തിരയുക

10മത് ആഗോള കുടുംബ സമ്മേളനത്തിൽ പാപ്പാ. 10മത് ആഗോള കുടുംബ സമ്മേളനത്തിൽ പാപ്പാ.   (Vatican Media)

പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം

10മത് ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമ്മീകനായി അർപ്പിച്ച ദിവ്യബലിയിൽ നടത്തിയ വചനപ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ലോകത്തിലെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും നമ്മൾ സ്നേഹിക്കാൻ അഭ്യസിക്കുന്ന ആദ്യസ്ഥലമാണ് കുടുംബം എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

സ്വാർത്ഥതയുടേയും,  വ്യക്തി മഹത്വത്തിന്റെയും, നിസ്സംഗതയുടേയും ധൂർത്തിന്റെയും വിഷം നിറഞ്ഞ ഒരു ലോകത്ത് കുടുംബത്തിന്റെ സൗന്ദര്യത്തെ ഫ്രാൻസിസ് പാപ്പാ പുകഴ്ത്തുകയും എന്നത്തേയുംകാൾ ഇന്ന് കുടുംബത്തെ നമ്മൾ പരിരക്ഷിക്കാൻ നിർബന്ധിതരാണ് എന്ന് അറിയിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു വത്തിക്കാന്റെ ചത്വരത്തിൽ നടത്തിയ കൃതജ്ഞതാ ദിവ്യബലിയിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. സമ്മേളനത്തിന്റെ വിഷയം, "കുടുംബ സ്നേഹം: ഒരു വിളിയും വിശുദ്ധിയിലേക്കുള്ള മാർഗ്ഗവും" എന്നായിരുന്നു.

അൽമായർക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച 5 ദിവസം നീണ്ടു നിന്ന സമ്മേളനം ഞായറാഴ്ച പരിശുദ്ധ പിതാവ് മദ്ധ്യാഹ്ന പ്രാർത്ഥനയിൽ കുടുംബങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാണ് അവസാനിച്ചത്. വളരെ വ്യത്യസ്ഥവും സമ്പന്നവുമായ അനുഭവങ്ങളും, പദ്ധതികളും, സ്വപ്നങ്ങളും, ആകാംക്ഷകളും, അനിശ്ചിതത്വങ്ങളും ഉൾക്കൊണ്ട സമ്മേളനത്തിലെ പരിചിന്തനത്തിന്റെയും പങ്കുവെയ്ക്കലിന്റെയും നിമിഷങ്ങളെ "ഒരു തരം വിശാല നക്ഷത്രവ്യൂഹ"മെന്നാണ് ഫ്രാൻസിസ് പാപ്പാ വിവരിച്ചത്. അവിടെ സന്നിഹിതരായിരുന്നവരോടു "പിതാക്കന്മാരും, അമ്മമാരും, കുട്ടികളും, മുത്തശ്ശീ മുത്തച്ഛന്മാരും, അമ്മാവന്മാരും അമ്മായിമാരും, മുതിർന്നവരും കുട്ടികളും,  യുവാക്കളും പ്രായമായവരും " വ്യത്യസ്ഥമായ കുടുംബാനുഭവമാണ് കൊണ്ടുവരുന്നതെങ്കിലും ഒരേ പ്രത്യാശയും പ്രാർത്ഥനയുമാണ് നൽകുന്നത് എന്ന് പാപ്പാ പറഞ്ഞു.

“ദൈവം നിങ്ങളുടേയും ലോകം മുഴുവനുമുള്ള കുടുംബങ്ങളെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.”

വൈവാഹിക കുടുംബ സ്നേഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന ആരാധനക്രമത്തിലെ വായനകളെക്കുറിച്ച് പിന്നീട് പാപ്പാ വിചിന്തനം ചെയ്തു.

സ്നേഹിക്കാൻ പഠിക്കുന്ന സ്ഥലം

വി. പൗലോസ് ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനത്തിൽ ദൈവം നമുക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യം പൂർണ്ണമായും സ്നേഹത്തിലേക്കുള്ള ദിശയാണ്  കാട്ടുന്നത് എന്ന് പറഞ്ഞ പാപ്പാ "സ്നേഹത്താൽ നിങ്ങൾ പരസ്പരം അടിമകളാവുക " (ഗലാ 5,13) എന്ന വാക്യം ഉദ്ധരിച്ചു. ഒരു കുടുംബം പണിതുയർത്താൻ ധൈര്യം കാട്ടിയ വിവാഹിതരെ പ്രശംസിച്ചു കൊണ്ട് സ്വാതന്ത്യം തനിക്കു വേണ്ടി തന്നെ വിനിയോഗിക്കാതെ ദൈവം അവർക്ക് കൂടെതന്നിട്ടുള്ളവരെ സ്നേഹിക്കാനായി വിനിയോഗിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. കുഞ്ഞുകുഞ്ഞ് ദ്വീപുകളായി ജീവിക്കാതെ പരസ്പരം സേവകരാകാനും പാപ്പാ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് കുടുംബത്തിൽ സ്വാതന്ത്ര്യം പരിശീലിക്കേണ്ടത്. അവിടെ ഓരോരുത്തരും സ്വന്തം ഭ്രമണപഥമുള്ള ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ അല്ല എന്നും കൂടിക്കാഴ്ചയുടെയും, പങ്കുവയ്ക്കിലിന്റെയും മറ്റുള്ളവരെ സ്വാഗതം ചെയ്യാൻ നമ്മിൽ നിന്ന് പുറത്തു കടക്കുകയും അവരോടു കൂടെ നിൽക്കുകയും ചെയ്യുന്ന സ്ഥലമാണ് കുടുംബമെന്നും പരിശുദ്ധ പിതാവ് വിശദീകരിച്ചു.

