തിരയുക

മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായം ചെന്നവർക്കും വേണ്ടിയുള്ള  ഇക്കൊല്ലത്തെ ലോക ദിനത്തിനുള്ള പാപ്പായുടെ സന്ദേശത്തിൻറെ  പ്രകാശന ചടങ്ങ്, 10/05/22 മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായം ചെന്നവർക്കും വേണ്ടിയുള്ള ഇക്കൊല്ലത്തെ ലോക ദിനത്തിനുള്ള പാപ്പായുടെ സന്ദേശത്തിൻറെ പ്രകാശന ചടങ്ങ്, 10/05/22 

പാപ്പാ: വാർദ്ധക്യത്തെ പേടിക്കരുത്, അതിനെ ഒരു തരം രോഗമായി കാണരുത്!

മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായം ചെന്നവർക്കും വേണ്ടിയുള്ള ഇക്കൊല്ലത്തെ ലോക ദിനത്തിനുള്ള പാപ്പായുടെ സന്ദേശം പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തശ്ശന്മാരും പ്രായം ചെന്നവരും ലോകത്തിൽ ആർദ്രതയുടെ വിപ്ലവത്തിൻറെ ശില്പികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായം ചെന്നവർക്കും വേണ്ടിയുള്ള ലോക ദിനം ആഗോളസഭാതലത്തിൽ, അനുവർഷം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ (2022) ഈ ദിനാചരണത്തിനായി നല്കിയ തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും” (സങ്കീർത്തനം 92;14) എന്ന സങ്കീർത്തനവാക്യത്തോടെ ആരംഭിച്ചിരിക്കുന്ന പാപ്പായുടെ ഈ സന്ദേശം പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ, വച്ച് ചൊവ്വാഴ്‌ചയായിരുന്നു (10/05/22) പ്രകാശനം ചെയ്യപ്പെട്ടത്.

ആർദ്രതയുടെ ശില്പികളേണ്ടതിന്, തങ്ങളുടെ പ്രായത്തിന് ഏറ്റവും അനുയോജ്യവും തങ്ങളുടെ പക്കലുള്ളതുമായ ഏറ്റവും വിലയേറിയ പ്രാർത്ഥന എന്ന ഉപകരണം ഇടയ്ക്കിടെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കണമെന്ന്  പാപ്പാ തൻറെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

"നമുക്കും പ്രാർത്ഥനയുടെ കവികളാകാം”  എന്നു പറയുന്ന പാപ്പാ അതിനായി സ്വന്തം പദങ്ങൾ കണ്ടെത്താനുള്ള അഭിരുചി വളർത്തുന്നതിനും കർത്താവു പഠിപ്പിച്ചത് സ്വന്തമാക്കിത്തീർക്കുന്നതിനും പ്രചോദനം പകരുകയും ചെയ്യുന്നു.

വാർദ്ധക്യത്തെ മിക്കവരും പേടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ, അതിനെ സമ്പർക്കം ഒഴിവാക്കേണ്ടുന്ന ഒരു തരം രോഗമായി കാണുന്ന പ്രവണതയുണ്ടെന്ന് വിശദീകരിക്കുന്നു.

പ്രായാധിക്യത്തിലെത്തിയവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതില്ല, പറ്റാവുന്നത്രയും, അവരെ പരിചരിക്കുന്ന മന്ദിരിങ്ങളിൽ ഒന്നിച്ചാക്കി, അകറ്റി നിറുത്തുന്നതാണ് നല്ലത് എന്ന ചിന്തയോടെ അവരുടെ ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്ന തെറ്റായ രീതിയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ അത് “വലിച്ചെറിയൽ സംസ്കൃതി”യാണെന്ന് കുറ്റപ്പെടുത്തുന്നു.

കോവിദ് 19 മഹാമാരി, ആഗോളതലത്തിൽ സമധാനത്തെയും വികസനത്തെയും ഹനിക്കുന്ന യുദ്ധം എന്നീ മഹാ പ്രതിസന്ധികൾ മാനവകുടുംബത്തെയും നമ്മുടെ പൊതുഭവനത്തെയും ഭീഷണിയിലാഴ്ത്തുന്ന ആക്രമണത്തിൻറെ വ്യാപകമായ മറ്റു രൂപങ്ങളും വ്യാധികളുമടങ്ങുന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധം നമുക്കു നഷ്ടമാക്കുന്ന അപകടമുണ്ടെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ആവശ്യം മറ്റുള്ളവരെ സഹോദരീസഹോദരന്മാരായി കാണുന്നതിലേക്കു നമ്മെ നയിക്കുകയും നമ്മുടെ ഹൃദയങ്ങളെ നിരായുധീകരിക്കുകയും ചെയ്യുന്ന വലിയ മാറ്റം, അഗാധമായ മാനസാന്തരം ആണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. 

നമ്മുടെ സ്വന്തം പേരക്കുട്ടികളെ നോക്കുന്ന അതേ ധാരണയോടും വാത്സല്യത്തോടുംകൂടെ മറ്റുള്ളവരെ നോക്കാൻ നമ്മുടെ ഇക്കാലത്തെ സ്ത്രീകളെയും പുരുഷന്മാരെയും പഠിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വം മുത്തശ്ശിമാർക്കും പ്രായമായവർക്കും ഉണ്ടെന്ന് പാപ്പാ പറഞ്ഞു.

2021 ജനുവരിയിലാണ് ഫ്രാൻസീസ് പാപ്പാ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായം ചെന്നവർക്കും വേണ്ടിയുള്ള ലോക ദിനം പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമറിയത്തിൻറെ മാതാപിതാക്കളായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടടുത്തു വരുന്ന ഞായറാഴ്‌ചയാണ്. ഇക്കൊല്ലം (2022) ജൂലൈ 24-നായിരിക്കും.

പാപ്പായുടെ സന്ദേശം പ്രകാശനം ചെയ്ത വാർത്താസമ്മേളനത്തിൽ, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ, ഈ വിഭാഗത്തിൽ, വൃദ്ധജനത്തിൻറെ അജപാലനച്ചുമതല വഹിക്കുന്ന വിത്തോറിയൊ ഷേൽസൊ, സജീവവാർദ്ധക്യ ഔസർ സമിതിയുടെ പ്രതിനിധി ശ്രീമതി ജങ്കാർല പനീത്സ എന്നിവർ നേരിട്ടും, ഭാരതത്തിലെ ലത്തീൻ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിലുള്ള “കമ്മൂണിയൊ”യുടെ പ്രതിനിധി ശ്രീമതി മരിയ ഫ്രാൻസീസ് ബാംഗ്ലൂരിൽ നിന്ന് മാദ്ധ്യമ സഹായത്തോടെയും ഈ സന്ദേശത്തിൻറെ ഉള്ളടക്കം അവതരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2022, 15:05