തിരയുക

മതാന്തര സംവാദത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറീ  സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. മതാന്തര സംവാദത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറീ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: വിഭജീകരണത്തിനും സംഘർഷത്തിനും പകരമുള്ള മാർഗ്ഗമാണ് സംവാദം

മതാന്തര സംവാദത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറീ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ സംഘർഷത്താൽ തകർന്ന ലോകത്ത് മതാന്തര സംവാദം നിർണ്ണായകമാണെന്ന് അഭിപ്രായപ്പെട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മതാന്തര സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററി അംഗങ്ങളോടു തിങ്കളാഴ്ച  നടത്തിയ കുടിക്കാഴ്ചയിൽ നടത്തിയ പ്രഭാഷണം ഫ്രാൻസിസ് പാപ്പാ ഇന്നത്തെ ലോകത്തിൽ നാം അനുഭവിക്കുന്ന വിഭജീകരണത്തിനും സംഘർഷങ്ങൾക്കുമുള്ള ഏക പ്രതിവിധി വൈവിധ്യങ്ങളെ അംഗീകരിക്കുകയും അപരനെ ബഹുമാനിക്കുകയും ചെയ്യുന്നതിൽ അടിസ്ഥാനമാക്കിയുള്ള സംവാദമാണെന്ന തന്റെ അഭ്യർത്ഥന ആവർത്തിക്കുവാനുള്ള അവസരമാക്കി.

മാനവികതയെ വിനാശത്തിലേക്ക് നയിക്കുന്നവയിൽ നിന്ന് പിൻമാറാനും ഒഴിവാക്കാനും പെന്തക്കോസ്‌ത ഞായറാഴ്‌ച പാപ്പാ ഭരണ നേതാക്കളോടു ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദേശം.

ഡികാസ്റ്ററിയോടും അതിന്റെ  അധ്യക്ഷൻ കർദിനാൾ മിഗ്വൽ ഏഞ്ചൽ ആയുസോ ഗ്വിക്സോട്ടിനോടും അവരുടെ പ്ലീനറി സമ്മേളനം നടക്കുന്ന അവസരത്തിൽ സംസാരിച്ച പാപ്പാ രണ്ടാം വത്തിക്കാൻ കൗൺസിലിനിടെ  പെന്തക്കോസ്ത ദിനത്തിൽ 1964-ൽ  വചനപ്രഘോഷണം നടത്തിക്കൊണ്ടു വിശുദ്ധ പോൾ ആറാമൻ പാപ്പയാണ് ഈ സ്ഥാപനത്തിന് അക്രൈസ്തവർക്കായുള്ള കാര്യാലയം (Secretariat for Non-Christians)എന്ന പേരിൽ  തുടക്കം കുറിച്ചതെന്ന്  അനുസ്മരിച്ചു.

പോൾ ആറാമൻ പാപ്പായുടെ  ആന്തരീക ജ്ഞാനം - ഇന്ന് നമ്മൾ ആഗോളവൽക്കരണം എന്ന് വിളിക്കുന്നതിന്റെ ഒരു വശമായ -വ്യത്യസ്ഥ സംസ്‌കാരങ്ങളിലും ഭാഷകളിലും മതങ്ങളിലും ഉള്ള ആളുകളും സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ക്രമാതീതമായ വികാസത്തെക്കുറിച്ചുള്ള അവബോധത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

1968-ൽ പോൾ ആറാമൻ സെക്രട്ടേറിയറ്റിലെ അംഗങ്ങളോടും കൺസൾട്ടർമാരോടും നടത്തിയ പ്രസംഗത്തിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് ഫ്രാൻസിസ് പാപ്പാ, മറ്റ് മതങ്ങളിലുള്ളവരുമായുള്ള സംവാദത്തിന്റെ കാണപ്പെടുന്നതും സ്ഥാപനപരവുമായ അടയാളമായി ഈ കാര്യാലയത്തെ ദീർഘദൃഷ്ടിയുണ്ടായിരുന്ന ആ വിശുദ്ധൻ സഭയിൽ സ്ഥാപിച്ചുവെന്ന് വിശദീകരിച്ചു.

