തിരയുക

ഫ്രാൻസിസ് പാപ്പാ കസാഖ്സ്ഥാൻ അപ്പസ്തോലിക യാത്രയ്ക്കിടെ ഫ്രാൻസിസ് പാപ്പാ കസാഖ്സ്ഥാൻ അപ്പസ്തോലിക യാത്രയ്ക്കിടെ  (Vatican Media)

സമാധാനത്തിന്റെ തീർത്ഥാടകനായെത്തിയ വലിയ ഇടയൻ

കസാഖ്സ്ഥാനിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ, രാജ്യത്തിന്റെ രാഷ്ട്രീയ, മത, നയതന്ത്ര, നേതൃത്വങ്ങളോട് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരസ്പരസംവാദങ്ങളും ഐക്യവും ലക്ഷ്യമിട്ട്, സമാധാനത്തിന്റെ തീർത്ഥാടകനായാണ് താൻ വിസ്ത്രുതാവും പുരാതനവുമായ കസാഖ്സ്ഥാനിൽ എത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. കസാഖ് പ്രസിഡന്റ് ഖാസിം-യോമാർട് തോക്കേവ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞ പരിശുദ്ധപിതാവ്, രാജ്യത്തിന്റെ സംഗീതസംസ്കാരത്തിന്റെ അടയാളമായി മാറിയ ഡോംബ്രയെ പരാമർശിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണമെന്ന് അറിയിച്ചു.

ചരിത്രത്തിന്റെ ഭാഗമായ ഡോംബ്ര

കസാഖ് ജനതയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡോംബ്ര, ചടുലമായ പുരോഗതിയുടെയും മാറ്റങ്ങളുടെയും മുൻപിലും ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ഒന്നായി തുടരുന്നുവെന്നത് പാപ്പാ എടുത്തുപറഞ്ഞു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2001 സെപ്റ്റംബറിൽ കസാഖ്സ്ഥാനിൽ നടത്തിയ അപ്പസ്തോലികയാത്രയെ അനുസ്മരിച്ച പാപ്പാ, തന്റെ മുൻഗാമി രാജ്യത്തെ "രക്തസാക്ഷികളുടെയും വിശ്വാസികളുടെയും, നാടുകടത്തപെട്ടവരുടെയും, ചിന്തകരുടെയും, കലാകാരന്മാരുടെയും നാട്" എന്ന് വിശേഷിപ്പിച്ചത് ഓർമ്മിപ്പിച്ചു. കഷ്ടതകളുടെയും അടിച്ചമർത്തലുകളുടെയും അനുഭവമുള്ള ഈ നാട്, മത, വർഗ്ഗ ഭേദങ്ങളില്ലാതെ, മനുഷ്യന്റെ മാനത്തിന് എന്നും മുൻ‌തൂക്കം നൽകിയിട്ടുണ്ടെന്നത് ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

രണ്ടു ചരടുകൾ

ഡോംബ്രയുടെ രണ്ടു ചരടുകളിൽ തട്ടി സംഗീതമുളവാക്കുന്നതുപോലെ കസാഖ്സ്ഥാനും വ്യത്യസ്തതകൾ ഒരുമിച്ച് കൊണ്ടുപോകുവാൻ കഴിയുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യത്ത് അനുഭവപ്പെടുന്ന അതിശീഷ്ണവും വേനലും പോലെ പുരാതന-നവീനതകളെ സമാന്തരങ്ങളായി കൊണ്ടുപോകുന്ന രാജ്യം ഏഷ്യൻ യൂറോപ്യൻ  സംസ്കൃതികളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നത് അദ്ദേഹം എടുത്തുപറഞ്ഞു."വിജയത്തിന്റെ ഉറവിടം ഐക്യമാണെന്ന കസാഖ് പഴഞ്ചൊല്ല് ഉദ്ധരിച്ച പാപ്പാ, രാജ്യത്ത് ഏതാണ്ട് നൂറ്റിയന്പതോളം ജനവിഭാഗങ്ങളും എൺപതിലധികം ഭാഷകളും, വിവിധ മത,സാംസ്‌കാരിക പാരമ്പര്യങ്ങളും ചേർന്നൊരുക്കുന്ന ലയം, രാജ്യത്തിന് വേറിട്ട ഒരു സ്ഥാനവും, സമാഗമത്തിന്റെ രാജ്യമാകാനുള്ള വിളിയും നൽകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.

