തിരയുക

പാപ്പായുടെ "അനുതാപ സന്ദർശനം" അഞ്ചാം ദിനം!

ഫ്രാൻസീസ് പാപ്പായുടെ കാനഡ സന്ദർശത്തിൻറെ ഉപാന്ത്യദിനമായിരുന്ന വ്യാഴാഴ്ചത്തെ പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനത്തിൻറെ ഉപാന്ത്യദിനമായിരുന്ന ഇരുപത്തിയെട്ടാം തീയതി വ്യാഴാഴ്‌ചത്തെ പരിപാടികളുടെ ലഘു വിവരണമാണ് ഇന്നത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുപ്പതാം തീയതി വെള്ളിയാഴ്‌ച വരെ നീളുന്ന ഇടയസന്ദർശന പരിപാടികളുമായിട്ടാണ് പാപ്പാ ഇരുപത്തിനാലാം തീയതി ഞായറാഴ്‌ച കാനഡയിലെ എഡ്മണ്ടണിൽ എത്തിയത്. ബുധനാഴ്ച (27/07/22) എഡ്മണ്ടണിനോട് വിടചൊല്ലിയ പാപ്പായുടെ അടുത്ത ലക്ഷ്യം അവിടെ നിന്ന് 3116 കിലോമീറ്റർ വ്യോമദൂരത്തിലുള്ള കോട്ടനഗരമായ ക്യുബെക്ക് (Québec) ആയിരുന്നു. വെള്ളിയാഴ്ച പാപ്പാ ആ നഗരത്തിൽ നിന്ന് 2033 കിലോമീറ്റർ അകലെയുള്ള  (29/07/22) ഇഖലുയീത്തിൽ സന്ദർശനം നടത്തുകയും ചെയ്തു.  ഇന്ത്യയിലെ സമയം, ക്യുബെക്, ഇഖലുയീത്ത് പ്രദേശങ്ങളിലെ സമയത്തെക്കാൾ 9 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.

വ്യാഴാഴ്ചത്തെ ഇടയസന്ദർശന അജണ്ട                            

തൻറെ കാനഡ സന്ദർശനത്തിൻറെ അഞ്ചാം ദിനമായിരുന്ന വ്യാഴാഴ്‌ച (28/07/22) പാപ്പായുടെ പരിപാടികൾ രാവിലെ വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള സാന്ത് ആന്ന ദെ ബുപ്രേ (Sainte-Anne-de-Beaupré) ദേശീയതീർത്ഥാടന ദേവാലയത്തിൽ വച്ച് ദിവ്യബലിയർപ്പണവും വൈകുന്നേരം ക്യുബെക്കിലെ, പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള നോതൃദാം കത്തീദ്രലിൽ വച്ച് മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമൊത്തുള്ള കൂടിക്കാഴ്ചയും ആയിരുന്നു.

പാപ്പാ വിശുദ്ധ അന്നയുടെ നാമത്തിലുള്ള ദേവാലയത്തിലേക്ക് 

ബുധനാഴ്‌ച (27/07/22) രാത്രി ക്യുബെക് അതിരൂപതയുടെ അതിമെത്രാസനമന്ദിരത്തിൽ വിശ്രമിച്ച പാപ്പാ വ്യാഴാഴ്‌ച രാവിലെ അവിടെ നിന്ന് 35 കിലോമീറ്റർ അകലെ, വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള “സാന്ത് ആന്ന ദെ ബുപ്രേ” (Sainte-Anne-de-Beaupré) ബസിലിക്കയിലേക്ക് കാറിൽ യാത്രയായി. 