പ്രെദിക്കാത്തേ എവഞ്ചേലിയും

പരിശുദ്ധ പിതാവ് തന്റെ വാക്കുകൾ വർത്തമാനകാലത്തിൽ വേരൂന്നി കൊണ്ട് പുതിയ അപ്പസ്തോലിക ഭരണഘടനയായ പ്രെദിക്കാത്തേ എവഞ്ചേലിയും റോമൻ കൂറിയയിൽ നിലവിൽ വന്നിരിക്കുന്നു എന്നതുകൊണ്ട് ഈ മേഖലയിൽ സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള സേവനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി.

"ആഗോളവൽക്കരണവും അന്താരാഷ്‌ട്ര ആശയവിനിമയങ്ങളുടെ ത്വരിതപ്പെടുത്തലും സംവാദത്തെ പൊതുവായും മതാന്തര സംവാദത്തെ പ്രത്യേകിച്ചും നിർണ്ണായക വിഷയമാക്കുന്നു." പാപ്പാ പറഞ്ഞു.

 "മതാന്തര സംവാദവും സഹവർത്തിത്വവും" എന്ന പ്ലീനറിയുടെ പ്രമേയത്തെ  ഉയർത്തിപ്പിടിച്ച പാപ്പാ - മുഴുവൻ സഭയും സിനഡാലിറ്റിയിൽ വളരാൻ ആഗ്രഹിക്കുന്ന ഒരു സമയത്ത്, "എല്ലാവർക്കും പഠിക്കുവാനെന്തെങ്കിലുമുള്ളതിനാൽ  " പരസ്പരം ശ്രവിക്കുന്ന സഭ" ആയി വളരാൻ ഇത് അനുയോജ്യമായ സമയമാണെന്ന്  അറിയിച്ചു.

 സാഹോദര്യത്തിനായുള്ള ദാഹം

 “ പരസ്പരബന്ധങ്ങളിൽ വർദ്ധിച്ചുവരുന്ന നമ്മുടെ ലോകം അത്ര സാഹോദര്യവും സൗഹാർദ്ദപരവുമല്ലെന്ന വസ്തുതയെ ഫ്രാൻസിസ് പാപ്പാ അപലപിച്ചു. ഈ സാഹചര്യത്തിൽ, എല്ലാ ആളുകൾക്കിടയിലും "ദൈവത്തിനായുള്ള യഥാർത്ഥ അന്വേഷണം" പ്രോത്സാഹിപ്പിക്കുന്നതിന്, പ്രവർത്തികളിലൂടെയും ദൈവശാസ്ത്രപരമായ കൈമാറ്റത്തിലൂടെയും, ആത്മീയ അനുഭവത്തിലൂടെയും മതാന്തര സംവാദം സാക്ഷാത്കരിക്കണമെന്ന് പാപ്പാ ഡികാസ്റ്ററി അംഗങ്ങളെ ഓർമ്മിപ്പിച്ചു.

മറ്റ് മതങ്ങളിലെ ആളുകളെ അമൂർത്തമായി കരുതിക്കൊണ്ടല്ല, മറിച്ച് അവരുടെ  ചരിത്രവും ആഗ്രഹങ്ങളും മുറിവുകളും സ്വപ്നങ്ങളും പരിഗണിച്ചുകൊണ്ടു മറ്റ് മതവിശ്വാസികളുമായി, സാഹോദര്യവും സൗഹൃദപരവുമായ രീതിയിൽ, ദൈവത്തെ അന്വേഷിക്കുന്നതിനുള്ള പാത പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ ദൗത്യമെന്ന് പാപ്പാ പറഞ്ഞു. "ഈ രീതിയിൽ മാത്രമേ നമുക്ക് എല്ലാവർക്കും വാസയോഗ്യമായ ഒരു ലോകം സമാധാനത്തോടെ നിർമ്മിക്കാൻ കഴിയൂ." എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

നാം ഇന്നു കണ്ടു വരുന്ന പ്രതിസന്ധികളുടേയും സംഘർഷങ്ങളുടേയും തുടർച്ചയെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, "ചിലർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് സ്വകാര്യ ലോകങ്ങളിൽ അഭയം തേടുന്നു, മറ്റു ചിലർ വിനാശകരമായ അക്രമങ്ങളിലൂടെ അതിനെ ആഭിമുഖീകരിക്കുന്നു, എന്നാൽ സ്വാർത്ഥമായ നിസ്സംഗതയ്ക്കും അക്രമാസക്തമായ പ്രതിഷേധത്തിനും ഇടയിൽ എപ്പോഴും സാധ്യമായ ഒരു തിരഞ്ഞെടുപ്പുണ്ട് - സംവാദം " എന്ന് പാപ്പാ പറഞ്ഞു.

