തിരയുക

പാപ്പായുടെ അപ്പൊസ്തോലി പര്യടനം - മൂന്നാം ദിനം!

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പൊസ്തോലികയാത്ര, "അനുതാപ തീർത്ഥാടനം". ചൊവ്വാഴ്ച പാപ്പാ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ ദിവ്യപൂജ അർപ്പിക്കുകയും അവിടെ നിന്ന് എൺപതിലേറെ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാക്സ്റ്റെ ആൻ (LAC STE. ANNE) തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് വചനശുശ്രൂഷ നടത്തുകയും ചെയ്തു.

ഇരുപത്തിനാലാം തീയതി (24/07/22) ഞായറാഴ്ച കാനഡയിലെത്തിയ ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനം നിശ്ചിതപരിപാടികളുമായി മുന്നേറുന്നു. ഈ ഇടയസന്ദർശനം മുപ്പതാം തീയതി ശനിയാഴ്ച (30/07/22) സമാപിക്കും.    പാപ്പാ കാനഡയിൽ ഇപ്പോൾ തങ്ങിയിരിക്കുന്ന ഇടമായ എഡ്മണ്ടൺ സമയത്തിൽ ഇന്ത്യയെക്കാൾ 11 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. കാനഡയിൽ തന്നെ വിവിധ പ്രദേശങ്ങൾ തമ്മിലും സമയവിത്യാസം ഉണ്ട്.

പാപ്പായുടെ കാനഡ സന്ദർശനത്തിൻറെ മൂന്നാം ദിനം

എഡ്മണ്ടണിലെ സെൻറ് ജോസഫ് സെമിനാരിയിൽ തിങ്കളാഴ്‌ച രാത്രി വിശ്രമിച്ച പാപ്പായുടെ ചൊവ്വാഴ്‌ചത്തെ (26/07/22) പരിപാടികൾ, അവിടെ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ അകലെയുള്ള കോമൺവെൽത്ത് സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണവും എൺപതിലേറെ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാക്സ്റ്റെ ആൻ (LAC STE. ANNE) തീർത്ഥാടനവും വചനശുശ്രൂഷയും ആയിരുന്നു.