ആരോഗ്യകരമായ മതേതരത്വം

രാജ്യത്തിന്റെ ഭരണഘടന നിർവ്വചിക്കുന്നതുപൊലെ ഒരു മതേതരരാജ്യമായിരിക്കുമ്പോഴും, മതത്തിന്റെയും വിശ്വാസത്തിന്റെയും സ്വതന്ത്രമായ നിലനിൽപ്പിനെ രാജ്യം അനുവദിക്കുന്നുണ്ടെന്നത് ഓർമ്മിപ്പിച്ച പാപ്പാ എല്ലാ പൗരന്മാരെയും രാജ്യം തുല്യതയോടെ കണക്കാക്കുന്നതിനെയാണ് ഇത് വ്യക്തമാക്കുന്നതെന്നും, എല്ലാ മത, വർഗ്ഗ, ഭാഷ, സംസ്കാര വിഭാഗങ്ങൾക്കും തങ്ങൾക്ക് രാജ്യത്തുള്ള സ്വീകാര്യതയെ മനസ്സിലാക്കാൻ സഹായിക്കുന്നുവെന്നും പറഞ്ഞു. മതസ്വാതന്ത്ര്യം സാമൂഹ്യസാഹവാസത്തെ ഏറെ സഹായിക്കുന്നുവെന്ന് പാപ്പാ എടുത്തുപറഞ്ഞു.

സ്വാതന്ത്ര്യവും മനുഷ്യജീവന്റെ വിലയും

കസാഖ് എന്ന വാക്കിന്റെ അർത്ഥവുമായി ബന്ധപ്പെട്ട്, സ്വതന്ത്രവും സ്വച്ഛന്ദവുമായ മനുഷ്യന്റെ നിലനില്പിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, സ്വാതന്ത്ര്യത്തിന്റെ ഉറപ്പ്, മനുഷ്യരും സമൂഹങ്ങളും തമ്മിലുള്ള സംഗമങ്ങൾവഴി കൃത്രിമത്വം ഇല്ലാത്തതാകാൻ സഹായിക്കുമെന്ന് ഉദ്‌ബോധിപ്പിച്ചു. രാജ്യം മനുഷ്യജീവന് വിലകല്പിക്കുന്നതിന് തെളിവായി, വധശിക്ഷ ഇല്ലാതാക്കിയതിനെ പാപ്പാ അഭിനന്ദിച്ചു. ചിന്തയുടെയും, മനഃസാക്ഷിയുടെയും, ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സിവിൽ അധികാരികളും പൊതുനന്മയും

അധികാരം എല്ലാ ജനത്തിന്റെയും സേവനമാകുന്നത് ഉറപ്പാക്കുന്ന ജനാധിപത്യത്തെ അനുകൂലിക്കുന്നതിലൂടെ പൗരധികാരികൾക്ക് പൊതുനന്മ ഉറപ്പാക്കാനാകുമെന്ന് പാപ്പാ പറഞ്ഞു. അധികാരത്തിന്റെ ശരിയായ വിഭജനം ഉറപ്പാക്കുന്നതിനുവേണ്ടി പാർലമെന്റിന്റെയും തദ്ദേശീയഅധികാരികളുടെയും ഉത്തരവാദിത്വങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് അടുത്തിടെ ആരംഭിച്ച പ്രവർത്തനങ്ങളെ പാപ്പാ എടുത്തുപറഞ്ഞു. അതിവേഗം നടപ്പാക്കാനാകാത്ത മാറ്റങ്ങളാണ് അവയെങ്കിലും, വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നത്, ഭരിക്കുന്ന ആളുകളിലുള്ള വിശ്വാസം വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വാഗ്ദാനങ്ങളും പ്രവർത്തികതയും

ജനാധിപത്യവും ആധുനികവത്ക്കരണവും വാക്കുകളിലും വാഗ്ദാനങ്ങളിലും ഒതുങ്ങാതെ, ജനങ്ങളെ ശ്രവിച്ച്, അവരുടെ അവകാശപ്പെട്ട ആവശ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകിക്കൊണ്ട്, ജനത്തിനുള്ള സേവനത്തിലേക്ക് എത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തൊഴിലാളികൾക്കും, യുവജനങ്ങൾക്കും, ദുർബലവിഭാഗങ്ങൾക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുജനത്തിന്റെ നന്മയ്ക്കും സമൂഹത്തിലെ സ്ഥിരതയ്ക്കും ഭീഷണിയാകുന്ന, തീവ്രചിന്തകൾക്കും, വ്യക്തിതാല്പര്യങ്ങൾക്കുമുള്ള ഉത്തരമാണ് യഥാർത്ഥ ജനാധിപത്യം. ഇത്തരുണത്തിൽ സാമ്പത്തിക വിഭവങ്ങളുടെ തുല്യരീതിയിലുള്ള വിതരണവും സാമ്പത്തിക സുസ്ഥിരതയുടെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. കുറച്ചുപേരുടെ സാമ്പത്തികനേട്ടം എന്നതിനേക്കാൾ ഓരോ ജോലിക്കാരുടെയും അഭിമാനം ഉറപ്പാക്കുന്നത്തിലേക്കാണ്, രാഷ്ട്രവും പൊതുമേഖലാവിഭാഗവും ശ്രദ്ധവയ്ക്കേണ്ടത്.

