തിരയുക

പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. 

The Community at The Crossing: പാപ്പായുടെ വീഡിയോ സന്ദേശം

അമേരിക്കൻ ഐക്യനാടുകളിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ യുവജനങ്ങൾ ഒരു വർഷം ഒരുമിച്ചു വസിച്ചു കൊണ്ട് സമൂഹ ജീവിതം, പ്രാർത്ഥന, ദരിദ്ര സേവനം എന്നീ കാര്യങ്ങളിൽ രൂപീകരണം നേടുന്ന Community at the Crossing എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്ന വേളയിൽ പാപ്പാ വീഡിയോ സന്ദേശം നൽകി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

The Community at The Crossing: പാപ്പായുടെ വീഡിയോ സന്ദേശം

ന്യൂയോർക്കിലെ എപ്പിസ്ക്കോപ്പൽ കത്തീഡ്രലായ സെന്റ് ജോൺ ദ ഡിവൈൻ ദേവാലയത്തിൽ വച്ചായിരുന്നു അതിന്റെ ഉദ്ഘാടനം.എപ്പിസ്കോപാലിയരും, കത്തോലിക്കരും മറ്റു ക്രൈസ്തവ വിഭാഗത്തിലും പെട്ട യുവജനങ്ങൾ ഒരുമിച്ച് വന്ന് ഒരു രൂപീകരണത്തിന്റെ സമൂഹം ആരംഭിക്കുന്നതിലുള്ള വലിയ സന്തോഷവും ആശ്വാസവും അറിയിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ഒരു വർഷത്തോളം സമൂഹ ജീവിതത്തിലും, ക്രൈസ്തവ രൂപീകരണത്തിലും, വിവേചിച്ചറിയാനുള്ള വഴികളിലും, പ്രാർത്ഥനയിലും, യുവാക്കൾക്കും ദരിദ്രർക്കുമായുള്ള സേവനത്തിലും ചിലവഴിക്കുന്ന യുവജനങ്ങൾ ദൈവത്തിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടേയും സാക്ഷികളായിരിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.

ആദ്യ ക്രൈസ്തവ സമൂഹത്തെ കണ്ടവർ " അവർ പരസ്പരം സ്നേഹിക്കുന്നത് കാണുക ", അവർ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നതും, അവരുടെ സമ്പാദ്യങ്ങൾ പൊതുവായി പങ്കുവച്ചിരുന്നതും, ഒരുമിച്ചു പ്രാർത്ഥിക്കുന്നതും, അവർക്ക് ദരിദ്രരോടുള്ള സാമിപ്യവും കാണുക എന്നു പറയുമായിരുന്നു. സെന്റ് ജോൺ ദ ഡിവൈനിൽ ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് താൻ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. സമൂഹ ജീവിതത്തിന്റെ എളിയ പാത തിരഞ്ഞെടുക്കുന്നത് ആയിരം വാക്കുകളെക്കാൾ ഉത്തമമാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

At The Crossing എന്ന പേര് പള്ളിയുടെ മദ്ധ്യഭാഗത്തു നിന്നും ഗായക സംഘമിരിക്കുന്നയിടത്തേക്ക് പോകുന്ന  കത്തീഡ്രലിനുള്ളിൽ ഒരു വശത്തു നിന്നും മറ്റേവശത്തേക്കു പോകുന്ന വിഭജനത്തെ ഓർമ്മിപ്പിക്കുന്നു. അതിന് ഒരു ആഴമായ അർത്ഥമാണുള്ളതെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിപ്പിച്ചു.

