തിരയുക

മത്തേരയിലെ ത്രികാല പ്രാർത്ഥന സമയത്ത് ഫ്രാൻസിസ് പാപ്പാ സമാധാന രാജ്ഞിയായ മറിയത്തിന്റെ മുന്നിൽ. മത്തേരയിലെ ത്രികാല പ്രാർത്ഥന സമയത്ത് ഫ്രാൻസിസ് പാപ്പാ സമാധാന രാജ്ഞിയായ മറിയത്തിന്റെ മുന്നിൽ.  (Vatican Media)

മ്യാന്മർ, യുക്രെയ്ൻ, കാമറൂൺ എന്നിവിടങ്ങളിലെ സമാധാനത്തിനായി പാപ്പായുടെ അഭ്യർത്ഥന

മ്യാന്മർ, യുക്രെയ്ൻ, കാമറൂൺ എന്നിവിടങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അന്താരാഷ്ട്ര ശ്രദ്ധയും സമാധാനവും നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മരണത്തിനും കുടിയിറക്കത്തിനും കാരണമാകുന്ന വിധം അക്രമങ്ങൾ തുടരുന്ന മ്യാന്മറിലെ ജനങ്ങളുടെ ദുരിതങ്ങൾ മറക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച ലോകത്തോടു അഭ്യർത്ഥിച്ചു.

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം കുറിച്ച മത്തേരാ നഗരത്തിലെ വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ത്രികാല  പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നതിന് മുൻപായിരുന്നു പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

താൻ മ്യാന്മറിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞ പാപ്പാ അവിടെ “രണ്ട് വർഷത്തിലേറെയായി ആ മഹത്തായ രാജ്യം ഗുരുതരമായ സായുധ ഏറ്റുമുട്ടലുകളാലും അക്രമങ്ങളാലും രക്തസാക്ഷിത്വം വരിച്ചുവെന്നും അത് നിരവധി ഇരകളേയും  കുടിയിറക്കലിനും കാരണമായി എന്നും ഓർമ്മപ്പെടുത്തി.

“ഈ ആഴ്‌ച,” “ബോംബിട്ട സ്‌കൂളിലെ കുട്ടികളുടെ മരണത്തിൽ ദുഃഖത്തിന്റെ നിലവിളി ഞാൻ കേട്ടു” എന്ന് പാപ്പാ തന്റെ ഖേദം പ്രകടിപ്പിച്ചു. “ഈ കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാതെ പോകാരിക്കട്ടെ! ഈ ദുരന്തങ്ങൾ സംഭവിക്കാൻ പാടില്ല!” പാപ്പാ പറഞ്ഞു.

ഓങ് സാൻ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് മ്യാൻമറിന്റെ സൈന്യം 2021 ഫെബ്രുവരിയിൽ അധികാരം പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ വധിക്കപ്പെട്ടിട്ടുണ്ട്. ഈ ദുരന്തത്തെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധമെന്ന് ഐക്യരാഷ്ട്രസഭാ വിദഗ്ധർ വിശേഷിപ്പിച്ചിരുന്നു.

യുക്രെയ്ൻ

യുക്രെയ്‌നിലെ ജനങ്ങൾക്കായുള്ള തന്റെ ആശങ്കയും  അവരോടുള്ള സാമീപ്യവും  പാപ്പാ ആവർത്തിക്കുകയും ഏഴ് മാസത്തെ യുദ്ധത്തിന് പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

"രക്തസാക്ഷികളായ യുക്രേനിയൻ ജനതയെ" ആശ്വസിപ്പിക്കാൻ സമാധാന രാജ്ഞിയായ കന്യകാമറിയത്തോടു പ്രാർത്ഥിക്കുകയും അന്താരാഷ്ട്ര നേതാക്കളോടു നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. "യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ സംരംഭങ്ങൾ ഉടൻ കണ്ടെത്തുന്നതിനുള്ള  ഇച്ഛാശക്തി" അവർ കണ്ടെത്തും. പാപ്പാ പങ്കുപച്ചു.

കാമറൂൺ

അഞ്ച് വൈദികരും ഒരു സമർപ്പിതയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയ എട്ട് പേരുടെ മോചനത്തിനായുള്ള കാമറൂണിലെ മെത്രാന്മാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

"ഞാൻ അവർക്കും സഭാ പ്രവിശ്യയായ ബമെൻഡയിലെ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു: കർത്താവ് ആ പ്രിയപ്പെട്ട രാജ്യത്തിലെ ഹൃദയങ്ങൾക്കും സാമൂഹ്യ ജീവിതത്തിനും സമാധാനം നൽകട്ടെ." പാപ്പാ കൂട്ടിചേർത്തു.

പടിഞ്ഞാറൻ കാമറൂണിലെ ഒരു ദേവാലയത്തിന് തീവെച്ച അജ്ഞാതരായ അക്രമികൾ വൈദികരെയും സന്യാസിനിയെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സഭാ പ്രവിശ്യയായ ബമെൻഡയിലെ മെത്രാന്മരുടെ പ്രസ്താവനയാണ് ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മാംഫെ രൂപത, 2017 മുതൽ ഫെഡറൽ അധികാരികൾക്കെതിരെ വിഘടനവാദികൾ യുദ്ധം ചെയ്യുന്ന കാമറൂണിലെ രണ്ട് അസ്വസ്ഥമായ മേഖലകളിൽ ഒന്നാണ്.

26 September 2022, 12:58