കോമൺവെൽത്ത് സ്റ്റേഡിയം

മക്കുളി (McCauley) പ്രദേശത്ത് 42 ഏക്കറിലേറെയുള്ള ഒരു സ്ഥലത്താണ് കോമൺവെൽത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. കാൽപ്പന്ത് കളി, മറ്റ് വൻ ദേശീയ അന്തർദേശീയ കായികവിനോദങ്ങൾ, സംഗീതമേള തുടങ്ങിയവയ്ക്ക് ആഥിത്യമരുളുന്ന ഈ സ്റ്റേഡിയത്തിൻറെ നിർമ്മാണ പ്രവർത്തനം 1975-ൽ ആരംഭിക്കുകയും കോമൺവെൽത്ത് കായികമേളയോടനുബന്ധിച്ച് 1978-ൽ പൂർത്തീകരിക്കുകയും ചെയ്തു. ഈ കായികമേളയാണ്  കോമൺവെൽത്ത് സ്റ്റേഡിയം എന്ന പേരിനു നിദാനം. 42500 പേർക്ക് ഇരിപ്പിട സൗകര്യമുണ്ടായിരുന്ന ഈ സ്റ്റേഡിയം ഇന്ന് 56302 പേരെ ഉൾക്കൊള്ളാൻ കഴിയും വിധം വിസ്തൃതമാക്കി. കാനഡയിലെ ഏറ്റവും വലിയ തുറന്ന സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിനടുത്ത് കാറിലെത്തിയ പാപ്പാ അതിൽ നിന്നിറങ്ങി, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ള പേപ്പൽ വാഹനത്തിലേറി അവിടെ സന്നിഹിതരായിരുന്ന പതിനായിരക്കണക്കിനുവരുന്ന വിശ്വാസികളുടെ സമൂഹത്തെ വലം വച്ചു. അപ്പോൾ താളവാദ്യാകംമ്പടിയോടെയുള്ള ഗാനവും ജനങ്ങളുടെ ആനന്ദാരവങ്ങളും ഇടകലർന്നു ഉയരുന്നുണ്ടായിരുന്നു.  അമ്പതിനായിരത്തിലേറെയുണ്ടായിരുന്ന ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തും ആശീർവദിച്ചുംകൊണ്ടു സാവധാനം നീങ്ങിയ പാപ്പായുടെ അടുത്തേക്കു കൊണ്ടു വന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ തൊട്ടു തലോടുകയും ഉമ്മവയ്ക്കുകയും ചെയ്തു. പാപ്പാ പേപ്പൽ വാഹനത്തിൽ നിന്നിറങ്ങി പൂജാവസ്ത്രങ്ങളണിയുന്നതിന് സങ്കീർത്തിയിലേക്കു പോയി. സ്റ്റേഡിയത്തിൻറെ ഒരുവശത്ത് ഒരുക്കിയിരുന്ന ബലിവേദി വളരെ ലളിതമായിരുന്നു. ബലിവേദിയുടെ ഇരുവശത്തും പാപ്പായുടെ ഇടയസന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നം അഥവാ, ലോഗൊ ഒരുമിച്ചു സഞ്ചരിക്കുക എന്ന ലിഖിതത്തോടുകൂടി കാണാമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിൻറെ മാതാപിതാക്കളായ, ജൊവക്കിമിൻറെയും അന്നയുടെയും തിരുന്നാൾ ദിനത്തിലെ ഈ വിശുദ്ധ കുബ്ബാന ആംഗലഭാഷയിലായിരുന്നു. ലത്തീൻ ഭാഷയും ഉപയോഗപ്പെടുത്തി. പ്രവേശന ഗാനം ആരംഭിച്ചപ്പോൾ അൾത്താരശുശ്രൂഷകരും സഹകാർമ്മികരും പ്രദക്ഷിണമായി ബലിവേദിയിലെത്തി.   തൻറെ കാൽമുട്ട് ഇപ്പോഴും പൂർണ്ണമായി സൗഖ്യമായിട്ടില്ലാത്തതിനാൽ പാപ്പാ പ്രദക്ഷിണത്തിൽ പങ്കുകൊണ്ടില്ല. പ്രാരംഭ പ്രാർത്ഥനയ്ക്കും അനുതാപ ശുശ്രൂഷയ്ക്കും ശേഷം വചനശുശ്രൂഷയായിരുന്നു. വിശുദ്ധഗ്രന്ഥ വായനകൾക്കുശേഷം പാപ്പാ വചനവിശകലനം നടത്തി.

ആർച്ച്ബിഷപ്പ് റിച്ചാഡ് വില്ല്യം സ്മിത്തിൻറെ നന്ദി പ്രകടനം

വിശുദ്ധ കുർബ്ബാനയുടെ സമാപനഭാഗത്ത്, ആശീർവ്വാദത്തിനു മുമ്പായി എഡ്മണ്ടൺ അതിരൂപതയുടെ ആർച്ച്ബിഷപ്പ് റിച്ചാഡ് വില്യം സ്മിത്ത് പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു.   പാപ്പായുടെ സാന്നിധ്യത്തിന് ആർച്ച്ബിഷപ്പ് വില്യം സ്മിത്ത് ദിവ്യബലിക്ക് അവിടെ ഉണ്ടായിരുന്ന എല്ലാ മെത്രാന്മാരുടെയും  മറ്റെല്ലാവരുടെയും പേരിൽ, ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

