പാപ്പാ : 'വിവേചനരഹിത' യുദ്ധത്തിനു നടുവിൽ ക്രൈസ്തവ അനുരഞ്ജനം സമാധാനത്തിലേക്കുള്ള ഒരു പാതയാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ക്രൂരവും വിവേകശൂന്യവുമായ ആക്രമണത്തിന്റെ മധ്യത്തിൽ നിരവധി ക്രൈസ്തവർ പരസ്പരം പോരടിക്കുകയാണ് എന്നും സംഘർഷത്തിലായ ജനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗ്ഗവും സമയോചിതവുമാണ് ഭിന്നിച്ചു നിൽക്കുന്ന ക്രൈസ്തവർക്കിടയിലെ അനുരഞ്ജനം എന്ന് പാപ്പാ പങ്കുവച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിന്റെ പിറ്റേന്ന് വത്തിക്കാനിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പരിശുദ്ധ പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ "പ്രിയ സഹോദരൻ" എക്യുമെനിക്കൽ പാത്രിയാർക്കീസ് ബാർത്തലോമിയോയ്ക്കും വിശുദ്ധ സിനഡിനും ആശംസകൾ അറിയിക്കാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിൽ ക്രൈസ്തവർ അനുരജ്ഞിതരാകേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. യുദ്ധത്തിന്റെ മുന്നിൽ സംസാരിക്കാനും, ചർച്ച ചെയ്യാനുമല്ല നാം ശ്രദ്ധിക്കേണ്ടത് മറിച്ച് വേദനിക്കുന്നവരുടെ കൂടെ വിലപിക്കാനും, പരസ്പരം സഹായിക്കാനും സ്വയം പരിവർത്തനം അനുഭവിക്കാനുമായിരിക്കണം എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, സ്വന്തം വീടും സ്വന്തം നാടും ഉപേക്ഷിക്കാൻ നിർബന്ധിതരായവർ എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചിരിക്കുമെന്ന് പാപ്പാ ഖേദത്തോടെ പങ്കുവച്ചു.
നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കേണ്ടതുണ്ടെന്നും ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാടുകടത്തപ്പെട്ടവരിലും, ദരിദ്രരിലും, മുറിവേറ്റവരിലും സന്നിഹിതനായിരിക്കുന്ന യേശുവിനോടു ഉപവി പ്രകടിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു.
“യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും." (മത്തായി 26 : 52) എന്ന യേശുവിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയ പാപ്പാ ഗെദ്സമെൻ തോട്ടത്തിൽ വച്ച് അക്രമം ഇഷ്ടപ്പെടാത്ത യേശു തന്റെ ഉത്ഥാനത്തിന് ശേഷം സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളുവെന്നും അവരോടു വിശദീകരിച്ചു.
"സഹോദരീ സഭകൾ, സഹോദര ജനങ്ങൾ" എന്നത് സാർവ്വലൗകിക സാഹോദര്യബോധം സാക്ഷാത്കരിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു വ്യവസ്ഥയാണെന്നും അത് എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിലും എല്ലാവരേയും ഒരു സഭയായി സംയോജിപ്പിക്കുന്നതിലും പ്രകടമാണ് എന്നും പാപ്പാ അഭിപ്രായപ്പെട്ടു.
ക്രിസ്തുവാണ് നമ്മുടെ സമാധാനമെന്നും തന്റെ മനുഷ്യാവതാരം, മരണം, ഉത്ഥാനം എന്നിവയിലൂടെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ശത്രുതയുടെയും ഭിന്നിപ്പിന്റെയും മതിലുകൾ അവൻ തകർത്തുവെന്നും പാപ്പാ പറഞ്ഞു. വിനയത്തോടും, കൂടുതൽ ഭക്തിയോടും, ധൈര്യത്തോടും പുതിയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കാമെന്നും പാപ്പാ പങ്കുവച്ചു. സഹോദരങ്ങളായ വിശുദ്ധ പത്രോസും, അന്ത്രയായും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുകയും ഒരുമിച്ചുള്ള നമ്മുടെ യാത്രയിലും ലോകം മുഴുവനും നല്ല ദൈവത്തിന്റെ അനുഗ്രഹം നമുക്ക് വേണ്ടി നേടിത്തരുകയും ചെയ്യട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: