തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (Vatican Media)

“ക്രിസ്തു ജീവിക്കുന്നു”: യുവജനങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 161ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് അവരുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

 161. "പ്രായമാകുക എന്നതിന്റെ അർത്ഥം ഇതാണ്. നമ്മുടെ യൗവനത്തെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടത് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടൊപ്പം നല്ലതല്ലാത്തവയെ വിശുദ്ധീകരിക്കുകയും ദൈവത്തിൽനിന്ന് പുതിയ ദാനങ്ങൾ സ്വീകരിക്കുകയും സുപ്രധാനമായവ അങ്ങനെ വികസിപ്പിക്കുകയും ചെയ്യണം. ചിലപ്പോൾ അപകർഷാബോധം തെറ്റുകളെയും ദൗർബല്യങ്ങളെയും അവഗണിക്കാൻ കാരണമാകും. അത് പക്വതയിലേക്കുള്ള വളർച്ചയ്ക്ക് തടസ്സമുണ്ടാക്കും. മറിച്ച് നിങ്ങൾ ദൈവത്താൽ സ്നേഹിക്കപ്പെടാൻ സ്വയം അനുവദിക്കുക. കാരണം നിങ്ങൾ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. അവിടുന്ന് നിങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല എപ്പോഴും തന്റെ സൗഹൃദം, പ്രാർത്ഥനയിൽ തീക്ഷണത അവിടുത്തെ വചനത്തിന് വേണ്ടി കൂടുതൽ ദാഹം, ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിനെ സ്വീകരിക്കാൻ കൂടുതൽ ആഗ്രഹം, അവിടുത്തെ സുവിശേഷം അനുസരിച്ച് ജീവിക്കാൻ കൂടുതൽ ആഗ്രഹം, കൂടുതൽ ആന്തരിക ശക്തി, കൂടുതൽ സമാധാനവും ആധ്യാത്മിക സന്തോഷവും എന്നിവയെല്ലാം മേൽക്കുമേൽ നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നു." (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജനങ്ങളുടെ ലോകം വളരെ വിശാലമാണെന്ന് യുവജനങ്ങൾക്കായി വത്തിക്കാനിൽ നടന്ന സിനഡിൽ കണ്ടതിനെ പാപ്പാ വളരെ ഗൗരവപൂർവ്വമായാണ് സ്വീകരിച്ചത്. യുവജനങ്ങൾ എവിടെ നിന്ന്  അവർക്കു സ്നേഹവും സന്തോഷവും ലഭിക്കുമെന്നു കരുതുന്നയിടത്തേക്ക് ചായുന്നത് വളരെ സാധാരണമായിരിക്കുന്നു. അവരെ സ്നേഹിക്കുന്നുവെന്ന് അവർ ചിന്തിക്കുന്ന വ്യക്തികൾ, അവർക്ക് സന്തോഷം പകരുന്ന കാര്യങ്ങൾ  എന്തൊക്കെയാണ്? വളരെ ഗൗരവപൂർവ്വം നാം ചിന്തിക്കേണ്ട വിഷയങ്ങളാണവ.

കഴിഞ്ഞ പതിമൂന്നാം തിയതി ഒരു പത്രത്തിൽ വന്ന ഒരു വാർത്താ നമ്മെ അത്ഭുതപെടുത്തിയേക്കാം. "സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷയെഴുതാനാവില്ല " എന്ന് ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദവിദ്യാര്‍ത്ഥി. ബെംഗളൂരു സര്‍വ്വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്കു പകരം ഇങ്ങനെയെഴുതിയത്. ചരിത്രം പഠിക്കുന്ന വിദ്യാർത്ഥി, നാളെകളുടെ ചരിത്രത്തിന്റെ ഭാഗമാകേണ്ട തലമുറയിലെ ഒരംഗം! ജീവിതത്തെയും ഈ സമൂഹത്തെയും അയാൾ കാണുന്ന വിധം നോക്കുക.

