തിരയുക

കാനഡയിലേക്കുള്ള അപ്പസ്തോലിക യാത്ര - റെസിഡൻഷ്യൽ സ്കൂളുകളിലെ ചില മുൻ വിദ്യാർത്ഥികളുമായി പാപ്പാ. കാനഡയിലേക്കുള്ള അപ്പസ്തോലിക യാത്ര - റെസിഡൻഷ്യൽ സ്കൂളുകളിലെ ചില മുൻ വിദ്യാർത്ഥികളുമായി പാപ്പാ. 

കാനഡ സന്ദർശനത്തെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ

ജൂലൈ 24-30 വരെ കാനഡയിലേക്ക് തന്റെ അപ്പോസ്തോലിക സന്ദർശനം സാധ്യമാക്കിയ എല്ലാവർക്കും പാപ്പാ നന്ദി പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ മുപ്പത്തിയൊന്നാം തിയതി ഞായറാഴ്ച വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളോടും, തീർത്ഥാടകരോടുമാണ് പാപ്പാ  ഇത്  പങ്കുവച്ചത്. കാനഡ സന്ദർശനത്തിലായിരുന്ന അവസരത്തിലും തന്റെ ചിന്തകൾ യുക്രെയ്നിലെ ജനങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു എന്ന് പാപ്പാ പങ്കുവച്ചു.

ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം സംസാരിച്ച പാപ്പാ, കാനഡയിലെ സിവിൽ അധികാരികൾ, തദ്ദേശീയ ജനങ്ങളുടെ നേതാക്കൾ, മെത്രാന്മാർ എന്നിവരുമായി നടന്ന കൂടികാഴ്ചയുൾപ്പെടെയുള്ള തന്റെ "അനുതാപ തീർത്ഥാടനം" സാധ്യമാക്കിയ എല്ലാവർക്കും പാപ്പാ നന്ദി പറഞ്ഞു.

പ്രാർത്ഥനയോടെ തന്നോടൊപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദിയറിയിച്ച പാപ്പാ ബുധനാഴ്ചത്തെ പൊതുകൂടികാഴ്ചയിൽ തന്റെ സന്ദർശനത്തെക്കുറിച്ച് ദീർഘമായി സംസാരിക്കുമെന്നും പറഞ്ഞു.

യുക്രെയ്നിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

കാനഡയിലായിരുന്നിട്ടും താൻ ഒരിക്കലും യുക്രേനിയൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നത് നിർത്തിയില്ല എന്നും പാപ്പാ പറഞ്ഞു. "ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന അവരെ യുദ്ധത്തിന്റെ വിപത്തിൽ നിന്ന് വിടുവിക്കാൻ ദൈവത്തോടു അപേക്ഷിക്കുകയും ചെയ്തു" എന്ന് ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു.

"യാഥാർത്ഥ്യത്തെ വസ്തുനിഷ്ഠയായി വീക്ഷിക്കുകയാണെങ്കിൽ ഓരോ ദിവസത്തെ യുദ്ധവും ആ ജനതയ്‌ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും വരുത്തുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ചെയ്യേണ്ട ഒരേയൊരു ന്യായമായ കാര്യം യുദ്ധം നിർത്തിവയ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്നതാണ് " എന്ന് പാപ്പാ പങ്കുവച്ചു. "വിജ്ഞാനം സമാധാനത്തിന്റെ മൂർത്തമായ ചുവടുവയ്പുകളെ പ്രചോദിപ്പിക്കട്ടെ," എന്നും പാപ്പാ പങ്കുവച്ചു.

ഇഗ്നേഷ്യൻ വർഷത്തിന്റെ സമാപനം കുറിക്കുന്ന ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുനാളിനോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പാ “ഈശോസഭയിലെ തന്റെ സഹോദരങ്ങളെ” സ്നേഹപൂർവ്വം അഭിവാദ്യം ചെയ്തു. ദൈവത്തിന്റെ  സേവനത്തിൽ തീക്ഷ്ണതയോടും സന്തോഷത്തോടും മുന്നോട്ട് പോകാൻ അവരെ ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2022, 13:31