തിരയുക

കോമ്മൺവെൽത് സ്റ്റേഡിയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പാ കോമ്മൺവെൽത് സ്റ്റേഡിയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പാ 

ചരിത്രാവബോധമുള്ള, വേരുകളുള്ള മനുഷ്യരാവുക: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ ജോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനത്തിൽ കാനഡയിൽ എഡ്‌മണ്ടനിലെ കോമ്മൺവെൽത് സ്റ്റേഡിയത്തിൽ അൻപതിനായിരത്തോളം ആളുകൾ സംബന്ധിച്ച ദിവ്യബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷസന്ദേശത്തിന്റെ സംഗ്രഹം.
പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷയുടെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇന്ന് യേശുവിന്റെ മുത്തശ്ശീമുത്തച്ഛന്മാരുടെ തിരുനാളാണ്. ഈ തിരുനാൾ ദിനത്തിൽ നാമെല്ലാവരും ഒരുമിച്ച് കൂടണമെന്ന് കർത്താവ് ആഗ്രഹിച്ചു. ജോവാക്കിമിന്റെയും അന്നയുടെയും ഭവനത്തിൽ ബാലനായ യേശു മുത്തശ്ശീമുത്തച്ഛന്മാരുടെ അടുപ്പവും ആർദ്രതയും ജ്ഞാനവും അനുഭവിച്ചു. നമുക്കും നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരെക്കുറിച്ച് ചിന്തിക്കുകയും രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്യാം

ആരും ഒറ്റയ്ക്കല്ല

ഒന്നാമത്തേത് ഇതാണ്: നാമെല്ലാവരും സംരക്ഷിക്കപ്പെടേണ്ട ഒരു ചരിത്രത്തിന്റെ മക്കളാണ്. നാമാരും ഒറ്റപ്പെട്ട വ്യക്തികളല്ല. ഒരു ചരിത്രത്തിന്റെ ഭാഗമായാണ് നാം ഈ ഭൂമിയിലേക്ക് കടന്നുവന്നത്. ഇത് നാം തിരഞ്ഞെടുത്ത ഒന്നല്ല, മറിച്ച് ദാനമായി നമുക്ക് ലഭിച്ച ഒന്നാണ്. ഇതിനെ സംരക്ഷിക്കാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. പ്രഭാഷകന്റെ പുസ്തകത്തിൽ നാം കാണുന്നതുപോലെ നമുക്ക് മുൻപേ പോയവരുടെ "പിൻഗാമികളാണ്", അവരുടെ "അമൂല്യമായ അവകാശമാണ്" നമ്മൾ (പ്രഭാ. 44,11).

പരിധികളില്ലാത്ത സ്നേഹം

തങ്ങളുടെ കഴിവുകളെക്കാളും ബുദ്ധിശക്തിയേക്കാളും, ദൈവഹിതത്തോട് വിശ്വസ്തരായിരിക്കുന്നതിലാണ് ഈയൊരു വസ്തുത അടങ്ങിയിരിക്കുന്നത്. നമ്മുടെ മൂല്യം നാം തിരിച്ചറിയണമെങ്കിൽ, തങ്ങളെക്കുറിച്ച് താന്നെ ചിന്തിക്കാതെ, നമുക്ക് ജീവിതമെന്ന അമൂല്യമായ നിധി പകർന്നുതന്ന ആളുകളെ നമ്മുടെ മനസ്സിൽ കൊണ്ടുവരാൻ സാധിക്കണം. നമ്മുടെ മാതാപിതാക്കൾ കാരണമാണ് നാം ഈ ഭൂമിയിൽ എത്തിയത്, എന്നാൽ നാം നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരോടും കടപ്പാടുള്ളവരായിരിയ്ക്കണം. കാരണം പലപ്പോഴും അവരാണ് നമ്മെ പരിധികളില്ലാതെ സ്നേഹിച്ചത്. നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരിലൂടെയാണ് ചരിത്രത്തിന്റെ തഴുകൽ നമുക്ക് ലഭിച്ചത്. അവരിൽനിന്നാണ് നാം ആർദ്രതയും ജ്ഞാനവും നന്മയുമൊക്കെ മാനുഷികതയുടെ വേരുകളാണെന്ന് പഠിച്ചത്. മുത്തശ്ശീമുത്തച്ഛന്മാരുടെ ഭവനത്തിലാണ് സുവിശേഷത്തിന്റെ സുഗന്ധവും, വിശ്വാസത്തിന്റെ ശക്തിയുമൊക്കെ കുടുംബത്തിന്റെ രുചിയുള്ളതാണെന്ന് നാം പഠിച്ചത്. അങ്ങനെ ഭവനവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം നാം തിരിച്ചറിഞ്ഞു. നാട്ടുഭാഷകളിലൂടെയാണ് വിശ്വാസം പ്രധാനമായി കൈമാറ്റം ചെയ്യപ്പെടുന്നത്.

