തിരയുക

ഫ്രാൻസീസ് പാപ്പാ, കാനഡയിലെ ക്യുബെക്കിലുള്ള തദ്ദേശീയരുടെ പ്രതിനിധികളുമായി ക്യുബെക് അതിമെത്രാസന മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നു 29/07/22  ഫ്രാൻസീസ് പാപ്പാ, കാനഡയിലെ ക്യുബെക്കിലുള്ള തദ്ദേശീയരുടെ പ്രതിനിധികളുമായി ക്യുബെക് അതിമെത്രാസന മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നു 29/07/22  

പാപ്പാ: സൃഷ്ടിയുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുക സുപ്രധാനം!

ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച (29/07/22) കാനഡയിലെ ക്യുബെക്കിലുള്ള തദ്ദേശീയരുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ക്യുബെക് അതിരൂപതാദ്ധ്യക്ഷൻറെ അരമനയായിലെ ഒരു ശാലയായിരുന്നു വേദി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിവിധയിടങ്ങളിൽ നിന്നായി അതിമെത്രാസനമന്ദിരത്തിലെത്തിയ എല്ലാവരെയും പ്രഭാഷണാരംഭത്തിൽ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്ത പാപ്പാ അവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഇപ്രകാരം തുടർന്നു: 

കാണാനും കേൾക്കാനും പഠിക്കാനും

ഈ ഭൂപ്രദേശത്തിൻറെ അതിവിശാലത, നാം ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്ന മുറിവുണക്കലിൻറെയും അനുരഞ്ജനത്തിൻറെയും ദൈർഘ്യത്തെക്കുറിച്ചു ചിന്തിപ്പിക്കുന്നു. ഒരു മിത്രമായി ഞാൻ കാനഡയിൽ വന്നത് നിങ്ങളുമായി കൂടിക്കാഴ്ച നടത്താനും തദ്ദേശീയ ജനത എങ്ങനെ ജീവിക്കുന്നു എന്ന് കാണാനും കേൾക്കാനും പഠിക്കാനും അഭിനന്ദിക്കാനുമാണ്. വർഷങ്ങളുടെ ഗതിയിൽ പ്രാദേശിക കത്തോലിക്കാ കുടുംബത്തിലെ അംഗങ്ങൾ പുറപ്പെടുവിച്ച നല്ലതും ചീത്തയുമായ ഫലങ്ങൾ നേരിട്ട് കാണാനാണ് ഞാൻ ഒരു സഹോദരനെന്ന നിലയിൽ വന്നിരിക്കുന്നത്. നിങ്ങളുടെ കാര്യത്തിലുള്ള അടിച്ചമർത്തുന്നതും അന്യായവുമായ നയങ്ങളെ പിന്തുണച്ച്,  കത്തോലിക്കർ നിങ്ങൾക്കു വരുത്തിയ തിന്മയെ പ്രതി എൻറെ ഹൃദയത്തിൽ പേറുന്ന വേദന നിങ്ങളോട് പ്രകടിപ്പിക്കാൻ അനുതാപാരൂപിയോടുകുടിയാണ് ഞാൻ ആഗതനായത്. നിങ്ങളോടൊപ്പം, നിങ്ങൾക്കുവേണ്ടി, മുന്നോട്ട് ഇനിയും കൂടുതൽ  ചുവടുകൾ വയ്ക്കാൻ എൻറെ ശാരീരിക പരിമിതികളോടുകൂടി ഞാൻ ഒരു തീർഥാടകനായി വന്നു: അങ്ങനെ, സത്യാന്വേഷണത്തിൽ തുടരുന്നതിനും, മുറിവുണക്കലിൻറെയും അനുരഞ്ജനത്തിൻറയും പാതകൾ പരിപോഷിപ്പിക്കുന്നതിൽ മുന്നേറുന്നതിനും, ഐക്യത്തോടെ സാഹോദര്യഭാവത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന തദ്ദേശീയരും അല്ലാത്തവരുമായ ഭാവി തലമുറകൾക്കായി പ്രതീക്ഷ വിതച്ച് മുന്നേറുന്നതിനും വേണ്ടിയാണ്.

ഉപരിസമ്പന്നമായ ഹൃദയത്തോടെ

ഈ അഭിലാഷങ്ങളാൽ പ്രചോദിതനായിട്ടാണ് ഞാൻ വന്നതെങ്കിൽ ഞാൻ തിരിച്ചു പോകുന്നത് അതിലേറെ സമ്പന്നനായിട്ടാണ് എന്നു പറയാൻ, തീവ്രതരമായ ഈ തീർത്ഥാടനം സമാപനത്തോടടുത്തിരിക്കുന്ന വേളയിൽ ഞാൻ  ആഗ്രഹിക്കുന്നു, കാരണം, എന്നിൽ മുദ്രപതിച്ച ജനവിഭാഗങ്ങളും വ്യക്തികളും തീർത്ത അനുപമമായ നിധി ഞാൻ ഹൃദയത്തിൽ സംവഹിക്കുന്നു; അവരുടെ വദനങ്ങളും പുഞ്ചിരികളും വാക്കുകളും ഉള്ളിൽ ശേഷിക്കുന്നു; അവരുടെ കഥകളും ഇടങ്ങളും എനിക്ക് മറക്കാനാകില്ല; സ്വരങ്ങളും നിറങ്ങളും വികാരങ്ങളും  എന്നിൽ ശക്തമായി പ്രകമ്പനംകൊള്ളുന്നു. ഞാൻ നിങ്ങളെ സന്ദർശിച്ചപ്പോൾ നിങ്ങളുടെ യാഥാർത്ഥ്യങ്ങൾ, ഈ നാടിൻറെ തദ്ദേശീയ യാഥാർത്ഥ്യങ്ങൾ, എൻറെ ആത്മാവിൽ സന്ദർശനം നടത്തിയെന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും: അവ എന്നിൽ പ്രവേശിച്ചു, എപ്പോഴും എന്നെ അനുഗമിക്കും.