വൈവിധ്യങ്ങളുടെ സഹവാസം

മനുഷ്യരാശിയെ അപാരമായ ഒരു മൊസെയ്ക്കിനോടു താരതമ്യം ചെയ്ത പാപ്പാ, മൊസെയ്ക് അതിൽ തന്നെ മനോഹരമാണ് എന്നാൽ അത് മറ്റ് കഷണങ്ങളുമായി ഒരുമിക്കുമ്പോഴാണ്, വൈവിധ്യങ്ങളുടെ സഹവാസത്തിലൂടെ  ഒരു ചിത്രം രൂപപ്പെടുക. ഇത് മറ്റുള്ളവരോടൊപ്പം ഒരു സന്തോഷകരമായ ഭാവി കെട്ടിപ്പടുക്കുവാനുള്ള ഒരു ഉപമയായാണ് പാപ്പാ വിശദീകരിച്ചത്. എല്ലാ മനുഷ്യരുടേയും ഹൃദയത്തിലുള്ള പങ്കുവയ്പിനായുള്ള ആഗ്രഹമാണ്  സഹവാസത്തിൽ പ്രതിധ്വനിക്കുന്നത്. അതുകൊണ്ടാണ് പരസ്പരം സംസാരിക്കാനും, പദ്ധതികൾ പങ്കുവയ്ക്കാനും, ഒരു ഭാവി ഒരുമിച്ച് വിവരിക്കുവാനും കഴിയുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സൗഹൃദം സാമൂഹ്യപരമായി ഒരുമിപ്പിക്കുന്നു, എന്നാൽ മറ്റുള്ളവരെ കോളനീ വൽക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്ത പരിശുദ്ധ പിതാവ് എല്ലാ വൈവിധ്യമാർന്ന സ്വത്വങ്ങളുടേയും സംരക്ഷണത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. " ഈ അർത്ഥത്തിൽ, (സൗഹൃദത്തിന് ) സാമൂഹിക വിഘടനങ്ങൾക്കും സംഘർഷത്തിനും ബദൽ എന്ന നിലയിൽ രാഷ്ട്രീയ പ്രസക്തിയുണ്ട് " പാപ്പാ പറഞ്ഞു.

ഇതര മതസ്ഥരുമായുള്ള സൗഹൃദം

മറ്റു മതത്തിൽ പെട്ടവരുമായുള്ള അവരുടെ ബന്ധങ്ങളിൽ സൗഹൃദത്തിന്റെ ചൈതന്യവും ശൈലിയും വളർത്തിയെടുക്കാനും അത് ഇന്ന് സഭയിലും ലോകത്തിലും വളരെ ആവശ്യമാണ് എന്നും പാപ്പാ അവരോടു പറഞ്ഞു.

കർത്താവായ യേശു എല്ലാവരുമായും സഹോദരബന്ധം സ്ഥാപിച്ചു, പാപികളും അശുദ്ധരുമെന്ന് കരുതിയിരുന്ന ജനങ്ങളുമായി അവൻ ഇടപഴകി, മുൻവിധികളില്ലാതെ അവൻ ചുങ്കക്കാരോടൊപ്പം തീൻമേശ പങ്കിട്ടു എന്നും, എപ്പോഴും ആ സൗഹൃദമേശയിൽ അവൻ സ്വയം വിശ്വസ്ഥ സേവകനായും, അവസാനം വരെ സുഹൃത്തായും, പിന്നീട് ഉയിർത്തെഴുന്നേറ്റവനായും, നമുക്ക് സാർവ്വലൗകീക സാഹോദര്യത്തിന്റെ കൃപ നൽകുന്ന സജീവനായും കാണിച്ചുതരുന്നു എന്ന് ഓർമ്മിക്കണമെന്നും പരിശുദ്ധ പിതാവ് അവരോടു ഉപസംഹാരമായി പറഞ്ഞു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2022, 20:58