മനുഷ്യർ ജീവിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. അതിനായി പല തൊഴിലും ചെയ്യുന്നു. അങ്ങനെ അഭിനയം തൊഴിലാക്കി ചെയ്യുന്ന ഒരു കൂട്ടം നടീനടന്മാരുടെ പേരിൽ  ഇന്ന് മനുഷ്യർ പ്രത്യേകിച്ച് യുവജനങ്ങൾ അവരുടെ ആരാധക സംഘടനകൾ രൂപീകരിച്ച്  സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ, സമൂഹത്തോടു പുലർത്തേണ്ട പ്രതിബദ്ധതയെ അലക്ഷ്യമായി കാണുന്നതും ജീവിക്കുന്നതും അപലപനീയമാണ്. ഒരു വ്യക്തിയുടെ പേരിൽ, പ്രത്യശാസ്ത്രത്തിന്റെ പേരിൽ, രാഷ്ട്രീയ പാർട്ടിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ജാതി വ്യവസ്ഥകളുടെ പേരിൽ തങ്ങളുടെ തനിമയെ, സ്വത്വത്തെ തന്നെ ബലികഴിക്കുന്ന യുവജീവിതങ്ങൾ സമൂഹത്തിന്റെ മുന്നിൽ ആശങ്ക സൃഷ്ടിക്കുന്നു. അത് പോലെ തന്നെ അമിതമായി സമ്പത്തിനെ ദുർവിനിയോഗം ചെയ്യുകയും കളവിനും കഞ്ചാവിനും മയക്ക മരുന്നിനും അടിമപ്പെട്ടു ധാർമ്മീകതയ്ക്കെതിരായി ജീവിക്കുന്ന യുവജനങ്ങളുടെ എണ്ണം  സമൂഹത്തിൽ  വർദ്ധിക്കുന്നു എന്ന യാഥാർത്ഥ്യവും സമൂഹം തിരിച്ചറിയുക തന്നെ വേണം.

ഒരു കൂട്ടം യുവജനങ്ങൾ ഇങ്ങനെ ജീവിക്കുമ്പോൾ തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളെ പ്രതികൂലമായ സാഹചര്യങ്ങളിലും ശരിയായ വിധത്തിൽ ഉപയാഗിച്ചു ചരിത്രത്തിൽ തങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവരും, അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും അവയെ ശരിയായ വിധത്തിൽ വിനിയോഗിക്കാതെ ജീവിതത്തെ അലക്ഷ്യമായി കാണുന്നവരും യുവജനങ്ങളുടെ കൂട്ടത്തിലുണ്ട്. നമ്മുടെ അനുദിന ജീവിതത്തിൽ എത്ര എത്ര യുവജനങ്ങളാണ് തങ്ങൾ ഭാഗമായിരിക്കുന്ന സമൂഹത്തിനു വേണ്ടി പൊതു പ്രവർത്തനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. തെരുവീഥികളിലുള്ളവർക്കും അനാഥർക്കും സമൂഹത്താൽ വലിച്ചെറിയപ്പെട്ടവർക്കും വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയാക്കുന്ന നന്മ നിറഞ്ഞ അനേകം യുവതി യുവാക്കളെയും നമുക്ക് കാണാൻ കഴിയും.

