തിരയുക

"ഫ്രാൻചെസ്കോയുടെ സമ്പദ്ഘടന"- അസ്സീസി ഉമ്പടി ഒപ്പുവയ്ക്കപ്പെട്ടു!

അസ്സീസിയിൽ ഒപ്പുവയ്ക്കപ്പെട്ടത്, യുദ്ധത്തിൻറെതല്ല, പ്രത്യുത, ശാന്തിയുടെ ഉടമ്പടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായും സാമ്പത്തികവിദഗ്ദ്ധരും വ്യവസായസംരംഭകരും പരിവർത്തനത്തിൻറെ ശില്പികളുമായ യുവതയും അസ്സീസി ഉടമ്പടിയിൽ ഒപ്പുവച്ചു.

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ അസ്സീസിയിൽ വിളിച്ചുകൂട്ടിയ  “ഫ്രാൻചെസ്കൊയുടെ സമ്പദ്ഘടന” അഥവാ, “ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ” (ECONOMY OF FRANESCO, EoF) എന്ന ത്രിദിന കൂടിക്കാഴ്ചയുടെ സമാപനദിനത്തിൽ, ശനിയാഴ്ച (24/09/22) ആണ് ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്.

തങ്ങളുടെ തലമുറയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തെക്കുറിച്ച് അവബോധം പുലർത്തിക്കൊണ്ട്, തങ്ങൾ, സുവിശേഷത്തിൻറെ സമ്പദ്ഘടനയായിത്തീരുന്ന ഇന്നിൻറെയും നാളത്തെയും സാമ്പത്തികവ്യവസ്ഥയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ വ്യക്തിപരമായും സംഘാതമായും ശ്രമിക്കുമെന്ന് അവർ ഉടമ്പടിയുടെ തുടക്കത്തിൽ വ്യക്തമാക്കുന്നു.

ആയുധങ്ങളുടെ, വിശിഷ്യ, ഏറ്റം സംഹാരശേഷിയുള്ള ആയുധങ്ങളുടെ, വ്യാപനത്തെ ചെറുക്കുന്ന ഒരു സമ്പദ്ഘടനയാണ് തങ്ങൾ വിഭാവനം ചെയ്യുന്നതെന്നും അത് യുദ്ധത്തിൻറെതല്ല മറിച്ച് സമാധാനത്തിൻറെതാണെന്നും അവർ വിശദീകരിക്കുന്നു.

ഈ സമ്പദ്ഘടന മനുഷ്യവ്യക്തിയുടെയും കുടുംബത്തിൻറെയും ജീവൻറെയും സേവനത്തിനുള്ളതും സകലസ്ത്രീപുരുഷന്മാരോടും ആബാലവൃദ്ധം ജനങ്ങളോടും ഏറ്റം വേധ്യരായവരോടും ദുർബ്ബലരോടും ആദരവ് പുലർത്തുന്നതുമായിരിക്കുമെന്നും ഉടമ്പടയിൽ കാണുന്നു.

തിരസ്കരണവും നിസ്സംഗതയുമുള്ളിടത്ത് കരുതൽ സ്ഥാനം പിടിക്കുന്നതും സമൂഹനിർമ്മിതിയിൽ ആരെയും പുറന്തള്ളാത്തതും സകലർക്കും സുരക്ഷിതവും മാന്യവുമായ തൊഴിൽ ഉറപ്പു നല്കുന്നതും ധനം യഥാർത്ഥ സാമ്പത്തിക വ്യവസ്ഥയുടെയും തൊഴിലിൻറെയും മിത്രവും കൂട്ടുകക്ഷിയുമായിത്തീരുന്നതുമാണ് ഈ സാമ്പത്തിക ഘടനയെന്നും ഈ ഉടമ്പടി പറയുന്നു.

ഇത് മനുഷ്യവ്യക്തിയുടെ ധാർമ്മികതയാൽ നയിക്കപ്പെടുന്നതും സർവ്വാതിശായിത്വത്തോട് തുറവുള്ളതും ആയിരിക്കുമെന്നും  അത് സാങ്കല്പികമല്ലെന്നും ഈ ഉടമ്പടി വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2022, 21:20