ഇക്കാര്യം നമ്മൾ പരിപൂർണ്ണമായ വിശ്വാസത്തോടെ ഊട്ടിയുറപ്പിക്കുമ്പോഴും നമുക്ക് കൃത്യമായറിയാം " വിവിധ കാരണക്കളാലും സാഹചര്യങ്ങളിലും ഇതല്ല എപ്പോഴുമുള്ള അവസ്ഥ " എന്നതും  പാപ്പാ സൂചിപ്പിച്ചു.

അതിനാൽ കുടുംബത്തിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നതോടൊപ്പം ഇന്ന് എന്നത്തേക്കാൾ അധികം കുടുംബത്തെ സംരക്ഷിക്കാൻ നാം നിർബന്ധിതരാവുന്നു. കുടുംബത്തിന്റെ DNA ആയ സ്വീകാര്യതയുടേയും സേവനത്തിന്റെയും ആത്മാവിനെ നഷ്ടപ്പെടുത്തുന്ന

സ്വാർത്ഥതയുടേയും, വ്യക്തി മഹാത്മ്യത്തിന്റെയും, ഇന്നത്തെ നിസ്സംഗതയുടെയും ധൂർത്തിന്റെയും വിഷത്താൽ കുടുംബം മലിനപ്പെടാൻ അനുവദിക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

തലമുറകൾ തമ്മിലുള്ള ബന്ധം

പ്രവാചകരായ ഏലിയായുടേയും എലീഷായുടേയും ബന്ധത്തെക്കുറിച്ചാണ് രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ പറയുന്നത്.  അത്, മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സാക്ഷ്യത്തെക്കുറിച്ച്, തലമുറകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാം കുഴപ്പം പിടിച്ചതും ഉറപ്പില്ലാത്തതുമായി കാണപ്പെടുന്ന ഈ ലോകത്തിൽ " നമ്മുടെ സമൂഹത്തിന്റെ സങ്കീർണ്ണതയിലും മനോവിഭ്രമത്തിലും  കുട്ടികൾ  അവരുടെ വഴി കണ്ടെത്തില്ല " എന്നുള്ള  ഭയം "ചില മാതാപിതാക്കളെ ആകാംക്ഷാഭരിതരും മറ്റുള്ളവരെ അമിത സംരക്ഷണ പ്രവണയുള്ളവരുമായി മാറ്റുന്നു എന്ന് പാപ്പാ പറഞ്ഞു.  ഇത് ലോകത്തിൽ പുതിയ ജീവൻ കൊണ്ടുവരാനുള്ള ആഗ്രഹം അട്ടിമറിക്കുന്നു എന്ന് സൂചിപ്പിച്ച പാപ്പാ പ്രവാചകരായ ഏലിയയുടേയും എലീഷായുടേയും ബന്ധത്തെ ധ്യാനിച്ചുകൊണ്ട് ദൈവത്തിന് പുതിയ തലമുറയിലുള്ള വിശ്വാസം അടിവരയിട്ടു. "ദൈവം യുവജനങ്ങളെ സ്നേഹിക്കുന്നു, എന്നാൽ സകല അപകടങ്ങളിൽ നിന്നും, വെല്ലുവിളികളിൽ നിന്നും, വേദനകളിൽ നിന്നും അവരെ സംരക്ഷിക്കുമെന്നർത്ഥമില്ല. "ദൈവം ആകാംക്ഷാഭരിതനോ അമിതമായി സംരക്ഷിക്കുകയോ അല്ല മറിച്ച് അവൻ യുവാക്കളിൽ വിശ്വസിക്കുകയും അവരെ ഓരോരുത്തരേയും ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഉന്നതികൾ കയറാൻ വിളിക്കുകയും ചെയുന്നു എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ദൈവത്തിന്റെ ഈ പെരുമാറ്റത്തെക്കുറിച്ച് ധ്യാനിക്കാനും മാതാപിതാക്കളെ പാപ്പാ ക്ഷണിച്ചു. നിസ്സാരമായ സങ്കടങ്ങളിലും ദുരിതങ്ങളിലും മക്കളെ സംരക്ഷിക്കുന്നതിൽ നിന്ന് വിട്ടനിൽക്കാനും  മറിച്ച് അവരിൽ ജീവിതത്തോടു അഭിനിവേശവും, അവരുടെ വിളി കണ്ടെത്താനുള്ള ആഗ്രഹവും, ദൈവത്തിന് അവരെക്കുറിച്ചുള്ള വലിയ ദൗത്യത്തെ പുണരാനുമുള്ള ആഗ്രഹവുമുണർത്താനും മാതാപിതാക്കള ക്ഷണിച്ചു. അവരുടെ വിളി കണ്ടെത്താനും അത് അംഗീകരിക്കാനും അവരെ സഹായിച്ചാൽ അവരും അവരുടെ ദൗത്യത്തെ മുറുകെ പിടിക്കുകയും അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കാനുള്ള ശക്തി കണ്ടെത്തുകയും ചെയ്യുമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

അവസാനിക്കാത്ത ഒരു യാത്ര

ലൂക്കായുടെ സുവിശേഷത്തിൽ യേശുവിനെ അനുഗമിക്കുക എന്നാൽ അവനോടൊപ്പം ജീവിത സംഭവങ്ങളിലൂടെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര പുറപ്പെടുക എന്നതാണ്. ഇത് വിവാഹിതരെ സംബന്ധിച്ച് എത്ര ശരിയാണ് എന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടുകളുടെയും ദു:ഖങ്ങളുടേയും പരീക്ഷണങ്ങളുടേയും നിമിഷങ്ങളിൽ വിശ്വസ്തതയുടെയും ക്ഷമയുടെയും  ഒരു ദൗത്യമായി വിവാഹത്തെയും കുടുംബ ജീവിതത്തെയും അനുഭവിക്കാനാണ് നമ്മുടെ ക്രിസ്തീയ വിളി എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മനുഷ്യഹൃദയങ്ങളിൽ പിറക്കുന്ന അനിവാര്യമായ  പ്രതിരോധത്തിന്റെ എതിർപ്പിന്റെ, തിരസ്കാരത്തിന്റെ, തെറ്റിദ്ധാരണകളടെ നിമിഷങ്ങളുമുണ്ടാവും എന്നാൽ കർത്താവിന്റെ കൃപയാൽ അവയെ മറ്റുള്ളവരെ അംഗീകരിക്കാനും പ്രതിഫലേച്ഛയില്ലാതെ സ്നേഹിക്കാനുമായി രൂപാന്തരപ്പെടുത്താൻ ക്ഷണിക്കപ്പെട്ടവരാണ് നമ്മൾ. വിവാഹത്തിന്റെയും കുടുംബത്തിന്റെയും വിളി സ്വീകരിക്കുക വഴി ദമ്പതികൾ എങ്ങോട്ടെന്നോ, ഏത് പുത്തൻ,  അപ്രതീക്ഷിത സംഭവങ്ങൾ, ആശ്ചര്യങ്ങൾ എന്നോ മുൻകൂട്ടി അറിയാൻ കഴിയാത്ത ഒരു യാത്ര പുറപ്പെടുകയാണ്. "ഇതാണ് കർത്താവുമായുള്ള യാത്രയുടെ അർത്ഥം. ഇത് ഒരു ജീവസ്സുറ്റതും പ്രവചനാതീതവും അത്ഭുതകരവുമായ കണ്ടുപിടുത്തങ്ങളുടെ യാത്രയാണ്," പാപ്പാ പറഞ്ഞു.

ഒരു കുടുംബത്തിൽ നിന്ന് പിറന്ന സഭ

സ്നേഹത്തിലും സേവനത്തിലും  നമുക്ക് മുന്നേ എപ്പോഴും നടക്കുന്ന യേശുവിനെ നോക്കുവാൻ കുടുംബങ്ങളെ ക്ഷണിച്ച പാപ്പാ കുടുംബ സ്നേഹം പങ്കുവയ്ക്കാനും എപ്പോഴും തുറവോടെ, പുറത്തേക്ക് നയിക്കുന്ന ശരീരത്തിലും ആത്മാവിലും ക്ഷീണിതരും  ബലഹീനരും മുറിവേറ്റവരുമായി യാത്രയിൽ കണ്ടു മുട്ടുന്ന എല്ലാവരേയും  സ്പർശിക്കുന്ന കുടുംബ സ്നേഹം പങ്കുവയ്ക്കാൻ അവരെ പ്രോൽസാഹിപ്പിച്ചു. സഭ അവരോടൊപ്പമുണ്ട് എന്നും സഭ അവരിലാണെന്നും  അവർക്ക് ഫ്രാൻസിസ് പാപ്പാ വാഗ്ദാനം ചെയ്തു.

"കാരണം സഭ ഒരു കുടുംബത്തിൽ നിന്നാണ് ജനിച്ചത്, നസ്രത്തിലെ തിരുകുടുംബത്തിൽ നിന്ന്;  സഭ കൂടുതലും കുടുംബങ്ങളാലാണ് രൂപീകൃതമാവുന്നത്, " പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:23