തിരയുക

ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ അഭയാർഥികളെ അഭിവാദ്യം ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം). ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ അഭയാർഥികളെ അഭിവാദ്യം ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം).  

പാപ്പാ: കുടിയേറ്റക്കാരെ നമുക്ക് സ്വാഗതം ചെയ്യാം, അനുഗമിക്കാം, പിന്തുണയ്ക്കാം, സമന്വയിപ്പിക്കാം

ഞായറാഴ്ച രാവിലെ തെക്കൻ ഇറ്റാലിയൻ നഗരമായ മത്തേരായിൽ അർപ്പിച്ച വിശുദ്ധ ബലിയുടെ സമാപനത്തിൽ, ഫ്രാൻസിസ് പാപ്പാ ഇന്നലെ സഭ ആചരിച്ച കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോള ദിനത്തെ അനുസ്മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റക്കാരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യാം കാരണം നമ്മുടെ സമൂഹങ്ങളുടെ വളർച്ചക്ക് അവർക്കും നമ്മെ സഹായിക്കാനാവും.  അവരോടൊപ്പം ദൈവരാജ്യം സാക്ഷാത്കരിക്കാനും കഴിയും എന്ന്  പാപ്പാ പറഞ്ഞു.

എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ച സഭയിൽ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോള ദിനം ആചരിക്കപ്പെടുന്നു. "കുടിയേറ്റക്കാരും അഭയാർത്ഥികളുമൊത്ത് ഭാവി കെട്ടിപ്പടുക്കാം" എന്ന ഈ വർഷത്തെ പ്രമേയം അനുസ്മരിപ്പിച്ച പാപ്പാ എല്ലാവരേയും ഇതിലേക്ക് ആവശ്യമായ സഹകരണം നൽകാൻ  പ്രോത്സാഹിപ്പിച്ചു. നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

“ദൈവത്തിന്റെ പദ്ധതിക്കനുസൃതമായി ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് നവീകരിക്കാം: ഓരോ വ്യക്തിയും അവന്റെ അല്ലെങ്കിൽ അവളുടെ സ്ഥാനം കണ്ടെത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന; കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും കുടിയിറക്കപ്പെട്ടവർക്കും മനുഷ്യക്കടത്തിന് ഇരയായവർക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്ന ഒരു ഭാവി.” പാപ്പാ വിശദീകരിച്ചു.

അവരെ "ഒഴിവാക്കാതെ" ദൈവരാജ്യം അവരോടൊപ്പം സാക്ഷാത്കരിക്കപ്പെടട്ടെ, എന്ന് പാപ്പാ ആശംസിച്ച. നമ്മുടെ സമൂഹങ്ങളെ സാമ്പത്തികമായും സാംസ്കാരികമായും ആത്മീയമായും വളർത്താനും അഭിവൃദ്ധിപ്പെടുത്താനും സഹായിക്കാൻ കഴിയുന്ന ഈ "സഹോദരീ സഹോദരന്മാർക്ക്" നമുക്ക് നന്ദി പറയാം എന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

പരസ്പരം വൈവിധ്യമാർന്ന പാരമ്പര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയും പഠിക്കുകയും ചെയ്യുന്നത്,"ദൈവജനത്തെ സമ്പന്നമാക്കുന്നു" എന്ന് പാപ്പാ കൂട്ടിച്ചേർത്തു. "കൂടുതൽ ഉൾക്കൊള്ളുന്നതും സാഹോദര്യപരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം!" പാപ്പാ ആഹ്വാനം ചെയ്തു.

നമ്മുടെ സമൂഹങ്ങളിലേക്ക് കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും, അനുഗമിക്കുകയും പിന്തുണയ്ക്കുകയും സമന്വയിപ്പിക്കുകയും ചെയ്യണമെന്ന അഭ്യർത്ഥന പാപ്പാ മുന്നോട്ട് വച്ചു. സമഗ്ര മാനവ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ അഭയാർത്ഥികൾക്കും കൂടിയേറ്റക്കാർക്കുമുള്ള  വിഭാഗമാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോള ദിനം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2022, 12:45