തിരയുക

ഫ്രാൻസീസ് പാപ്പാ, വിശുദ്ധ ആൻസലെമിൻറെ നാമത്തിലുള്ള പൊന്തിഫിക്കൽ ആരാധനാക്രമ  സ്ഥാപനത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 07/05/22 ഫ്രാൻസീസ് പാപ്പാ, വിശുദ്ധ ആൻസലെമിൻറെ നാമത്തിലുള്ള പൊന്തിഫിക്കൽ ആരാധനാക്രമ സ്ഥാപനത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 07/05/22 

പാപ്പാ: സഭ എന്നത്തെയും പോലെ ഇന്നും ആരാധനാക്രമം ജീവിക്കണം!

റോമിൽ ആരാധനാക്രമ പഠനത്തിനായുള്ള, വിശുദ്ധ ആൻസലെമിൻറെ നാമത്തിലുള്ള ആരാധനാക്രമ പൊന്തിഫിക്കൽ സ്ഥാപനത്തിൻറെ അറുപതാം സ്ഥാപനവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ സ്ഥാപനത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളും പൂർവ്വവിദ്യാർത്ഥികളും അടങ്ങിയ ഒരു സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആരാധനക്രമത്തെ അധികരിച്ചുള്ള അഗാധ ശാസ്ത്രീയ പഠനം ക്രിസ്തീയ ജീവിതത്തിൻറെ മൗലിക മാനമായ ആരാധനാക്രമത്തിലുള്ള സജീവ ഭാഗഭാഗിത്വം പരിപോഷിപ്പിക്കുന്നതിന് ഉപയുക്തമാകണമെന്ന് മാർപ്പാപ്പാ.

റോമിൽ ആരാധനാക്രമ പഠനത്തിനായി, വിശുദ്ധ ആൻസലെമിൻറെ നാമത്തിലുള്ള ആരാധനാക്രമ പൊന്തിഫിക്കൽ സ്ഥാപനത്തിൻറെ അറുപതാം സ്ഥാപനവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ സ്ഥാപനത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളും പൂർവ്വവിദ്യാർത്ഥികളും അടങ്ങിയ ഇരുനൂറ്റിയമ്പതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (07/05/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു.

ആരാധനാക്രമത്തിലെ സജീവവും ഫലദായകവുമായ പങ്കാളിത്തം, വിശുദ്ധകുർബ്ബാനാർപ്പണം സഭയിലെ കൂദാശകളുടെ പരികർമ്മം എന്നിവയാൽ നയിക്കപ്പെടുന്ന സഭാപരിമായ കൂട്ടായ്മ, മാമ്മോദീസാ സ്വീകരിച്ച എല്ലാവരെയും ഉൾക്കൊള്ളുന്ന ആരാധനാക്രമജീവിതത്തിൽ നിന്നു തുടങ്ങുന്ന സുവിശേഷവത്ക്കരണ ദൗത്യത്തിനുള്ള പ്രചോദനം എന്നിവ രണ്ടാം വത്തിക്കാൻ സൂനഹദോസ് മുന്നോട്ടുവയ്ക്കുന്ന ആരാധനാക്രമജീവിത നവീകരണത്തിൻറെ ത്രിമാനങ്ങളാണെന്ന് വിശദീകരിച്ച പാപ്പാ വിശുദ്ധ ആൻസലെമിൻറെ നാമത്തിലുള്ള ആരാധനാക്രമ പൊന്തിഫിക്കൽ സ്ഥാപനം ഈ മൂന്നു ആവശ്യങ്ങളുടെയും സേവനത്തിനായി നിലകൊള്ളണമെന്ന് ഓർമ്മിപ്പിച്ചു.

ആരാധനാക്രമത്തിൻറെ ചൈതന്യത്തിലേക്കു പ്രവേശിക്കാൻ ആളുകളെ പരിശീലിപ്പിക്കുക സജീവവും ഫലദായകവുമായ പങ്കാളിത്തം എന്ന ആദ്യമാനത്തിൻറെ കാതലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ആരാധനാക്രമം ഒരു തൊഴിലല്ലെന്നും അത് ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും അതിൻറെ ചൈതന്യം ഉൾക്കൊള്ളുന്നതിന് ആനുപാതികമായിട്ടായിരിക്കും അതിൽ സജീവ ഭാഗഭാഗിത്വം എന്നും പാപ്പാ വിശദീകരിച്ചു.

ആരാധനാക്രമ പഠനത്തിനുള്ള പ്രതിബദ്ധത അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു പോലെ സഭാകൂട്ടായ്മയിൽ വളരാൻ സഹായിക്കുന്നുവെന്നും ആരാധനാക്രമജീവിതം നമ്മെ സഭയുടെ ചാരത്തും ദൂരത്തും ആയിരിക്കുന്ന അപരനിലേക്കു തുറക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

മൂന്നാമത്തെ മാനത്തെക്കുറിച്ചു വിശദീകരിക്കവെ പാപ്പാ ഓരോ ആരാധനാക്രമ ആഘോഷവും സമാപിക്കുന്നത് പ്രേഷിത ദൗത്യത്തോടെയാണെന്ന് ഉദ്ബോധിപ്പിച്ചു.

അത് മറ്റുള്ളവരുമായും ലോകവുമായും കൂടിക്കാഴ്ച നടത്തുന്നതിന് നമ്മെ പുറത്തേക്കാനയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വളരെ ശക്തമായ വെല്ലുവിളികൾ അലട്ടുന്ന ഇന്നത്തെ ലോകത്തിൽ സഭയ്ക്ക് എന്നത്തേയും പോലെ ഇന്നും ആരാധനാക്രമം ജീവിക്കേണ്ടതുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2022, 21:18