തിരയുക

പാപ്പായെ പൂക്കൾ നൽകി സ്വീകരിക്കുന്ന മൂന്നു കുട്ടികൾ.  പാപ്പായെ പൂക്കൾ നൽകി സ്വീകരിക്കുന്ന മൂന്നു കുട്ടികൾ.   (Vatican Media)

പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം

"സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ" എന്ന സന്ദേശവുമായി സെപ്റ്റംബർ 13 മുതൽ15 വരെ കസാഖ്സ്ഥാനിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയെട്ടാം അപ്പോസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിലെ മധ്യാഹ്നം മുതൽ മൂന്നാം ദിനത്തിന്റെ മധ്യാഹ്നം വരെ നടന്ന കാര്യപരിപാടികളുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സെപ്റ്റംബർ 14 ആം തിയതി  അപ്പോസ്തോലിക ന്യുൺഷിയേച്ചറ്റിൽ നിന്നും പ്രാദേശിക സമയം16.00 മണിക്ക് 7.കി.മീ അകലെ സ്ഥിതി ചെയ്യുന്ന എക്സ്പോ മൈതാനത്തിലേക്ക് കാറിൽ  യാത്രയായ പാപ്പാ 16.15ന് മൈതാനത്തിലെത്തി. വിശ്വാസികൾക്കിടയിലൂടെ സഞ്ചരിച്ച് അവരെ അഭിവാദ്യം ചെയ്ത ശേഷമാണ് പാപ്പാ ദിവ്യപൂജയ്ക്കായുള്ള ഒരുക്കത്തിനായി പ്രവേശിച്ചത്.

 എക്സ്പോ മൈതാനം

നൂർ-സുൽത്താന്റെ ഇടത് കരയിലാണ് എക്സ്പോ മൈതാനം. ഇവിടെയാണ് തലസ്ഥാനത്തെ അന്തർദേശിയ എക്‌സിബിഷൻ സെന്ററായ "എക്‌സ്പോ" സ്ഥിതി ചെയ്യുന്നത്. "ഭാവിയുടെ ഊർജ്ജം" എന്ന വിഷയത്തിൽ 2017 ജൂൺ 10 മുതൽ സെപ്റ്റംബർ 10 വരെ സംഘടിപ്പിച്ച  EXPO-2017 അന്തർദേശീയ പ്രദർശനത്തിന് ആതിഥേയത്വം വഹിച്ചതോടെ ഈ പ്രദേശം സുപ്രസിദ്ധമാണ്.

ഊർജ്ജ കാര്യക്ഷമത, സുസ്ഥിരത, പുതുക്കാവുന്ന ഊർജ്ജം (renewable energy), കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട 115 രാഷ്ട്രങ്ങളുടെയും 22 അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്ന എക്സ്പോ 2017, ഏകദേശം നാല് ദശലക്ഷം ആളുകൾ സന്ദർശിച്ചിട്ടുണ്ട്. അതിൽ 65000 പേർ വിദേശത്ത് നിന്നുള്ളവരാണ്. "പൊതുനന്മയ്ക്കായുള്ള ഊർജ്ജം: നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുക" എന്ന പേരിൽ സ്വന്തം പവലിയനോടുകൂടി, പരിശുദ്ധ സിംഹാസനവും എക്സ്പോയിൽ പങ്കെടുത്തിരുന്നു. 25 ഹെക്ടർ വിസ്തൃതിയിൽ വിദേശ പവലിയനുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളിൽ ഇന്ന് പ്രധാനമായും ഒരു സർവ്വകലാശാല, ടെക്നോപാർക്ക്, സാമ്പത്തിക, എക്സിബിഷൻ കേന്ദ്രങ്ങൾ തുടങ്ങിയവയാണുള്ളത്. 

എക്സ്പോ കോംപ്ലക്സ് ശാസ്ത്രം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക ശാസ്ത്രം എന്നിവയുടെ വികസനത്തിന്റെ പ്രഭവ കേന്ദ്രമായി മാത്രമല്ല, വിനോദ വ്യവസായത്തിന്റെയും കേന്ദ്രമായും മാറിയിരിക്കുന്നു. സമീപ വർഷങ്ങളിൽ പ്രധാനപ്പെട്ട സംഭവങ്ങൾ നടന്ന നൂർ-അലേം മ്യൂസിയവും കോൺഗ്രസ് സെന്ററും ഇവിടെയാണ്.

