തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ.  (Vatican Media)

പാപ്പാ : ക്രിസ്തുവിനെ ഓൺലൈനിൽ പ്രഘോഷിക്കുമ്പോൾ വരുന്ന തെറ്റുകളിൽ ഒരിക്കലും തളർന്ന് പോകരുത്

"Hechos 29" അല്ലെങ്കിൽ "Acts 29" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്ക് ശനിയാഴ്ച അയച്ച വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പങ്കുവച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മെക്സിക്കോയിൽ നടക്കുന്ന ഓൺലൈൻ സുവിശേഷ പ്രവർത്തകരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക്  ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം അയക്കുകയും, ഇതുവരെ ക്രിസ്തുവിനെ കണ്ടുമുട്ടാത്ത ഡിജിറ്റൽ ഇടങ്ങളിലുള്ള ആളുകളിലേക്ക് എത്തിച്ചേരാൻ "ഡിജിറ്റൽ സുവിശേഷകരോടു" അഭ്യർത്ഥിക്കുകയും ചെയ്തു. "നമ്മുടെ ഉള്ളിൽ പ്രവേശിക്കാൻ ദൈവം വാതിലിൽ വന്ന് മുട്ടുന്നു. എന്നാൽ എത്രയോ പ്രാവശ്യം തന്നെ പുറത്തേക്കു വിടാൻ അവിടുന്ന് അകത്തേ വാതിലിൽ  മുട്ടുന്നു!" പാപ്പാ പറഞ്ഞു.

ആഗസ്റ്റ് 5-6 തീയതികളിൽ മെക്‌സിക്കോയിലെ മോണ്ടെറിയിൽ വെച്ച് നടന്ന അന്താരാഷ്‌ട്ര സമ്മേളനം ഡിജിറ്റൽ മേഖലയിൽ സഭയുടെ സജീവ അംഗങ്ങളാകാൻ പ്രോത്സാഹിപ്പിച്ചു. ഇത്  "ഡിജിറ്റൽ ഓൺലൈനിലും, സമൂഹ മാധ്യമങ്ങളിലും സുവിശേഷവത്കരണം നടത്താൻ ശ്രമിക്കുന്ന "ഡിജിറ്റൽ സുവിശേഷകരായ" ക്രൈസ്തവരെ ഒരുമിച്ചു കൊണ്ടുവരുന്നു.

മിഷനറിമാരുടെ ഓൺലൈൻ കൂട്ടായ്മ

"പ്രധാനപ്പെട്ട ഒരു സംരംഭം" എന്ന് ഇതിനെ  വിശേഷിപ്പിച്ച പാപ്പാ പരിപാടിയിൽ പങ്കെടുത്തവർക്ക് തന്റെ ഹ്രസ്വമായ വീഡിയോ സന്ദേശത്തിൽ ഹൃദയംഗമമായ ആശംസകൾ അയച്ചു. “പുതിയ ചക്രവാളങ്ങളിലേക്കും അതിരുകളിലേക്കും പോകാൻ ഒരിക്കലും ഭയപ്പെടാത്ത, സർഗ്ഗാത്മകതയോടും ധൈര്യത്തോടും കൂടി, ദൈവത്തിന്റെ കരുണയും ആർദ്രതയും പ്രഖ്യാപിക്കുന്ന സഭയുടെ മിഷനറി ജീവിതത്തിന്റെ ഭാഗമായി അവർ ഒരു സമൂഹമാണെന്ന് അനുഭവിക്കാൻ ഈ സമ്മേളനം നിങ്ങളെ സഹായിക്കട്ടെ” എന്ന വാക്കുകളിലാണ് പാപ്പാ അവർക്ക് ആശംസകൾ നൽകിയത്. കാനഡയിലേക്കുള്ള തന്റെ സമീപകാല അപ്പോസ്തോലിക യാത്രയിൽ കത്തോലിക്കർക്ക് നൽകിയ പ്രോത്സാഹനവും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