At The Crossing അർത്ഥമാക്കുന്നത് മറികടക്കുന്നയിടമെന്നും എല്ലാ ക്രൈസ്തവ വിഭാഗത്തിലെയും യുവജനങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയെന്നുമാണ്. ഈ സമൂഹം ക്രൈസ്തവ ഐക്യത്തിനുള്ള ആഗ്രഹത്തെയും ന്യുയോർക്കിലെയും അമേരിക്കൻ ഐക്യനാടുകളിലേയും സമൂഹത്തേയും പുനരുജ്ജ്വലിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും പാപ്പാ പറഞ്ഞു. നമ്മുടെ ലോകത്തിൽ വിശ്വാസത്തിന്റെ ഭാവി ക്രൈസ്തവ ഐക്യത്തിലൂടെയാണ്. ശരിയാണ്, നമ്മൾ എല്ലാ കാര്യത്തിലും പൊരുത്തമുള്ളവരല്ല. ചിലപ്പോൾ നമുക്ക് തമ്മിൽ ചേരാത്തതെന്ന് തോന്നുന്നതോ, തമ്മിൽ ചേരാത്തതോ ആയ ദൃഢവിശ്വാസങ്ങളുണ്ട്. പക്ഷേ അതു കൊണ്ട് തന്നെയാണ് നമ്മൾ പരസ്പരം സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്നത്. സ്നേഹം എല്ലാ അഭിപ്രായ വ്യത്യാസങ്ങളേക്കാളും വിഭാഗീയതകളെക്കാളും ശക്തമാണ്. അത് സമാധാനം കൊണ്ടുവരും, സമാധാനം അസാധ്യമല്ല എന്ന് നമുക്ക് തോന്നിക്കും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

ഇതിനാലാണ് ഐക്യമുണ്ടാക്കുവാൻ ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ പാപ്പാ At the Crossing യേശുവിന്റെ കുരിശിനെ ഓർമ്മിപ്പിക്കുന്നത് മറക്കാതിരിക്കാമെന്നും യേശുക്രിസ്തു നമ്മടെ സംസ്കാരത്തേക്കാളും, രാഷ്ട്രീയ താൽപ്പര്യങ്ങളെക്കാളും, അതിലുപരി നമ്മുടെ പ്രമാണങ്ങളേക്കാളും ശക്തവും ആഴമുള്ളതുമാണ് എന്ന് ഓർമ്മിപ്പിച്ചു. നമുക്കു വേണ്ടി ജീവൻ നൽകിയ കർത്താവായ യേശുവിലേക്ക് നോക്കാൻ ആഹ്വാനം ചെയ്തു.

യുവജനങ്ങളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും പാപ്പാ നന്ദി പറഞ്ഞു. കൂടാതെ ഈ സംരംഭം തുടങ്ങിയതിന് സെന്റ് ജോൺ ദ ഡിവൈൻ എപ്പിസ്കോപ്പൽ കത്തീഡ്രൽ ടീമിനും  ചെമിൻ നോയ്ഫ് സമൂഹത്തിനും പരിശുദ്ധ പിതാവ് നന്ദിയർപ്പിച്ചു. ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത കർദ്ദിനാൾ ദോളനും മെത്രാനായ ഡീഷേയ്ക്കും പാപ്പാ നന്ദി പറഞ്ഞു. ന്യൂയോർക്കിലെ കത്തോലിക്കാ രൂപതയും എപ്പിസ്കോപ്പൽ രൂപതയും ഒരുമിച്ചു പ്രവർത്തിക്കുന്നത് കാണുമ്പോൾ തന്റെ ഹൃദയം ആനന്ദിക്കുന്നുവെന്നും പാപ്പാ അറിയിച്ചു. ക്രൈസ്തവ ഐക്യം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ഡിക്കാസ്റ്റെറി നൽകുന്ന സഹായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും പ്രത്യേകിച്ച് കാന്റർബറി ആർച്ചുബിഷപ്പായ ജസ്റ്റിൻ വെൽബി ഈ സംരംഭം തുടങ്ങിയ നാൾ മുതൽ നൽകിപ്പോന്ന പ്രോൽസാഹനങ്ങൾക്കും തന്റെ സഹോദരനും സ്നേഹിതനും എന്ന് വിളിച്ചു പ്രത്യേകം നന്ദി പറഞ്ഞു. ''മുന്നോട്ടു പോവുക, മുന്നോട്ടു പോവുക"  എന്ന് ആവർത്തിച്ച് കൊണ്ട് ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2022, 15:10