തിരയുക

ആഗോള, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായും മറ്റു മതപ്രതിനിധികളും ആഗോള, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായും മറ്റു മതപ്രതിനിധികളും  (Vatican Media)

നാമെല്ലാം ഒരേ സ്വർഗ്ഗത്തിന്റെ മക്കൾ: ആഗോള, പരമ്പരാഗത മതനേതാക്കളുടെ ഏഴാം സംഗമവേദിയിൽ പാപ്പാ

ആഗോള, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് സമ്മേളനം ആരംഭം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൂർ-സുൽത്താനിൽ സെപ്റ്റംബർ പതിനാലിന് രാവിലെ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരസ്പരസഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെ എടുത്തുപറയുന്നതായിരുന്നു, സെപ്റ്റംബർ പതിനാലിന് രാവിലെ കസാഖ്സ്ഥാനിലെ നൂർ-സുൽത്താനിൽ ആഗോള, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് സമ്മേളനത്തിന് ആരംഭം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണം. സംവാദത്തിന്റെയും സമാധാനത്തിന്റെയും തീർത്ഥയാത്രയെന്ന് തന്റെ മുപ്പത്തിയെട്ടാം അപ്പസ്തോലികയാത്രയെ വിശേഷിപ്പിച്ച പാപ്പാ, ഒരേ സ്വർഗ്ഗത്തിന്റെ മക്കളെന്ന നിലയിൽ നമ്മെ ഒരുമിപ്പിക്കുന്ന സഹോദര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, സഹോദരീസഹോദരങ്ങളെ എന്ന അഭിസംബോധനയോടെയാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്.

ഒരേ സ്വർഗ്ഗം ലക്ഷ്യമാക്കി നീങ്ങുന്നവർ

സൃഷ്ടികളെന്ന നിലയിൽ ഒരേ സ്വർഗീയലക്ഷ്യം മുന്നിൽകണ്ട് സഞ്ചരിക്കുന്ന വ്യക്തികളാണ് നാമെന്ന വസ്തുത ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം തുടർന്നത്. വ്യക്തിതാല്പര്യങ്ങളിലേക്ക് നമ്മുടെ ജീവിതലക്ഷ്യം ചുരുങ്ങിപ്പോകരുതെന്നും, സഹോദര്യത്തെ ഉയർത്തിക്കാട്ടണമെന്നും പറഞ്ഞ പാപ്പാ, മറ്റുള്ളവർക്കൊപ്പവും, മറ്റുള്ളവരുടെ സഹായത്തോടെയുമേ നമുക്ക് വളരാനാകൂ എന്ന് ഓർമ്മിപ്പിച്ചു.

സമാഗമങ്ങളുടെ കസാഖ്സ്ഥാൻ

നിരവധി യാത്രികരുടെ സമാഗമവേദിയായ ഒരു ഭൂമിയാണ് കസാഖ്സ്ഥാന്റേതെന്ന് പാപ്പാ മതനേതാക്കളെയും മതപ്രതിനിധികളെയും ഓർമ്മിപ്പിച്ചു. ഒരുപാട് ചരിത്രങ്ങളും ആശയങ്ങളും വിശ്വാസങ്ങളും, പ്രതീക്ഷയുമാണ് ഈ മണ്ണിൽ സംഗമിച്ചിട്ടുള്ളത്. മാനവികസംസർഗം വഴി ഇനിയും അകലങ്ങളിലായിരിക്കുന്നവർക്ക് സംഗമവേദിയാകാൻ ഈ മണ്ണിന് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അബായി എന്ന കവിയും മത ഐക്യവും

ഡോംബ്ര എന്ന സംഗീത ഉപകരണത്തെ കഴിഞ്ഞ ദിവസത്തെ തന്റെ പ്രഭാഷണത്തിൽ ഉപയോഗിച്ചതുപോലെ, കസാഖ് മണ്ണിലെ ആധുനികസാഹിത്യത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന അബായി എന്ന കവിയെ തന്റെ പ്രഭാഷണത്തിനായി പാപ്പാ പരാമർശിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകളിലെ ആഴമേറിയ മതചിന്തയും, കസാഖ് ജനതയുടെ കുലീനതയും പാപ്പാ എടുത്തുപറഞ്ഞു. സജീവമായ ആത്മാവിന്റെയും തെളിഞ്ഞ മനസ്സിന്റെയും ഉദാഹരണമായാണ് മതപരമായ വിശ്വാസമുള്ള ആളുകളെ ജനം കാണുന്നതെന്നും, ലോകം നമ്മിൽനിന്നും അതാണ് പ്രതീക്ഷിക്കുന്നതെന്നും അബായിയെ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു. കടുത്ത മതമൗലികവാദമെന്ന തിന്മയെക്കുറിച്ച് പരാമർശിച്ച പാപ്പാ, അത് എല്ലാത്തരം മതവിശ്വാസത്തെയും മോശമാക്കുവാനേ ഉപകരിക്കൂ എന്ന് ഓർമ്മിപ്പിച്ചു. സ്വർഗ്ഗത്തിലേക്ക് കണ്ണുനട്ട് ഒരുമിച്ച് സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. തുറന്ന, സഹിഷ്ണുതയുള്ള ഒരു മനോഭാവമാണ് ലോകത്തിന് ഇന്ന് ആവശ്യം.