"ഇതുവരെ ക്രിസ്തുവിനെ കണ്ടുമുട്ടാത്തവരോടു സുവിശേഷത്തിന്റെ ഹൃദയം പ്രഘോഷിക്കാൻ നാം പുതിയ വഴികൾ കണ്ടെത്തണം," എന്ന് പാപ്പാ ആവർത്തിച്ചു. "ഇത് ആളുകൾ താമസിക്കുന്നിടത്ത് എത്തിച്ചേരാൻ പ്രാപ്തമായ ഒരു ഇടയ സർഗ്ഗാത്മകതയ്ക്ക് ക്ഷണിക്കുന്നു എന്നും ജനങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ അവരെ -ശ്രവിക്കാനും, സംവാദിക്കാനും, കണ്ടുമുട്ടാനും അവസരങ്ങൾ കണ്ടെത്തണമെന്നും പാപ്പാ കൂട്ടിചേർത്തു.

മുറിവേറ്റെങ്കിലും പുറത്തേക്ക് പോകുന്ന സഭ

ഓൺലൈനിൽ സുവിശേഷവത്കരണത്തിന് പരിശ്രമിക്കുമ്പോൾ വരുന്ന തെറ്റുകളിൽ ഭയപ്പെടരുതെന്ന് പാപ്പാ യുവ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു.

ലോകത്തിന്റെ അസ്ഥിത്വപരമായ അതിരുകളിലേക്ക് കടക്കുന്നതിലൂടെ മുറിവേറ്റ ഒരു സഭയെയാണ്; അതിന്റെ ചെറിയ സുരക്ഷിതത്വങ്ങളിൽ അടച്ചിരിക്കുന്ന അസുഖമുള്ള ഒരു സഭയെക്കാൾ താൻ ഇഷ്ടപ്പെടുന്നതെന്ന് ആവർത്തിക്കുന്നതിൽ ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല എന്നും പാപ്പാ വ്യക്തമാക്കി.

മറ്റുള്ളവരോടു നല്ല സമരിയാക്കാരായി വർത്തിക്കുന്ന ഡിജിറ്റൽ മിഷനറിമാർ ഇന്റർനെറ്റിനെയും, സമൂഹ മാധ്യമത്തെയും "മനുഷ്യത്വം നിറഞ്ഞ" ഇടങ്ങളാക്കി മാറ്റുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ഓൺലൈനിൽ മറ്റുള്ളവരുമായി നന്നായി പെരുമാറുന്നതിലൂടെ, സമകാലിക സംസ്കാരത്തിന് " നിങ്ങളിലൂടെ ദൈവത്തെ അനുഭവിച്ചുകൊണ്ട് അവിടുത്തെ അറിയാൻ കഴിയും" എന്ന് പാപ്പാ വ്യക്തമാക്കി. അകലെയുള്ളവരുടെ അടുത്തു ചെന്ന് യേശുവിന്റെ പ്രത്യാശ നൽകുകയും പ്രത്യാശിക്കാൻ അവരിലുള്ള കാരണങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യുക എന്ന് എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

വാക്കും ഉപവിയും

എല്ലാ ഡിജിറ്റൽ സുവിശേഷകർക്കും പ്രോത്സാഹനം നൽകിക്കൊണ്ടാണ് പാപ്പാ തന്റെ വീഡിയോ സന്ദേശം ഉപസംഹരിച്ചത്.

“വാക്കുകളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഉണ്ടാകട്ടെ, വെർച്വാലിറ്റി സാന്നിധ്യം ശക്തിപ്പെടുത്താൻ ഇടയാക്കട്ടെ, അങ്ങനെ വെബിൽ യേശുവിനെ അവരവരുടെ സ്വന്തം സംസ്കാരത്തിൽ അവതരിപ്പിക്കുന്ന ഒരു കൂട്ടായ്മ സൃഷ്ടിക്കാൻ കഴിയും.”

എന്ന് ഫ്രാൻസിസ്  പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2022, 12:37