സ്നേഹവും സ്വാതന്ത്ര്യവും

മുത്തശ്ശീമുത്തച്ഛന്മാർ നമ്മിൽ ഒരിക്കലും മായ്ക്കാനാകാത്ത വിധത്തിൽ ചില മൂല്യങ്ങൾ നൽകിയിട്ടുണ്ട്. അതുല്യരായ, തനിമയുള്ള, സ്വതന്ത്രരായ വ്യക്തികളാകാൻ അവർ നമ്മെ പഠിപ്പിച്ചു. സ്നേഹം എന്നാൽ നിർബന്ധിച്ചു നേടുന്ന ഒന്നല്ല എന്ന് അവർ നമുക്ക് കാണിച്ചുതന്നു. ജോവാക്കിമും അന്നയും മറിയത്തെ സ്നേഹിച്ചു, അതുപോലെ അവർ യേശുവിനെയും സ്നേഹിച്ചു. എന്നാൽ തങ്ങളുടെ സ്നേഹത്താൽ ഒരിക്കലും അവരെ വീർപ്പുമുട്ടിക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തില്ല. മറിച്ച് അവർക്ക് ഈ ലോകത്തിൽ ദൈവം നൽകിയ നിയോഗം നടത്തുവാനായി അവരെ ഇവരിരുവരും അനുഗമിച്ചു. വ്യക്തികൾ എന്ന നിലയിലും സഭ എന്ന നിലയിലും നാം ഇത് അഭ്യസിക്കേണ്ടതുണ്ട്. മറ്റൊരാളുടെ മനഃസാക്ഷിയെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുകയോ അടിച്ചമർത്തുകയോ ചെയ്യരുത്. അതുപോലെ, നമുക്ക് മുൻപേ പോയ ആളുകളോട് സ്നേഹവും ബഹുമാനവും കാണിക്കുക. തങ്ങളേക്കാൾ വലുതായ ചരിത്രം കാത്തുസൂക്ഷിക്കുന്ന അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.

ചരിത്രത്തെ സ്മരിക്കുക

നമ്മെ സൃഷ്‌ടിച്ച ചരിത്രത്തെ കാത്തുസൂക്ഷിക്കുകയെന്നാൽ നമ്മുടെ പിതാമഹന്മാരുടെ മഹത്വത്തെ തമ്സ്കരിക്കാതിരിക്കുക എന്നതുകൂടിയാണ്. നമ്മെ സൃഷ്‌ടിച്ച ചരിത്രത്തെ നമുക്ക് മറക്കാതിരിക്കാം. നമ്മെ തഴുകിയ കരങ്ങളെ നമുക്ക് മറക്കാതിരിക്കാം. കാരണം നമ്മുടെ വിഷമസ്ഥിതികളിൽ ആശ്വാസവും, നമുക്ക് വിവേകവും പ്രകാശവും ആയത് അവയാണ്. ചരിത്രത്തെ കാത്തുസൂക്ഷിക്കുകയെന്നാൽ, സ്നേഹിക്കാൻ പഠിച്ച ആ ഇടത്തേക്ക് തിരികെ പോവുകയെന്ന് കൂടിയാണ്. തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ, നമ്മുടെ കാരണവന്മാർ എന്ത് തിരഞ്ഞെടുത്തേനേ എന്ന് ചിന്തിക്കുക.

വേരുകൾ കാത്തുസൂക്ഷിക്കുക

നമുക്ക് ലഭിച്ച സമ്പത്ത് കാത്തുസൂക്ഷിക്കുന്ന മക്കളും കൊച്ചുമക്കളുമാണോ നമ്മൾ? നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരോട് നാം ആവശ്യത്തിന് സംസാരിക്കാറുണ്ടോ? അവർക്ക് ആവശ്യമുള്ള സമയം നൽകാറുണ്ടോ? നമുക്ക് മുൻപേ കടന്നുപോയവർക്കായി നാം പ്രാർത്ഥിക്കാറുണ്ടോ? അവർക്കുവേണ്ടി നമ്മുടെ ഭവനത്തിന്റെ ഒരല്പം ഇടം നാം മാറ്റി വയ്ക്കാറുണ്ടോ? ചിത്രങ്ങളിലൂടെയോ വസ്തുക്കളിലൂടെയോ അവരുടെ ഓർമ്മകൾ ഉണർത്തുന്ന ഒരിടം ഉണ്ടോ? അവർ ഉപയോഗിച്ച ബൈബിളോ കൊന്തയോ നാം സൂക്ഷിച്ചുവച്ചിട്ടുണ്ടോ? വേരുകളെ സംരക്ഷിക്കുമ്പോഴാണ് മരം വളരുന്നത്. അതുപോലെതന്നെയാണ് ഭാവിയെ കെട്ടിപ്പടുക്കേണ്ടതും.

ചരിത്രം സൃഷ്ടിക്കുന്നവർ

ചരിത്രം സംരക്ഷിക്കുന്ന, ചരിത്രത്തിന്റെ മക്കൾ എന്നതുപോലെ തന്നെ, നാം ചരിത്രം സൃഷ്ടിക്കുന്നവർ കൂടിയാണ് എന്നതാണ് രണ്ടാമത്തെ ചിന്ത. നാമെല്ലാവരും നമുക്ക് ലഭിച്ച സ്നേഹത്താൽ വ്യത്യസ്തരാണ്. നാം എല്ലാവരും ആരുടെയോ മക്കളാണ്, ആരാലോ സൃഷ്ടിക്കപ്പെട്ടവരാണ്. എന്നാൽ വലിയവരായിക്കഴിയുമ്പോൾ നാമും ഇതുപോലെ മറ്റുള്ളവർക്ക് ജന്മം നൽകുന്ന മാതാപിതാക്കളും മുത്തശ്ശീമുത്തച്ഛന്മാരും ആകേണ്ടവരാണ്. നമ്മുടെ കാരണവന്മാർ നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഏതുതരം ലോകമാണ് നാം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്? നമുക്ക് മുൻപേ കടന്നുപോയവരിൽനിന്ന് നാം ഒരുപാട് കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്താണ് നമുക്ക് പിന്നാലെ വരുന്നവർക്ക് നാം നൽകുക? ഉറച്ച ഒരു വിശ്വാസമാണോ അതോ നാമമാത്രവിശ്വാസമാണോ അവർക്ക് നാം നൽകുക? സഹോദര്യത്താലും, സമാധാനത്താലും, സ്വീകാര്യമായ ഒരു ലോകമാണോ അതോ വ്യക്തിതാല്പര്യത്താലും, യുദ്ധത്താലും തകർന്ന ഒരു ലോകമാണോ?

വളർച്ച ലംബമോ തിരശ്ചീനമോ

ജീവൻ നൽകുന്ന വളർച്ച വേരുകളിൽനിന്ന് മുകളിലേക്കുള്ളതാണ്. വേരുകളിൽനിന്ന് തണ്ടിലേക്കും ഇലകളിലേക്കും പൂക്കളിലേക്കും ഫലങ്ങളിലേക്കുമാണ് വളർച്ച ഉണ്ടാകുന്നത്. യഥാർത്ഥ ചരിത്രവും ഇതുപോലെ ലംബമായ ഒരു രീതിയിലാണ് അവതരിപ്പിക്കപ്പെടുക. തിരശ്ചീനമായ രീതിയിൽ മുന്നോട്ടോ പുറകോട്ടു പോകാൻ ശ്രമിക്കുന്ന ഒരു ചരിത്രത്തിലേക്ക് പോകാതിരിക്കാൻ നമുക്ക് ശ്രമിക്കാം. പലപ്പോഴും പിന്നോക്കം സഞ്ചരിക്കാനും, സ്വാർത്ഥതയിലേക്ക് അഭയം തേടാനും നമ്മെ പ്രേരിപ്പിക്കുന്നത് അങ്ങനെയൊരു ചരിത്രമാണ്.