മതസ്വാതന്ത്ര്യം മാനവികതയും

ഒരു യഥാർത്ഥ മാനവികതയ്ക്കും, സമഗ്രമായ വളർച്ചയ്ക്കും മതസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. മറ്റുള്ളവരുടേമേൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കുകയോ, മറ്റുള്ളവരുടെ വിശ്വാസം തടസപ്പെടുത്തുകയോ ചെയ്യാതെയാകണം നമ്മുടെ വിശ്വാസം നാം ജീവിക്കേണ്ടത്. മതപരിവർത്തനമോ, മതവിശ്വാസങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്നതോ, മനുഷ്യസ്വാതന്ത്ര്യത്തിന് ചേർന്നതല്ല. നാമെല്ലാവരും സ്വന്തന്ത്രരായാണ് സൃഷ്ടിക്കപ്പെട്ടത്.

പ്രതിസന്ധികളും ഐക്യവും

കോവിഡ് പോലെയുള്ള മഹാമാരികൾ നമ്മുടെ പരസ്പരസഹകരണത്തിനായുള്ള വിളിയെ വ്യക്തമാക്കിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരസ്പര ഐക്യദാർഢ്യവും, സഹകരണവും ഇതുപോലെയുള്ള പ്രതിസന്ധികൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. ദൈവവിശ്വാസികൾ എന്ന നിലയിൽ, വർഗ്ഗ, ദേശ, മത ഭിന്നതകൾക്കപ്പുറം ഐക്യത്തിന്റെ പ്രചാരകരും, സാക്ഷികളും ആകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനവും സാഹോദര്യവും പൊതുഭവനമായ ഭൂമിയും

യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും മുന്നിൽ സമാധാനത്തിനശ്രമങ്ങൾക്കായുള്ള നമ്മുടെ കടമയെ നാം മറന്നുപോകരുത്. ആഗോളമതങ്ങളെ സംബന്ധിച്ചിടത്തോളം, ലോകസമാധാനത്തിനായും ജനതകൾ തമ്മിലുള്ള ഐക്യത്തിനായും ഒരു പ്രധാന പങ്കുവഹിക്കുവാനുള്ള കടമയുണ്ട്. സമാധാനത്തിന്റെ ദൈവം, നമ്മെ സമാധാനമാർഗങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത്. പരസ്പരസംവാദങ്ങളിലൂടെയും പരസ്പരബഹുമാനത്തിലൂടെയും കൂടുതൽ ഐക്യം സൃഷ്ടിക്കാൻ ഏവരും പരിശ്രമിക്കേണ്ടതുണ്ട്. ആയുധങ്ങളേക്കാൾ, വിദ്യാഭാസത്തിനായി കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ പാപ്പാ ആഹ്വാനം ചെയ്തു.

ഓരോ മനുഷ്യരും പ്രധാനപ്പെട്ടവരാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, പരസ്പരസഹോദര്യത്തിനായുള്ള വെല്ലുവിളി നാമെല്ലാവരും ഏറ്റെടുക്കണമെന്ന് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളും, ദാരിദ്ര്യവും കാലാവസ്ഥാവ്യതിയാനങ്ങളും ജനതകളുടെ കൂട്ടമായ പലായനത്തിന് കാരണമാകുന്നുണ്ട്. മറ്റു ജനങ്ങളെ സൃഷ്ടാവായ ദൈവത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനും, അവരിൽ നമ്മുടെ സഹോദരങ്ങളെ കാണാനും നമുക്ക് സാധിക്കണം.

ഒരുമിച്ചുള്ള നമ്മുടെ മുന്നേറ്റത്തിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണവും നമ്മുടെ മുന്നിലുണ്ടാകണം. നശീകരണമനോഭാവത്തോടെ പ്രകൃതിയോട് ഇടപെടാതിരിക്കാനും, വരും തലമുറയ്ക്കായി സൃഷ്ടാവിന്റെ ഉദ്ദേശം മുന്നിൽക്കണ്ട് പ്രകൃതിയെ സംരക്ഷിച്ചുപിടിക്കാനും നാം മറക്കരുത്.

പരസ്പരസഹോദര്യത്തിലും സൗഹൃദത്തിലും ഒരുമിച്ച് മുന്നോട്ട് നീങ്ങുവാൻ മതവിശ്വാസങ്ങളും ആഗോളമതങ്ങളും നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. നമ്മുടെ വ്യക്തിപരമായ വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുമ്പോൾത്തന്നെ, കപടസൗഹൃദങ്ങളിൽനിന്നും കപടസമാധാനത്തിൽനിന്നും അകന്ന്, ഉത്തരവാദിത്വപൂർവ്വം മറ്റുള്ളവരോട് തുറന്ന മനസ്സോടെ പെരുമാറാൻ നമുക്കാകണം.

ആളുകളെ പരസ്പരം ഒരുമിച്ച് നിറുത്താനും, സംവാദങ്ങളിലേക്ക് ക്ഷണിക്കാനും, സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള കസാഖ്സ്ഥാൻറെ പരിശ്രമങ്ങളെ പാപ്പാ ശ്ലാഖിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2022, 18:43