തിരയുക

ഫ്രാൻസീസ് പാപ്പാ കത്തോലിക്ക നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislators Network)ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അവരോടൊപ്പമുണ്ടായിരുന്ന കുട്ടികളുമൊത്ത് അല്പനേരം , 25/08/22 ഫ്രാൻസീസ് പാപ്പാ കത്തോലിക്ക നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislators Network)ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അവരോടൊപ്പമുണ്ടായിരുന്ന കുട്ടികളുമൊത്ത് അല്പനേരം , 25/08/22  

പാപ്പാ: നീതിയും സാഹോദര്യവും സമാധാനവും വാഴുന്ന ഒരു ലോക നിർമ്മിതി!

കത്തോലിക്ക നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislators Network) ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരടങ്ങിയ ഇരുനൂറോളം പേർക്കാ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ദർശനം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ഇന്നത്തെ ലോകത്തിൽ നീതിക്കായി കേഴുന്നവർ നിരവധിയാണെന്ന് മാർപ്പാപ്പാ.

കത്തോലിക്ക നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislators Network) ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരടങ്ങിയ ഇരുനൂറോളം പേരെ വ്യാഴാഴ്‌ച (25/08/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ്പാപ്പാ.

ലോകത്തിൻറെ പല മേഖലകളെയും ബാധിക്കുന്ന സംഘർഷങ്ങളും വിഭജനവും കൊണ്ട് മുദ്രിതമായിരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ നീതിയും സമാധാനവും മുന്നോട്ട് കൊണ്ടുപോകുക എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് ചർച്ചചെയ്യുകയാണ് കത്തോലിക്കരായ നിയമനിർമ്മാതാക്കളുടെ ഈ സമ്മേളനത്തിൻറെ ലക്ഷ്യം എന്ന് അനുസ്മരിച്ച പാപ്പാ, തൻറെ പ്രഭാഷണം നീതി, സാഹോദര്യം സമാധാനം എന്നീ മൂന്നു പദങ്ങളിൽ കേന്ദ്രീകരിച്ചു.

ഓരോ വ്യക്തിക്കും അർഹമായത് നൽകാനുള്ള ഇച്ഛാശക്തിയായി നിർവചിക്കപ്പെടുന്ന നീതി, ബൈബിൾ പാരമ്പര്യമനുസരിച്ച്, ദൈവവുമായും മറ്റുള്ളവരുമായും ശരിയായ ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള മൂർത്തമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് വിശദീകരിച്ചു.

സാഹോദര്യം എന്ന വാക്ക് വിശകലനം ചെയ്ത പാപ്പാ, വാസ്‌തവത്തിൽ, സാഹോദര്യ ബന്ധത്തിൻറെ അഭാവത്തിൽ  നീതീവാഴുന്ന ഒരു സമൂഹത്തിന് അസ്തിത്വമുണ്ടാകില്ല എന്ന് പറഞ്ഞു. സാഹോദര്യബന്ധം എന്നതിൻറെ വിവക്ഷ മാനവകുടുംബത്തിലെ ഓരോ അംഗത്തിൻറെയും സമഗ്രവികസനത്തിലും ക്ഷേമത്തിലും കൂട്ടുത്തരവാദിത്വബോധവും ഉത്കണ്ഠയും പുലർത്തുകയുമാണെന്നും അവയില്ലെങ്കിൽ നീതിയുള്ള സമൂഹം ഉണ്ടാകില്ലെന്നും പാപ്പാ വിശദീകരിച്ചു.

സമാധാനം എന്ന വാക്കിനെക്കുറിച്ച് പരാമർശിച്ച പാപ്പാ സനാതന സമാധനത്തിലേക്കുള്ള സരണി സഹകരണം, വിശിഷ്യ, സകലർക്കും ഗുണകരമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ, കൂടുതൽ ഉത്തരവാദിത്വമുള്ളവരുടെ സഹകരണം വ്യവസ്ഥചെയ്യുന്നുവെന്ന് വ്യക്തമാക്കി. പൊതു ഭാവി കെട്ടിപ്പടുക്കാനുള്ള പരിശ്രമം സമാധാനത്തിനായുള്ള നിരന്തരമായ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു.

സാർവ്വത്രിക സാഹോദര്യത്തിലും എല്ലാവർക്കുമുള്ള നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം കെട്ടിപ്പടുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ പ്രക്രിയകളിലൂടെയും നിയമനിർമ്മാണത്തിലൂടെയും പരിശ്രമിക്കുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം കൈവരിക്കാൻ കഴിയൂ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2022, 18:40