തീർത്ഥാടന കേന്ദ്രം "സാന്ത് ആന്ന ദെ ബുപ്രേ" 

വടക്കെ അമേരിക്കയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ ഈ ബസിലിക്ക ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. അനുവർഷം ദശലക്ഷം തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. 1658-ലാണ് വിശുദ്ധ അന്നയുടെ ദേവാലയം പണിതുയർത്തിയത്. എന്നാൽ പിന്നീട് പലതവണ ഈ ദേവാലയം കൂടുതൽ വിസ്തൃതമാക്കുകയും നവീകരിക്കുകയും ചെയ്തു. 1922-ൽ ഈ ദേവാലയം ഒരു അഗ്നിബാധയിൽ നശിച്ചു.തുടർന്ന് പുതുതായി നിർമ്മിച്ച ഇന്നത്തെ രൂപത്തിലുള്ള ദേവാലയം 1976-ൽ കർദ്ദിനാൾ മൗറിസ് റോയ് ആണ് ആശീർവ്വദിച്ചത്. ഈ ദേവാലയത്തിൻറെ പണിക്കാരിൽ ഒരാൾക്ക് നട്ടെല്ലു വളഞ്ഞുപോകുന്ന ഒരു ഗുരുതര രോഗം ബാധിക്കുകയും ദേവാലയത്തിൻറെ പണിപൂർത്തിയായപ്പോൾ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തതായി പറയപ്പെടുന്നു. വളരെ പെട്ടെന്നു തന്നെ ഈ ദേവാലയം സുഖപ്രാപ്തിക്കായി എത്തുന്നവരുടെ ഒരു പവിത്രസന്നിധാനമായി പരിണമിച്ചു. തൻറെ മകളായ മറിയത്തെ കൈയ്യിലേന്തി നില്ക്കു വിശുദ്ധ അന്നയുടെ തടിയിൽ തീർത്ത ഒരു രൂപവും ഈ ദേവാലയത്തിലുണ്ട്. ഈ ബസിലിക്കയിൽ ചെറു കപ്പേളകളും, റോമിൽ സൂക്ഷിച്ചിരിക്കുന്നതും പീലോത്തോസിൻറെ അരമനയിൽ വച്ച് കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിനു മുമ്പ് യേശു കയറിയതുമായ 28 ചവിട്ടുപടികളുടെ ഒരു പകർപ്പും ഇവിടെയുണ്ട്. 1892-ൽ ലെയൊ പതിമൂന്നാമൻ പാപ്പാ സമ്മാനിച്ച വിശുദ്ധ അന്നയുടെ തിരുശേഷിപ്പും ഈ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.  

