ഫ്രാൻസീസ് പാപ്പായുടെ അജപാലന സന്ദർശനം കാനഡയിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ കാനഡ സന്ദർശിക്കും.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ, മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്‌ചയാണ് (13/05/22) ഇത് വെളിപ്പെടുത്തിയത്.
നടപ്പുവർഷം (2022) ജൂലൈ 24 മുതൽ 30 വരെയായിരിക്കും ഈ വിദേശ അപ്പൊസ്തോലിക പര്യടനം.
കാനഡയുടെ പൗരാധികാരികളുടെയും സഭാധികാരികളുടെയും തദ്ദേശീയ സമൂഹത്തിൻറെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ അന്നാട്ടിലെത്തുകയെന്നും എഡ്മണ്ടൺ, ക്യുബെക്, ഇഖലുയിറ്റ് എന്നീ നഗരങ്ങളായിരിക്കും സന്ദർശനവേദികളെന്നും ബ്രൂണി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ സന്ദർശന സ്ഥീരികരണത്തെ കാനഡയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് റെയ്മണ്ട് പൊയിസ്സൺ സ്വാഗതം ചെയ്യുകയും, അന്നാട്ടിലെ തദ്ദേശീയ ജനതയുമായുള്ള സൗഖ്യദാനത്തിൻറെയും അനുരഞ്ജനത്തിൻറെയുമായ യാത്ര തുടരുന്നതിനു വേണ്ടിയുള്ള തങ്ങളുടെ ക്ഷണം പാപ്പാ സ്വീകരിച്ചതിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.