണ്ടെന്ന് അവനറിയാം; നമ്മുടെ ഉള്ളിൽ പോലും, എല്ലാ ദിവസവും, വെളിച്ചവും ഇരുട്ടും തമ്മിൽ, നന്മയ്‌ക്കായുള്ള നിരവധി തീരുമാനങ്ങളും ആഗ്രഹങ്ങളും പലപ്പോഴും തിന്മയുടെ പ്രവൃത്തികളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന പാപകരമായ ദുർബ്ബലതയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. എത്ര ഉദാരമായ പ്രയത്‌നങ്ങൾ നടത്തിയിട്ടും, നമ്മൾ പ്രതീക്ഷിക്കുന്ന നന്മ എല്ലായ്‌പ്പോഴും ലഭിക്കുന്നില്ലെന്നും, ചിലപ്പോൾ മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ നമുക്കു തിന്മ സഹിക്കേണ്ടിവരുന്നത് എങ്ങനെയെന്നും അവനറിയാം...... ആകയാൽ - യേശു പറയുന്നു - സംഘർഷങ്ങളും അടിച്ചമർത്തലുകളും ശത്രുതകളും ഉണ്ട്.

സംഘർഷ വേളകളെ നാം എങ്ങനെ നേരിടും

ഇവയ്ക്കെല്ലാം മുന്നിൽ ഉന്നയിക്കേണ്ട സുപ്രധാന ചോദ്യം ഇതാണ്: ഇത്തരം സാഹചര്യങ്ങളിൽ നാം ജീവിക്കേണ്ടിവരുമ്പോൾ എന്തുചെയ്യണം? യേശുവിൻറെ നിർദ്ദേശം ആശ്ചര്യകരവും സുവ്യക്തവും ധീരവുമാണ്. പ്രത്യക്ഷത്തിൽ പരാജയപ്പെടുമെന്നു തോന്നുന്ന ഒരു കാര്യം സാഹസികതയോടെ ഏറ്റെടുക്കാനുള്ള ധൈര്യം അവൻ തൻറെ അനുയായികളോട് ആവശ്യപ്പെടുന്നു. എല്ലാത്തിനുമുപരി, തിന്മയുടെയും ശത്രുവിൻറെയും മുന്നിൽ പോലും എല്ലായ്പ്പോഴും, സ്നേഹത്തിൽ വിശ്വസ്തതയോടെ തുടരാൻ അവൻ ആവശ്യപ്പെടുന്നു. മനുഷ്യൻറെ ലളിതമായ പ്രതികരണം "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്" എന്നതിൽ നമ്മെ തളച്ചിടുന്നു, എന്നാൽ ഇതിനർത്ഥം നമുക്കു ലഭിച്ച തിന്മയുടെ അതേ ആയുധങ്ങൾ ഉപയോഗിച്ച് നീതി നടപ്പാക്കുക എന്നതാണ്. പുതിയതും വ്യത്യസ്‌തവും അചിന്തനീയവുമായ തൻറെതായ എന്തെങ്കിലും അവതരിപ്പിക്കാൻ യേശു ധൈര്യപ്പെടുന്നു: “ദുഷ്ടനെ എതിർക്കരുതെന്ന് ഞാൻ നിങ്ങളോട് പറയുന്നു; മറിച്ച്, ആരെങ്കിലും നിങ്ങളുടെ വലത് കരണത്ത് അടിക്കുകയാണെങ്കിൽ, മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക "(മത്തായി 5,39).

ജീവിത ബന്ധിയായ യേശുവിൻറെ ക്ഷണം

അതിനാൽ, യേശുവിൻറെ ക്ഷണം പ്രാഥമികമായി മാനവികതയുടെ വലിയ പ്രശ്നങ്ങളെ സമ്ബന്ധിച്ചതല്ല, മറിച്ച് നമ്മുടെ ജീവിതത്തിലെ മൂർത്തമായ സാഹചര്യങ്ങളെ സംബന്ധിച്ചതാണ്: അതായത്, നമ്മുടെ  കുടുംബബന്ധങ്ങൾ, ക്രൈസ്തവ സമൂഹത്തിലെ ബന്ധങ്ങൾ,  നാം ജീവിക്കുന്ന തൊഴിൽ പരവും സാമൂഹ്യവുമായ യാഥാർത്ഥ്യങ്ങളിൽ നാം വളർത്തിയെടുക്കുന്ന ബന്ധങ്ങ എന്നിവയെ സംബന്ധിച്ചതാണ്.

