തിരയുക

പാപ്പാ: അനുരഞ്ജനം എന്ന പദം പ്രായോഗികമായി സഭയുടെ പര്യായം!

കാനഡയിൽ ഇരുപത്തിനാലാം തീയതി ഞായറാഴ്ച (24/07/22) ഇടയസന്ദർശനത്തിനെത്തിയ ഫ്രാൻസീസ് പാപ്പാ അടുത്ത ദിവസം തിങ്കളാഴ്ച എഡ്മണ്ടണിലെ തിരുഹൃദയ ദേവാലയം സന്ദർശിക്കുകയും ആ ഇടവക ദേവാലയത്തിൽ വച്ച് തദ്ദേശീയ സമൂഹവുംഇടവക സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ തിരുഹൃദയ ദേവാലയത്തിൽ നടത്തിയ പ്രഭാഷണത്തിൻറെ സംഗ്രഹം:

അനുരഞ്ജന പ്രക്രിയയിൽ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ പ്രസംഗം. യേശുക്രിസ്തു കുരിശിൽ നമ്മെയെല്ലാവരെയും അനുരഞ്ജിതരാക്കുന്നതിനെക്കുറിച്ച് പൗലോസപ്പസ്തോലൻ എഫെസോസുകാർക്കുള്ള ലേഖനത്തിൽ പരാമർശിക്കുന്നതിനെ ആധാരമാക്കിയാണ് പാപ്പാ ഈ ആശയം വിശകലനം ചെയ്തത്.

സമൂർത്ത നടപടികളുടെ അനിവാര്യത

കാനഡയിലെ തദ്ദേശീയ ജനതയുടെ പ്രതിനിധികളുമായി ഏതാനും മാസങ്ങൾക്കു മുമ്പ് റോമിൽ വച്ചു നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ചുകൊണ്ടായിരുന്നു പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത്. ഫലദായകമായ പരിഹാര പ്രക്രിയയ്ക്ക് സമൂർത്ത പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് തദ്ദവസരത്തിൽ താൻ പറഞ്ഞതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ എഡ്മണ്ടണിലെ ഇടവകയിൽ ഫസ്റ്റ് നേഷൻസ്, മേത്തിസ്, ഇനുയിത്ത് എന്നീ തദ്ദേശീയവിഭാഗങ്ങളും അല്ലാത്തവരും കുടിയേറ്റക്കാരും സഹവർത്തിത്വത്തിൽ കഴിയുന്നതിലും സൗഖ്യദായക പ്രക്രിയ ആരംഭിച്ചിരിക്കുന്നതിലും സംതൃപ്തി രേഖപ്പെടുത്തി.  സകലർക്കുമായി തുറന്നിട്ട, സകലരെയും ഉൾക്കൊള്ളുന്ന ഒരു ഭവനമാണ് ഇതെന്നും, ദൈവമക്കളുടെ കുടുംബമായ സഭ അപ്രകാരമായിരിക്കണമെന്നും അവിടെ ആഥിത്യവും സ്വീകരണവും   തദ്ദേശീയ ജനതയുടെ സാംസ്കാരിക തനിമയും അത്യന്താപേക്ഷിതങ്ങളാണെന്നും പാപ്പാ പറഞ്ഞു.

