തിരയുക

ഫ്രാൻസിസ് പാപ്പാ കുട്ടികൾക്കുള്ള ജപമാല ആശീർവദിക്കുന്നു. ഫ്രാൻസിസ് പാപ്പാ കുട്ടികൾക്കുള്ള ജപമാല ആശീർവദിക്കുന്നു. 

യുക്രെയ്നിലെ സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കുട്ടികളോടു പാപ്പാ അഭ്യർത്ഥിച്ചു

"ഒരു ദശലക്ഷം കുട്ടികൾ ജപമാല പ്രാർത്ഥിക്കുന്നു" എന്ന സംരംഭത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കുട്ടികളോടു ചൊവ്വാഴ്ച യുക്രെയ്നിലും മറ്റ് യുദ്ധബാധിത പ്രദേശങ്ങളിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോകമെമ്പാടുമുള്ള കുട്ടികൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ജപമാല പ്രാർത്ഥനയിൽ ആത്മീയമായി ഒത്തുചേരും.

"ഒരു ദശലക്ഷം കുട്ടികൾ ജപമാല പ്രാർത്ഥിക്കുന്നു" എന്ന പേരിൽ വർഷന്തോറും ആചരിക്കുന്ന   പ്രാർത്ഥനാ സംരംഭം ഈ വർഷം ഒക്ടോബർ 18ന്  ചൊവ്വാഴ്ച നടക്കും.  ഇത്  നമ്മുടെ ലോകത്തോടുള്ള പിതാവായ ദൈവത്തിന്റെ സ്നേഹത്തെ കേന്ദ്രീകരിച്ചായിരിക്കും.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും ആചരിക്കുന്ന ഈ ജപമാല പ്രാർത്ഥന സംഘടിപ്പിക്കുന്നത്. സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഇടവകകളെയും സ്കൂളുകളെയും കുടുംബങ്ങളെയും ഈ സംരംഭം ക്ഷണിക്കുന്നു.

യുക്രെയ്നിലും സംഘർഷ മേഖലകളിലും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന

ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളോടും തീർത്ഥാടകരോടും സംസാരിച്ച അവസരത്തിൽ പരിശുദ്ധ പിതാവ്  ഫ്രാൻസിസ് പാപ്പാ  ഈ സംരംഭത്തിനുള്ള തന്റെ പിന്തുണ അറിയിച്ചു.

നമ്മുടെ ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള കുട്ടികളുടെ ആഗ്രഹത്തിന് നന്ദി പറഞ്ഞ പാപ്പാ അവരുടെ പ്രാർത്ഥനയിൽ പങ്കുചേരാൻ മുതിർന്നവരോടു അഭ്യർത്ഥിക്കുകയും ചെയ്തു.

"നമുക്ക് അവരോടൊപ്പം ചേർന്ന്, രക്തസാക്ഷികളായിക്കൊണ്ടിരിക്കുന്ന യുക്രേനിയൻ ജനതയെയും യുദ്ധവും എല്ലാത്തരം അക്രമങ്ങളും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്ന മറ്റ് ജനവിഭാഗങ്ങളെയും മാതാവിന്റെ മാധ്യസ്ഥത്തിൽ ഭരമേൽപ്പിക്കാം," പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2022, 13:33