നൂർ-അലേം - ഫ്യൂച്ചർ എനർജി മ്യൂസിയം, EXPO-2017 ന്റെ സെൻട്രൽ പവലിയൻ, ചില്ലുകൊണ്ടും ഉരുക്കു കൊണ്ടും നിർമ്മിച്ച പന്ത് രൂപത്തിലുള്ള ഘടനയാണ്. ഇത് അമേരിക്കൻ വാസ്തുശിൽപ്പികളായ അഡ്രിയാൻ സ്മിത്തും, ഗോർഡൻ ഗില്ലും രൂപകൽപ്പന ചെയ്തതാണ്. 80 മീറ്റർ വ്യാസവും, 100 മീറ്റർ ഉയരവും 26,000 ചതുരശ്ര മീറ്റർ ഉൾവശവുമുള്ള മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ ഗോളാകൃതിയിലുള്ള കെട്ടിടമാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയുടെ പ്രതീകമാണ്. കസാഖ്സ്ഥാന്റെ വർത്തമാന, ഭാവി ചരിത്രം പറയുന്ന എട്ട് നിലകളിലായാണ് ഇത് തീർത്തിരിക്കുന്നത്. ഇവിടെ മറ്റുകാര്യങ്ങൾക്കൊപ്പം ഊർജ്ജ മേഖലയിലെ കസാഖ് ശാസ്ത്രജ്ഞരുടെ പ്രധാന പദ്ധതികളും "ടോകാമാക്" തെർമോ ന്യൂക്ലിയർ റിയാക്ടറിന്റെ മാതൃകയും അവർ അവതരിപ്പിക്കുന്നു. പുറത്ത്, സോളാർ പാനലുകളും രണ്ട് കാറ്റാടി ജനറേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് മുഴുവൻ കെട്ടിടത്തിനും വൈദ്യുതി നൽകുന്നു. എക്‌സ്പോ ഗ്രൗണ്ടിന്റെ വലിയ ചത്വരത്തിൽ ഏകദേശം 10,000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും. ഇവിടെയാണ് ഫ്രാൻസിസ് പാപ്പാ ദിവ്യബലിയർപ്പിച്ചത്.

ദിവ്യബലിയർപ്പണവും വചനപ്രഘോഷണവും

16.30ന് അവിടെ സജ്ജമാക്കിയ സങ്കീർത്തിയിൽ എത്തിയ പാപ്പാ 16.45 ന് എക്‌സ്പോ മൈതാനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.കുരിശിന്റെ മഹത്വീകരണ തിരുന്നാൾ ദിവ്യബലി പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മീകത്വത്തിൽ  ലത്തീൻ, റഷ്യൻ ഭാഷകളിലാണ് അർപ്പിക്കപ്പെട്ടത്. റഷ്യൻ ഭാഷയിലായിരുന്നു ദിവ്യബലിയിലെ വായനകൾ.

എക്സ്പോ മൈതാനത്തിൽ പാപ്പാ ദിവ്യബലിയർപ്പണവും വചനപ്രഘോഷണവും

ആദ്യ വായന സംഖ്യയുടെ പുസ്തകം 21, 4-9 ൽ നിന്ന് പിത്തള സർപ്പത്തെ നോക്കുന്നവൻ ജീവിക്കും എന്ന ഭാഗമായിരുന്നു.  വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നിന്ന് 3: 13-17: മനുഷ്യപുത്രൻ  ഉയർത്തപ്പെടണം എന്ന ഭാഗമായിരുന്നു സുവിശേഷം. തുടർന്ന് പരിശുദ്ധ പിതാവ്  വചന പ്രഘോഷണം നടത്തി. പ്രഭാഷണത്തെ തുടർന്ന് റഷ്യൻ, കസാഖ് ഭാഷകളിലായിരുന്നു വിശ്വാസികളുടെ പ്രാർത്ഥന.  ദിവ്യ പൂജയ്ക്ക് ശേഷം അസ്താനയിലെ പരിശുദ്ധ കന്യാമറിയത്തിന്റ നാമത്തിലുള്ള അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. തോമഷ് ബെർണാഡ് പേത്ത പാപ്പയ്ക്ക് അഭിവാദനം അർപ്പിച്ചു.  അതിന് ശേഷം തന്റെ അപ്പോസ്തോലിക സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പാപ്പാ അദ്ദേഹത്തിന് ഒരു കാസ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് പാപ്പാ കൃതജ്ഞത അർപ്പിച്ചു. 18,15ന് സങ്കീർത്തിയിലേക്ക് മടങ്ങിയ പാപ്പാ 18.45 ന് അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലേക്ക് കാറിൽ യാത്രയായി. പ്രാദേശിക സമയം 19.00ന് അപ്പസ്തോലിക നുൺഷ്യേച്ചറിലെത്തിയ പാപ്പാ അവിടെ അത്താഴം കഴിച്ച് വിശ്രമിച്ചു.