കാനഡയിൽ വരുമെന്നും ഫസ്റ്റ് നേഷൻസ്, മേറ്റിസ്, ഇനുയിത്ത് ജനവിഭാഗങ്ങളോടുള്ള സാമീപ്യം പ്രകടിപ്പിക്കുമെന്നുമുള്ള പാപ്പായുടെ വാഗ്ദാനത്തിൻറെ നിറവേറലാണ് ഈ അപ്പോസ്തോലിക യാത്രയെന്നു പറഞ്ഞ അദ്ദേഹം പാപ്പാ ഇതിനായി നടത്തിയ വ്യക്തിപരമായ പരിശ്രമം തങ്ങൾ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നുവെന്നു പ്രസ്താവിക്കുകയും എല്ലാവരുടെയും അഗാധമായ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാപ്പാ സൗഖ്യദാനത്തിൻറെയും അനുരഞ്ജനത്തിൻറെയും തീർത്ഥാടനത്തിനായി ഈ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള അഭിലാഷം പ്രകടിപ്പിച്ചതെന്നതും അദ്ദേഹം അനുസ്മരിട്ടു. പാപ്പായുടെ സാന്നിധ്യത്താൽ, വിശുദ്ധ പത്രോസിന്റെ നിഴൽ (cf. Acts 5:15-16) കാനഡയുടെമേൽ  വീഴുകയും സൗഖ്യത്തിൻറെയും സമാധാനത്തിൻറെയും ദൈവകൃപ ലഭിക്കുകയും ചെയ്യട്ടെയെന്ന് തങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് വെളിപ്പെടുത്തി. നാമെല്ലാവരും ആഗ്രഹിക്കുന്ന അനുരഞ്ജനം ശാശ്വതമായ രീതിയിൽ അനുഭവിക്കണമെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഫസ്റ്റ് നേഷൻസ്, മേത്തിസ്, ഇനൂയിത്ത് എന്നീ ജനതകൾക്കൊപ്പം ഒരുമിച്ചു നടക്കാൻ കാനഡയിലെ മെത്രാന്മാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ആ ജനതയുടെ സംസ്കാരത്തിൻറെ സൗന്ദര്യവും അവരുടെ പാരമ്പര്യങ്ങളുടെ ജ്ഞാനവും കൊണ്ട് നാം സമ്പന്നരാക്കപ്പെട്ടിരിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് വില്യം സ്മിത്ത് പറഞ്ഞു. തദ്ദേശീയരായ പങ്കാളികളും സുഹൃത്തുക്കളുമായി സൗഖ്യദാനത്തിൻറെയും അനുരഞ്ജനത്തിൻറെയും പാത വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും മദ്ധ്യസ്ഥതയാൽ ശക്തരാക്കപ്പെട്ടും പാപ്പായുടെ പ്രാർത്ഥനാസഹായത്തോടുകൂടിയും, തങ്ങൾ പിൻചെല്ലുമെന്ന പ്രതിജ്ഞ അദ്ദേഹം നവീകരിക്കുകയും ചെയ്തു.

ആർച്ചുബിഷപ്പിൻറെ ഈ നന്ദിപ്രകടനം കഴിഞ്ഞപ്പോൾ പാപ്പാ ഒരു കാസ സമ്മാനിച്ചു. തുടർന്ന് സമാപന പ്രാർത്ഥനയ്ക്കു ശേഷം ഗായക സംഘം മരിയഗീതി ആലപിച്ചു. ദിവ്യപൂജാനന്തരം പാപ്പാ സെൻറ് ജോസഫ് സെമിനാരിയിലേക്കു മടങ്ങുകയും ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുകയും ചെയ്തു.

പാപ്പാ ലാക് സ്റ്റെ ആനിലേക്ക്

ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് പാപ്പായുടെ പരിപാടി ലാക് സ്റ്റെ ആൻ തടാക തീർത്ഥാടനവും വചന ശുശ്രൂഷയുമായിരുന്നു. തദ്ദേശീയർ സുഖപ്രാപ്തിക്കായി യേശുവിൻറെ മുത്തശ്ശിയായ അന്നയുടെ മാദ്ധ്യസ്ഥ്യം തേടുന്ന ഇടമാണ് ഈ തടാകം. പരിശുദ്ധ കന്യകാമറിയത്തിൻറെ മാതാപിതാക്കളായ, അതായത് യേശുവിൻറെ മുത്തശ്ശീമുത്തച്ഛന്മാരായ ജൊവക്കിമിൻറെയും അന്നയുടെയും തിരുന്നാൾ ദിനത്തിലാണ് ഈ തീർത്ഥാടനം എന്നതും ശ്രദ്ധേയമാണ്. അനുവർഷം ഈ തിരുന്നാൾ ദിനത്തിൽ ലാക് സ്റ്റെ ആൻ തടാകത്തിലേക്ക് തീടത്ഥാടനം നടക്കാറുണ്ട്. 