നല്ല ചെടികളോടൊപ്പം കളകളും 

സഭയിൽ നല്ല ധാന്യച്ചെടികളോടൊപ്പം കളകളും വളരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുതകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു: തീർച്ചയായും ഈ കളകൾ നിമിത്തമാണ്, ഈ പശ്ചാത്താപ തീർത്ഥാടനം നടത്താൻ ഞാൻ തീരുമാനിച്ചത്. അനേകം ക്രൈസ്തവർ തദ്ദേശീയജനതകൾക്കു ചെയ്ത തിന്മകളെ വേദനയോടെ ഓർത്ത് ക്ഷമ യാചിച്ചുകൊണ്ട് ഇന്ന് രാവിലെ അത് ഞാൻ ആരംഭിച്ചു. സമൂഹങ്ങളുടെയും ജനങ്ങളുടെയും സാംസ്കാരികവും ആത്മീയവുമായ തനിമ കവർന്നെടുക്കുകയും, അവരുടെ വേരുകൾ വെട്ടിമാറ്റുകയും, മുൻവിധികളും വിവേചനപരവുമായ മനോഭാവങ്ങൾ പോഷിപ്പിക്കുകയും അപകർഷതാ ബോധം പകരുകയും ചെയ്ത സ്വാംശീകരണത്തിൻറെയും വിമോചനത്തിൻറെയും നയങ്ങൾക്ക് കത്തോലിക്കർ സംഭാവന നൽകിയിട്ടുണ്ടെന്ന് ചിന്തിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ക്രൈസ്തവികമെന്നു കരുതിയിരുന്ന ഒരു വിദ്യാഭ്യാസത്തിൻറെ പേരിലായിരുന്നു ഇത്. വിദ്യാഭ്യാസം എല്ലായ്പ്പോഴും ആരംഭിക്കേണ്ടത് ആദരവിൽ നിന്നും ആളുകളിൽ ഇതിനകം നിലനിൽക്കുന്ന കഴിവുകളെ നിന്നും പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നുമാണ്. അതൊരിക്കലും മുൻകൂട്ടി തയ്യാറാക്കി അടിച്ചേപ്പിക്കേണ്ടതല്ല, കാരണം ഒരുമിച്ച് ജീവിതത്തിൻറെ രഹസ്യം പര്യവേക്ഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാഹസികതയാണ് വിദ്യാഭ്യാസം. ദൈവത്തിന് നന്ദി, ഇതുപോലുള്ള ഇടവകകളിൽ, അനുദിനം, കൂടിക്കാഴ്ചകളിലൂടെ സൗഖ്യത്തിൻറെയും അനുരഞ്ജനത്തിൻറെയും അടിസ്ഥാനം നിർമ്മിക്കപ്പെടുന്നു.....

അനുരഞ്ജനത്തിൻറെ വിവക്ഷ

അനുരഞ്ജനം എന്ന പദം കൊണ്ട് യേശു വിവക്ഷിക്കുന്നത് എന്താണ്?  ഇന്ന് നമുക്ക് അനുരഞ്ജനം എന്താണ് അർത്ഥമാക്കുന്നത്? പ്രിയ സുഹൃത്തുക്കളെ, ക്രിസ്തു പൂർത്തിയാക്കിയ അനുരഞ്ജനം ബാഹ്യ സമാധാന ഉടമ്പടി ആയിരുന്നില്ല, കക്ഷികളെ പ്രീതിപ്പെടുത്താനുള്ള ഒരുതരം വിട്ടുവീഴ്ചയായിരുന്നില്ല. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ഒരു സമാധാനം ആയിരുന്നില്ല, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുകയോ അല്ലെങ്കിൽ മറ്റൊന്നിനെ ആഗിരണം ചെയ്യുകയോ ചെയ്യുന്ന ഒന്നായിരുന്നില്ല.  രണ്ട് വിദൂര യാഥാർത്ഥ്യങ്ങളെ ഒരു യാഥാർത്ഥ്യമാക്കി, ഒന്നാക്കിക്കൊണ്ട് ഒരു ജനമാക്കിക്കൊണ്ട് യേശു അനുരഞ്ജനപ്പെടുത്തി എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. അത് അവിടന്ന് ചെയ്യുന്നത് കുരിശിലൂടെയാണ് (എഫേസോസ് 2:14). പുരാതന ക്രിസ്ത്യാനികൾ അതിനെ വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് ജീവവൃക്ഷം എന്നാണ്. ജീവവൃക്ഷത്തിൽ കുരിശിൽ നമ്മെ പരസ്പരം അനുരഞ്ജിപ്പിക്കുന്നത് യേശുവാണ്. കുരിശ്, ജീവൻറ വൃക്ഷമാണ്. പ്രിയപ്പെട്ട തദ്ദേശീയ സഹോദരീസഹോദരന്മാരേ, വേരുകളാൽ ഭൂമിയോട് ചേർന്നുനിന്ന് ഇലകളിലൂടെ പ്രാണവായു നൽകുകയും അതിന്റെ ഫലങ്ങളാൽ നമ്മെ പോഷിപ്പിക്കുകയും ചെയ്യുന്ന വൃക്ഷത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് ധാരാളം പഠിപ്പിക്കാനുണ്ട്......

