തിരയുക

സൃഷ്ടലോകത്തിന്റെ സ്വരം ശ്രവിക്കുക: ഫ്രാൻസിസ് പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനത്തിൽ, സൃഷ്ടിയുടെ സ്തുതിയുടെയും വിലാപത്തിന്റെയും സ്വരം ശ്രവിക്കുവാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനം ആചരിക്കുന്ന വേളയിൽ, സൃഷ്ടിയുടെ സ്വരം ശ്രവിക്കുക എന്നത് നമ്മുടെ കടമയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ഈ ദിനം, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള ഒരു അവസരമാണെന്നും പാപ്പാ പറഞ്ഞു. ഒരു പാരിസ്ഥിതിക പരിവർത്തനത്തിനുള്ള സമയമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സൃഷ്ടിയെ ശ്രവിക്കാൻ നാം പഠിച്ചാൽ, ആ സ്വരത്തിൽ ഒരു സ്വരച്ചേർച്ചയില്ലായ്മ നിലനിൽക്കുന്നുവെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കുമെന്ന് എഴുതിയ പാപ്പാ, ഒരു വശത്ത് സൃഷ്ടപ്രപഞ്ചം തന്റെ സൃഷ്ടാവിനെ പ്രകീർത്തിക്കുന്ന മധുരമായ ഗാനമാണ് ഉതിർക്കുന്നതെങ്കിൽ മറുവശത്ത്, മനുഷ്യരായ നമ്മുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്ന ഒരു വിലാപമാണ് ഉയരുന്നതെന്ന് വിശദീകരിച്ചു.

ലോകത്തിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് അറിവുള്ള ഒരു പാരിസ്ഥിതികആത്മീയത ജീവിക്കുവാനാണ്, പ്രകൃതിയുടെ മാധുര്യമേറിയ ഗീതം നമ്മെ ക്ഷണിക്കുന്നത് (Lett. enc. Laudato si’, 216). മറ്റു ജീവജാലങ്ങളിൽനിന്ന് വേർപിരിയാതെ, മനോഹരമായ ഒരു സാർവ്വത്രികകൂട്ടായ്മ രൂപപ്പെടുത്തുന്നതിനുള്ള ഒരു ക്ഷണമാണത്. ക്രിസ്തുവിന്റെ ശിഷ്യർക്ക് ഈയൊരു പ്രകാശമാനമായ അനുഭവം "സമസ്തവും അവനിലൂടെ ഉണ്ടായി, ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല" (യോഹ 1,3) എന്ന ഒരു തിരിച്ചറിവിനെ ഊട്ടിയുറപ്പിക്കുവാൻ സഹായകമാണ്. സൃഷ്ടപ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ സമയത്ത്, നമുക്ക്, സൃഷ്ടലോകമെന്ന വലിയ കത്തീഡ്രലിൽ, നമുക്ക് പ്രപഞ്ചത്തിന്റെ വലിയ ഗായകസംഘത്തിനൊപ്പം വീണ്ടും പ്രാർത്ഥിക്കുവാൻ തുടങ്ങാം എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ ഉദ്ധരിച്ച് ഫ്രാൻസിസ് പാപ്പാ എഴുതി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയ്ക്കും സങ്കീർത്തകനുമൊപ്പം ദൈവസ്‌തുതികൾ പടമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

എന്നാൽ അതെസമയം മധുരമായ ആ ഗാനം കയ്‌പേറിയ നിലവിളിയുടെ അകമ്പടിയുള്ളതാണ്. ഇതിൽ, നമ്മുടെ ഭൂമിയുടെ വിലാപമാണ് ഒന്ന്. നമ്മുടെ ഉപഭോക്‌തൃസംസ്കാരത്തിന്റെ ഭാഗമായി നാം പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആ നിലവിളി. അതിനൊപ്പം മറ്റൊരു നിലവിളി മറ്റു ജീവജാലങ്ങളുടേതാണ്. സ്വേച്ഛാധിപമനോഭാവത്തോടെ മനുഷ്യനെ കേന്ദ്രബിന്ദുവാക്കി നിറുത്തിയുള്ള കാഴ്ചപ്പാടിൽ വിവിധ ജീവജാലങ്ങൾ എന്നന്നേക്കുമായി അവസാനിക്കുന്നുണ്ട്. അതുവഴി ദൈവത്തെക്കുറിച്ചുള്ള അവരുടെ സ്തുതിഗീതങ്ങളും എന്നന്നേക്കുമായി നിലയ്ക്കുന്നു. മറ്റൊരു നിലവിളി പാവപ്പെട്ട മനുഷ്യരുടേതാണ്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന പ്രതിസന്ധികളിൽ കൂടുതൽ കഷ്ടപ്പെടുന്നത് അവരാണ്. വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്‌ണതരംഗങ്ങൾ, എന്നിവ കൂടുതലായി ഇക്കാലത്ത് ഉണ്ടാകുന്നുണ്ട്.

പാരമ്പരാഗതവംശജരായ ആളുകളാണ് വിലപിക്കുന്ന മറ്റൊരു കൂട്ടർ. നമ്മുടെ സാമ്പത്തിക താല്പര്യങ്ങൾ മൂലം അവരുടെ ദേശങ്ങൾ നാം കൈയ്യടക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ അവിടെനിന്ന് "സ്വർഗ്ഗത്തിലേക്ക് ഒരു നിലവിളി" ഉയരുന്നുണ്ട് (Esort. Ap. postsin. Querida Amazonia, 9). നമ്മുടെ തന്നെ ഭാവിതലമുറയാകേണ്ട കുട്ടികളാണ് നിലവിളി ഉയർത്തുന്ന മറ്റൊരു ഗണം. നമ്മുടെ സ്വാർത്ഥതയുടെ ഹ്രസ്വദൃഷ്ടിയാൽ ഭാവിയെക്കുറിച്ച് ഭയക്കുന്ന കുട്ടികൾ, നമ്മുടെ പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയുടെ തകർച്ച തടയുകയോ, കുറഞ്ഞത് പരിമിതപ്പെടുത്തുകയോ ചെയ്യാനെങ്കിലും അവർ ആവശ്യപ്പെടുന്നു എന്ന് പാപ്പാ എഴുതി.

സൃഷ്ടിയുടെ ഈ  സമയത്ത്, പ്രകൃതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട COP27, COP15 ഉച്ചകോടികൾ കാലാവസ്ഥയുടെ ഇരട്ട പ്രതിസന്ധിയെയും ജൈവവൈവിധ്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവിനെയും നിർണ്ണായകമായി നേരിടാൻ മാനവകുടുംബത്തെ ഒന്നിപ്പിക്കാൻവേണ്ടി (cf.ibid., 13) നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ എഴുതി. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കാനും കരയുന്നവരോടൊപ്പം കരയാനുമുള്ള വിശുദ്ധ പൗലോസിന്റെ പ്രബോധനം അനുസ്മരിച്ചുകൊണ്ട് (cf. Rom 12:15), സൃഷ്ടിയുടെ കയ്പേറിയ നിലവിളിയ്ക്കൊപ്പം വിലപിക്കാനും, കാര്യപ്രാപ്തിയോടെയും ശ്രദ്ധയോടെയും പ്രവർത്തിച്ചുകൊണ്ട് ജീവജാലങ്ങളുടെ പ്രതീക്ഷയുടെയും ജീവന്റെയും മധുരമായ ഗാനത്തിനൊപ്പം സന്തോഷിക്കാനും എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2022, 16:40