എഡ്മണ്ടണിൽ നിന്ന് എൺപതിലേറെ കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പരപ്പേറിയതും എന്നാൽ ആഴം കുറഞ്ഞതുമായ ഒരു തടാകമാണ് ലാക് സ്റ്റെ ആൻ. പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനം മുതൽ ഒരു കത്തോലിക്കാ തീർത്ഥാടന വേദിയാണിത്. അനുവർഷം പതിനായിരങ്ങളാണ് ആ തടാകത്തിലെ പുണ്യജലത്തിൽ കുളിക്കാനും പ്രാർത്ഥിക്കാനുമായി എത്തുന്നത്. ദൈവത്തിൻറെ തടാകം, പരിശുദ്ധാരൂപിയുടെ തടാകം എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ തടാകത്തിന് ഷാൻ ബാപ്റ്റിസ്റ്റ് തിബോൾ എന്ന പ്രേഷിത വൈദികനാണ് ലാക് സ്റ്റെ ആൻ എന്ന് പേരിട്ടത്. സുഖപ്രാപ്തിയുടെ ഒരു വേദിയായിട്ടാണ് തദ്ദേശീയർ ഈ തടാകത്തെ കാണുന്നത്. 1844-ൽ അവിടെ ആദ്യമായി ഒരു ദേവാലയം പണികഴിപ്പിക്കപ്പെട്ടു. തുടർന്ന് അവിടെ അമലോത്ഭവ മറിയത്തിൻറെ സമർപ്പിതർ എത്തുകയും പ്രേഷിത പ്രവർത്തനം സജീവമാകുകയും ചെയ്തു. 1889-ലാണ് അവിടെ പ്രഥമ തീർത്ഥാടനം സംഘടിപ്പിക്കപ്പെട്ടത്. അമലോത്ഭവ മറിയത്തിൻറെ സമർപ്പിതരുടെ നേതൃത്വത്തിലായിരുന്ന ഈ തീർത്ഥാടനത്തിൽ നാനൂറോളം വിശ്വാസികൾ പങ്കെടുത്തു. 1928-ൽ അവിടത്തെ ദേവാലയം പൂർണ്ണമായും കത്തിയെരിഞ്ഞു. പിന്നീട് 2009-ലാണ് പുതിയ ദേവാലയം പണികഴിപ്പിക്കപ്പെട്ടത്. 2010 ആഗസ്റ്റ് 7-ന് അതിൻറെ ആശീർവ്വാദ കർമ്മം ആർച്ച്ബിഷപ്പ് റിച്ചാർഡ് സ്മിത്ത് നിർവ്വഹിച്ചു.

കാറിൽ അവിടെ എത്തിയ പാപ്പായെ ഇടവക വൈദികനും തീർത്ഥാടനച്ചുമതലയുള്ള പുരോഹിതനും വിശ്വാസികളുടെ ഏതാനും പ്രതിനിധികളും ചേർന്നു സ്വീകരിച്ചു. തുടർന്നു പാപ്പായെ ചക്രക്കസേരയിൽ തടാകത്തിനടുത്തേക്ക് ആനയിച്ചു. തദ്ദേശീയ ജനതയുടെ തനതായ തലപ്പാവണിഞ്ഞ രണ്ടു പേരും പാപ്പായെ അകമ്പടി സേവിച്ചവർക്കൊപ്പമുണ്ടായിരുന്നു. പാപ്പാ തടാകക്കരയിലേക്കു നീങ്ങവെ താളവാദ്യങ്ങൾ അകമ്പടിയോടുകൂടിയ ഗാനവും അന്തരീക്ഷത്തിൽ അലതല്ലുന്നുണ്ടായിരുന്നു. പാപ്പായെ ഒരു നോക്കു കാണാനും പാപ്പാ നയിക്കുന്ന വചന ശുശ്രൂഷയിൽ പങ്കുചേരാനും നിരവധിപ്പേർ അവിടെ സമ്മേളിച്ചിരുന്നു. തടാകത്തിനരികെ ഒരുക്കിയിരുന്ന വേദിയിലെത്തിയ പാപ്പാ പ്രാർത്ഥന ചൊല്ലി കുരിശടയാളം വരച്ചു. തദ്ദനന്തരം ചക്രക്കസേരയിൽ തന്നെ തടാകത്തിനടുത്തേക്ക് ആനയിക്കപ്പെട്ട പാപ്പാ അവിടെ അല്പ സമയം നിശബ്ദതയിൽ ചിലവഴിക്കുകയും ജലം ആശീർവദിക്കുകയും ചെയ്തു. അതിനു ശേഷം അവിടെ നിന്ന് വചനശുശ്രൂഷാവേദിയിലേക്ക് ആനയിക്കപ്പെട്ട പാപ്പാ തടാകത്തിലെ താൻ ആശീർവദിച്ച ജലം തളിച്ചുകൊണ്ടാണ് ചക്രക്കസേരയിൽ മുന്നോട്ടു പോയത്. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വരൂപം മദ്ധ്യത്തിലായി പ്രതിഷ്ഠിച്ച് ഒരുക്കിയ വേദിയിലേക്കാനീതനായ പാപ്പാ എല്ലാവരെയും കരമുയർത്തി അഭിവാദ്യം ചെയ്തു. അപ്പോൾ ഗായകസംഘത്തിൻറെ തദ്ദേശീയ ശൈലിയിലുള്ള ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.