സെപ്റ്റംബർ 15 വ്യാഴാഴ്ച്ച

സെപ്റ്റംബർ 15 വ്യാഴാഴ്ച്ചയിലെ പാപ്പയുടെ കാര്യപരിപാടികൾ പ്രാദേശിക സമയം  07.00 മണിക്ക്  സ്വകാര്യമായി അർപ്പിച്ച ദിവ്യബലിയോടു കൂടിയാണ് ആരംഭിച്ചത്. ദിവ്യബലിയെ തുടർന്ന് 09.00 മണിക്ക് പാപ്പാ കസാഖ്സ്ഥാനിലെ ഈശോ സഭാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച നടത്തി. അതിന് ശേഷം 10.10 ന്  4.3 കി.മീ അകലെയുള്ള നിത്യസഹായ മാതാവിന് സമർപ്പിച്ചിരിക്കുന്ന കത്തീഡ്രൽ ദേവാലയത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി.

നിത്യസഹായമാതാവിന്റെ കത്തീഡ്രൽ

അസ്താനയിലെ പരിശുദ്ധ കന്യകമറിയത്തിന്റെ നാമഥേയത്തിലുള്ള അതിരൂപതയുടെ ആസ്ഥാനമാണ് നിത്യസഹായ മാതാവിന്റെ കത്തീഡ്രൽ. 1930കളുടെ തുടക്കത്തിൽ യുക്രെയ്ൻ, ബെലാറസ്, വോൾഗ മേഖല, മുൻ സോവിയറ്റ് യൂണിയനിലെ മറ്റ് സ്ഥലങ്ങൾ എന്നിവയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിവാസികളെ കസാഖ്സ്ഥാനിലേക്ക് നാടുകടത്തിയതോടെയാണ് ഇടവകയുടെ ചരിത്രം ആരംഭിക്കുന്നത്.

പതിറ്റാണ്ടുകൾ അവിടെ കത്തോലിക്കാ സമൂഹം സോവിയറ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാൻ രഹസ്യമായി ഒത്തുകൂടിയിരുന്നു. നിരവധി ബുദ്ധിമുട്ടുകൾക്ക് ശേഷം, 1979 സെപ്റ്റംബർ 20ന്, രജിസ്റ്റർ ചെയ്യാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചു. അതേ വർഷം ഒക്ടോബർ 14 ന്, നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രാർത്ഥനാലയം വിശ്വാസികൾ ശേഖരിച്ച പണം ഉപയോഗിച്ച് വാങ്ങി ആശീർവദിച്ചു. വർഷങ്ങളായി വിശ്വാസികളെ നിരവധി അപകടസാധ്യതകളിൽ നിന്നും കാത്തുരക്ഷിക്കുകയും അവിടെ സൂക്ഷിക്കുകയും ചെയ്തിരുന്ന മാതാവിന്റെ രൂപത്തോടുള്ള ബഹുമാനാർത്ഥം നിത്യസഹായ മാതാവിന്റെ പേരാണ് ഈ പ്രാർത്ഥനാ ഭവനത്തിന് നൽകിയിരിക്കുന്നത്. 1994 മെയ് 18-ന്, കസാഖ്സ്ഥാനിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ജാൺ പവെൽ ലെംഗ ഇപ്പോൾ അക്ബുലാക്ക് എന്നു വിളിക്കുന്ന അരുവിക്കടുത്ത്  ഒരു പുതിയ പള്ളിയുടെ നിർമ്മാണം നടത്താൻ  അനുവാദം നൽകി. അതേ വർഷം നവംബർ 11ന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പണിപൂർത്തിയാകാതിരിന്നിട്ടും പള്ളിയിൽ 1998 ഏപ്രിൽ 1മുതൽ തിരുകർമ്മങ്ങൾ നടത്തിയിരുന്നു.

1999 ജൂൺ 27ന്, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രതിനിധി കർദ്ദിനാൾ ജൊവാക്കിം മെയ്‌സ്‌നർ അസ്താനയിലെ നിത്യസഹായ മാതാവിന് സമർപ്പിച്ച ദേവാലയത്തിന്റെ ആശീർവ്വാദ കർമ്മം നിർവ്വഹിച്ചു. 1999 ആഗസ്റ്റ് 6-ന്, ജോൺ പോൾ രണ്ടാമൻ പാപ്പാ അസ്താനയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ചതിനുശേഷം, ഈ ദേവാലയത്തെ ഒരു കത്തീഡ്രലായി ഉയർത്തുകയും 2006 ജൂൺ 25-ന് റഷ്യയിലെ പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് അന്തോണിയോ മെന്നീനി അതിന്റെ ആശീർവ്വാദകർമ്മം നിർവ്വഹിക്കുകയും ചെയ്തു. താൻ ആശീർവ്വദിച്ചു നൽകിയ മൂലക്കല്ലിൽ പണിതീർത്ത ദേവാലയം 2001 സെപ്റ്റംബറിൽ  ജോൺ പോൾ രണ്ടാമൻ പാപ്പാ സന്ദർശിക്കുകയും ചെയ്തു. ഇവിടെ വച്ചാണ് ഫ്രാൻസിസ് പാപ്പാ 10.30 ന് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ,സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