മറ്റുള്ളവർക്ക് ക്രിസ്തുവിനെ പകരുക

അനേകം നീതിമാന്മാരും പ്രവാചകരും കാണാൻ ആഗ്രഹിച്ചിട്ട് സാധിക്കാതിരുന്ന മിശിഹായെക്കുറിച്ചാണ് ഇന്ന് സുവിശേഷത്തിൽ നാം ശ്രവിച്ചത് (Mt 13,16-17). അനേകർക്ക് കാണാനോ കേൾക്കാനോ സാധിക്കാതിരുന്ന മിശിഹായെ അറിയുന്നവരുടെ കടമ, അവനെ സ്വീകരിക്കുകയും അവനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക എന്നതാണ്.

ഇത് നമുക്കും ബാധകമാണ്. നമുക്ക് മുൻപേ പോയവർ നമ്മിൽ നിക്ഷേപിച്ച അഗ്നിയെ വീണ്ടും ജ്വലിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. നമ്മുടെ പിതാമഹന്മാർ, കൂടുതൽ നീതിയും സാഹോദര്യവും ഐക്യദാർഢ്യവുമുള്ള ഓരോ ലോകത്തിനായാണ് ശ്രമിച്ചത്. അവരെ നിരാശപ്പെടുത്താതിരിക്കുക നമ്മുടെ കടമയാണ്. പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുക നമ്മുടെ കടമയാണ്. എന്നാൽ പാരമ്പര്യവാദികളായി നാം മാറാതിരിക്കണം. വേരുകളിൽനിന്ന് വളർന്ന് ഫലങ്ങൾ പുറപ്പെടുവിക്കുന്ന ശാഖകളായി നാം മാറണം. രക്ഷയുടെ ചരിത്രത്തിനുമുന്നിൽ, എന്റെ മുൻഗാമികൾക്ക് മുന്നിൽ ഞാൻ എന്താണ് ചെയ്യുന്നത് എന്ന ചോദ്യം നമ്മോട്തന്നെ ചോദിക്കാം. അമൂല്യമായ ഒരു കടമയാണ് എനിക്ക് ചിത്രത്തിലുള്ളത്. ഞാൻ എന്താണ് ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത്? എന്തുമാത്രം സമ്പാദിച്ചു എന്നതിനേക്കാൾ, ഞാൻ എന്താണ് സൃഷ്ടിച്ചത് എന്ന ചോദ്യമാണ് പ്രധാനപ്പെട്ടത്. ചരിത്രത്തിൽ സ്നേഹം വിതയ്ക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? ഞാൻ ആയിരിക്കുന്നിടത്ത് സുവിശേഷം അറിയിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? സഭയ്ക്കായി ഞാൻ എന്താണ് ചെയ്യുന്നത്? സഹോദരങ്ങളെ, കുറ്റപ്പെടുത്താൻ എളുപ്പമാണ്, എന്നാൽ ചരിത്രത്തിന്റെയും, പ്രതീക്ഷയുടെയും, ഭാവിയുടെയും  സൃഷ്ടാക്കളാകാനും സമാധാനത്തിന്റെ വക്താക്കളാകാനുമാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.

ഉപസംഹാരം

ജോവാക്കിമും അന്നയും നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ. ചരിത്രത്തെ സംരക്ഷിക്കുന്നതിനും, പുനരുത്പാദനത്തിന്റേതായ ഒരു ചരിത്രം സൃഷ്ടിക്കുന്നവരാകാനും അവർ നമ്മെ സഹായിക്കട്ടെ. അതുപോലെ തന്നെ നമ്മുടെ കാരണവന്മാരെ ബഹുമാനിക്കാനും, അവരുടെ പ്രാധാന്യത്തെ തിരിച്ചറിയാനും, നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാൻ അവരുടെ സാന്നിധ്യത്തെ ഉപയോഗിക്കാനും നമുക്ക് സാധിക്കട്ടെ. എന്ത് നൽകുന്നു എന്നതിന്റെ പേരിൽ വയോധികരെ വിലയിരുത്തുന്ന, അവരുടെ നേരെ നിസംഗതയോടെ നോക്കുന്ന ഒരു രീതിയിൽനിന്ന് നമുക്ക് മാറാം. നമ്മുടെ തദ്ദേശീയ സഹോദരീസഹോദരന്മാർ അനുഭവിക്കേണ്ടിവന്ന അക്രമത്തിന്റെയും, പാർശ്വവൽക്കരണത്തിന്റെയും ചരിത്രം അവർത്തിക്കപ്പെടാതിരിക്കട്ടെ. മുൻപേ കടന്നുപോയവരും, വരാനിരിക്കുന്നവരുമായി നമുക്ക് ഒരുമിച്ച് മുന്നേറാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2022, 14:30