തിരയുക

ഹൈലാൻഡ് പാർക്കിലെ ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി തിരികൾ തെളിക്കുന്നവർ ഹൈലാൻഡ് പാർക്കിലെ ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി തിരികൾ തെളിക്കുന്നവർ 

ഹൈലാൻഡ് പാർക്കിലെ ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

ജൂലൈ നാലാം തീയതി അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വെടിവയ്പ്പിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ഈ ദാരുണസംഭവത്തിൽ, ചിക്കാഗോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ബ്ലാസ് കുപ്പിഹിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.

തികച്ചും വിവേകശൂന്യമായ പ്രവൃത്തി എന്ന് ഈ അക്രമത്തെ വിശേഷിപ്പിച്ച കർദ്ദിനാൾ പരോളിൻ, ഇതിൽ ഇരകളായവരുടെ കുടുംബാംഗങ്ങളോട് തന്റെ ആത്മീയസാമീപ്യം അറിയിക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു എന്ന് എഴുതി.

സർവ്വശക്തനായ ദൈവം, ഈ അപകടത്തിൽ മരണമടഞ്ഞവർക്ക് നിത്യശാന്തിയും, പരിക്കേറ്റവർക്ക് സൗഖ്യവും സാന്ത്വനവും നൽകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു എന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.

തിന്മയിൽനിന്നകന്ന് നന്മ ചെയ്യാൻ (സങ്കീർത്തനം 34:14) തക്ക വിധം എത്ര കഠിനമായ ഹൃദയത്തെയും മാറ്റുവാൻ ദൈവകൃപയ്ക്ക് സാധിക്കുമെന്ന അചഞ്ചലവിശ്വാസമാണ് പാപ്പായ്ക്കുള്ളതെന്നും, അതുകൊണ്ടുതന്നെ, എല്ലാവരും അക്രമത്തെ, അതിന്റെ എല്ലാ രൂപത്തിലും ഉപേക്ഷിക്കണമെന്നും, ജീവിതത്തെ അതിന്റെ എല്ലാ ഘട്ടങ്ങളിലും മാനിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ കർദ്ദിനാൾ പരൊളിൻ എഴുതി.

ജൂലൈ നാലാം തീയതി ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടയിലാണ്, അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽനിന്ന് അക്രമി ജനക്കൂട്ടത്തിലേക്ക് വെടിവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2022, 17:07