വിശുദ്ധ അന്നയുടെ ദേവാലയത്തിൽ ദിവ്യബലി

വിശുദ്ധ അന്നയുടെ ദേവാലയത്തിനടുത്തെത്തിയ പാപ്പാ കാറിൽ നിന്നിറങ്ങി, തന്നെ എല്ലാവർക്കും കാണാൻ കഴിയുന്ന പേപ്പൽ വാഹനത്തിലേറി ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. തൻറെ പക്കലേക്കു കൊണ്ടുവരപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുത്തംകൊടുത്തു തലോടി പാപ്പാ വാത്സല്യം പ്രകടിപ്പിക്കുന്നതു കാണാമായിരുന്നു. ദേവാലയത്തിനു പുറത്തു കാത്തുനിന്നിരുന്ന തദ്ദേശീയരുൾപ്പടെയുള്ള വിശ്വാസികളുടെ സഞ്ചയത്തെ  അഭിവാദ്യം ചെയ്തതിനു ശേഷം പാപ്പാ പൂജാവസ്ത്രങ്ങളണിയുന്നതിനായി സങ്കീർത്തിയിലേക്കു പോയി. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ പിയെർ ജെയിംസ് ത്രുദേവുവും (Justin Pierre James Trudeau) സന്നിഹിതനായിരുന്നു. അനുരഞ്ജനം ആയിരുന്നു ഈ ദിവ്യബലിയുടെ നിയോഗം. പ്രധാനമായും ഫ്രഞ്ച് ഭാഷയിലായിരുന്നു വിശുദ്ധ കുർബ്ബാനാാർപ്പണം.    പ്രവേശന ഗാനം ആരംഭിച്ചപ്പോൾ അൾത്താര ശുശ്രൂഷകരും സഹകാർമ്മികരും പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങി. ഗാനം അവസാനിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ ആമുഖ പ്രാർത്ഥനയോടെ ദിവ്യപുജയ്ക്കു തുടക്കം കുറിച്ചു. അനുതാപശുശ്രൂഷാനന്തരം വചന ശുശ്രൂഷയായിരുന്നു. വായനകൾ ഉല്പത്തിപ്പുസ്തകം അദ്ധ്യായം 3, 8-15 വരെയും 20-ഉം 21-ഉം വാക്യങ്ങളും ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 13-35 വരെയുള്ള വാക്യങ്ങളും ആയിരുന്നു. ഈ വായനകൾക്കു ശേഷം പാപ്പാ സ്പാനിഷ് ഭാഷയിൽ വചന സന്ദേശം നല്കി. സഹകാർമ്മികനായിരുന്ന ഒരു വൈദികൻ ഈ സന്ദേശം ഫ്രഞ്ചുഭാഷയിൽ വിവർത്തനം ചെയ്യുന്നുമുണ്ടായിരുന്നു.   പാപ്പായുടെ വചനവിശകലനത്തിനു ശേഷം വിശ്വാസികളുടെ പ്രാർത്ഥനയോടെ ദിവ്യബലി തുടർന്നു. ദേവാലയത്തിനു പുറത്തുനിന്നവർക്കും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. എല്ലാവരും വിശുദ്ധകുർബ്ബാന സ്വീകരിച്ചു കഴിഞ്ഞപ്പോൾ ക്യുബെക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ജെറാൾഡ് സിപ്രിയെൻ ലക്വാ (Card. Gérald Cyprien Lacroix) പാപ്പായ്ക്ക് നന്ദി പറഞ്ഞു.

പാപ്പാ അനുരഞ്ജന യാത്രയിൽ കാനഡയിലെ ജനങ്ങൾക്കൊപ്പം

ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, എമ്മാവൂസിലേക്കുള്ള യാത്രാവേളയിൽ രണ്ടു ശിഷ്യന്മാർക്ക് ഉത്ഥിതൻ പ്രത്യക്ഷപ്പെട്ട സംഭവം അനുസ്മരിച്ചുകൊണ്ടാണ് കർദ്ദിനാൾ സിപ്രിയെൻ തൻറെ തൻറെ കൃതജ്ഞതാപ്രഭാഷണം ആരംഭിച്ചത്

നിരാശരായി എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ടു ശിഷ്യന്മാരുടെ പരിഭ്രാന്തിയും പരാതികളും മനസ്സിലാക്കി യാത്രയിൽ അവരോടൊപ്പം ചേരുന്ന യേശു അതിശക്തമായ ഒരു പാഠമാണ് നമുക്കു നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യനിർവ്വഹണത്തിനായി അവരെ പ്രേരിപ്പിക്കത്തക്കുന്ന തൻറെ സാന്നിധ്യം അവർക്കു വെളിപ്പെടത്തക്കവിധം യേശു അവരുടെ വിശ്വാസത്തെ ജ്വലിപ്പിച്ചുവെന്നും തുടർന്ന് അവിടന്ന് പുർണ്ണ സത്യത്തിലേക്കു അവരെ നയിക്കുകയെന്ന കടമ പരിശുദ്ധാത്മാവിൽ നിക്ഷിപ്തമാക്കിക്കൊണ്ട് പെട്ടെന്ന് അപ്രത്യക്ഷനാകുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. അതുപോലെ, സൗഖ്യപ്പെടലിൻറെയും അനുരഞ്ജനത്തിൻറെയുമായ യാത്രയിൽ ഫ്രാൻസീസ് പാപ്പാ തങ്ങളോടൊപ്പം ചേർന്നിരിക്കയാണെന്ന് കർദ്ദിനാൾ സിപ്രിയെൻ ലക്വ പറഞ്ഞു. ഈ യാത്രയിൽ തങ്ങളെ തുണയ്ക്കുന്നതിനും പ്രോത്സാഹനഹം പകരുന്നതിനും അദ്ദേഹം പാപ്പായോടുള്ള കൃതജ്ഞത രേഖപ്പെടുത്തി. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ യേശുവിനോടു പറഞ്ഞതു പോലെ, “ഞങ്ങളോടു കൂടെ താമസിക്കു” എന്നു പറയാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്ന് കർദ്ദിനാൾ സിപ്രിയെൻ വെളിപ്പെടുത്തി. ശുഭയാത്ര നേർന്നുകൊണ്ടും വിവിധ നാട്ടു ഭാഷകളിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുമാണ് അദ്ദേഹം തൻറെ വാക്കുകൾ ഉപസംഹരിച്ചത്. തുടർന്ന് പാപ്പായുടെ ചാരെയെത്തിയ കർദ്ദിനാൾ സിപ്രിയാനെ പാപ്പാ ഈ കത്തീദ്രലിനുള്ള സമ്മാനമായി ഒരു കാസ ഏല്പിച്ചു. കർദ്ദിനാൾ സിപ്രിയെൻ ലക്വയുടെ നന്ദി വചസ്സുകൾക്കു ശേഷം പാപ്പാ സമാപന പ്രർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