നിത്യസഹായമാതാവിന്റെ കത്തീഡ്രലിൽ ഫ്രാൻസിസ് പാപ്പാ മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ,സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച]

പ്രഭാഷണത്തിന് ശേഷം അവിടെ സന്നിഹിതരായിരുന്ന മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ,സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന പ്രവർത്തകർ എല്ലാവരും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. തുടർന്ന് സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിന് സമർപ്പണം ചെയ്യുന്ന പ്രാർത്ഥന പാപ്പാ അർപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ലത്തീൻ ഭാഷയിൽ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ  പിതാവേ " എന്ന പ്രാർത്ഥന ആലപിക്കപ്പെട്ടു. അതിന് ശേഷം പാപ്പാ  അപ്പോസ്തോലിക ആശീർവ്വാദം നൽകി.  പിന്നീട് “പരിശുദ്ധ രാജ്ഞീ” എന്ന പ്രാർത്ഥന ലത്തീ൯ ഭാഷയിൽ ആലപിച്ചു. തുടർന്ന് പാപ്പാ വ്യക്തിപരമായി മെത്രാന്മാരെ അഭിവാദ്യം ചെയ്യുകയും, അവരോടൊപ്പം ഫോട്ടോ എടുക്കുകയും  ചെയ്തു.

 മധ്യേ ഏഷ്യയിലെ മെത്രാൻ സമിതി

2021 സെപ്റ്റംബറിൽ സ്ഥാപിതമായ മധ്യ ഏഷ്യൻ മെത്രാൻ സമിതി (സി.ഇ.വി.എ.സി.) പ്രാദേശികസഭയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി മാത്രമല്ല, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, മംഗോളിയാ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സഭകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്. പുതിയ അന്തർദേശീയ സമിതിയുടെ സമ്മേളനം 2022 ഏപ്രിൽ 26 മുതൽ 30 വരെ സമ്മേളിച്ച് അതിന്റെ ആദ്യ അധ്യക്ഷനായി  അൽമത്തിയിലെ പരിശുദ്ധ ത്വിത്വത്തിന്റെ നാമഥേയത്തിലുള്ള രൂപതയുടെ മെത്രാൻ മോൺ. ഹോസെ ലൂയിസ് മുംബിയേല സിയറയെ തിരഞ്ഞെടുത്തു. കൂടാതെ ഉപാധ്യക്ഷനായി  ഉസ്ബെക്കിസ്ഥാനിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മോൺ. ജെഴ്‌സി മക്കലെവിക്സിനെയും, സെക്രട്ടറി ജനറലായി കരഗണ്ട രൂപതയുടെ സഹായമെത്രാൻ മോൺ. എവ്ജെനി സിങ്കോവ്‌സ്‌കിയെയും തിരഞ്ഞെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രാദേശിക സമയം 11.30ന്  പാപ്പാ അപ്പോസ്തോലിക ന്യൂൺഷിയേച്ചറിലേക്ക് കാറിൽ യാത്രയായി. 11. 45 ന്  ഉച്ചഭക്ഷണം കഴിച്ച പാപ്പാ 14.15ന് അപ്പോസ്തോലിക ന്യൂൺഷിയേച്ചറിലുള്ള ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ആശംസകൾ നേർന്നു. 14.30 ന് അവിടെ നിന്നും 3.3 കി. മീ അകലെയുള്ള ഇൻഡിപെൻഡൻസ് പാലസിലേക്ക്‌ യാത്രയായി. അവിടെ 15.00 മണിക്ക്  ഇൻഡിപെൻഡൻസ് കൊട്ടാരത്തിലെ കോൺഫറൻസ് റൂമിലാണ്  ലോക മത നേതാക്കളുടെ കോൺഗ്രസിന്റെ സമാപനവും കോൺഗ്രസ്സിന്റെ അന്തിമ പ്രഖ്യാപനവും വായിച്ചത്. അവിടെ പാപ്പാ തന്റെ സന്ദേശം നൽകി.

പാപ്പായുടെ പ്രഭാഷണത്തിനു ശേഷം റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ സമാപന പ്രസംഗവുമുണ്ടായിരുന്നു. പിന്നീട് പാപ്പാ മതനേതാക്കളെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു ശേഷം 12.00 മണിക്ക് 7.7 കി .മീ അകലെയുള്ള നൂർ-സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ യാത്രയായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2022, 13:33