യാചിക്കേണ്ട കൃപ

സഹോദരീസഹോദരന്മാരേ, വേദനാജനകമായ മുറിവുകൾ ഉള്ളിൽ പേറുന്നവർക്ക് അനുരഞ്ജനത്തിൻറെ അർത്ഥം എന്താണ്? ഔന്നത്യം ധ്വംസിക്കപ്പെട്ടതും, അനുഭവിച്ച തിന്മകളും വിശ്വാസവഞ്ചനയും മായിച്ചുകളയാൻ ഒന്നിനും സാധിക്കില്ല. വിശ്വാസികളായ നമ്മുടെ നാണക്കേടും ഒരിക്കലും മായ്‌ക്കപ്പെടരുത്. എന്നാൽ വീണ്ടും ആരംഭിക്കേണ്ടത് ആവശ്യമാണ്, യേശു നമുക്ക് വാക്കുകളും നല്ല തീരുമാനങ്ങളുമല്ല, മറിച്ച് കുരിശാണ് വാഗ്ദാനം ചെയ്യുന്നത്. നാം ആത്മാർത്ഥമായി അനുരഞ്ജിതരാകണമെങ്കിൽ നമ്മുടെ നോട്ടം ക്രൂശിക്കപ്പെട്ട യേശുവിലേക്ക് ഉയർത്തണം. അവിടത്തെ ബലിപീഠത്തിൽ നിന്നാണ് സമാധാനം ആർജ്ജിക്കേണ്ടത്. കാരണം, വേദന സ്നേഹമായും, മരണം ജീവനായും, നിരാശ പ്രത്യാശയായും, പരിത്യക്തത കൂട്ടായ്മയായും, അകലം ഐക്യമായും രൂപാന്തരപ്പെടുന്നത് കുരിശാകുന്ന മരത്തിലാണ്. അനുരഞ്ജനം നമ്മുടെ കർമ്മമല്ല, അതൊരു ദാനമാണ്, കുരിശിൽ നിന്ന് വരുന്ന ഒരു സമ്മാനമാണ്, ഇത് യേശുവിൻറെ ഹൃദയത്തിൽ നിന്ന് വരുന്ന സമാധാനമാണ്, അത് ചോദിക്കേണ്ട ഒരു കൃപയാണ്. അനുരഞ്ജനം എന്നത് യാചിക്കേണ്ട ഒരു കൃപയാണ്.

സഭയിൽ നമുക്ക് ഒരുമിച്ചു വളരാനാകും 

അനുരഞ്ജനം എന്ന വാക്ക് പ്രായോഗികമായി സഭയുടെ പര്യായമാണ്. വാസ്തവത്തിൽ, ഈ പദത്തിൻറെ അർത്ഥം "വീണ്ടും ഒരു സമതി ഉണ്ടാക്കുക" എന്നാണ്: അനുരഞ്ജനം, ഒരു പുതിയ സംഘം ഉണ്ടാക്കുകയാണ് നമുക്ക് വീണ്ടും അനുരഞ്ജിതരാകാൻ കഴിയുന്ന ഭവനമാണ് സഭ, അവിടെ നമുക്ക് വീണ്ടും ആരംഭിക്കുന്നതിനും ഒരുമിച്ചു വളരുന്നതിനും ഒന്നുചേരാൻ കഴിയും. ഒരുമിച്ച് പ്രാർത്ഥിക്കുകയും, ഐക്യത്തോടെ സഹായിക്കുകയും, ജീവിതാനുഭങ്ങൾ, സന്തോഷങ്ങൾ, പോരാട്ടങ്ങൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൈവത്തിൻറെ അനുരഞ്ജന പ്രവർത്തനത്തിലേക്കുള്ള വാതിൽ തുറക്കുന്നു. ദൈവം നമ്മുടെ ഇടയിൽ തൻറെ കൂടാരം അടിക്കുന്നു, നമ്മുടെ മരുഭൂമികളിൽ നമ്മെ അനുഗമിക്കുന്നു: അംബരചുംബികളായ കൊട്ടാരങ്ങളിലല്ല, മറിച്ച് അനുരഞ്ജനത്തിന്റെ ഭവനമാകാൻ ആഗ്രഹിക്കുന്ന നമ്മുടെ സഭയിലാണ് അവിടന്ന് വസിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2022, 18:09