സമാധാനവും സംഗീതവും ഉക്രൈൻ പ്രതിസന്ധിയും

സംഗീതവുമായി ബന്ധപ്പെട്ട സംസ്‌കാരംപോലെതന്നെ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും പര്യായമായി കസാഖ്സ്ഥാന്റെ പേരും തുടരട്ടെയെന്ന് പാപ്പാ ആശംസിച്ചു. 2001-ലെ അക്രമത്തിന്റെ നാളുകളിൽ പ്രതീക്ഷയുടെ വിത്തുവിതയ്ക്കാൻ എത്തിയ വിശുദ്ധ ജോൺ  പോൾ രണ്ടാമൻ പാപ്പായെപ്പോലെ, ഉക്രൈനിലെ പരിതാപകരമായ യുദ്ധവും കടന്നുകയറ്റവും, വിവിധയിടങ്ങളിൽ തുടരുന്ന സംഘർഷങ്ങളും ഉള്ള ഇക്കാലത്ത്, സമാധാനത്തിനായുള്ള നിരവധിയാളുകളുടെ നിലവിളിക്ക് സ്വരമാകാനാണ് താൻ എത്തിയതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അടിസ്ഥാനപരമായ പുരോഗതിക്കുള്ള മാർഗ്ഗമാണ് സമാധാനമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പരസ്പരസംവാദങ്ങളും ലോകപുരോഗതിയും

പരസ്പരകണ്ടുമുട്ടലുകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്ന നയതന്ത്രപ്രയത്നങ്ങളുടെ ആവശ്യത്തെ എടുത്തുപറഞ്ഞ പാപ്പാ, കൂടുതൽ അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ചു. വിവിധ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും എന്നതിനേക്കാൾ, അന്താരാഷ്ട്രതലത്തിൽ പരസ്പരസംവാദത്തിന് സഹായിക്കുന്ന നേതാക്കളെയാണ് നമുക്ക് ആവശ്യം. കൂടുതൽ സ്ഥിതാരതയുള്ള, സമാധാനം നിറഞ്ഞ, ഭാവിതലമുറകളെക്കുറിച്ച് ചിന്തയുള്ള ഒരു ലോകമാണ് നാം കെട്ടിപ്പടുക്കേണ്ടത്.

സമാധാനശ്രമങ്ങളും പരിശുദ്ധ സിംഹാസനവും

ലോകസമാധാനത്തെക്കുറിച്ച് സംസാരിക്കവെ, കസാഖ്സ്ഥാൻ അണുവായുധങ്ങൾ ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെയും, കൂടുതൽ ശുദ്ധമായ സ്രോതസ്സുകളിൽനിന്നുള്ള ഊർജ്ജോപയോഗത്തെയും പാപ്പാ അഭിനന്ദിച്ചു.  മതങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങൾക്കൊപ്പം ഇവയും വരുംതലമുറയ്ക്കായി നാം വാർത്തെടുക്കേണ്ട ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ വിത്തുകളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ ശ്രമത്തിൽ പരിശുദ്ധസാഹസനവും സമീപസ്ഥമാണെന്ന് ഉറപ്പുനൽകിയ പാപ്പാ മുപ്പതോളം വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തിനുശേഷം ഉടനെതന്നെ തങ്ങൾ നയതന്ത്രബന്ധം ആരംഭിച്ചതിനെക്കുറിച്ച് പരാമർശിച്ചു. മതപരിവർത്തനത്തിന്റെ ചിന്തയില്ലാതെ, പരസ്പരമതസംവാദങ്ങൾക്കായുള്ള തുറന്ന മനോഭാവത്തോടെയാണ് മധ്യേഷ്യയിലെ കത്തോലിക്കർ ഇവിടെ പണ്ടുമുതലേ ജീവിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു.

സമാപനം

തനിക്ക് ലഭിച്ച ആതിഥേയത്വത്തിനും, സഹോദര്യപൂർവ്വം വിവിധമതനേതാക്കളുമായി സംവാദങ്ങൾ നടത്തുവാൻ ലഭിച്ച അവസരത്തിനും കസാഖ്സ്ഥാൻ പ്രേസിഡെന്റിനും മറ്റെല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. കസാഖ്സ്ഥാന്റെ സാമാധാനത്തിനും ഐക്യത്തിനുമായുള്ള വിളിയെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, പൊതുനന്മയ്ക്കായുള്ള എല്ലാവരുടെയും പ്രവർത്തനങ്ങളെ താൻ പ്രാർത്ഥനകൊണ്ടും സാമീപ്യംകൊണ്ടും അനുഗമിക്കുന്നുവെന്നും, ഉറപ്പുനൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2022, 18:31