തിരയുക

കാലം ചെയ്ത കർദ്ദിനാൾ യോസെഫ് ടോംകൊ (Card. Jozef Tomko) കാലം ചെയ്ത കർദ്ദിനാൾ യോസെഫ് ടോംകൊ (Card. Jozef Tomko)   (Jozef Bartkovjak SJ)

നിര്യാതനായ കർദ്ദിനാൾ ടോംകൊ സുവിശേഷത്തിൻറെയും സഭയുടെയും എളിയ ശുശ്രൂഷകൻ!

കർദ്ദിനാൾ യോസെഫ് ടോംകൊയുടെ വിയോഗത്തിൽ ഫ്രാൻസീസ് പാപ്പായുടെ അനുശോചന സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ യോസെഫ് ടോംകൊയുടെ (Card.Jozef Tomko) നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

സ്ലോവാക്യയിലെ കൊഷിത്സെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ബെർണ്ണാഡ് ബോബെറിന് തിങ്കളാഴ്‌ച (08/08/22) അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ ദുഃഖം അറിയിച്ചത്.

അഗാധവിശ്വാസവും ദീർഘവീക്ഷണവും ഉണ്ടായിരുന്ന ആദരണീയനും ജ്ഞാനിയുമായിരുന്ന കർദ്ദിനാൾ ടോംകൊ വിനയത്തോടും ആത്മത്യാഗത്തോടും കൂടി സുവിശേഷത്തെയും സഭയെയും സേവിച്ചുവെന്ന് പാപ്പാ തൻറെ അനുശോചനസന്ദേശത്തിൽ അനുസ്മരിക്കുന്നു. തൻറെ മുൻഗാമികളോട് സൂക്ഷ്മതയോടും നിഷ്കൃഷ്ടബുദ്ധിയോടും സഹകരിച്ച വിവേകമതിയായിരുന്ന അദ്ദേഹം പരിശുദ്ധസിംഹാസനത്തിന് ദീർഘകാലം ഏകിയ ഫലദായക സേവനങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു. കർദ്ദിനാൾ ടോംകൊയുടെ തീക്ഷ്ണമായ പ്രാർത്ഥനാരൂപിയെക്കുറിച്ചും അനുശോചന സന്ദേശത്തിൽ പരാമർശിക്കുന്ന പാപ്പാ, അദ്ദേഹം വാർദ്ധക്യത്തിൽപ്പോലും അനുദിനം സായാഹ്നത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ജപമാല നയിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹത്തിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും മുന്നിൽ പരസ്യമായി സാക്ഷ്യം നല്കിയിരുന്നുവെന്ന് അനുസ്മരിക്കുന്നു. കർത്താവിൻറെ ഈ വിശ്വസ്ത ദാസനെ സ്വർഗ്ഗീയ ജറുസലേമിൽ സ്വീകരിക്കുന്നതിന് പാപ്പാ കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു.   

സ്ലൊവാക്യക്കാരനായിരുന്ന 98 വയസ്സു പ്രായമുണ്ടായിരുന്ന  കർദ്ദിനാൾ യോസെഫ് ടോംകൊയ്ക്ക് റോമിലെ വസതിയിൽ വച്ച് ആഗസ്റ്റ് 8-ന് തിങ്കളാഴ്‌ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സ്ലൊവാക്യയിലെ ഉദാവ്സ്കേയിൽ 1924 മാർച്ച് 11-ന് ജനിച്ച അദ്ദേഹം 1949 മാർച്ച് 12-ന് പൗരോഹിത്യം സ്വീകരിക്കുകയും 1979 സെപ്റ്റംബർ 15-ന് മെത്രാനായി അഭിഷിക്തനാകുകയും 1985 മെയ് 25-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെ കർദ്ദിനാളാക്കുകയും ചെയ്തു.

കർദ്ദിനാൾ ടോംകൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 206 ആയി താണു. ഇവരിൽ 116 പേർ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 90 പേർ 80 വയസ്സു പൂർത്തിയായവരാകയാൽ ഈ വോട്ടവകാശം ഇല്ലാത്തവരാണ്.

കർദ്ദിനാൾ യോസെഫ് ടോംകോയുടെ ശവസംസ്കാര തിരുക്കർമ്മങ്ങൾ പതിനൊന്നാം തീയതി വ്യാഴാഴ്‌ച (11/08/22) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2022, 13:04