സൃഷ്ടിയുമായി ആരോഗ്യകരമായ ബന്ധം

നിരവധി തലമുറകളോടും അനേകം തദ്ദേശീയ കുടുംബങ്ങളോടും ഒപ്പം ആഘോഷിച്ച വിശുദ്ധ അന്നയുടെ തിരുനാളിൻറെ ഓർമ്മകൾ എൻറെ ഹൃദയത്തിൽ മായാതെ നിലനിൽക്കും. നിർഭാഗ്യവശാൽ പലപ്പോഴും സ്വാർത്ഥത പ്രബലമായിരിക്കുന്ന ഒരു ലോകത്ത്, നിങ്ങളുടെ ഇടയിലുള്ള വളരെ യഥാർത്ഥമായ സംസക്തിപരവും സാമൂഹ്യമുമായ അവബോധം എത്ര വിലപ്പെട്ടതാണ്! യുവാക്കളും പ്രായമായവരും തമ്മിലുള്ള ബന്ധം നന്നായി നട്ടുവളർത്തുന്നതും മുഴുവൻ സൃഷ്ടികളുമായും ആരോഗ്യകരവും യോജിപ്പുള്ളതുമായ ബന്ധം നിലനിർത്തുന്നതും എത്ര പ്രധാനമാണ്!

വിശുദ്ധ അന്നയും ദൈവമാതാവും വിശുദ്ധ കത്തേരി തെക്കക്വിതയും

പ്രിയ സുഹൃത്തുക്കളെ, ഈ നാളുകളിൽ നമ്മൾ ജീവിച്ചതും നമ്മെ കാത്തിരിക്കുന്ന യാത്രയുടെ തുടർച്ചയും ജീവിതത്തിൽ പ്രാധാന്യമുള്ളത് എങ്ങനെ കാത്തുസൂക്ഷിക്കാമെന്ന് അറിയാവുന്നവെ ഭരമേല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: മൂന്നു സ്ത്രീകളെക്കുറച്ചാണ് ഞാൻ ചിന്തിക്കുന്നത്. പ്രത്യേകിച്ച്, വിശുദ്ധ അന്ന. രണ്ടാമതായി, പരിശുദ്ധ ദൈവമാതാവ്: ഒരു തീർത്ഥാടകയായി നിർവ്വചിക്കപ്പെടാൻ അവളെക്കാൾ കൂടുതൽ ഒരു സൃഷ്ടിക്കും അർഹതയില്ല, കാരണം എല്ലായ്പ്പോഴും, ഇന്നും, ഇപ്പോഴും, അവൾ യാത്രയിലാണ്: ദൈവത്തെ പ്രതി നമ്മെ പരിപാലിക്കുന്നതിനും സ്വപുത്രൻറെ പക്കലേക്ക് നമ്മെ കൈപിടിച്ചു നയിക്കുന്നതിനും അവൾ സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു യാത്രയിൽ ആണ്. അവസാനമായി, എൻറെ പ്രാർത്ഥനയും ചിന്തകളും, ഈ ദിവസങ്ങളിൽ പലപ്പോഴും നമ്മെ അനുഗമിച്ചിരുന്ന സൗമ്യമായ സാന്നിധ്യമുള്ള മൂന്നാമത്തെ സ്ത്രീയിലേക്ക് പോയിട്ടുണ്ട്, അവളുടെ പൂജ്യാവശിഷ്ടങ്ങൾ ഇവിടെ നിന്ന് അധികം അകലെയല്ലാത്ത ഒരിടത്ത് സൂക്ഷിച്ചിരിക്കുന്നു: വിശുദ്ധ കത്തേരി തെക്കക്വിതയെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്. അവളുടെ പുണ്യജീവിതം മൂലമാണ് നാം അവളെ വണങ്ങുന്നത്. പ്രാർത്ഥനയിലും ജോലിയിലുമുള്ള അവളുടെ സമർപ്പണവും നിരവധിയായ പരീക്ഷണങ്ങളെ ക്ഷമയോടും സൗമ്യതയോടുകൂടി സഹിക്കാനുള്ള കഴിവുമായി ബന്ധപ്പെടുത്തിയല്ലാതെ അവളുടെ ജീവിതവിശുദ്ധിയെക്കുറിച്ച് നമുക്കു ചിന്തിക്കാനാകില്ല.  ഏറ്റവും ദുർബ്ബലരായവരുടെ അവകാശങ്ങൾ ഉറപ്പുനൽകാൻ കഴിയുന്നതും, നീരസമോ മറവിയോ കൂടാതെ ചരിത്രത്തെ എങ്ങനെ നോക്കാമെന്ന് അറിയാവുന്നതുമായ ഒരു അനുരഞ്ജനത്തിലേക്ക് മടങ്ങുന്നതിന് ഒന്നു ചേരാൻ സഹായിക്കുന്നതിന് ഈ മഹിളകൾക്ക് സാധിക്കും. ഞാൻ നിങ്ങളെ ഹൃദയപൂർവ്വം അനുഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി. ഈ അഭ്യർത്ഥനയോടെയാണ് പാപ്പാ തൻറെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2022, 11:46