പാപ്പാ : അന്തർമതസംവാദം നമ്മുടെ കാലത്തിലുള്ള ദൈവകൃപയുടെ അടയാളം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"അന്തർമതസംവാദം കാലത്തിന്റെ ഒരടയാളമാണ് " അത് ദൈവകൃപയുടെ ഒരു അടയാളമായാണ് താൻ പരിഗണിക്കുന്നത്, "എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. തന്റെ ജ്ഞാനപൂർവ്വകമായ പദ്ധതിയിൽ ദൈവം മതനേതാക്കളിലും മറ്റു നിരവധി പേരിലും മത വ്യത്യസ്തതകളെ ബഹുമാനത്തോടെ അറിഞ്ഞു കൊണ്ട് പരസ്പരം കണ്ടുമുട്ടാനുള്ള ആഗ്രഹം പ്രചോദിപ്പിച്ചിട്ടുണ്ട്. പാപ്പാ വ്യക്തമാക്കി.
ഒരുമിച്ച് സാക്ഷ്യം വഹിക്കാനുള്ള വിളി
കാൽമുട്ടിലെ വേദന വർദ്ധിച്ചതു മൂലം അന്തർദേശിയ യഹൂദ അന്തർമത കൂടിയാലോചനാ സമിതിയെ നേരിട്ടു കണ്ട് സംസാരിക്കാൻ കഴിയാതിരുന്നതിനാൽ പാപ്പാ തയ്യാറാക്കിയ പ്രഭാഷണം അച്ചടിച്ച് പാപ്പായുടെ നാമത്തിൽ കർദ്ദിനാൾ കുർട്ട് കോഹാണ് സമിതിയിൽ അവതരിപ്പിച്ചത്.
യഹൂദരും ക്രൈസ്തവരും കൂടുതൽ കൂടുതലായി കണ്ടുമുട്ടുകയും നമ്മുടെ പാശ്ചാത്യ സമൂഹങ്ങളിൽ കണ്ടുവരുന്ന ചില നിഷേധാത്മക പ്രവണതകളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിർണ്ണായകമാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കാരണം, എല്ലാവരേയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കരുണയുടെയും നീതിയുടേയും ദൈവത്തിന് ഒരുമിച്ച് സാക്ഷ്യം വഹിക്കാനാണ് യഹൂദരും ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നത്.
ഹിംസയും വിദ്വേഷവും വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ല
വിയോജിപ്പുകളെയും ഭിന്നതകളെയും സംഘർഷങ്ങളേയും ഏറ്റുമുട്ടലിലൂടെയല്ല മറിച്ച് മുൻവിധികളില്ലാത്ത സമാധാനപരമായ ഉദ്ദേശ്യങ്ങളോടെ എല്ലാവർക്കും സ്വീകാര്യമായ ഐക്യത്തിന്റെ മേഖലകൾ കണ്ടെത്തുവാനുള്ള ലക്ഷ്യത്തോടെ അഭിസംബോധന ചെയ്യാൻ നമ്മുടെ മതപാരമ്പര്യങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു എന്ന് തന്റെ പ്രഭാഷണത്തിൽ പാപ്പാ എഴുതി.
കരുണാമയനും ദയാലുവുമായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല വെറുപ്പും അക്രമവും എന്ന് ഊന്നിപ്പറഞ്ഞ പാപ്പാ എല്ലാത്തരം യഹൂദ വിരോധത്തെയും എതിർക്കാനുള്ള സഭയുടെ പ്രതിബദ്ധത നവീകരിക്കുകയും ചെയ്തു.
അന്തർമതസംവാദം നമ്മുടെ ലോകത്തിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വളർച്ചയ്ക്കുള്ള അനുഗ്രഹീത മാർഗ്ഗമാണെന്നും, തീവ്രവാദത്തേയും മതതീവ്രവാദത്തേയും ചെറുക്കാൻ സഹായിക്കുമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സംവാദത്തിന്റെയും സാഹോദര്യത്തിന്റെയും ഈ വഴിയിലൂടെ നടക്കാൻ കർത്താവ് നമ്മെ നയിക്കുന്നത് തുടരട്ടെ എന്ന് പ്രാർത്ഥിക്കാൻ ക്ഷണിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: