തിരയുക

വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ നാമഥേയത്തിലുള്ള ദേശീയ തീർത്ഥാടന ദേവാലയത്തിൽ പാപ്പാ  വചന സന്ദേശം നൽകുന്നു. വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ നാമഥേയത്തിലുള്ള ദേശീയ തീർത്ഥാടന ദേവാലയത്തിൽ പാപ്പാ വചന സന്ദേശം നൽകുന്നു. 

പാപ്പാ: യേശു നമ്മെ പരാജയത്തിൽ നിന്ന് പ്രത്യാശയിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്നു

വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ നാമഥേയത്തിലുള്ള ദേശീയ തീർത്ഥാടന ദേവാലയത്തിൽ അനുരഞ്ജനത്തിന്റെ ദിവ്യബലി അർപ്പിച്ച്കൊണ്ട് ജൂലൈ 28 ആം തിയതി പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കിഴക്കൻ കാനഡയിലെ ക്വബെക്കിനടുത്തുള്ള സെയിന്റ്-ആൻ- ദെ-ബ്യൂപ്രെയിൽ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിൽ പരാജയങ്ങൾക്കപ്പുറം ദൈവത്തിലുള്ള പ്രത്യാശയിലേക്ക് പോകാൻ നമ്മെ സഹായിക്കാൻ യേശു എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിന്റെ അവസാന ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന ശിഷ്യന്മാരുടെ എമ്മാവൂസിലേക്കുള്ള യാത്രയെ കുറിച്ച് വിശദീകരിച്ച പാപ്പാ അവരുടെ ആ യാത്ര സഭയുടെയും, നമ്മുടെ വ്യക്തിപരമായ യാത്രയുടെയും രൂപമാണ് എന്ന് വിശദീകരിച്ചു. അവർക്ക് ആദ്യം തിരിച്ചറിയാൻ കഴിയാതിരുന്ന യേശുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തന്റെ വചനപ്രഘോഷണത്തിൽ പാപ്പാ വിവരിച്ചു. ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും പാതയിൽ നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള സ്വപ്നങ്ങളും പദ്ധതികളും പ്രത്യാശകളും, പ്രതീക്ഷകളും സാക്ഷാത്കരിക്കാൻ നാം പരിശ്രമിക്കുമ്പോൾ നമ്മുടെ ദൗർബ്ബല്യങ്ങൾക്കും, ബലഹീനതകൾക്കും മുന്നിൽ നാം എത്തിച്ചേരുന്നുണ്ടാകാം. തിരിച്ചടികളും, നിരാശയും നാം അനുഭവിച്ചേക്കാം. പലപ്പോഴും പരാജയത്തിന്റെ പരീക്ഷണത്തിൽ നാം തടവിലാക്കപ്പെടാം. എങ്കിലും ആ നിമിഷങ്ങളിൽ നാം തനിച്ചല്ല കാരണം യേശു നമ്മെ കണ്ടുമുട്ടുകയും, നമ്മുടെ ചാരത്ത് വന്ന് നിൽക്കുകയും ചെയ്യുന്നു എന്ന് പാപ്പാ പങ്കുവച്ചു. നമ്മുടെ നയനങ്ങളെ തുറക്കാനും നമ്മുടെ ഹൃദയങ്ങളെ വീണ്ടും  ജ്വലിപ്പിക്കാനും ആഗ്രഹിക്കുന്ന സൗമ്യനായ ഒരു സഹയാത്രികന്റെ ഔചിത്യബോധത്തോടെ അവിടുന്നു നമ്മുടെ വഴിയിൽ നമ്മെ അനുഗമിക്കുന്നു.

പരാജയത്തിൽ നിന്ന് പ്രത്യാശയിലേക്ക്

യേശുവിന്റെ പദ്ധതി പരാജയപ്പെട്ടതിലുള്ള വിഷമവും, സങ്കടവും അനുഭവിച്ചാണ് ശിഷ്യരുടെ യാത്ര ആരംഭിച്ചതെങ്കിലും ഒരു സഹയാത്രികനായി യേശു അവരോടൊപ്പം കൂടിയ ശേഷം ഒരു പുതിയ പ്രതീക്ഷയുടെ പിറവിയോടെയാണ് അത് അവസാനിച്ചതെന്ന് പാപ്പാ  ഓർമ്മിപ്പിച്ചു.

നമ്മുടെ പരാജയങ്ങൾ കർത്താവുമായുള്ള കൂടികാഴ്ച്ചയിലേക്ക് നയിക്കുമ്പോഴെല്ലാം, ജീവനും, പ്രത്യാശയും പുനർജ്ജനിക്കുകയും നാം നമ്മോടും നമ്മുടെ സഹോദരീ സഹോദരന്മാരോടും ദൈവത്തോടും അനുരജ്ഞനപ്പെടാൻ കഴിവുള്ളവരായിത്തീരുകയും ചെയ്യുന്നു. അതിനാൽ നമുക്ക് ശിഷ്യരുടെ യാത്രാക്രമത്തെ പിന്തുടരാം. പരാജയത്തിൽ നിന്ന് പ്രത്യാശയിലേക്കുള്ള യാത്ര എന്ന് നമുക്ക് അതിനെ വിളിക്കാം. പാപ്പാ ആഹ്വാനം ചെയ്തു.

യേശുവിന്റെ മരണശേഷം എമ്മാവൂസിലേക്ക് പോകുന്ന രണ്ട് ശിഷ്യന്മാരുടെ ഹൃദയങ്ങളെ പരാജയബോധം വേട്ടയാടുന്നു. അവർ അത്യുത്സാഹത്തോടെ ഒരു സ്വപ്നത്തെ പിന്തുടരുകയും തങ്ങളുടെ എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും യേശുവിൽ ഉറപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ യേശുവിന്റെ കുരിശിലെ അപകീർത്തികരമായ മരണത്തിനുശേഷം അവർ ജെറുസലേമം വിട്ട് അവരുടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഒരു സാധാരണ കുറ്റവാളിയെ പോലെ കുരിശിൽ വധിക്കപ്പെട്ട മിശിഹായുടെ ഓർമ്മയും തങ്ങളെ നിരാശരാക്കിയ അനുഭവവും ഉപേക്ഷിച്ച് അവരൊരു മടക്കയാത്രയിലായിരുന്നു. അവർ നിരാശയോടും ദുഃഖത്തോടും കൂടെ  വീട്ടിലേക്ക് മടങ്ങുകയായിരുന്നു (ലൂക്കാ 24: 17). അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. അവരുടെ പ്രതീക്ഷകൾ തകർന്നടിഞ്ഞു. അവർ കണ്ട സ്വപ്നങ്ങൾ നിരാശയ്ക്കും സങ്കടത്തിനും വഴിമാറി.

ശിഷ്യന്മാരുടെ ഈ ജീവിതാനുഭവം നമ്മുടെ സ്വന്തം ജീവിതത്തെയും ആത്മീയ യാത്രയെയും അടയാളപ്പെടുത്തുന്നു. പ്രതീക്ഷകളെ  പുനർക്രമീകരിക്കാനും നമ്മുടെ പരാജയങ്ങളെയും ജീവിതത്തിൽ വരുന്ന അവ്യക്തതകളെയും ആശയക്കുഴപ്പങ്ങളെയും  നേരിടാനും നാം നിർബന്ധിതരാകുന്ന സമയങ്ങളിൽ ശിഷ്യന്മാരുടെ അനുഭവം നമുക്കും ഉണ്ടാകുന്നു.

ജീവിതത്തിൽ നിരാശകൾക്കെതിരെ നമ്മുടെ ഉന്നത ആദർശങ്ങൾ ഉയർന്നു വരുമ്പോൾ നമ്മുടെ ബലഹീനതകളും അപര്യാപ്തയും കാരണം നാം നമ്മുടെ ലക്ഷ്യങ്ങൾ ഉപേക്ഷിച്ചു പോകുന്നു. മഹത്തായ പദ്ധതികൾ ആരംഭിക്കുന്നു എന്നാൽ അവ നിർവഹിക്കാൻ കഴിയില്ലെന്ന് കണ്ടെത്തുന്നു. അധികം വൈകാതെ നമ്മുടെ ദൈനംദിന ജീവിതത്തിലും ബന്ധങ്ങളിലും നാം എല്ലാവരും  ഒരു തിരിച്ചടിയോ, ഒരു തെറ്റോ, ഒരു പരാജയമോ അല്ലെങ്കിൽ ഒരു വീഴ്ചയോ അനുഭവിക്കാറുണ്ടു്. നമ്മുടെ പാപങ്ങളാലും പശ്ചാത്താപങ്ങളാലും നാം തകർന്നതായി അനുഭവപ്പെടമ്പോഴെല്ലാം ശിഷ്യന്മാരുടെ അനുഭവം നമ്മുടെ ജീവിതത്തിലും അടയാളമാക്കപ്പെടുന്നു.

ആരാധനാക്രമത്തിലെ ആദ്യ വായനയിൽ പറഞ്ഞ ആദാമിന്റെയും ഹവ്വയുടെയും കാര്യവും ഇതായിരുന്നു. അവരുടെ പാപം അവരെ ദൈവത്തിൽ നിന്നും, പരസ്പരവും അകറ്റി. അവർക്ക് പരസ്പരം കുറ്റപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. എമ്മാവൂസിലേക്ക്  നടന്ന ശിഷ്യന്മാരുടെ ജീവിതത്തിലും നാം അത് കാണുന്നു. യേശുവിന്റെ കാൽവരിയിലെ മരണം കണ്ടതിന്റെ വിഷമം ഒരു നിരാശജനകമായ സംഭാഷണത്തിലേക്കാണ് അവരെ നയിക്കുന്നത്. നമ്മുടെ പാപങ്ങളാലും പശ്ചാത്താപ വികാരങ്ങളാലും നാം തകർന്നതായി അനുഭവപ്പെടുമ്പോൾ ഇത് സംഭവിക്കുന്നു.

യേശുവിന്റെ ശിഷ്യരുടെ സമൂഹമായ സഭയുടെ ജീവിതത്തിലും നമുക്ക് അത് കാണാൻ കഴിയും. ഉത്ഥിതനായ കർത്താവിന്റെ സമൂഹമാണെങ്കിലും തിന്മയുടെ അപവാദത്തിനും കാൽവരിയിലേക്ക് നയിച്ച അക്രമത്തിന്റെയും മുന്നിൽ നമുക്ക് ആശയകുഴപ്പവും, നിരാശയുമാണ് കണ്ടെത്തുക. ആ സമയങ്ങളിൽ നമ്മുടെ പരാജയബോധത്തെ മുറുകെ പിടിക്കുകയും എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് അത് സംഭവിച്ചത്? അതെങ്ങനെ സംഭവിക്കും? എന്ന്  ചോദ്യം ചെയ്യുന്നതിനേക്കാൾ കൂടുതലായിയി നമുക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല.

സഹോദരീ സഹോദരന്മാരേ, ഇവ നമ്മുടെ സ്വന്തം ചോദ്യങ്ങളാണ്, കാനഡയിലെ ഈ തീർത്ഥാടക സഭ, ഹൃദയം നിറഞ്ഞ ദുഃഖത്തോടെ, മുറിവുണക്കലിന്റെയും, അനുരഞ്ജനത്തിന്റെയും ദുഷ്കരമായ കാര്യങ്ങൾ ആവശ്യമാകുന്നതുമായ യാത്രയെക്കുറിച്ച് ചോദിക്കുന്ന കത്തുന്ന ചോദ്യങ്ങളാണിവ. നമ്മുടെ തദ്ദേശീയ സഹോദരീ സഹോദരന്മാരുടെ ശരീരത്തെ മുറിപ്പെടുത്തിയ തിന്മയുടെയും, ക്രിസ്തുവിന്റെ ശരീരത്തിന്റെയും അപവാദത്തെ അഭിമുഖീകരിക്കുമ്പോൾ, നമുക്കും അഗാധമായ പരിഭ്രമവും, പരാജയത്തിന്റെ ഭാരവും അനുഭവപ്പെടുന്നു. പാപ്പാ പങ്കുവച്ചു. 

ഒളിച്ചോടുന്ന പ്രലോഭനത്തെ കുറിച്ചുള്ള ശ്രദ്ധ

സുവിശേഷത്തിലെ രണ്ട് ശിഷ്യന്മാരിൽ നാം കാണുന്ന ഓടിപ്പോകാനുള്ള പ്രലോഭനത്തെക്കുറിച്ച് നാം ശ്രദ്ധാലുക്കളായിരിക്കണം എന്ന് പറഞ്ഞ പാപ്പാ തിരികെ പോകാനുള്ള പ്രലോഭനത്തെ ചൂണ്ടികാണിച്ച് കൊണ്ട് എല്ലാം സംഭവിച്ച സ്ഥലത്തെ ഉപേക്ഷിക്കുക, എല്ലാം തടയാൻ ശ്രമിക്കുക, എമ്മാവുസിനെപ്പോലെ ഒരു "അഭയം" തേടാൻ ശ്രമിക്കുക എന്നീ പ്രലോഭനങ്ങളെ കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കണമെന്നും വിശദീകരിച്ചു.

ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അതൊഴിവാക്കാൻ പലായനം ചെയ്യുന്നതിനെക്കാൾ മോശമായി മറ്റൊന്നുമില്ല. നമ്മുടെ ആത്മീയ യാത്രയെയും,സഭയുടെ യാത്രയെയും ഭീഷണിപ്പെടുത്തുന്ന ശത്രുവിൽ നിന്ന് വരുന്ന ഒരു പ്രലോഭനമാണിത്. കാരണം നമ്മുടെ എല്ലാ പരാജയങ്ങളും ഇപ്പോൾ മാറ്റാനാവാത്തതാണെന്ന് നാം ചിന്തിക്കാൻ അവൻ ആഗ്രഹിക്കുന്നു. ദുഃഖത്താലും പശ്ചാത്താപത്താലും നമ്മെ തളർത്താനും മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും, വീണ്ടും ആരംഭിക്കാൻ ഒരു മാർഗ്ഗം കണ്ടെത്താൻ ശ്രമിക്കുന്നത് നിരാശാജനകമാണെന്നും നമ്മെ ബോധ്യപ്പെടുത്താനും അവൻ ആഗ്രഹിക്കുന്നു.

യേശുവിന്റെ സഞ്ചാരം

എമ്മാവുവിലേക്കുള്ള യാത്രാമധ്യേ യേശു സൗമ്യമായി അടുത്തുചെന്ന് ദുഃഖിതരായ ആ ശിഷ്യന്മാരുടെ അസ്വസ്ഥമായ കാൽപ്പാടുകളെ പിന്തുടരുന്നു. അവനെന്താണ് ചെയ്യുന്നത്? പ്രോത്സാഹനത്തിന്റെ വാക്കുകളോ സാന്ത്വനത്തിന്റെ ലളിതമായ വാക്കുകളോ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല, മറിച്ച്, തിരുവെഴുത്തുകളിൽ  മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന തന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യം വെളിപ്പെടുത്തുകയും അതിലൂടെ, അവിടുന്ന് അവരുടെ ജീവിതങ്ങളിലും അവർ അനുഭവിച്ച സംഭവങ്ങളിലും പുതിയ വെളിച്ചം വീശുകയും ചെയ്യുന്നു. അങ്ങനെ എല്ലാം പുതുതായി കാണാൻ അവിടുന്നു അവരുടെ നയനങ്ങളെ തുറക്കുന്നു എന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

ഈ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ പങ്കുകാരാകുന്ന നമുക്കും നമ്മുടെ ചരിത്രത്തിലെ പല സംഭവങ്ങളും പുതിയതായി കാണാൻ കഴിയുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അവിടെ മുമ്പുണ്ടായിരുന്ന മൂന്ന് ദേവാലയങ്ങളെ അനുസ്മരിച്ച പാപ്പാ കഷ്ടതകളുടെ മുന്നിൽ ഓടിപ്പോകാൻ വിസമ്മതിച്ചവരും, സ്വന്തം തെറ്റുകളും മറ്റുള്ളവരുടെ തെറ്റുകളും വകവയ്ക്കാതെ സ്വപ്നം കണ്ടുകൊണ്ടിരുന്നവരും എപ്പോഴും ഉണ്ടായിരുന്നുവെന്നും, ഒരു നൂറ്റാണ്ടിന് മുമ്പുണ്ടായ വിനാശകരമായ അഗ്നിയിൽ ദഹിക്കാൻ അവർ തങ്ങളെത്തന്നെ അനുവദിക്കാതെ, ധൈര്യത്തോടും, സർഗ്ഗാത്മകതയോടും കൂടി അവർ ഈ പള്ളി പണിതുയർത്തിയെന്നും പാപ്പാ വിശദീകരിച്ചു.

സുഹൃത്തുക്കൾക്കായി ജീവൻ ത്യജിക്കുന്ന സ്നേഹത്തിന്റെ ദൈവം

വീണ്ടും എമ്മാവൂസ് യാത്രയെ ചൂണ്ടിണിച്ച പാപ്പാ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ, യേശു അപ്പം മുറിച്ചപ്പോൾ അവരുടെ കണ്ണുകൾ തുറന്നുവെന്നും സുഹൃത്തുക്കൾക്കായി തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹത്തിന്റെ ദൈവമായി ഒരിക്കൽ കൂടി അവിടുന്ന് സ്വയം വെളിപ്പെടുത്തിയെന്നും പാപ്പാ വിശദീകരിച്ചു. അങ്ങനെ സന്തോഷത്തോടെ തങ്ങളുടെ യാത്ര പുനരാരംഭിക്കാനും പരാജയത്തിൽനിന്ന് പ്രത്യാശയിലേക്കു കടന്നുപോകാനും യേശു അവരെ സഹായിച്ചു. പാപ്പാ കൂട്ടിച്ചേർത്തു.

നാം ഓരോരുത്തരോടും തന്റെ സഭയോടും അതുപോലെ ചെയ്യാൻ കർത്താവ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അതിന് ഏക വഴിയേ ഉള്ളൂവെന്നും അത് യേശുവിന്റെ വഴിയാണെന്നും  യേശുവാണ് ആ വഴിയെന്നും പാപ്പാ ഓർമ്മപ്പെടുത്തി. (യോഹ 14:6).  നമ്മുടെ യാത്രയിൽ യേശു നമ്മുടെ സമീപത്താണെന്ന് നമുക്ക് വിശ്വസിക്കാം. അവിടുത്തെ കാണാൻ നമുക്ക് പുറത്തേക്ക് പോകാം. വ്യക്തികളെന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും നാം സൃഷ്ടിക്കുന്ന ചരിത്രത്തെ വ്യാഖ്യാനിക്കാനും രോഗശാന്തിക്കും അനുരഞ്ജനത്തിനുമുള്ള വഴി കാണിച്ചുകൊടുക്കാനും അവന്റെ വചനത്തെ നമുക്ക് അനുവദിക്കാം എന്ന് പാപ്പാ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ദിവ്യകാരുണ്യ അപ്പത്തിൽ ഒരുമിച്ച്

വിശ്വാസത്തിൽ ഒരുമിച്ച് ദിവ്യകാരുണ്യ അപ്പത്തെ മുറിക്കാം എന്ന് പറഞ്ഞ പാപ്പാ അങ്ങനെ മേശയ്ക്കുചുറ്റും എല്ലാവരും സഹോദരീ സഹോദരന്മാരായിത്തീരാൻ വിളിക്കപ്പെടുന്ന പിതാവിന്റെ പ്രിയപ്പെട്ട മക്കളായി നമ്മെത്തന്നെ കാണാൻ കഴിയും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധ ആൻ, പരിശുദ്ധ കന്യകാമറിയം, ഈസ്റ്റർ പ്രഭാതത്തിലെ സ്ത്രീകൾ എന്നിവർ അനുരഞ്ജനത്തിലേക്കുള്ള ഒരു പുതിയ പാത നമുക്ക് കാണിച്ചുതരുന്നു. അനേകം സ്ത്രീകളുടെ ആർദ്രമായ മാതൃസ്നേഹത്തിന് നമ്മെ അനുഗമിക്കാൻ കഴിയും. സഭ എന്ന നിലയിൽ പുതിയതും ഫലപ്രദവുമായ കാലത്തേക്ക് വന്ധ്യതയും മരണവും ഉപേക്ഷിച്ച് ക്രൂശിക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ യേശുവിനെ വീണ്ടും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാം. പാപ്പാ കൂട്ടിചേർത്തു.