വിശുദ്ധ അൽഫോൻസിൻറെ ഭാതൃസമൂഹത്തിൽ

ദിവ്യപൂജാനന്തരം സങ്കീർത്തിയിലേക്കു പോകുന്നതിനു മുമ്പ് പാപ്പാ മറ്റൊരു സമ്മാനവും കർദ്ദിനാൾ സിപ്രിയാനെ ഏല്പിച്ചു. അത് ഒരു സ്വർണ്ണക്കൊന്ത ആയിരുന്നു. ചക്രക്കസേരയിൽ ആയിരുന്ന പാപ്പായുടെ പക്കലേക്ക് അൾത്താരയുടെ മുന്നിൽ വച്ച് തദ്ദേശീയ ആയ ഒരു അമ്മ തൻറെ അംഗവൈകല്യമുള്ള ഒരു പിഞ്ചു കുഞ്ഞിനെ കൊണ്ടുവരുകയും പാപ്പാ ആ കുഞ്ഞിനെ തലോടുകയും തൻറെ മടിയിലിരുത്തകയും ചെയ്ത രംഗം ഹൃദയസ്പർശിയായിരുന്നു. തിരുവസ്ത്രങ്ങൾ മാറിയതിനു ശേഷം ക്യുബെക്കിലെ അതിമെത്രാസനഅരമനയിലേക്കു തിരിച്ചുപോയ പാപ്പാ അവിടെ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു. ദേവാലയത്തിൽ നിന്നുള്ള മടക്കയാത്രയിൽ പാപ്പാ വിശുദ്ധ അൽഫോൻസിൻറെ നാമത്തിലുള്ള ഭാതൃസമൂഹം സന്ദർശിക്കാനും സമയം കണ്ടെത്തി.

വൃദ്ധർക്കും എയ്ഡസ് രോഗികൾക്കും അഭയ കേന്ദ്രമായ ഈ സാഹോദര്യഭവനത്തിലെ സ്ഥിരതാമസക്കാരുടൾപ്പടെ അമ്പതോളം പേർ അതിൻറെ ഉദ്യാനത്തിൽവച്ച് പാപ്പായെ സ്വീകരിച്ചു. ഈ ഭവനത്തിൻറെ ചുമതലവഹിക്കുന്ന വൈദികൻ അന്ത്രേ മൊറേൻസിയും ഉണ്ടായിരുന്നു. ഈ അനൗചാരിക സൗഹൃദ സന്ദർശനവേളയിൽ അവരോടൊപ്പം അല്പസമയം ചിലഴിച്ച പാപ്പാ അവരുടെ കഥകൾ കേൾക്കുകയും അവരുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും അവർക്ക് ദൈവമാതാവിൻറെ ഒരു രൂപം സമ്മാനിക്കുകയും ചെയ്തു.

