തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (AFP or licensors)

പാപ്പാ: സഭയിൽ സകലർക്കും ഇടമുണ്ട് എന്ന ഉറച്ച ബോധ്യത്തിൽ വർത്തിക്കുക!

ഇറ്റലിയെ ഉത്തര ദക്ഷിണ ഭാഗങ്ങളിലെ 12 പ്രദേശങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെ സമ്മേളനം ബെനെവേന്തൊയിൽ ആഗസ്റ്റ് 30,31 തീയതികളിൽ. പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലരെയും ആശ്ലേഷിക്കുന്നതും വേലിക്കെട്ടുകളില്ലാത്തതും എല്ലാവരും സ്വാഗതം ചെയ്യപ്പെടുന്നു എന്ന പ്രതീതിയുളവാക്കുന്നതുമായ ഒരു സഭയ്ക്ക് സാക്ഷ്യമേകത്തക്കവിധം തുറവുള്ള ഹൃദയത്തോടെ മുന്നേറാൻ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാർക്ക് പ്രചോദനം പകരുന്നു.

ഇറ്റലിയിൽ ജനസംഖ്യകുറഞ്ഞുവരുന്ന ഭീഷണിയുള്ള ഉത്തര ദക്ഷിണ ഭാഗങ്ങളിലെ 12 പ്രദേശങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെ സമ്മേളനം തെക്കെ ഇറ്റലിയിലെ ബെനെവേന്തൊയിൽ ആഗസ്റ്റ് 30,31 (30-31/08/22) തീയതികളിൽ നടക്കുന്ന പശ്ചാത്തലത്തിൽ അതിൽ പങ്കെടുക്കുന്ന മുപ്പതോളം മെത്രാന്മാർക്ക് ഈ യോഗത്തിൻറെ പ്രഥമദിനം ആയിരുന്ന ചൊവ്വാഴ്‌ച നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രോത്സാഹജനക വാക്കുകൾ ഉള്ളത്.

സഭയിൽ സകലർക്കും ഇടമുണ്ട് എന്ന സുദൃഡ കേന്ദ്രബിന്ദുവിൽ നിന്നു വേണം പ്രേഷിതാശയങ്ങളും അജപാലന പദ്ധതികളും രൂപപ്പെടുത്തേണ്ടതെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. തങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകൾ നിറഞ്ഞ അവസ്ഥയ്ക്കു മുന്നിൽ മെത്രാന്മാർക്ക്, ലോകത്തിൽ പുളിമാവ് ആയിരിക്കുകയെന്ന തങ്ങളുടെ ദൗത്യത്തിൽ അടുത്തു പങ്കുചേരുന്ന വൈദികർക്കും സമർപ്പിതർക്കും അൽമായ വിശ്വാസികൾക്കും സഹായഹസ്തം നീട്ടുകയെന്ന കടമയുണ്ടെന്ന് പാപ്പാ പറയുന്നു.

മെത്രാന്മാരുടെ സമ്മേളനം ഫലദായകമായ സാഹോദര്യാനുഭവം പ്രദാനം ചെയ്യുകയും അവരുടെ അജപാലനശ്രദ്ധയ്ക്കായി ഭരമേല്പിക്കപ്പെട്ടരിക്കുന്ന വിശ്വാസികൾക്ക് ഗുണകരമായി ഭവിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2022, 15:10