വാസ്തവത്തിൽ, നമ്മുടെ ചോദ്യങ്ങളുടെയോ നമ്മുടെ ആന്തരിക പോരാട്ടങ്ങളുടെയോ സഭയുടെ  അജപാലന ജീവിതത്തിന്റെയോ കേന്ദ്രബിന്ദുവായി നാം നമ്മെത്തന്നെ പ്രതിഷ്ഠിക്കരുത്. പകരം, നാം കർത്താവായ യേശുവിനെ പ്രതിഷ്ഠിക്കണം. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ വചനം കേന്ദ്രീകൃതമാക്കണം, കാരണം വചനം എല്ലാറ്റിലും വെളിച്ചം വീശുകയും നമ്മുടെ ദർശനങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ നിരാശാജനകമായ സാഹചര്യങ്ങളിൽപ്പോലും ദൈവസ്നേഹത്തിന്റെ പ്രവർത്തനപരമായ സാന്നിധ്യവും നന്മയ്ക്കുള്ള സാധ്യതയും കാണാൻ അതു നമ്മെ പ്രാപ്തരാക്കുന്നു.

ഇന്ന്, നമുക്കായി യേശു ഒരിക്കൽ കൂടി മുറിയുന്ന ദിവ്യകാരുണ്യ അപ്പത്തെ നമ്മുടെ മധ്യത്തിൽ പ്രതിഷ്ഠിക്കാം. അങ്ങനെ അവിടുത്തേക്ക് തന്റെ ജീവിതം നമ്മോടൊത്ത് പങ്കിടാനും നമ്മുടെ ബലഹീനതയെ ആശ്ലേഷിക്കാനും തളർന്ന നമ്മുടെ കാലടികൾ നിലനിർത്താനും നമ്മുടെ ഹൃദയങ്ങളെ സൗഖ്യമാക്കാനും കഴിയും. ദൈവവുമായും മറ്റുള്ളവരുമായും സ്വയും അനുരഞ്ജനം പ്രാപിച്ച് നമ്മുടെ സമൂഹങ്ങൾക്കുള്ളിൽ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഉപകരണങ്ങളായി നമുക്ക് സ്വയം മാറാനാകട്ടെ. പാപ്പാ ആശംസിച്ചു.

നാഥാ വസിച്ചാലും

ഞങ്ങളുടെ വഴിയും, ശക്തിയും, സാന്ത്വനവുമായ കർത്താവായ യേശുവേ, എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ, ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു: "ഞങ്ങളുടെ കൂടെ വസിക്കണമെ! കാരണം എകദേശം വൈകുന്നേരമായിരിക്കുന്നു" (ലൂക്കാ 24:29). പ്രത്യാശ മങ്ങുകയും നിരാശയുടെ രാത്രി വീഴുകയും ചെയ്യുമ്പോൾ കർത്താവായ യേശുവേ, ഞങ്ങളോടൊപ്പം നിൽക്കണമേ. ഞങ്ങളോടൊപ്പം വസിക്കണമേ, കാരണം നിന്നോടൊപ്പമുള്ള ഞങ്ങളുടെ യാത്ര അനിശ്ചിതത്വത്തിന്റെ അന്ധമായ ഇടവഴികളിലൂടെ കടന്നുപോകുന്നു. സന്തോഷത്തിന്റെ വിസ്മയം പുനർജനിപ്പിക്കുന്നു. ഞങ്ങളുടെ കൂടെ വസിക്കണമെ കർത്താവേ! എന്തെന്നാൽ നിന്നോടൊത്തിരിക്കുമ്പോൾ വേദനയുടെ രാത്രി ജീവിതത്തിന്റെ പ്രസന്നമായ പ്രഭാതമായി മാറുന്നു എന്ന് പ്രാർത്ഥിക്കുവാ൯ പറഞ്ഞ പാപ്പാ കർത്താവേ, ഞങ്ങളോടുകൂടെ വസിക്കണമേ എന്നും എന്തെന്നാൽ, നീ ഞങ്ങളുടെ പക്ഷത്തു നടന്നാൽ, പരാജയം പുതിയ ജീവന്റെ പ്രത്യാശയിലേക്ക് വഴിമാറുന്നുവെന്നും വിനയപൂർവ്വം പറയാം എന്ന് പറഞ്ഞ് കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2022, 14:27