വൈദികരും സമർപ്പിതരുമായുള്ള കൂടിക്കാഴ്ച 

ഉച്ചതിരിഞ്ഞ് പാപ്പായുടെ പരിപാടി ക്യുബെക്കിലെ, പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള നോതൃദാം കത്തീദ്രലിൽ വച്ച് മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമൊത്തുള്ള കൂടിക്കാഴ്ച ആയിരുന്നു.

നോതൃദാം കത്തീദ്രൽ

1633-ൽ പണികഴിപ്പിക്കപ്പെട്ട ഒരു കപ്പേളയുടെ സ്ഥാനത്ത് 1647-ൽ പണിതുയർത്തിയതാണ് നോത്തൃദാം കത്തീദ്രൽ. സമാധനത്തിൻറെ നമ്മുടെ നാഥ എന്നർത്ഥം വരുന്ന നോത്തൃദാം ദെ പേ (Notre-Dame de la Paix) എന്നായിരുന്നു ഇതിൻറെ നാമം. 1664-ൽ അമലോത്ഭവ നാഥയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഈ ദേവാലയം 1674-ൽ ക്യുബെക്ക് രൂപതയുടെ കത്തീദ്രൽ ആയി. വിശുദ്ധ ഫ്രാൻസീ ദെ ലാവൽ ആയിരുന്നു പുതിയ ക്യുബെക് രൂപതയുടെ പ്രഥമ മെത്രാൻ. 200 വർഷങ്ങൾക്കു ശേഷം ഒമ്പതാം പീയൂയസ് പാപ്പാ ഈ ദേവാലയത്തിന് ബസിലിക്കാ പദവി നല്കി. എന്നാൽ 1759-ൽ ബ്രിട്ടീഷ് ആധിപത്യവേളയിൽ ബോംബാക്രമണത്തിൽ ദേവാലയം കത്തിയമർന്നു. പുനർനിർമ്മിക്കപ്പെട്ട ദേവാലയം വീണ്ടും 1922-ൽ അഗ്നിക്കിരയായി. എന്നാൽ ദേവാലയം വീണ്ടും പണിതുയർത്തുകയായിരുന്നു. 1650 മുതൽ 1898 വരെയുള്ള കാലയളവിൽ ഈ ദേവലായത്തിനടിയിൽ 900-ത്തോളം പേർ അടക്കംചെയ്യപ്പെട്ടിട്ടുണ്ട്. 1923-ൽ ഈ ദേവാലയം പുനർനിർമ്മിക്കപ്പെട്ടപ്പോൾ ഒരു നിലവറ കൂടി കൂട്ടിച്ചേർത്തു. ക്യുബെക് രൂപതയിലെ മിക്ക മെത്രാന്മാരുടെയും മെത്രാപ്പോലീത്താമാരുടെയും കർദ്ദിനാളന്മാരുടെയും കബറിടം അവിടെയാണ്.  1984-ൽ കാനഡസന്ദർശന വേളയിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഈ ബസിലിക്കയിൽ പ്രാർത്ഥനയിൽ ചിലവഴിച്ചിട്ടുണ്ട്.

പാപ്പാ കത്തീദ്രലിൽ

കാറിൽ കത്തീദ്രലിനു മുന്നിലെത്തിയ പാപ്പായെ ക്യുബെക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ജെറാൾഡ് സിപ്രിയെൻ ലക്വായും കാനഡയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ബിഷപ്പ് റെയ്മണ്ട് പൊയ്സ്സണും ചേർന്നു സ്വീകരിച്ച് കത്തീദ്രലിലേക്ക് ആനയിച്ചു. അപ്പോൾ ദേവലയത്തിനകം സംഗീത സാന്ദ്രമായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരിയിൽ നീങ്ങിയ പാപ്പാ  കത്തീദ്രലിനകത്ത് ഒരുക്കപ്പെട്ടിരുന്ന ഇരിപ്പിടത്തിൽ ആസനസ്ഥനായപ്പോൾ കാനഡയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ബിഷപ്പ് റെയ്മണ്ട് പൊയ്സ്സൺ പാപ്പായെ സ്വാഗതം ചെയ്തു.

