തിരയുക

 പാപ്പാ ആമുഖം എഴുതിയ കർദ്ദിനാൾ ബഞ്ഞാസ്കോയുടെ പുസ്തകം " Pastors within : Church, Society and Person"  പാപ്പാ ആമുഖം എഴുതിയ കർദ്ദിനാൾ ബഞ്ഞാസ്കോയുടെ പുസ്തകം " Pastors within : Church, Society and Person"  

കർദ്ദിനാൾ ബഞ്ഞാസ്കോയുടെ പുസ്തകത്തിന് പാപ്പായുടെ ആമുഖം

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുൻ അദ്ധ്യക്ഷനും ജെനോവയിലെ എമിരിത്തൂസ് മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ ആഞ്ചലോ ബഞ്ഞാസ്കോ എഴുതിയ " Pastors within : Church, Society and Person" (ഉള്ളിലെ ഇടയൻമാർ: സഭ, സമൂഹം, വ്യക്തി) എന്ന ഗ്രന്ഥത്തിന് പാപ്പാ ആമുഖമെഴുതി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പൗളിൻ ബുക്സ് & മീഡിയ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇറ്റാലിയനിൽ " Pastori Dentro. Chiesa, Società e Persona" എന്ന പേരിലാണ് പുറത്തിറക്കിയിട്ടുള്ളത്.

ആമുഖമെഴുതാൻ ആവശ്യപ്പെട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറയുന്നത് കർദ്ദിനാളിന്റെ ചിന്തകൾ രണ്ടാം വട്ടം ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന കാലഘട്ടത്തിലുള്ള ചിന്തകളിലും പരിഗണനകളിലും നിന്നാണ് ഉരുത്തിരിയുന്നത് എന്നാണ്.

യേശുവിന്റെ പ്രഘോഷണമെന്ന മൂലതത്വത്തിലേക്ക് അന്വേഷണം നടത്തിക്കൊണ്ട് ഗ്രന്ഥകാരൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാഭ്യാസം, കുടുംബം, ദാരിദ്യം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ  ഫ്രാൻസിസ് പാപ്പാ വിലമതിക്കുന്നു.  

യൂറോപ്പിന്റെ സാഹചര്യത്തിൽ മാത്രമല്ല ലോകം മുഴുവനിലും നടന്നു കൊണ്ടിരിക്കുന്ന നരവംശശാസ്ത്രപരമായ പരിവർത്തനങ്ങളെ അഭിമുഖീകരിക്കുമ്പോൾ, "വ്യക്തിയെ "  തിരിച്ചറിയാൻ നമുക്കു മുന്നിലുള്ള വഴി ക്രിസ്തുരഹസ്യത്തിൽ നിന്നാരംഭിക്കുന്ന വിശ്വാസത്തിലുള്ള വിദ്യാഭ്യാസമാണ് എന്ന് പാപ്പാ ആമുഖത്തിൽ പറയുന്നു.

ഈ താളുകൾ ചരിത്രത്തിനുള്ള വെറും സ്തുതി പാടലല്ല മറിച്ച് മെത്രാന്മാർ എങ്ങനെ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള ഒരു മാർഗ്ഗരേഖയാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

മെത്രാൻ - ഇടയൻ - "ദൈവത്തിനു കൊടുത്തിട്ടുള്ളതാകയാൽ തന്റെ ജീവൻ തനിക്കുള്ളതല്ല " എന്ന അറിവോടെയും സേവന മനോഭാവത്തോടെയും കർത്താവിലുള്ള തന്റെ സഹോദരീ സഹോദരന്മാരിൽ തന്റെ നോട്ടം വയ്ക്കാൻ പരിശ്രമിക്കണം എന്ന് പാപ്പാ എഴുതി.

സഭയിലും വ്യക്തി ജീവിതത്തിലും ഇടയൻ ദൈവവചനം പ്രഘോഷിക്കുകയും അത് മാംസം ധരിക്കുകയും വേണം എന്നെഴുതുന്ന പാപ്പാ, ഈ പ്രഘോഷണത്തിലും അതു തുടരുന്ന യാത്രയിലുമാണ് ആടിന്റെ മണം പേറുകയും അവരുടെ മദ്ധ്യേ ജീവിക്കുകയും ചെയ്യുന്ന "മനുഷ്യരെ പിടിക്കുന്ന "  ഇടയന്റെ യഥാർത്ഥ സന്തോഷമിരിക്കുന്നതെന്ന് വ്യക്തമാക്കി.

ഗ്രന്ഥത്തിന്റെ ശീർഷകത്തിന് അഭിനന്ദനമറിയിക്കുന്ന പാപ്പാ ആ തലക്കെട്ട് മെത്രാന്മാർ ഉള്ളിൽ ഇടയന്മാരാണെന്ന് ഓർമ്മിപ്പിക്കുകയും മുറിവേറ്റവരുടേയും പുറന്തള്ളപ്പെട്ടവരുടേയും മേൽ ഉണ്ടാവേണ്ട നോട്ടത്തെയും അനുസ്മരിപ്പിക്കുന്നു.

സഭ ജീവിക്കുകയും, ശ്വസിക്കുകയും ചെയ്യുന്ന ഒരു സജീവ വസ്തുവാണെന്നും അല്ലാതെ ചിലർ ഇഷ്ടപ്പെടുംപോലെ വെറുമൊരു അമിത കർക്കശ സംഘടനയല്ലയെന്നും കാണിക്കാൻ കർദ്ദിനാൾ ബഞ്ഞാസ്കോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പാപ്പാ എഴുതി.

ആമുഖം ചുരുക്കിക്കൊണ്ട് പുസ്തകത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം അത് കർത്താവിന്റെ എല്ലാ ഇടയന്മാർക്കും നൽകുന്ന സഹായത്തിനും മാർഗ്ഗരേഖയ്ക്കും പ്രശംസകൾ രേഖപ്പെടുത്തി. മെത്രാന്മാർക്കും അവരുടെ സഹകാരികൾക്കും മാത്രമല്ല അൽമായർക്കും " അകന്നു പോയി " എന്നു ചിന്തിക്കുന്ന ക്രൈസ്തവർക്കും ഈ ഗ്രന്ഥത്തിന്റെ വായന ഉപകാരപ്രദമായിരിക്കും എന്നും പാപ്പാ ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 13:10