 വചന ശുശ്രൂഷ

ഗാനം അവസാനിച്ചപ്പോൾ പാപ്പാ ലഘുവായ ആമുഖ പ്രാർത്ഥനയോടെ വചനശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു. ആംഗല ഭാഷയിലായിരുന്ന വചന ശുശ്രൂഷ.

കിഴക്ക് ദർശനമായുള്ള ദേവാലയത്തിൻറെ പൂമുഖത്തിൻറെ അടിയിൽ നിന്ന് കിഴക്കോട്ട് ജലം ഒഴുകുന്നതിനെക്കുറിച്ചു എസെക്കിയേൽ പ്രവചകൻറെ പുസ്തകത്തിൽ പരാമർശിക്കുന്ന നാല്പത്തിയേഴാം അദ്ധ്യായത്തിലെ 1,2,8,9,12 എന്നീ വാക്യങ്ങളായിരുന്നു ആദ്യ വായന. തുടർന്ന് പ്രതിവചന സങ്കീർത്തനാലാപാനന്തരം സുവിശ്ഷ പാരായണമായിരുന്നു. ജീവജലത്തിൻറെ അരുവികൾ ഒഴുകുന്നതിനെക്കുറിച്ച് യോഹന്നാൻ സുവിശേഷകൻ പ്രതിപാദിക്കുന്ന ഭാഗമായിരുന്നു,അതായത്, ഏഴാം അദ്ധ്യായം 37-39 വരെയുള്ള വാക്യങ്ങൾ, വായിക്കപ്പെട്ടത്. തദ്ദനന്തരം പാപ്പാ വചനസന്ദേശം നല്കി. തത്സമയ ആംഗല പരിഭാഷയോടുകൂടിയ പാപ്പായുടെ പ്രഭാഷണം സ്പാനിഷ് ഭാഷയിലായിരുന്നു.

പാപ്പാ സുവിശേഷ ചിന്തകൾ പങ്കുവച്ചതിനെ തുടർന്ന് വിശ്വാസികളുടെ പ്രാർത്ഥനയായിരുന്നു. അതിനു ശേഷം കർത്തൃപ്രാർത്ഥനാനന്തരം പാപ്പാ സമാപനാശീർവ്വാദം നല്കി. സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ തദ്ദേശീയരുടെ പ്രതിനിനിധികൾ വേദിയിലേക്കു കയറി ഓരോരുത്തരായി പാപ്പായെ അഭിവാദ്യം ചെയ്യുകയും പാപ്പായ്ക്കൊപ്പം നിന്ന് ഫോട്ടൊയെടുക്കുകയും ചെയ്തു.  ഈ പരിപാടിക്കു ശേഷം പേപ്പൽ വാഹനത്തിൽ ഇടവക ദേവാലയത്തിലേക്കു പോയ പാപ്പാ “കെട്ടുകൾ അഴിക്കുന്ന നാഥയുടെ” രൂപം വഴിക്കു വച്ച് ആശീർവ്വദിക്കുകയും ചെയ്തു. ലാക് സ്റ്റെ ആൻ തീർത്ഥാടനകേന്ദ്രത്തിലെ പരിപാടികൾക്കു ശേഷം, പാപ്പാ, കാനഡയിലെ തൻറെ താൽക്കാലിക വാസസ്ഥാനമായ എഡ്മണ്ടണിലെ സെൻറ് ജോസഫ് സെമിനാരിയിലേക്കു മടങ്ങി. തടാകക്കരയിൽ നിന്ന് സെമിനാരിയിലേക്കുള്ള 83 കിലോമീറ്റർ ദൂരം പാപ്പായുടെ യാത്ര കാറിലായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7 മണിയോടെ, ഇന്ത്യയിലെ സമയം ബുധനാഴ്ച രാവിലെ 6.30-ന്, സെമിനാരിയിൽ എത്തിയ പാപ്പാ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2022, 10:58