ഇരുപത്തി നാലു വയസുള്ള ഒരു യുവാവാണ് ലോക പ്രസിദ്ധനായ ഫുട്ബോൾ താരം സാടിയോ മാനേ സെനഗൽ.  അദ്ദേഹം, ഇന്ത്യയുടെ രൂപയിൽ ആഴ്ചയിൽ 140 മില്യൺ കോടി രൂപ അതായത് പതിനാലു കോടി  സമ്പാദിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇത്രയും സമ്പാദിക്കുന്ന സാടിയോ പല വേദികളിലും ഡിസ്പ്ലേ പൊട്ടിയ ഫോണുമായി പ്രത്യക്ഷപെട്ടു. ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഡിസ്പ്ലൈ വേഗം മാറ്റുമെന്നും വേഗം ശരിയാക്കാം എന്നുമാണ്. അപ്പോൾ എന്തിനാണ് താങ്കൾ ഡിസ്പ്ലേ മാറ്റുന്നത്? പല കോടി രൂപ സമ്പാദിക്കുന്ന താങ്കൾക്കു പുതിയ ഫോൺ വാങ്ങാമല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം നമ്മെ വിസ്മയിപ്പിക്കും. സാടിയോ പറഞ്ഞത് "എനിക്ക് ആയിരം മൊബൈൽ ഫോണും, പത്തു ഫെറാറി കാറുകളും, രണ്ടു ജെറ്റ് വിമാനങ്ങളും, വജ്ര വാച്ചുകളും വാങ്ങാം. എന്നാൽ എന്തിനു ഞാൻ ഇതൊക്കെ വാങ്ങണം? ഞാൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്, ഭക്ഷണത്തിനായി കഷ്ടപെട്ടിട്ടുണ്ട്,  എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല, ചെരിപ്പുകൾ ഇല്ലാതെ നടന്നിട്ടുണ്ട്, പാദരക്ഷകൾ ഇല്ലാതെ ഞാൻ കളിച്ചിട്ടുണ്ട്, നല്ല വസ്ത്രങ്ങൾ ഇല്ലാതിരുന്നിട്ടുണ്ട്, പട്ടിണി അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് ഞാൻ നിറയെ സമ്പാദിക്കുന്നു, ആ  പണം കൊണ്ട് ഞാൻ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ വിദ്യാലയങ്ങൾ നിർമ്മിച്ചു, എന്റെ രാജ്യത്തിൽ ജീവിക്കുന്ന ദരിദ്രരായ കുഞ്ഞുങ്ങൾക്ക് പുതിയ പാദരക്ഷകളും, വസ്ത്രങ്ങളും, ഭക്ഷണവും ഞാൻ നൽകുന്നു. സുഖപ്രദമായി ആഡംബരമായി ജീവിക്കുന്നതിനു പകരം ഞാൻ എന്റെ ജനങ്ങളോടൊപ്പം പങ്കു വെച്ച് ജീവിക്കുന്നു." എന്ന്. ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കുന്ന മനുഷ്യരിൽ ഒരാളായി സാടിയോയും. ഈ യുവാവ് മറ്റുള്ളവരുടെ ജീവിതത്തിലും അത്ഭുതമായി തന്നെ ജീവിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ മറ്റുള്ളവർക്ക് സ്നേഹം നൽകാൻ കഴിയുകയുള്ളു.

നാം നേരത്തെ പരിചിന്തനം ചെയ്തത് പോലെ നമ്മുടെ സന്തോഷങ്ങൾ വേണ്ടെന്നു വെച്ച്  യുവത്വം നഷ്ടപ്പെടുത്തണം എന്നല്ല. മറിച് നാം അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്കും പകർന്ന് പങ്കുവയ്ക്കാനാണ് നാം പരിശ്രമിക്കേണ്ടത്. അങ്ങനെ നാം ജീവിക്കണമെങ്കിൽ നമുക്കുള്ളതെല്ലാം ദൈവം നമുക്കു തന്ന ദാനമാണ് എന്നും ദൈവത്താൽ നാം സ്നേഹിക്കപ്പെടുന്നു എന്നുമുള്ള തിരിച്ചറിവു വേണം. അവന്റെ സ്നേഹത്താൽ സ്നേഹിക്കപ്പെടാൻ നമ്മെ അനുവദിക്കണം. കാരണം ദൈവത്തിനു മാത്രമേ നാമായിരിക്കുന്നതു പോലെ നമ്മെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുകയുള്ളു. ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ,  അവിടുന്ന് നിങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല എപ്പോഴും തന്റെ സൗഹൃദം, പ്രാർത്ഥനയിൽ തീഷ്ണത, അവിടുത്തെ വചനത്തിന് വേണ്ടി കൂടുതൽ ദാഹം, ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിനെ സ്വീകരിക്കാൻ കൂടുതൽ ആഗ്രഹം, അവിടുത്തെ സുവിശേഷം അനുസരിച്ച് ജീവിക്കാൻ കൂടുതൽ ആഗ്രഹം, കൂടുതൽ ആന്തരിക ശക്തി, കൂടുതൽ സമാധാനവും ആധ്യാത്മിക സന്തോഷവും എന്നിവയെല്ലാം മേൽക്കുമേൽ നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. ശ്രദ്ധിക്കുക! ദൈവം ജെറമിയ പ്രവാചകനോടു പറയുന്നത് പോലെ നമ്മോടും പറയുന്നു നാം വിലപ്പെട്ടവരും അമൂല്യരുമാണ്!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2022, 11:12