ഒരുമിച്ചു വാഴാനുള്ള പ്രതിബദ്ധത 

തങ്ങളേകിയ ക്ഷണത്തോടുള്ള പാപ്പായുടെ ക്രിയാത്മകമായ പ്രതികരണവും ഇന്ന് ക്യൂബെക്കിൽ പാപ്പായുടെ സാന്നിധ്യവും തങ്ങളോടുള്ള സ്‌നേഹത്തിൻറെ വളരെയധികം വിലമതിക്കപ്പെടുന്ന സാക്ഷ്യമാണെന്ന് ബിഷപ്പ് റെയ്മണ്ട് പൊയ്സ്സൺ, കാനഡയിലെ മെത്രാന്മാരുടെ നാമത്തിൽ സന്തോഷവും അഗാധമായ കൃതജ്ഞതയും പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. ഈ സന്ദർശനം, കാനഡയിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, തദ്ദേശീയരായ സഹോദരി സഹോദരന്മാരുമായുള്ള അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണെന്ന് അദ്ദേഹം അടിവരയിട്ടുകാട്ടി. ഫസ്റ്റ് നേഷൻസ്, മേത്തിസ്, ഇനുയിത്ത് എന്നീ തദ്ദേശീയജനവിഭാഗങ്ങളുടെ പ്രതിനിധികൾ റോമിൽ എത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത് അനുസ്മരിച്ച ബിഷപ്പ് പൊയ്സ്സൺ,  പാപ്പായുടെ കാനഡസന്ദർശനം ഈ അനുരഞ്ജന യാത്രയെ കൂടുതൽ വിശാലമാക്കുന്നുവെന്നും പറഞ്ഞു. ഒരു പൊതുഭൂമിയിൽ സഹോദര്യത്തോടെ വാഴാനുള്ള ഒത്തൊരുമിച്ചുള്ള യാത്രയ്ക്കു വേണ്ടിയുള്ള പ്രതിബദ്ധതയാണ് പാപ്പായുടെ സാന്നിധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ്പ് പൊയ്സ്സൊണിൻറെ സ്വാഗത വാക്കുകളെ തുടർന്ന് സായാഹ്ന പ്രാർത്ഥനയായിരുന്നു. പത്രോസിൻറെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം 1-4 വരെയുള്ള വചന പരായണത്തെ തുടർന്ന് പാപ്പാ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു. പതിവു പോലെ സ്പാനിഷ് ഭാഷയിലായിരുന്ന പ്രഭാഷണം തത്സമയം ആംഗലഭാഷയിൽ പരിഭാഷപ്പെടുത്തുന്നുമുണ്ടായിരുന്നു.

വിശുദ്ധ ഫ്രാൻസിസ് ദെ ലവാലിൻറെ കബറിട സന്ദർശനം

ഈ കൂടിക്കാഴ്ചയുടെ അവസാനം ക്യുബെക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ജെറാൾഡ് സിപ്രിയെൻ ലക്വാ പാപ്പായെ വിശുദ്ധ ഫ്രാൻസീസ് ദെ ലവാലിൻറെ കബറിടത്തിനടുത്തേക്ക് ആനയിച്ചു. പാപ്പാ അവിടെ അല്പ സമയം മൗനപ്രാർത്ഥനയിൽ ചിലവഴിച്ചു. ഈ കുടിക്കാഴ്ചാനന്തരം പാപ്പാ അതിമെത്രാസനമന്ദിരത്തിലേക്കു പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2022, 10:59