സ്നേഹത്തിൽ അന്തർലീനമായ ആയാസം

ഇനി നമ്മൾ രണ്ടാമത്തെ വശത്തിലേക്ക് കടക്കുന്നു: എല്ലാവരേയും സ്നേഹിക്കുക. നമുക്ക് സ്‌നേഹിക്കാൻ പരിശ്രമിക്കുന്നതിനു സാധിക്കും, എന്നാൽ അത് നമ്മൾ അത്രയും തന്നെ സ്നേഹം ആരിൽ നിന്ന് സ്വീകരിക്കുന്നുവോ അവരിൽ, നമ്മുടെ സ്നേഹിതരിൽ, നമ്മുടെ സമന്മാരിൽ, നമ്മുടെ കുടുംബക്കാരിൽ മാത്രമായി ഒതുക്കരുത്. ഇക്കാര്യത്തിലും  യേശുവിൻരെ  ക്ഷണം ആശ്ചര്യകരമാണ്, കാരണം അത് നിയമത്തിൻറെയും സാമാന്യബുദ്ധിയുടെയും അതിരുകൾ വിശാലമാക്കുന്നു: അയൽക്കാരനെ, നമ്മോട് അടുപ്പമുള്ളവരെ സ്നേഹിക്കുന്നത് യുക്തിസഹമാണെങ്കിലും ആയാസകരമാണ്.

സ്നേഹം എന്ന യേശു ശക്തി

സഹോദരന്മാരേ, സഹോദരിമാരേ, യേശുവിൻറെ ശക്തി സ്നേഹമാണ്, നമുക്ക് അമാനുഷികമായി തോന്നുന്ന രീതിയിൽ ഇങ്ങനെ സ്നേഹിക്കാനുള്ള ശക്തി യേശു നമുക്കു പ്രദാനം ചെയ്യുന്നു. എന്നാൽ അത്തരമൊരു കഴിവ് നമ്മുടെ പ്രയത്നത്തിൻറെ ഫലം മാത്രമല്ല, സർവ്വോപരി ഒരു കൃപയാണ്. അത്  നിർബന്ധബുദ്ധ്യാ യാചിക്കേണ്ട കൃപയാണ്: “എന്നെ സ്നേഹിക്കുന്ന യേശുവേ, അങ്ങയെപ്പോലെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കുക. എന്നോട് ക്ഷമിക്കുന്ന യേശുവേ, അങ്ങയെപ്പോലെ ക്ഷമിക്കാൻ എന്നെ പഠിപ്പിക്കണമേ. നിൻറെ ആത്മാവിനെ, സ്നേഹത്തിൻറെ ആത്മാവിനെ എൻറെ മേൽ അയക്കേണമേ.” ഇത് നമുക്കു പ്രാർത്ഥിക്കാം. .....സ്നേഹമാണ് ഏറ്റവും വലിയ സമ്മാനം, പ്രാർത്ഥനയിൽ കർത്താവിന് ഇടം നൽകുമ്പോൾ, നമ്മെ രൂപാന്തരപ്പെടുത്തുന്ന അവൻറെ വചനത്തിലും അവൻറെ മുറിക്കപ്പെട്ട അപ്പത്തിൻറെ വിപ്ലവകരമായ വിനയത്തിലും അവൻറെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുമ്പോൾ,  നമുക്ക് അത് ലഭിക്കും. അങ്ങനെ, നമ്മുടെ ഹൃദയത്തെ കാഠിന്യമുള്ളതാക്കുന്ന മതിലുകൾ സാവധാനം തകർന്നു വീഴുകയും എല്ലാവരോടും കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിൻറെ സന്തോഷം നാം കണ്ടെത്തുകയും ചെയ്യും. അപ്പോൾ നമുക്കു മനസ്സിലാകും, അനുഗ്രഹീതമായ ജീവിതം സന്തോഷങ്ങളിലൂടെ കടന്നുപോകുന്നതും വെന്നും, സമാധാനത്തിൻറെ ശില്പികളാകുന്നതിൽ അടങ്ങിയിരിക്കുന്നുവെന്നും (cf. മത്തായി 5: 9).

പരിശുദ്ധ കന്യക, അറേബ്യയിലെ നമ്മുടെ നാഥ, നിങ്ങളുടെ യാത്രയിൽ നിങ്ങളെ തുണയ്ക്കുകയും സകലരോടുമുള്ള സ്നേഹത്തിൽ നിങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ സുവിശേഷ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2022, 12:56